ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 21

ഉപനിഷത്ത് കഥകൾ

ഭാഗം 21

ശ്രീകൃഷ്ണന്റെ പ്രിയസഖി രാധ

പരബ്രഹ്മത്തിൽ നിന്നാണ് ഈ ലോകമുണ്ടാകുന്നത്. പിന്നീട്, ലോകം ബ്രഹ്മത്തിൽ നിന്ന് വിട്ടുപോയാലും ബ്രഹ്മം പൂർണ്ണമായിത്തന്നെ അവശേഷിക്കുന്നു. ഈ ജ്ഞാനം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടും സനകാദിഋഷിമാർ പിതാവായ ബ്രഹ്മാവിന്റെ അടുത്തു ചെന്ന് ഇപ്രകാരം ചോദിച്ചു: “അല്ലയോ ഭഗവാനേ, ആരാണ് പരമദേവൻ? അദ്ദേഹത്തിന്റെ കഴിവുകൾ എന്തൊക്കെയാണ്? അദ്ദേഹത്തിൽ ശ്രേഷ്ഠവും സൃഷ്ടിക്കു കാരണവുമായ ഏതൊക്കെ ശക്തികൾ അധിവസിക്കുന്നുണ്ടെന്ന് വിശദമായി പറഞ്ഞുതന്നാലും!” സനകാദികളുടെ ചോദ്യം കേട്ടപ്പോൾ ബ്രഹ്മദേവൻ അത്ഭുതപ്പെട്ടു. തന്റെ പുത്രന്മാരുടെ അപാരമായ ജ്ഞാനം മനസ്സിലാക്കി അദ്ദേഹം സ്വയം അഭിമാനം കൊണ്ടു. അനന്തരം തന്റെ ഉള്ളിൽ അതീവരഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന ആ പരമരഹസ്യം സനകാദികൾക്ക് പറഞ്ഞുകൊടുക്കാൻ തീരുമാനിച്ച് അവരെ സ്നേഹപൂർവ്വം അദ്ദേഹം അടുത്തേക്ക് വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു: “പുത്രന്മാരേ, ഞാൻ ഈ പറയുന്നത് നിങ്ങൾക്കും മറ്റു ഭക്തന്മാരായ ബ്രഹ്മചാരികൾക്കും വേണ്ടി മാത്രമാണ്. അർഹതയില്ലാത്തവർ ഇതു കേൾക്കാൻ ഇടവരരുതെന്ന് നിർബന്ധമുണ്ട്. കേൾക്കാൻ അവർ ഇടവന്നാൽ മഹാപാപം ഉണ്ടാകും. ഭവിഷ്യത്തും വളരെ വലുതായിരിക്കും.'' മഹർഷിമാർക്ക് ബ്രഹ്മവാക്യം കേൾക്കാൻ ധൃതിയായി. അവർ ശ്രദ്ധയോടെ ചെവിയോർത്ത് കാത്തിരുന്നു.

ബ്രഹ്മദേവൻ പറഞ്ഞു തുടങ്ങി : സാക്ഷാൽ ഭഗവാൻ സച്ചിദാനന്ദസ്വരൂപനായ ശ്രീകൃഷ്ണൻ തന്നെയാണ്. ആ മഹാത്മാവായ ദേവൻ ആറുവിധത്തിലുള്ള ഐശ്വര്യത്താൽ പരിപൂർണ്ണനാണ്. അദ്ദേഹത്തെ ഗോപികളും ഗോപന്മാരും സേവിക്കുന്നു. വൃന്ദയാൽ സേവിതനായ അദ്ദേഹം വൃന്ദാവനത്തിന്റെ അധീശനാണ്. അദ്ദേഹം വൃന്ദാവനസംരക്ഷകനും സർവ്വേശ്വരനുമാണ്. ഭഗവാൻ സമസ്ത ലോകങ്ങളുടെയും സ്വാമികൂടിയാണ്. അദ്ദേഹം പ്രകൃതിക്കും അപ്പുറത്ത് ശാന്തനായി വസിക്കുന്നു. അദ്ദേഹത്തിൽ അനേകം ശക്തികൾ വസിക്കുന്നുണ്ട്. അവ ആഹ്ലാദിനി, സന്ധിനി, ജ്ഞാനേച്ഛ, ക്രിയ തുടങ്ങിയവയാണ്. അവയിൽ ഏറ്റവും പ്രധാനം ആഹ്ലാദിനി ശക്തിതന്നെയാണ്. ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവൾ ഒരു സംശയവുമില്ലാതെ പറയാം അവൾ രാധ തന്നെയാണ്. ശ്രീകൃഷ്ണൻ എപ്പോഴും അവളെ ആരാധിക്കുന്നു. ലക്ഷ്മീദേവിയല്ലേ രാധയായി പിറന്നിരിക്കുന്നത്? അത് മറക്കാൻ കഴിയുമോ... ലക്ഷ്മി അദ്ദേഹത്തിന്റെ എല്ലാമാണ്. അതുകൊണ്ടാണല്ലോ ഭഗവാൻ കൃഷ്ണൻ രാധാ കൃഷ്ണനായത്. രാധയെപ്പോലെ തന്നെ ഭഗവാന് എല്ലാ ഗോപികളും പ്രിയപ്പെട്ടവരാണെങ്കിലും രാധയോട് അല്പം കൂടുതൽ പ്രേമം കാണുന്നില്ലേ. രാധാമാധവൻ വൃന്ദാവനത്തിൽവെച്ച് പല രൂപങ്ങളും സ്വീകരിച്ച് രാധയോടൊപ്പം നൃത്തമാടി. സർവ്വേശ്വരിയായ രാധയെ വേദങ്ങൾ പോലും സ്തുതിക്കുന്നു. ദേവന്മാർ നമസ്കരിക്കുന്നു. അതു കേട്ട് മുനീശ്വരന്മാർ ബ്രഹ്മാനന്ദത്തിൽ മുഴുകുന്നു. നന്മയ്ക്കുവേണ്ടിയുള്ള കൂട്ടായ പ്രാർത്ഥന ആകാശത്തിൽ ഉയർന്നു. അവർക്ക് രാധയുടെ ഗുണഗണങ്ങൾ എത്രയും പുകഴ്സത്തിയിട്ടും മതിവരുന്നില്ല. പരമാനന്ദസാഗരത്തിൽ എല്ലാവരും മതിമറന്നാടിക്കളിച്ചു. രാധയെ അവഗണിച്ച് കൃഷ്ണനെ ആരാധിക്കുന്നവർ മൂഢന്മാരാണെന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു. രാധയുടെ വിശേഷനാമങ്ങൾ അവർ പാടിപ്പുകഴ്ത്താൻ തുടങ്ങി.

തുടരും...

No comments:

Post a Comment