ഉപനിഷത്ത് കഥകൾ
ഭാഗം 22
മോക്ഷം
അശ്വാലായന മഹർഷി ഒരിക്കൽ ബ്രഹ്മലോകത്തേക്ക് പോയി പൂർവ്വ ജന്മാർജ്ജിതമായ പാപങ്ങളിൽ നിന്ന് മോചനം നേടുന്നതിനും ശ്രഷ്ഠമായ ബ്രഹ്മവിദ്യാജ്ഞാനം പ്രാപിക്കുന്നതിനും വേണ്ടി വിനീതനായി അപേക്ഷിച്ചു. ബ്രഹ്മദേവൻ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു. “അല്ലയോ മഹർഷേ, ശ്രദ്ധ, ഭക്തി, ജ്ഞാനം, യോഗം ഇവകൊണ്ടു മാത്രമേ അതു നേടാൻ കഴിയൂ. അല്ലാതെ ധനം സമ്പാദിച്ചതുകൊണ്ടോ കർമ്മങ്ങൾ ചെയ്തതുമൂലമോ ആ മഹത്തത്ത്വം ശ്രവിക്കാൻ സാദ്ധ്യമല്ല. അതിനുള്ള മാർഗ്ഗം ത്യാഗം മാത്രമാണ്. അത് മനസ്സിരുത്തി പഠിച്ച് പ്രവർത്തിച്ചാൽ ബ്രഹ്മജ്ഞാനികൾക്ക് അമൃതത്വം നേടാൻ എളുപ്പം കഴിയും. സ്വർഗ്ഗത്തിനും മുകളിൽ സ്ഥിതിചെയ്യുന്ന ആ ബ്രഹ്മലോകപ്രാപ്തി സംയമികൾക്കും യോഗികൾക്കും മാത്രമേ കിട്ടുകയുള്ളൂ. വേദം അഭ്യസിച്ച് ജ്ഞാനം നേടി പരമതത്ത്വപ്രാപ്തി നിത്യമാക്കണം. എങ്കിലേ അമൃതത്വപ്രാപ്തി ലഭിക്കുകയുള്ളൂ. സന്ന്യാസം സ്വീകരിച്ച് യോഗികൾ ഇന്ദ്രിയ നിയന്ത്രണത്തോടെ ഭക്തിയോടും ശ്രദ്ധയോടും കൂടി ഗുരുവിനെ പൂജിക്കണം. അതിനുശേഷം മനസ്സിൽ നിന്നും രജോഗുണം അകറ്റി ദുഃഖം വെടിഞ്ഞ് സർവ്വചരാചരനാഥനും ഉമാപതിയുമായ ബ്രഹ്മത്തെ ധ്യാനംചെയ്ത് സാക്ഷാത്കരിക്കണം. അങ്ങനെ മരണത്തെ അതിജീവിക്കുക അതോടെ മോക്ഷത്തിലേക്കുള്ള മാർഗ്ഗം തെളിയും. സർവ്വഭൂതങ്ങളിലും ആത്മാവിനെയും, ആത്മാവിനെ സർവ്വഭൂതങ്ങളിലും കാണുന്നവർ പരമാത്മാവിൽ പ്രാപിക്കുന്നു. അനന്തരം ജ്ഞാനാഗ്നിയിൽ എല്ലാ പാപങ്ങളും ദഹിക്കുകയും സംസാരബന്ധമുക്തി നേടുകയും ചെയ്യുന്നു. അവൻ മായാമോഹിതമായ ആത്മാവോടെ ദേഹമാണ് സർവ്വമെന്നു ധരിച്ച് കർമ്മങ്ങൾ ചെയ്യുന്നു. സുഖങ്ങൾ അനുഭവിച്ച് ജാഗ്രദവസ്ഥയിൽ സംതൃപ്തിയോടെ വാഴുന്നു. അവൻ മായകൊണ്ട് മൂടപ്പെട്ട ലോകത്തിൽ ഭൗതികസുഖം അനുഭവിക്കുന്നു. സുഷുപ്തിയിൽ തമോഗുണ പരാജിതനായി സുഖിക്കുന്നു. പിന്നീട് കർമ്മഫലം കൊണ്ട് സുഷുപ്തിയിൽ നിന്ന് സ്വപ്നം ജാഗ്രദവസ്ഥകളിലെത്തുന്നു. മൂന്നു വിധത്തിലുള്ള ശരീരങ്ങളും നശിക്കുമ്പോൾ ജീവൻ മായയിൽനിന്നും മുക്തനായി പരമാനന്ദം അനുഭവിക്കുന്നു. പ്രാണനും മനസ്സും ഇന്ദ്രിയങ്ങളും ഇവിടെ നിന്ന് ജനിക്കുന്നു. അതിൽനിന്ന് പഞ്ചഭൂതങ്ങൾ സകലചരാചരങ്ങളെയും ധരിക്കുന്നു. മൂന്ന് അവസ്ഥകളിലും കാണുന്ന മായാപ്രപഞ്ചവും ബ്രഹ്മസ്വരൂപവും താൻതന്നെയാണന്നറിയുമ്പോൾ അത് എല്ലാ ബന്ധങ്ങളിൽ നിന്നും തന്നെ മുക്തമാക്കുന്നു. ഞാൻ തന്നെയാണ് വിരാട് പുരുഷനും പരമാത്മാവും എന്നും അറിയുക. എന്നെ ആർക്കും അറിയാനും മനസ്സിലാക്കാനും കഴിയില്ല. സകലതുമറിയാനും എല്ലാം കേൾക്കാനും, എല്ലാ കാണാനും എനിക്ക് സാധിക്കും. ഞാൻ വേദം സൃഷ്ടിച്ചു, വേദം ഉപദേശിച്ചു. വേദങ്ങൾ എന്നെ സ്തുതിക്കുന്നു; ഞാൻ ജന്മനാശങ്ങൾക്ക് അതീ തനുമാണ്. ഞാൻ പാപങ്ങളിൽ നിന്നും മുക്തനാണ്. ശതരുദ്രീയം അദ്ധ്യയനം ചെയ്യുന്നവനാകയാൽ അഗ്നി, വായു, ജലം, ആത്മാവ് എന്നിവയെപ്പോലെ ഞാൻ പരിശുദ്ധനായി ഭവിക്കുന്നു; മാത്രമല്ല. ശിവകൃപയ്ക്ക് പാത്രീഭൂതനുമാകുന്നു. അതുകൊണ്ട് സംസാരസാഗരത്തെ തരണംചെയ്യാൻ കഴിയുന്ന ജ്ഞാനം എനിക്ക് നേടാനാകും. ആ അറിവു ലഭിച്ചാൽ മോക്ഷം പ്രാപിക്കാം." ബ്രഹ്മദേവന്റെ വാക്കുകൾ മഹർഷിയിൽ വളരെ സന്തോഷം ഉളവാക്കി.
തുടരും...
No comments:
Post a Comment