ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 04

ഉപനിഷത്ത് കഥകൾ

ഭാഗം 04

ആരാണ് ജ്യേഷ്ഠൻ ആരാണ് ശ്രേഷ്ഠൻ

ശരീര ധർമ്മങ്ങൾ സമയാസമയങ്ങളിൽ കൃത്യമായി നിർവഹിക്കുന്ന ഇന്ദ്രിയങ്ങൾ ആണ് പ്രാണനും വാക്കും കണ്ണുകളും കാതുകളും മനസ്സും എന്ന് ഏവർക്കുമറിയാം. ഒരിക്കൽ ഇവർ തമ്മിൽ ജ്യേഷ്ഠനും - ശ്രേഷ്ഠനും ആരാണെന്ന കാര്യത്തിൽ തർക്കമുണ്ടായി. ജ്യേഷ്ഠൻ എന്നാൽ വയസ്സുകൊണ്ട് മൂത്തവൻ എന്നും ശ്രേഷ്ഠൻ എന്നാൽ ഗുണങ്ങൾ കൂടുതലുള്ളവൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഗർഭകാലത്തു മറ്റ് ഇന്ദ്രിയങ്ങൾ രൂപപ്പെടും മുൻപ് തന്നെ കുട്ടിയ്ക്ക് പ്രാണൻ ഉണ്ടാവും. അതുകൊണ്ട് പ്രാണനെ ജ്യേഷ്ഠനായി കാണുന്നു. അപ്പോൾ വാക്ക് ഇപ്രകാരം പറഞ്ഞു. ഞാനാണ് വിദ്യയ്ക്ക് ആധാരം. വിദ്യാധനമാണ് ഒരുവന് മുഖ്യമായിട്ടുള്ളത്. ആ ധനം ഉള്ളവൻ സകലരാലും മാനിക്കപ്പെടുന്നു. അതിനാൽ ഞാൻ ആണ് ശ്രേഷ്ഠൻ. ഉറച്ചനിലനിൽപ്പിനെ ആണ് കണ്ണുകൾ സൂചിപ്പിക്കുന്നത്. കണ്ണുകൾ ഉള്ളതുകൊണ്ടാണല്ലോ മുന്നിലുള്ള കുന്നും കുഴിയും എല്ലാം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ സമതലം തിരിച്ചറിഞ്ഞു ഉറച്ചു നിൽക്കുവാൻ ആകുന്നത്. കാതുകൾ കൊണ്ട് വേദങ്ങൾ ഗ്രഹിക്കാൻ ആവും. അതിന്റെ അർത്ഥതലങ്ങളും മനസ്സിലാക്കാം. തന്മൂലം ഒരുവന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കുന്നത് കൊണ്ട് ഞാൻ തന്നെ ആണ് ശ്രേഷ്ഠൻ എന്നേക്കാൾ സമ്പന്നൻ ആരുമില്ല! ഭോക്താവിന് വേണ്ടി ഇന്ദ്രിയങ്ങൾ കൊണ്ടുവരുന്ന വിഷയങ്ങൾക്കെല്ലാം ആശ്രയം ഒരുവന്റെ മനസ്സാണ് അതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ മറ്റാരുമില്ല. ഇങ്ങനെ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങൾ ഉയർത്തിക്കാട്ടി വിശദീകരിച്ചു അവരവരാണ് ശ്രേഷ്ഠൻ എന്ന് വാദിച്ചുകൊണ്ടേയിരുന്നു. പരസ്പരം അംഗീകരിക്കാതെ ഓരോരുത്തരും കലഹിച്ചുകൊണ്ടേയിരുന്നു...

തർക്കം മൂത്ത് ഇന്ദ്രിയങ്ങൾ പിതാവായ പ്രജാപതിയുടെ മുന്നിൽ ആരാഞ്ഞു! അതുകേട്ട പ്രജാപതി പറഞ്ഞു. "നിങ്ങളിൽ ഓരോരുത്തരായി ദേഹം ഉപേക്ഷിച്ചു പോകുക! ഒരു വർഷത്തിന് ശേഷം മടങ്ങി വന്നാൽ മതി. അപ്പോൾ ആ കാലയളവിൽ എന്തൊക്കെ സംഭവിക്കും എന്നും ആർക്കാണ് മഹത്വവും ശ്രേഷ്ടതയും എന്ന് അപ്പോൾ സ്വയം ബോധ്യമാവും." പ്രജാപതിയുടെ നിർദ്ദേശം മാനിച്ചു ഇന്ദ്രിയങ്ങൾ ഓരോരുത്തരായി ശരീരം വിട്ടു നിൽക്കാൻ തുടങ്ങി. അതിന് ശേഷം ഒരുവർഷം കഴിഞ്ഞു തിരിച്ചെത്തി തന്റെ മഹത്വം മറ്റുള്ളവർക്ക് എങ്ങനെ തിരിച്ചറിയാൻ സാധിച്ചു എന്ന് സ്വയം തിരിച്ചറിഞ്ഞു തുടങ്ങി. ആദ്യം ശരീരം വിട്ട് പോയത് വാക്ക് ആയിരുന്നു. ഒരുവർഷം കഴിഞ്ഞ് വാക്ക് തിരികെ എത്തി മറ്റുള്ളവരോട് ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു എന്റെ അസാന്നിദ്ധ്യം? വാക്ക് പോയപ്പോൾ മനുഷ്യൻ മൂകനെ പോലെ ഒരുവർഷം കഴിച്ചുകൂട്ടി. കണ്ണുകൾ പോയപ്പോൾ അന്ധനെ പോലെ കഴിച്ചുകൂട്ടി. കാത് പോയപ്പോൾ ബധിരനെ പോലെ കഴിച്ച് കൂട്ടി. മനസ്സ് പോയപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കഴിച്ചു കൂട്ടി. അവസാനമായി പ്രാണൻ പോകാൻ ഒരുങ്ങിയപ്പോൾ തന്നെ മറ്റെല്ലാവര്ക്കും അവരുടെ കഴിവുകൾ നഷ്ടപ്പെട്ടു തുടങ്ങി. അതുകണ്ടു എല്ലാവരും കൂടി പ്രാണനോട് ശരീരം വിട്ടു പോകരുത് എന്ന് കേണപേക്ഷിക്കാൻ തുടങ്ങി. അവർ പ്രാണന്റെ മഹത്വവും ശ്രേഷ്ടതയും അംഗീകരിച്ചു. തങ്ങൾക്ക് ഉണ്ടെന്ന് കരുതുന്ന മഹതായ ഗുണങ്ങൾ പ്രാണൻ ഉണ്ടെങ്കിലേ നിലനിൽക്കൂ എന്ന് തിരിച്ചറിയുകയും. തങ്ങളുടെ ഭ്രമം കൊണ്ടുണ്ടായ തെറ്റായിരുന്നു തങ്ങളുടെ വാദം എന്ന് സമ്മതിച്ചു പ്രാണന്റേതായ ഗുണങ്ങൾ തങ്ങളുടേതാണെന്ന് തെറ്റി ധരിക്കുക മാത്രമാണ് ചെയ്തത് എന്ന് സ്വയം മനസ്സിലാക്കി..

തുടരും...

No comments:

Post a Comment