ഉപനിഷത്ത് കഥകൾ
ഭാഗം 17
മഹാപണ്ഡിതനാര്
പ്രസിദ്ധനായ ഒരു രാജാവായിരുന്നു ജനകൻ. പ്രജകൾക്ക് പിതൃതുല്യനായ അദ്ദേഹം ഒരു വിശേഷപ്പെട്ട യാഗം നടത്താൻ നിശ്ചയിച്ചു. ആ യജ്ഞത്തിൽ പങ്കെടുക്കാൻവേണ്ടി പലരാജ്യത്തുമുള്ള ബ്രാഹ്മണർ രാജകൊട്ടാരത്തിലെക്കത്തിച്ചേർന്നു. ബ്രാഹ്മണരുടെ സഭ കണ്ടപ്പോൾ ജനകമഹാരാജാവിന് അവരിൽ ആരാണ് വലിയ പണ്ഡിതൻ എന്നറിയാനുള്ള ആഗ്രഹം ഉദിച്ചു. അദ്ദേഹം യോഗ്യത അനുസരിച്ച് അവർക്ക് ദാനവും ദക്ഷിണയും നൽകാൻ വേണ്ടി ഒരായിരം പശുക്കളെ കൊട്ടാരഗോശാലയിൽ നിർത്തി. ആ പശുക്കളുടെ കൊമ്പുകൾ സ്വർണ്ണം കെട്ടിച്ച് അലങ്കരിച്ചവയുമായിരുന്നു. യജ്ഞത്തിന് എത്തിയ ബ്രാഹ്മണൻ ദക്ഷിണ മോഹിച്ച് വന്നവരാണോ? അതോ യഥാർത്ഥത്തിൽ ജ്ഞാനികളോ? എന്നറിയാൻ മഹാരാജാവ് അവരെ പരീക്ഷിക്കാൻ തീരുമാനിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അല്ലയോ മഹാബ്രാഹ്മണരേ, നിങ്ങളിൽ മഹാപണ്ഡിതനായിട്ടുള്ള ആൾക്ക് ഇവിടെ പാർപ്പിച്ചിട്ടുള്ള പശുക്കളെ സ്വഗൃഹത്തിലേക്ക് കൊണ്ടുപോകാം.''രാജകല്പന എല്ലാവരുടെയും ചെവിയിലെത്തിയെങ്കിലും അവർക്കാർക്കും പശുക്കളെ തെളിച്ചുകൊണ്ടുപോകാൻ ധൈര്യമുണ്ടായില്ല. കാരണം, ആ ബ്രാഹ്മണരെല്ലാം പണ്ഡിതന്മാരായിരുന്നുവെങ്കിലും താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്ന് സ്വയം പറയാൻ കെല്പ്പുള്ളവരായിരുന്നില്ല അതിനാൽ അവിടെ നിശ്ശബ്ദതയായിരുന്നു!! പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന യാജ്ഞവല്ക്യമഹർഷി തന്റെ കൂടെയുണ്ടായിരുന്ന ബ്രഹ്മചാരിയോട് കല്പിച്ചു: “ഈ പശുക്കളെ നീ ഇവിടെ നിന്നും തെളിച്ചുകൊണ്ടുപോകൂ.'' അവൻ ഉടനെ ആചാര്യന്റെ അടുത്തുവന്ന് വന്ദിച്ച് ആ പശുക്കളെ മുഴുവൻ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്ക് തെളിച്ചുകൊണ്ടുപോയി...
ഈ സമയം അവിടെ കൂടിയിരുന്ന ബ്രാഹ്മണരെല്ലാം കുപിതരായി ജ്വലിച്ചു. അവർ പരസ്പരം ബഹളം വെക്കാൻ ആരംഭിച്ചപ്പോൾ യാജ്ഞവല്ക്യൻ മുന്നോട്ടുവന്ന് ബ്രഹ്മിഷ്ഠനുള്ള സമ്മാനം താൻ സ്വീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ അത് സമ്മതിച്ചുകൊടുക്കാൻ ആരും തയ്യാറായില്ല. അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ യാജ്ഞവല്ക്യനെ നേരിട്ടു. ആക്ഷേപ സ്വരത്തിൽ അയാൾ പറഞ്ഞു: “ഇവിടെയുള്ളവരിൽ ഏറ്റവും വലിയ പണ്ഡിതൻ നീയാണോ?'' യാജ്ഞവല്ക്യന് ഒരു സംശയവും ഉണ്ടായില്ല. അദ്ദേഹം വിനീതനായി പറഞ്ഞു: “പണ്ഡിതൻ ആരാണെന്ന് തെളിയിച്ചോളൂ. അപ്പോൾ ഞാൻ അയാളെ നമസ്കരിക്കാം.'' തുടർന്ന് രംഗം ചൂടുപിടിച്ചു. യാജ്ഞവല്ക്യന്റെ പാണ്ഡിത്യം പരീക്ഷിക്കുന്നതിനുവേണ്ടിയുള്ള ചോദ്യങ്ങൾ ഉയർന്നു. യാജ്ഞവല്ക്യൻ അതിനുള്ള മറുപടികൾ നൽകിക്കഴിഞ്ഞപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ച ആളുകൾ നിശ്ശബ്ദനാകുകയും തങ്ങൾക്ക് തോല്പിക്കാൻ കഴിയുന്നവനല്ല ഋഷിയെന്ന് തിരിച്ചറിയുകയും ചെയ്തു. എങ്കിലും തോൽവി സമ്മതിക്കാൻ പലരും തയ്യാറായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന ചിലരുടെ അപേക്ഷ മാനിച്ച് യാജ്ഞവല്ക്യൻ ബ്രഹ്മം സ്പഷ്ടമായി ഉപദേശിച്ചു. ബ്രഹ്മവും ആത്മാവും ഒന്നുതന്നെയാണ് എന്നും അത് ദർശനം, ശ്രവണം, മനനം, വിജ്ഞാനം എന്നിവയിലൂടെ വ്യക്തമായിട്ട് അറിയുവാനും അവർക്ക് കഴിഞ്ഞു. അതിനുശേഷം യാജ്ഞവല്ക്യൻ ബ്രഹ്മത്തപ്പറ്റിയും ആത്മാവിന്റെ സ്വരൂപത്തെക്കുറിച്ചുള്ള കുറച്ചു സംശയങ്ങൾ തീർത്തു കൊണ്ട് ഇപ്രകാരം പറഞ്ഞു: “വിശപ്പും ദാഹവും പ്രാണന്റെ ധർമ്മങ്ങളാണ്. ശോകവും മോഹവും മനസ്സിന്റെ ധർമ്മങ്ങളാണ്. ജരയും മൃത്യുവും ശരീരത്തിന്റെ ധർമ്മങ്ങളാണ്.” ഇവയിൽ സ്പർശിക്കപ്പെടാത്തതാണ് ആത്മാവ്! അങ്ങിനെ എല്ലാ ബ്രാഹ്മണർക്കും അദ്ദേഹത്തിന്റെ യോഗ്യത സമ്മതിച്ചുകൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
പലരുടേയും സംശയങ്ങൾ മാറീട്ടില്ലന്ന് മനസ്സിലാക്കിയ മഹർഷി വീണ്ടും പറഞ്ഞു തുടങ്ങി. ദേവന്മാർ വാസ്തവത്തിൽ മുപ്പത്തിമൂന്നെയുള്ളൂ. ബാക്കിയുള്ളവരെല്ലാം അവരുടെ വിഭൂതികളാണ്. ആ മുപ്പത്തിമൂന്ന് ഇപ്രകാരമാകുന്നു: വസുക്കൾ എട്ട്, രുദ്രന്മാർ പതിനൊന്ന്, ആദിത്യന്മാർ പന്ത്രണ്ട് അങ്ങനെ ഇന്ദ്രനും പ്രജാപതിയും ചേർന്ന് മുപ്പത്തി മൂന്ന് എന്നു സാരം. അഗ്നിയും പൃഥിവിയും വായുവും അന്തരീക്ഷവും ആദിത്യനും ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും കൂടിയാൽ അഷ്ടവസുക്കളായി. ഇവരിലാണ് ലോകം സ്ഥിതിചെയ്യുന്നത്. അതിനാൽ വസുക്കളെന്നു പറയുന്നത്. ശരീരത്ത നിലനിർത്തുകയും പ്രവൃത്തികൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും കർമ്മഫലം അനുഭവിപ്പിക്കുകയും ചെയ്യുന്നത് വസുക്കളാകുന്നു. മനഷ്യനിലുള്ള പത്ത് ഇന്ദ്രിയങ്ങളും പതിനൊന്നാമതായി ആത്മാവും കൂടിയാൽ രുദ്രന്മാരായി. ശരീരത്തിൽ നിന്നും അവ പുറത്തുപോകുമ്പോൾ ബന്ധുക്കൾ അവൻ മരിച്ച തായി കരുതി കരഞ്ഞു പോകുന്നു. ഇപ്രകാരം കരയിക്കുന്നതിനാൽ അവയ്ക്കു രുദ്രന്മാരെന്ന് പേരുണ്ടായി. ഒരു വർഷത്തിനു പന്ത്രണ്ട് മാസങ്ങളാണുള്ളത്. അവ പന്ത്രണ്ട് ആദിത്യന്മാരാകുന്നു. ഇപ്രകാരം ഉത്തരം പറഞ്ഞ് യാജ്ഞവല്ക്യൻ ചർച്ച അവസാനിപ്പിച്ചു. അങ്ങിനെ എല്ലാവരേയും ഉത്തരം മുട്ടിച്ച മഹർഷി തന്നെ മഹാപണ്ഡിതൻ എന്ന് രാജാവിന് മനസിലായി. അദ്ദേഹം മഹർഷിയെ നമസ്കരിച്ചു.
തുടരും...
No comments:
Post a Comment