ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 28

ഉപനിഷത്ത് കഥകൾ

ഭാഗം 28

രുദ്രാക്ഷത്തിന്റെ മഹത്വം

താരകാസുരന്റെ മക്കളായ കമലാക്ഷനും താരകാക്ഷനും വിദ്യുന്മാലിയും ബ്രഹ്മാവിൽ നിന്ന് വാങ്ങിയ വരം അത്രവലുതായിരുന്നു. മൂവരും മൂന്നു പുരത്തിൽ പാർത്ത് ലോകം ചുറ്റുന്നവരാകണമെന്നും ആയിരം വർഷം കൂടുമ്പോൾ (പുരങ്ങൾ ഒന്നിച്ചു കൂടുമ്പോൾ) ഒരു ശരം കൊണ്ട് ആ പുരത്തെ നശിപ്പിക്കുന്നവനു മാത്രമേ തങ്ങളുടെ അന്തകനാകാവൂ എന്നുമാണ് അവർ നേടിയ വരം. വരം നേടി ഗർവ്വിഷ്ഠരായിത്തീർന്ന അസുരന്മാർ മൂന്നുലോകവും ആക്രമിച്ചു. അപ്പോൾ ഇന്ദ്രാദിദേവന്മാർ ശിവനെ ശരണം പ്രാപിച്ചു. ശിവൻ കൃത്യസമയത്തുതന്നെ മൂന്നു പുരങ്ങളും തകർത്ത് ത്രിപുരാന്തകനായിത്തീർന്നു. ശിവൻ കണ്ണുകൾ അടച്ചിരുന്നപ്പോൾ കണ്ണിൽ നിന്നും ജലബിന്ദുക്കൾ ഭൂമിയിൽ പതിച്ചു. ദിവ്യസംവത്സരങ്ങൾ ആയിരം പിന്നിട്ടു കഴിഞ്ഞപ്പോൾ രുദ്രദേവൻ കണ്ണുതുറന്നു. അപ്പോൾ കണ്ണുകളിൽ നിന്ന് ഭൂമിയിൽ പതിച്ച ജലകണങ്ങൾ വലിയ രുദ്രാക്ഷമരങ്ങളായി ഭവിച്ചു. രുദ്രാക്ഷനാമോച്ചാരണമാത്രയിൽ തന്നെ പത്തു പശുക്കളെ ദാനം ചെയ്യുന്ന ഫലവും ദർശനസ്പർശനാദികളാൽ അതിന്റെ ഇരട്ടിഫലവും ലഭിക്കുന്നു. രുദ്രാക്ഷം ധരിച്ചാൽ ചെയ്ത പാപങ്ങൾ നശിക്കും. രുദ്രാക്ഷമണിഞ്ഞു ജപിച്ചാൽ ആർക്കും കോടാനുകോടി പുണ്യം നേടാൻ കഴിയും. നെല്ലിക്കാവലിപ്പമുള്ള രുദ്രാക്ഷമാണ് ഏറ്റവും ശ്രേഷ്ഠം. ലന്തക്കായ്ക്ക് തുല്യമായത് മദ്ധ്യമവും കടലയ്ക്കയ്ക്കൊത്തത് അധമവുമാകുന്നു. പരമശിവന്റെ ആജ്ഞ അനുസരിച്ച് രുദ്രാക്ഷങ്ങളെ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ നാലായി തരം തിരിക്കാം. വെളുത്തത് ബ്രാഹ്മണനും ചുമന്നത് ക്ഷത്രിയനും മഞ്ഞ വൈശ്യനും കറുത്തത് ശൂദ്രനുമാകുന്നു. ഉരുണ്ടതും ബലമുള്ളതും സ്ഥലവും മുള്ളുള്ളതുമായ രുദ്രാക്ഷം ശുഭമെന്നു കരുതുന്നു. കീടങ്ങൾ കടിച്ചതും മുള്ളില്ലാത്തതും വ്രണമാർന്നതും സമമല്ലാത്തതും വർജ്ജിക്കണം. സ്വയം ദ്വാരമുള്ളത് ഉത്തമമാകുന്നു. എന്നാൽ പ്രയത്നത്താൽ ദ്വാരം നിർമ്മിച്ച് ഉപയോഗിക്കുന്നത് മധ്യമമായും, കണക്കാക്കാം. രുദ്രാക്ഷങ്ങൾ പട്ടുനൂലിലാണ് കോർക്കേണ്ടത്. അവ സമാന ഗുണം ചേർന്നതാകുന്നതും നല്ലതാണ്. രുദ്രാക്ഷം ചാണയിലുരച്ചാൽ സ്വർണ്ണരേഖ പോലിരിക്കുന്നത് അത്യുത്തമമാകുന്നു. ധരിക്കുമ്പോൾ എണ്ണത്തിലും പല വ്യത്യാസങ്ങൾ പറയുന്നുണ്ട്. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ധരിക്കണം. പഞ്ചാക്ഷരമന്ത്രം അഭിമന്ത്രിച്ച് പ്രാണപ്രതിഷ്ഠ ചെയ്ത് മൂലമന്ത്രം ചൊല്ലി ധരിക്കുന്നതും ഉത്തമമാകുന്നു...

ഏകമുഖമായ രുദ്രാക്ഷം പരതത്ത്വ സ്വരൂപമാണെന്നും അതുകൊണ്ട് ഇന്ദ്രിയങ്ങളെ ജയിച്ച് പരതത്ത്വത്തിൽ ലയിച്ച് ജീവിക്കാൻ കഴിയുമെന്നും കരുതുന്നു. രണ്ടു മുഖമുള്ളത് അർദ്ധനാരീശ്വര സ്വരൂപവും അതു ധരിച്ചാൽ അർദ്ധനാരീശ്വരൻ പ്രസന്നനാകുമെന്നും വിശ്വസിക്കപ്പെടുന്നു. മൂന്നു മുഖമുള്ളത് അഗ്നിസ്വരൂപമാണ്. അഗ്നിദേവന് സന്തോഷമാകും അഞ്ചു മുഖമുള്ളത് പഞ്ചമുഖനായ ശിവന്റെ പ്രതീകമാണ്. അതു ധരിച്ചാൽ ശിവൻ പുരുഷഹത്യയെ ഇല്ലായിമ ചെയ്യും. ആറു മുഖമുള്ളത് ധരിച്ചാൽ കാർത്തികേയൻ സന്തോഷിച്ച് ഐശ്വര്യമരുളും. ഇത് ഗണേശസ്വരൂപമാണെന്നും കരുതുന്നവർ ഉണ്ട്. ഗണേശൻ പ്രസാദിച്ച് ബുദ്ധി, വിദ്യ, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യും. ഏഴ് മുഖം ഉള്ളത് സപ്തമാതാക്കളെ പ്രതിനിധാനം ചെയ്യുന്നു. അഷ്ടമുഖരുദ്രാക്ഷം അഷ്ടമാതാക്കളെയും, അഷ്ടവസുക്കളെയും ഗംഗാദേവിയെയും പ്രസന്നരാക്കുന്നു. ഒമ്പതു മുഖമുള്ളതിന്റെ അധിദേവത നവശക്തിയാണ്. അതു ധരിച്ചാൽ നവശക്തികൾ പ്രസാദിക്കും. ദശാദോഷങ്ങളുടെ ശാന്തിക്കുവേണ്ടി പത്തു മുഖമുള്ളതാണ് ധരിക്കേണ്ടത്. അതിന്റെ അധിദേവത യമനാണ്. പതിനൊന്നു മുഖമുള്ളതിന്റെ ദേവത ഏകാദശരുദ്രന്മാരും പന്ത്രണ്ടിന്റേത് മഹാവിഷ്ണുവും പതിമൂന്നിന്റേത് കാമദേവനും ആകുന്നു. പതിന്നാല് മുഖമുള്ളത് രുദ്രന്റെ കണ്ണിൽ നിന്ന് ഉണ്ടായതും അത് സർവ്വവ്യാധിഹരവും ആരോഗ്യദായകവുമാകുന്നു. ഓരോ രുദ്രാക്ഷങ്ങൾക്കും പൂർണ്ണഫലം നൽകുന്നത് അതാതിന്റെ ദേവതകൾ തന്നെയാണ്. ആ ദേവതകളെ പ്രസാദിപ്പിച്ചാൽ പൂർണ്ണഫലം ലഭിക്കും. രുദ്രാക്ഷം ധരിക്കുന്നവർ മദ്യം, മാംസം, വെളുത്തുള്ളി മുതലായവ ഉപയോഗിക്കരുത്. ഗ്രഹണ സമയം, വിഷു, അമാവാസി, പൗർണ്ണമി എന്നിവ രുദ്രാക്ഷധാരണത്തിന് ഉത്തമമാണ്, പാപവിമുക്തി ഉണ്ടാകും. രുദ്രാക്ഷത്തിന്റെ മൂലഭാഗം ബ്രഹ്മാവും നാളഭാഗം വിഷ്ണുവും മുഖഭാഗം രുദ്രനും ബിന്ദുക്കൾ ദേവന്മാരു മാകുന്നു. ഒരിക്കൽ സനത്കുമാരന് ശിവൻ രുദ്രാക്ഷധാരണ വിധികൾ വിസ്തരിച്ചു പറഞ്ഞു കൊടുത്തുവെന്നും അപ്പോൾ അവിടെ നിദാഘൻ, ജഡഭരതൻ, ദത്താത്രേയൻ, കാത്യായനൻ, ഭരദ്വജൻ, കപിലൻ, വസിഷ്ഠൻ, പിപ്പലാദൻ തുടങ്ങിയ മുനിമാർ ഉണ്ടായിരുന്നു വെന്നും പറയപ്പെടുന്നു. രുദ്രന്റെ നേത്രങ്ങളിൽ നിന്നും ഉത്ഭവിച്ചതു കൊണ്ട് രുദ്രാക്ഷം പ്രസിദ്ധമായിത്തീർന്നു!!

ഉപനിഷത്ത് കഥകൾ അവസാനിക്കുന്നു.
കടപ്പാട് - വിഷ്ണു - ഇടുക്കി

No comments:

Post a Comment