ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 September 2021

മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രം

മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രം

അമ്പാടികണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ശ്രീഗണേശരൂപ സങ്കലപ്പം ഉള്ള ഏക ക്ഷേത്രമാണ് മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രം.
കോട്ടയം എറണാകുളം റോഡിലെ കുറുപ്പുന്തറ കവലയിൽ നിന്ന് ഏതാണ്ട് രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് പോയാൽ മാഞ്ഞൂർ ദേശം അവിടെ മുക്കുറ്റിയും, കറുകയും തുളസിയും തൊട്ടാവാടിയും ഭജനമിരുന്ന ഒരു കൊച്ചമ്പലം. ചുറ്റമ്പലവും, തിടപ്പള്ളിയും കൊടിമരവുമില്ലാത്ത, മണിയൊച്ചയും ശംഖനാദവും മുഴങ്ങാത്ത, ഇടവപ്പാതിയിലെ മഴയും മീനത്തിലെ വെയിലും അപ്പാടെ ഏറ്റുവാങ്ങി കരിങ്കൽ തുരവിനുള്ളിൽ ഏകാന്തധ്യാനത്തിലമർന്ന മള്ളിയൂർ മഹാഗണപതി. വലംപിരിയായ തുമ്പികൈയ്യില്‍ മാതള നാരങ്ങയും, കൈകളില്‍ മഴു, കയര്‍, കൊമ്പ്‌, ലഡ്ഡു എന്നിവയുമുള്ള ബീജഗണപതി സങ്കല്‌പത്തിലാണ്‌ പ്രതിഷ്‌ഠ.
പെരുമാള്‍മാരുടെ ഭരണത്തിനു മുമ്പും ക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍. ക്ഷേത്രത്തിൽ വിളക്കുവേക്കെണ്ടതും പൂജനടത്തേണ്ടതുമായ ചുമതല മള്ളിയൂര്‍, ആര്യപ്പള്ളി, വടക്കേടം എന്നീ ഇല്ലക്കാർക്കയിരുന്നു. പൗരാണിക കാലത്ത് മള്ളിയൂരിൽ മഹാതപസ്വിയായ ഒരു ബ്രാഹ്മണ ശ്രേഷ്‌ഠനുണ്ടായിരുന്നു. ദേശാന്തര തീര്‍ത്ഥാടന വേളയില്‍ അദ്ദേഹത്തിന്‌ ഉപാസനാമൂര്‍ത്തിയായി കൈവന്നതാണ് മള്ളിയൂരിലെ ക്ഷിപ്രപ്രസാദിയായ ശ്രീമഹാഗണപതി. ഒരുകാലത്ത്‌ ദേശാധിപത്യം കൂടിയുണ്ടായിരുന്നു മള്ളിയൂർ ക്ഷേത്രത്തിന്‌, മാഞ്ഞൂർ ദേശത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കുമാരനെല്ലൂർ ദേവസ്വത്തിന് കീഴിലുള്ളതയിരുന്നു എന്നാൽ മള്ളിയൂർ വക ഭൂമി ഇതിൽ ഉൾപ്പെട്ടിരുന്നില്ല അതിലൂടെ മാഞ്ഞൂർ ദേശം കുമാരനെല്ലൂർ ദേവസ്വത്തിന് കൈവശമാകുന്നതിനും മുൻപാണ് മള്ളിയൂർ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് എന്ന് അനുമാനിക്കപെടുന്നു
കാലത്തിന്‍റെ കുത്തിഴുക്കില്‍ ശ്രേഷ്‌ഠാചാരങ്ങളുടെ അഭാവത്തില്‍ ക്ഷേത്രത്തിലെ അഷ്‌ടൈശ്വര്യങ്ങളെല്ലാം നഷ്‌ടമായി. ആര്യപ്പള്ളി, വടക്കേടം എന്നീ ഊരാണ്മക്കാർ തൽ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു പോവുകയും ചെയ്തു. അതോടെ മള്ളിയൂർമനയായി ക്ഷേത്ര സംരക്ഷകർ. രാജകൊട്ടാരുമായി നല്ല ബന്ധമുള്ള ഒരു സമ്പന്നകാലം മള്ളിയൂര്‍ മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ടെങ്കിലും അഷ്ട്ടിക്കുപൊലും വകയുണ്ടയിരുന്നില്ല അന്ന്. ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രത്തിന് ശ്രീകോവിലിന്‍റെ തുരവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു . ഓലകൊണ്ട്‌ കെട്ടിമറച്ച്‌ ദേവന്‌ നേദ്യം വയ്‌ക്കാന്‍ ശ്രീകോവിലിനു മുന്നില്‍ ഒരിടം. പക്ഷെ കനത്ത മഴയെ അതിജീവിക്കാനുള്ള കരുത്ത് ആ ഓലപ്പുരക്കുണ്ടായിരുന്നില്ല. കുറേനാള്‍ ഇല്ലത്ത്‌ നേദ്യം വച്ച്‌ ദേവന്‌ നേദിച്ചു. പിന്നീട്‌ മാസത്തിലൊന്നായി നിവേദ്യം. ഒടുവില്‍ അതുമില്ലാതായി. ദാരിദ്രവും പ്രാരബ്‌ധവും കൊണ്ട് ഇല്ലവും അന്യം നില്‌ക്കാറായപ്പോള്‍ അന്തേവാസികള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി. പിന്നീടു വര്‍ഷങ്ങളോളം നിത്യശാന്തിപോലും ഇല്ലാതെയായെങ്കിലും മനയിൽ ശേഷിച്ചിരുന്നവർ എല്ലാദിവസവും ഭഗവാനു മുന്നിൽ വിളക്കു തെളിച്ചു പോന്നിരുന്നു.
പരദേവതയുടെ കടാക്ഷം കൊണ്ട് മള്ളിയൂർ മനയുടെ ഭാഗ്യമായിട്ടാണ് മള്ളിയൂർ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. മനയിലെ ദാരിദ്ര നിവര്ത്തിക്കായി ശാന്തിപണിയും ഭാഗവത പാരായണവുമായി ദേശാന്തരങ്ങൾ അദ്ദേഹം യാത്രചെയ്തു. ഇക്കാലത്താണ്‌ കൈതമറ്റം ശങ്കരന്‍നമ്പൂതിരി ദാനം ചെയ്‌ത തിരുവഞ്ചരുള്ള നാലുകെട്ട്‌ പൊളിച്ച്‌ മള്ളിയൂരേയ്‌ക്കു കൊണ്ടുവന്ന് ഇല്ലം പണിതത് എന്നാൽ കിടക്കാനിടമായെങ്കിലും മനയിലുള്ളവർക്ക് സന്തോഷിക്കാന്‍ വകയായില്ല. ശ്രീമഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്ന്‌ വീഴുന്ന ജലത്തുള്ളികളേക്കാള്‍ വലുതായിരുന്നു മനസ്സ്‌ വിങ്ങിക്കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. ഭഗവാനുള്ള നിവേദ്യമായി അദ്ദേഹം തിരുമുമ്പില്‍ ഭാഗവത പാരായണം ആരംഭിച്ചു. ഭഗവല്‍ക്കഥ കേട്ട്‌ ഭഗവാൻ സന്തോഷിച്ചു. പിന്നീടങ്ങോട്ട്‌ കേറ്റമേ ഉണ്ടായിട്ടുള്ളു ക്ഷേത്രശ്രീകോവിലിനൊരു മേല്‍ക്കൂട്‌ നിര്‍മ്മിച്ചു. തുടര്‍ന്ന്‌ വല്യമ്പലം, തിടപ്പള്ളി, ഇളം മതില്‍, മുളയറ എന്നിവയും പണിതു . ആചാര്യതപസ്സും ശ്രേഷ്‌ഠമായ വൈദിക കര്‍മ്മങ്ങളുടെ നിഷ്‌ഠയോടെയുള്ള അനുഷ്‌ഠാനം കൊണ്ടും ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി.
പ്രത്യക്ഷകൃഷ്‌ണസ്വരൂപമാണ്‌ ശ്രീമദ്‌ഭാഗവതം എന്ന്‌ ശാസ്‌ത്രം ഘോഷിക്കുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഉപാസന സഫലമായി മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്‌ണവ തേജസിന്‍റെ സാന്നിദ്ധ്യം പ്രകടമായി. അമ്പാടികണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി.
ഉപദേവതകള്‍
ഭഗവതി- മുഖ്യ പ്രതിഷ്ഠയായ ഗണപതിയ്ക്കുള്ള അതേപ്രാധാന്യം തന്നെയാണ്‌ ഈക്ഷേത്രത്തില്‍ ഭഗവതിയ്ക്കും. ഗണപതിപ്രതിഷ്ഠയ്ക്കു മുന്‍പുതന്നെ ഇവിടെ ഭഗവതി സാന്നിധ്യം ഉണ്ടായിരുന്നതായാണ്‌ ഐതിഹ്യം.
ക്ഷേത്ര മതിൽകെട്ടിനുള്ളിൽ ശാസ്താവ്, സർപ്പക്കാവ്, അന്തിമഹാകാലന്‍, ബ്രഹ്മ രക്ഷസ്സ്, അയയക്ഷി, മതിൽകെട്ടിന് പുറത്തായി ശിവൻ, വിഷ്ണു, ഭദ്രകാളി എന്നീ പ്രതിഷ്ട്ടകളും ഉണ്ട്.
കലിയുഗദുരിതങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ ഭക്തര്‍ക്ക്‌ ഒരഭയസങ്കേതം. കരുണാമയനായ ശ്രീഗുരുവായൂരപ്പനും അഭീഷ്‌ട വരപ്രദനായ വിഘ്‌നേശ്വരനും വാഴുന്നീടം! ഹന്തഭാഗ്യം ജനാനാം....
മള്ളിയൂര്‍ ശ്രീഗണേശായ നമഃ അവിഘ്നമസ്തു ശ്രീകൃഷ്ണായ നമഃ

No comments:

Post a Comment