ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 September 2021

സിദ്ധിവിനായക ക്ഷേത്രം, മുംബൈ

സിദ്ധിവിനായക ക്ഷേത്രം, മുംബൈ

ശുഭാരംഭപ്രാർഥനയുമായി വിശ്വാസികൾ എന്നും ഓടിയെത്തുന്ന എത്തുന്ന സവിധം തന്നെയായിരുന്നു മനസിൽ, ഗണേശദർശനം. മുംബൈയിൽ അതിന് പേരുകേട്ടത് ഒരേ ഒരുനാമം- ശ്രീ സിദ്ധിവിനായക ക്ഷേത്രം.

മുംബൈ നഗരഹൃദയത്തിൽ പ്രഭാദേവിയെന്ന സ്ഥലത്താണ് ലോകപ്രശസ്തമായ ക്ഷേത്രം. ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ വിശേഷദിനം. തിരക്കും അന്ന് പതിവിലേറെയാവും. ശനി, ഞായർ ദിവസങ്ങളിലും തിരക്ക് വളരെയേറെയാവും. വിഘ്നവിനായകന്റെ അനുഗ്രഹത്തിനായി കാത്തുനിൽക്കുന്നവർക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ. മെറ്റൽ ഡിക്ടക്ടറുകൾ കടന്നു വേണം ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കാൻ. സന്ദർശകരെ നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് ഔട്ട്പോസ്റ്റും കവാടത്തിലുണ്ട്. വിശേഷദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ബയോമെട്രിക് സംവിധാനങ്ങൾ വരെ സുരക്ഷയുടെ ഭാഗമായി ക്ഷേത്രട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.

ചേരികളും അംബരചുംബികളും ഇടകലർന്നുള്ള മഹാനഗരത്തിൽ വലുപ്പത്തിലും ഉയരത്തിലും മൽസരിക്കാനുള്ള മനസൊന്നും കാട്ടാതെ ക്ഷേത്രട്രസ്റ്റ് സമുച്ചയം ഉൾക്കൊള്ളുന്ന ചെറുനിലകളിൽ ശാന്തമായി പ്രൗഡിയാർന്ന ചെറുഗോപുരവുമായി ക്ഷേത്രം ഉയർന്നു നിൽക്കുന്നു. ജനസംഖ്യയിൽ ലോകത്തെ തന്നെ വൻനഗരങ്ങളിലൊന്നായ മുംബൈയ്ക്ക് ഈ ക്ഷേത്രം എല്ലാമാണ്. ഏത് പുതിയ കർമത്തിനിറങ്ങുമ്പോഴും മുംബൈയിലെ ഗണേശഭക്തർ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന സിദ്ധിവിനായകക്ഷേത്രത്തിലെത്തി വിഘ്നേശ്വരനെ വണങ്ങുന്നു. രണ്ടു നൂറ്റാണ്ടിലേറെ മാത്രം പഴക്കമുളള ഈ ക്ഷേത്രം വളർച്ചയുടെ പുത്തൻ പാതയിലാണ്. ഭക്തരിലും വരവിലും മഹാരാഷ്ട്രയിലെ തന്നെ എണ്ണം പറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണിത്. ഓഹരിവിപണിയിലെ ചലനങ്ങളിൽ പ്രതീക്ഷ നഷ്ടമാകുമ്പോൾ വന്നെത്തുന്നവരിലേറെയും ഓഹരി രംഗത്തുള്ളവരാകും.

1801 നവംബർ 19 ന് ലക്ഷ്മൺ വിഥു, ദിയുഭായ് പാട്ടീൽ എന്നിവരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് രേഖകളിൽ പറയുന്നത്. ധനികവനിതയായ ദിയുഭായ് പാട്ടീലിന്റെ പ്രേരണയിൽ എഞ്ചിനീയറായ ലക്ഷ്മൺ ക്ഷേത്രം സ്ഥാപിക്കുകയായിരുന്നുവെന്നാണ് ചരിത്രം. മക്കളില്ലാതിരുന്ന ദിയുഭായ്, തനിക്ക് ലഭിക്കാത്ത ആ ഭാഗ്യം കുഞ്ഞുങ്ങളില്ലാത്തവർക്ക് വരസിദ്ധിവിനായകന്റെ അനുഗ്രഹത്തിൽ ലഭിക്കട്ടെയെന്ന ആശയുടെ ഭാഗമായാണ് ക്ഷേത്രം സ്ഥാപിച്ചതെന്നും പറയുന്നു. കാലം പിന്നിട്ടപ്പോൾ ഹിന്ദു സന്യാസിയായ സ്വാമി സമർഥിന്റെ അനുയായിയായ രാമകൃഷ്ണ ജംഭേക്കർ മഹാരാജ് ഗുരുവിന്റെ നിർദ്ദേശപ്രകാരം രണ്ട് അപൂർവ വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിലെ പ്രധാനവിഗ്രഹത്തിനു മുന്നിൽ കുഴിച്ചിട്ടു. ഗുരു സ്വാമി സമർഥ് പറഞ്ഞതു പോലെ 21 വർഷത്തിനു ശേഷം ഇവിടെ നാമ്പിട്ടുയർന്ന മന്ദാരവൃക്ഷത്തിലെ ശാഖകളിലൊന്നിൽ സ്വയംഭൂവായി ഗണേശഭഗവാൻ രൂപംകൊണ്ടെന്നാണ് വിശ്വാസം. 1952 ൽ സയാനി റോഡിന്റെ വികസനത്തിനായി തറ കുഴിച്ചപ്പോൾ ലഭിച്ച ഹനുമാൻ വിഗ്രഹം ഈ ക്ഷേത്രസമുച്ചയത്തിൽ ഉപദേവനായി പ്രതിഷ്ഠിക്കുകയായിരുന്നു. ശക്തിയുടെയും രാമഭക്തിയുടെയും നിറവാർന്ന് ഇവിടെ പരിലസിക്കുന്ന ഹനുമാൻ ജിംഖാനകളിലും മറ്റും ആരോഗ്യത്തിൽ ശ്രദ്ധപതിപ്പിക്കുന്ന മുംബൈ യുവാക്കളുടെ ശക്തിശ്രോതസാണ്. ഇലമാലകളും മറ്റുമാണ് ഉപദേവന്റെ ഇഷ്ട അർച്ചനാവിഭവങ്ങൾ.

സിദ്ധിവിനായകൻ
വടവൃക്ഷത്തിന്റെ തണലിൽ വരദായകനായി ഗണേശഭഗവാന്റെ വിഗ്രഹം മാത്രമായി നിലകൊണ്ട ക്ഷേത്രം സിദ്ധിബുദ്ധിദായകന്റെ കീർത്തി പരന്നതോടെ നഗരത്തിനൊപ്പം കേൾവികേൾക്കുകയായിരുന്നു. മുംബാദേവിയിൽ നിന്നും മുംബൈയെന്ന് പേരു കേട്ട നഗരത്തിൽ അതിൽപിന്നീട് പുകൾപെറ്റ ദൈവനാമം സിദ്ധിവിനായകന്റേതാണ്.

ക്ഷേത്രത്തിലേക്കുള്ള ക്രമാതീതമായ തിരക്ക് നഗരജീവിതത്തെ ബാധിക്കുന്ന അവസ്ഥയായതോടെ ഡോക്ടർമാർ, എഞ്ചിനീയർമാർ, സാമൂഹികപ്രവർത്തകർ, വ്യവസായികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രനടത്തിപ്പ് മഹാരാഷ്ട്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു. തിരക്ക് ഉൾക്കൊളളാനാവും വിധം പുതിയ കെട്ടിടസമുച്ചയം നിർമിച്ച് ഗണേശഭഗവാനെ യഥാവിധി പുനപ്രതിഷ്ഠിക്കുകയായിരുന്നു ട്രസ്റ്റിന്റെ പ്രഥമ ലക്ഷ്യം. ട്രസ്റ്റ് പ്രവർത്തനത്തിനുള്ള ഓഫിസ്, ഡിജിറ്റൽ ലൈബ്രറി, പുരാണങ്ങൾ ഉൾപ്പെടെ പതിനായിരത്തോളം ഗ്രന്ഥങ്ങൾ അടങ്ങുന്ന ഗ്രന്ഥശാല തുടങ്ങിയവയാണ് ഇതേത്തുടർന്ന് നിർമിച്ച കെട്ടിടത്തിന്റെ വിവിധ നിലകളിൽ ചേക്കേറിയത്. പ്രഫഷണൽ കോഴ്സുകളിലെ വിദ്യാർഥികളടക്കം നിരവധി പേർ ഈ ലൈബ്രറിയുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പഠനകാലയളവിൽ ഉപയോഗിച്ച ശേഷം മടക്കിനൽകാവുന്ന ബുക്ബാങ്ക് സൗകര്യവും ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

മധുരപ്രിയനെന്ന് പേരുകേട്ട സിദ്ധിവിനായകന് മധുരപലഹാരങ്ങളും മറ്റും അർച്ചിച്ച് നിവേദ്യം പ്രസാദമായി വാങ്ങുന്ന പതിവാണ് ഇവിടെ. കറുകപ്പുല്ലും ചെറുപുഷ്പവുമടങ്ങുന്ന അർച്ചനദ്രവ്യം മുതൽ ആയിരങ്ങൾ വിലവരുന്ന പൂജാപുഷ്പങ്ങളും പലഹാരങ്ങളും വരെ ഈ സ്റ്റാളുകളിൽ ലഭ്യം. ക്ഷേത്ര നടവഴികളിൽ നിറഞ്ഞ മധുരപലഹാരക്കടകൾ കടന്നുവേണം ദർശനത്തിനുളള ക്യൂവിലെത്താൻ. ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ഏകദന്തവിനായക സന്നിധിയിലെത്താൻ ക്യൂ കോംപ്ലക്സ് അടക്കമുളള ക്രമീകരണങ്ങൾ ട്രസ്റ്റ് മുൻകൈയ്യെടുത്തു നിർമിച്ചിരിക്കുന്നു.

ക്ഷിപ്രവരപ്രസാദിയായ സിദ്ധിവിനായകൻ ഭക്തരുടെ പ്രാർഥനകൾ യഥാസമയം തന്നെ പൂർത്തീകരിക്കുമെന്നാണ് മുംബൈ നിവാസികളുടെ സാക്ഷ്യം. രാഷ്ട്രീയനേതാക്കൾ മുതൽ ബോളിവുഡിലെ തിളങ്ങും താരങ്ങൾ വരെ വിനായക വരപ്രസാദത്തിനായി ഇവിടെയെത്തുന്നു. വിനയപൂർവം ഉള്ളറിഞ്ഞ് പ്രാർഥിക്കുന്നവർക്ക് ജാതിമതഭേദമന്യേ എന്തും വരദാനം നൽകുന്നുവെന്ന അർഥത്തിൽ നവസച്ച ഗണപതിയെന്നാണ് മുംബൈവാസികൾ സിദ്ധിവിനായകനെ വിളിക്കുന്നത്. ക്ഷേത്രത്തിന്റെ മുഖ്യകവാടത്തിൽ മറാഠി വിശ്വാസമനുസരിച്ചുള്ള എട്ടു ഗണപതിരൂപങ്ങൾ(അഷ്ടഗണപതി) ആലേഖനം ചെയ്തിരിക്കുന്നു. ശ്രീകോവിലുകളിൽ ഭക്തരിൽ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ദേവതാവിഗ്രഹങ്ങളിൽ നിന്നും ഭിന്നമായി കയ്യെത്തുമകലത്ത് ശ്രീകോവിലിനുളളിൽ കടന്നെത്തി ഭഗവാനെ ദർശിച്ച് പ്രാർഥിക്കാമെന്നതാണ് കേരളത്തിൽ നിന്നെത്തുന്നവർക്ക് വിശേഷഅനുഭവമാവുക.

സ്വർണത്തകിടുകൾ കൊണ്ട് പൊതിഞ്ഞ ശ്രീകോവിലിലാണ് അനുഗ്രഹം ചൊരിയുന്ന സിദ്ധിവിനായകൻ. ഒറ്റക്കല്ലിൽ വെറും രണ്ടടി ആറിഞ്ച് ഉയരത്തിലുള്ള ഗണപതി വിഗ്രഹം വലുപ്പത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ ശ്രദ്ധേയമാണ്. സിദ്ധിയിലും ബുദ്ധിയിലും വലുപ്പത്തിലല്ല കാര്യമെന്ന ഓർമപ്പെടുത്തലാണിതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മിക്കി ആനന്ദും അനൂപ് രാജും പറഞ്ഞതിനോട് യോജിക്കാൻ തോന്നി.

ഗണപതി വിഗ്രഹങ്ങളിൽ അത്ര പതിവില്ലാത്ത വിധം വലത്തേക്ക് വളഞ്ഞാണ് സിദ്ധിവിനായക വിഗ്രഹത്തിൽ തുമ്പിക്കൈയുടെ സ്ഥാനം. പ്രത്യേകതയാർന്ന ഈ രൂപം കൂടുതൽ വിശേഷമെന്ന് ഭക്തപക്ഷം. ചതുർകരങ്ങളിൽ ഉയർന്ന കരങ്ങളിൽ വരദാനത്തിന്റെ താമരപുഷ്പവും വിഘ്നങ്ങൾ തട്ടിയകറ്റുവാനെന്നോണം ചെറുമഴുവും താഴ്കരങ്ങളിലൊന്നിൽ ഭക്തിരസത്തിന്റെ ജപമാലയും മറ്റൊന്നിൽ ആഹാരപ്രിയം സൂചിപ്പിക്കുന്ന മോദകവുമായാണ് സിദ്ധിവിനായകൻ ദർശനമരുളുന്നത്. വലത് കുംഭയ്ക്ക് മേൽ പൂണൂലെന്ന പോലെയു്ളത് സർപ്പമാണുള്ളത്. മഹാദേവന്റെ ത്രിനയനത്തെ ഓർമിപ്പിക്കുംവിധം ഗണേശന്റെ തിരുനെറ്റിയിൽ തൃക്കണ്ണിന്റെ സൂചകവുമുണ്ട്. രിദ്ധി, സിദ്ധി എന്നീ രണ്ട് ദേവതകൾ

ഭഗവാന്റെ ഇരുവശത്തും വിഗ്രഹത്തിനോട് ഒട്ടിച്ചേർന്നു തന്നെ സ്ഥിതി ചെയ്യുന്നു. വിജയത്തിന്റെയും ഐശ്വര്യത്തിന്റെയും സിദ്ധി, രിദ്ധി സാന്നിധ്യമാണ് ക്ഷേത്രത്തിന് സിദ്ധിവിനായക ക്ഷേത്രമെന്ന പേരു നൽകുന്നതും ക്ഷേത്രാങ്കണം വിശ്വാസികളെക്കൊണ്ട് നിറയ്ക്കുന്നതും.

സിദ്ധിവിനായക സുഖദർശനം കഴിഞ്ഞ് മുംബൈ വീഥികളിലെ തിരക്കുകളിലേക്ക് ടാക്സി യാത്ര തുടരവേ പലയിടങ്ങളിലും സ്ഥാപിക്കാൻ ആഘോഷപൂർവം കൊണ്ടു പോകുന്ന വലിയ ഗണപതിവിഗ്രഹങ്ങൾ നിരത്തിലെ തിരക്കേറ്റി. ഗണേശചതുർഥി മുംബൈയുടെ വലിയ ഉൽസവമാണ്. മഹാനഗരത്തിന്റെ സ്വന്തം ഉൽസവം. നിറങ്ങളിലും വലുപ്പത്തിലും ഭാവത്തിലും വ്യത്യസ്തതയാർന്ന ഗണേശരൂപങ്ങൾ നിരത്തുവക്കുകളിൽ നിറഞ്ഞുതുടങ്ങിയിരിക്കുന്നു. ഗണപതിവിഗ്രഹങ്ങളിൽ നിന്നു മാറി കണ്ണുടക്കിയത് തൊട്ടുമുൻപിൽ സഞ്ചരിച്ച വാഹനത്തിനു പിന്നിൽ കുറിച്ച സൂഫി വാക്യത്തിൽ. മുംബൈയിൽ വന്നെത്തി കോടീശ്വരന്മാരായവരെയും അവരെ പിൻപറ്റാൻ ശ്രമിക്കുന്നവരുടെയും മനസ്ഥിതി വ്യക്തമാക്കുന്ന അർഥവത്തായ വാക്യം - ദേത്താ ഹേ റബ്, ജൽത്താ ഹേ സബ് - ദൈവം നൽകുന്നു, അന്യർ അസൂയപ്പെടുന്നു.

ദർശനസമയം

ചൊവ്വാഴ്ചകളിൽ പുലർച്ചെ 3.15 മുതൽ ബുധനാഴ്ച പുലർച്ചെ 12.30 വരെ

മറ്റു ദിവസങ്ങളിൽ പുലർച്ചെ 5.30 മുതൽ രാത്രി 9.50 വരെ

No comments:

Post a Comment