ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 06

ഉപനിഷത്ത് കഥകൾ

ഭാഗം 06

നാരദനും സനൽകുമാരനും

തന്നെ അദ്ധ്യയനം ചെയ്യിക്കണം എന്നപേക്ഷിച്ചുകൊണ്ട് പ്രസിദ്ധനും ജ്ഞാനിയുമായ നാരദ മഹർഷി സനൽകുമാരനെ സമീപിച്ചു. അപ്പോൾ സനൽകുമാര ദേവൻ നാരദരോട് പറഞ്ഞു. "അങ്ങേയ്ക്കു അറിയാവുന്നതെല്ലാം എന്നോട് വെളിപ്പെടുത്തുക. ശേഷം അങ്ങയിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് ഞാൻ പരിഹരിച്ചു തരാം". അതുകേട്ടു നാരദൻ പറഞ്ഞു. "അല്ലയോ ഭഗവാനെ, ഞാൻ നാല് വേദങ്ങളും ഇതിഹാസ പുരാണങ്ങളും സർവ്വ ശാസ്ത്രങ്ങളും കലാവിജ്ഞാനവും എല്ലാം പഠിച്ചു കഴിഞ്ഞു. ഇവയെല്ലാം അറിയുമെങ്കിലും എനിക്ക് മനഃശ്ശാന്തി ലഭിക്കുന്നില്ല. അതുകൊണ്ട് ആണ് ഞാൻ അങ്ങയെ സമീപിച്ചത്." ശബ്ദാർത്ഥങ്ങളാൽ വിവരിക്കാൻ കഴിയാത്തതാണ് ആത്മാവ്. നാരദമഹർഷി വളരെയേറെ പഠിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ആത്മാവിനെ കുറിച്ചുള്ള ജ്ഞാനം നേടുവാൻ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. അത് തിരിച്ചറിഞ്ഞു അതിൽ ദുഃഖിതനുമാണ് അദ്ദേഹം. ഏതൊരുവനും അവനവന്റെ ജീവിതത്തിൽ ശ്രേയസ്സ് ഉണ്ടാകണമെങ്കിൽ ആത്മജ്ഞാനം കൂടിയേ കഴിയൂ. ഗുരുവും ശിഷ്യനും ആധ്യാത്മിക ശാസ്ത്രത്തിൽ മഹനീയ വ്യക്തിത്വങ്ങൾ തന്നെ ആണ്. "അതുകൊണ്ട് ആത്മജ്ഞാനം നേടിയ അങ്ങ് എനിക്ക് യഥാർത്ഥ ജ്ഞാനം പകർന്നു തന്ന് എന്നെ ഈ ദുഃഖത്തിൽ നിന്ന് കരകയറ്റണം. ധാരാളം അറിവുകൾ സമ്പാദിക്കുവാൻ എനിക്ക് കഴിഞ്ഞെങ്കിലും ആത്മജ്ഞാനം ലഭിക്കായ്കയാൽ ഞാൻ മായയിൽ അടിമപ്പെട്ടിരിക്കുന്നു. എന്നെ രക്ഷിച്ചാലും പ്രഭോ. " ഇതുകേട്ട സനൽകുമാരദേവൻ ഇങ്ങനെ പറഞ്ഞു. "നാരദാ, നിനക്ക് നേടാൻ കഴിഞ്ഞതെല്ലാം നാമ മാത്രമായ കേവലജ്ഞാനം മാത്രമാകുന്നു. ഈശ്വര പ്രതിമകൾക്ക് ഈശ്വര ഭാവനയെ ഉണർത്തുവാൻ മാത്രമേ കഴിയൂ. ഉപാസന കൊണ്ട് മാത്രമേ ഒരുവന് ലക്ഷ്യം കൈവരിക്കാൻ ആകൂ. അതായത് വിഗ്രഹോപാസന ആധ്യാത്മിക ജീവിതത്തിലെ ആദ്യ പടി മാത്രമാണ്. നീ ഇപ്പോഴും ആ പടിക്കൽ തന്നെ ആണ് നിൽക്കുന്നത്. അതിന് നാമമാത്രമായ ജ്ഞാനവും നന്മയുമേ ഒരുവന് നൽകുവാൻ ആകൂ. അതുകൊണ്ട് തന്നെ നീ നേടിയ അറിവിനെ ബ്രഹ്മബുദ്ധ്യാ ഉപാസിക്കുക. അതിലൂടെ കുറേ കഴിയുമ്പോൾ നിനക്ക് ബ്രഹ്മ ജ്ഞാനം കരഗതമാവും." അപ്പോൾ നാരദൻ ആ ജ്ഞാനത്തിന് വേണ്ടി സനൽകുമാരനോട് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു. "വാക്കുകൾ തന്നെ ആണ് നാമത്തെക്കാൾ ഉത്കൃഷ്ടമായിട്ടുള്ളത്. വാക്കുകളിൽ വേദതിഹാസങ്ങളും ശാസ്ത്രങ്ങളും നന്മ തിന്മകളും ധർമ്മാധർമങ്ങളും ഒന്നും വ്യക്തമായി അറിയുകയില്ലായിരുന്നു. അതുകൊണ്ട് തന്നെ അവയെ ബ്രഹ്മമായി കണ്ട് ഉപാസിക്കുക.."

അതിലും മഹത്തായ മറ്റെന്തെങ്കിലും ഉണ്ടോ? നാരദന്റെ മനസ്സിൽ പിന്നെയും സംശയം ഉണർന്നു! അപ്പോൾ ഗുരു പറഞ്ഞു. വാക്കിനേക്കാൾ ഉത്കൃഷ്ടമായ ഉള്ളതാണ് മനസ്സ്. മടക്കി പിടിച്ച കയ്യിൽ രണ്ടു നെല്ലിക്കയോ രണ്ട് ലന്തക്കായോ ചുരുട്ടി പിടിക്കുന്നത് പോലെ മനസ്സ് വാക്കിനെയും നാമത്തെയും ഉൾക്കൊള്ളുന്നു. മനസ്സില്ലാതെ മന്ത്രങ്ങൾ പഠിക്കാൻ ആവില്ലല്ലോ? അതുകൊണ്ടുതന്നെ മനസ്സുകൊണ്ട് ആദ്യം ചിന്തിക്കുക അതിനുശേഷം കർമ്മങ്ങൾ ചെയ്യുക. ഇച്ഛിക്കാതെ ഉപായങ്ങൾ കണ്ടെത്താനാവില്ല. നല്ലതുപോലെ ആലോചിച്ചശേഷം ഉപായങ്ങൾ അനുഷ്ഠിക്കുക. മനസ്സു തന്നെയാണ് ലോകവും ബ്രഹ്മവും അതുകൊണ്ടുതന്നെ മനസ്സിനെ നാം ഉപാസിക്കേണ്ടത്  അനിവാര്യമാണ്. അതുകൊണ്ടും നാരദന്റെ  സംശയം തീർന്നില്ല. ഗുരു മനസ്സിനെകാൾ ഉൽകൃഷ്ടം ആയിട്ടുള്ളത് എന്താണ്? നാരദൻ സംശയം ഉന്നയിച്ചു. ഗുരു ഉപദേശം തുടർന്നു. സങ്കല്പമാണ് അതിലും ഉത്ക്കൃഷ്ടം. കൽപ്പിക്കുമ്പോൾ മനസ്സും വിചാരത്തിൽ അമരും. പിന്നെയാണ് വാക്കുകൾ ഉത്ഭവിക്കുന്നത്. അതായത് പഠിക്കണം എന്ന് വിചാരിക്കുമ്പോൾ വാക്കുകൾ പ്രേരണയാകുന്നു. ആ വാക്കുകളിൽ നാമങ്ങളും, നാമങ്ങളിൽ മന്ത്രങ്ങളും ഉൾപ്പെട്ടിരിക്കുന്നു. മന്ത്രങ്ങൾ ഉപയോഗിച്ച് കർമ്മങ്ങൾ ചെയ്യുന്നു. എന്നാൽ ഇവയ്ക്കെല്ലാം മൂലഭൂതം ആയിട്ടുള്ളത് സങ്കല്പം തന്നെയാണ്. മനസ്സിന്റെ ഉത്ഭവം തന്നെ സങ്കൽപ്പത്തിൽ നിന്നാണ്.  ദ്രോവ്യും പ്രിഥ്വിയും വായുവും ആകാശവും എല്ലാം സങ്കല്പം ചെയ്തിരിക്കുന്നു. സങ്കല്പം മൂലം വർഷവും വർഷം മൂലമന്ത്രവും അന്നം മൂലം പ്രാണനും സമർത്ഥങ്ങൾ ആയിത്തീരുന്നു. പ്രാണനിൽ നിന്നും മന്ത്രവും മന്ത്രങ്ങളിൽ നിന്ന് കർമ്മവും കർമങ്ങൾ കൊണ്ട് ലോകവും അതിൽനിന്ന് സർവ്വവും സമർഥമായി ഭവിക്കുന്നു. സങ്കൽപ്പത്തെകാൾ ഉത്കൃഷ്ടമാണ് ചിത്തം.  ചിത്തം  കൊണ്ട് ആലോചിച്ചു വേണം ഏതൊരു കാര്യത്തിനും തീർപ്പുകൽപ്പിക്കാൻ. ചിത്തം സങ്കല്പത്തിനു കാരണം ആയാൽ അത് സങ്കല്പത്തെ ശ്രേഷ്ഠമാകുന്നു. അതുകൊണ്ടുതന്നെ ചിതത്തെ ബ്രഹ്മബുദ്ധ്യാ ഉപാസിക്കാൻ ആയി ഗുരു നാരദനെ ഉപദേശിച്ചു. അങ്ങനെ ഉപാസിക്കുന്നവൻ നിത്യനായും നിർഭയനായും വർത്തിക്കും. ചിത്തം, ധ്യാനം, വിജ്ഞാനം, ബലം, അന്നം, തേജസ്, ഭൂമി, ആകാശം, സ്വർഗ്ഗം, ആഗ്രഹം, പ്രാണൻ എന്നിവയെല്ലാം ഒന്നിനൊന്ന് മഹത്തരവും ഉത്കൃഷ്ടവും ആണ്. അതിനുശേഷം പ്രാണൻറെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് ഗുരു ഇങ്ങനെ പറഞ്ഞു. മാലയിൽ ചരട് മുത്തുമണികളെ കോർത്തു നിർത്തുന്നത് പോലെ തന്നെയാണ് പ്രാണൻ സർവ്വതിനേയും കോർത്ത് നിർത്തുന്നത്. പ്രാണൻ ലോകത്തിനു മുഴുവൻ അധിഷ്ഠാനം ആയി നിലനിൽക്കുന്നു. പുറമേ വായു രൂപത്തിലും അകമേ ശ്വാസ രൂപത്തിലും ആണ് പ്രാണൻ പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ ജീവൻ നിലനിർത്തുന്നത് ഈ പ്രാണനെ സഹായത്തോടുകൂടിയാണ്. ഈ പ്രാണൻ നമ്മെ വിട്ടു പോകുമ്പോൾ നമ്മുടെ ജീവനും പോകും. പ്രാണൻ അധീനനല്ല. പ്രസക്തി കൊണ്ടാണത് വ്യാപരിക്കുന്നത്. അച്ഛൻ അമ്മ സഹോദരൻ സഹോദരീ ആചാര്യൻ ബ്രാഹ്മണൻ എന്നിവരിൽ ആരോടെങ്കിലും കഠിന വാക്കുകൾ ഉപയോഗിക്കുന്നവനെ ജനം നിന്ദ്യനായി കണക്കാക്കുന്നു. പ്രാണൻ ഉള്ളപ്പോൾ മാത്രമേ അച്ഛനെന്നും അമ്മയെന്നും മറ്റും പറയാറുള്ളൂ. പ്രാണൻ നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം ശവം തന്നെയാണ്. ശിവത്തിലെ ഇ കാരം നഷ്ടപ്പെട്ടാൽ, അഥവാ ഈശ്വരത്വം അഥവാ പ്രാണൻ നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം ശവം ആകുന്നു. അനന്തരം നാരദൻ ഗുരുവിനോട് പരമാർഥിക സത്യത്തെക്കുറിച്ച് തനിക്ക് പറഞ്ഞു തരുവാൻ ഗുരുവിനോട് അപേക്ഷിച്ചു. അതിന് വിജ്ഞാനം കൈവരിക്കണം സനല്കുമാര മഹർഷി പറഞ്ഞു. അതിനെന്താണ് വഴി, നാരദൻ ആരാഞ്ഞു.... ജീവിതത്തിൽ ശ്രദ്ധ നിഷ്ഠ കൃതി  തുടങ്ങിയ നേടുവാൻ ശ്രമിക്കണം. അവ കൈവന്നാൽ പിന്നെ നിത്യാനന്ദം തനിയെ വന്നു ചേരും. ഗുരു വിശദീകരിച്ചു. പിന്നെയും നാരദന് സംശയം എന്താണ് സുഖം ഗുരോ? കാണുവാനോ കേൾക്കുവാനോ അറിയുവാനോ തന്നിൽ അന്യമായി ഒന്നും തന്നെ ഇല്ല ആ അവസ്ഥയെയാണ് ബ്രഹ്മം തിരിച്ചറിയുക എന്ന അവസ്ഥ. ഗുരുവിന്റെ ബ്രഹ്മത്തെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ നാരദ മഹർഷിക്ക് തൃപ്തിയായി. അദ്ദേഹം ആത്മജ്ഞാനത്തിലേക്ക് ഉയർന്നുകഴിഞ്ഞിരുന്നു. ഇത്തരത്തിൽ യോഗ്യനായ ഒരു ഗുരുവിന്റെ ഉപദേശം സ്വീകരിച് നാരദ മഹർഷി തന്റെ മനസ്സിലുള്ള രാഗദ്വേഷദി ആകുന്ന കറകൾ എല്ലാം കഴുകിക്കളഞ്ഞു. അദ്ദേഹം വിശുദ്ധ മനസ്സിന്റെ ഉടമയായി തീർന്നു..

തുടരും...

No comments:

Post a Comment