ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 13

ഉപനിഷത്ത് കഥകൾ

ഭാഗം 13

പ്രപഞ്ചസൃഷ്ടി

പ്രപഞ്ചസൃഷ്ടിക്കുമുമ്പ് ആത്മാവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പ്രപഞ്ചസൃഷ്ടി എങ്ങിനെ നടത്തും തനിക്ക് ഇതിന് കഴിയുമോ എന്ന ചിന്തയിൽ നിന്ന ആത്മാവ് താൻ സർവ്വജ്ഞനാണ് എന്ന സത്യം തിരിച്ചറിയാൻ തുടങ്ങി. ദേഹമോ മനസ്സോ ഇല്ലാത്ത താൻ ചൈതന്യസ്വരൂപനാണ്. തനിക്ക് അറിയുന്നതിനും ചിന്തിക്കുവാനും കഴിയുന്നു. ആ തിരിച്ചറിവ് ഉണ്ടായപ്പോൾ മുകളിലും താഴെയുമുള്ള ജലങ്ങളും, പ്രകാശവും, മരണവും സൃഷ്ടിക്കപ്പെട്ടു.  അനന്തരം അവയെ സംരക്ഷിക്കാൻ സമർത്ഥരായ ലോക പാലന്മാരെ സൃഷ്ടിച്ചു. അതിനുശേഷം ആത്മാവ് വെള്ളത്തിൽ നിന്നും മനുഷ്യന് രൂപം നൽകി! എന്നിട്ട് അതിലേക്ക് ആത്മാവ് തന്റെ ജീവൻ പകർന്നു! അപ്പോൾ ആദിപുരുഷന്റെ വായ മുളച്ച് അതിൽ നിന്ന് വാക്കും, അഗ്നിയും പുറപ്പെട്ടു. മുളച്ച നാസാരന്ധ്രത്തിൽ നിന്ന് ശ്വാസവും വായുവും, കണ്ണുകളിൽ കാഴ്ചയും സൂര്യനും, ചെവികളിൽ നിന്ന് ശ്രവണവും ദിക്കുകളും, ത്വക്കിൽ നിന്ന് രോമങ്ങളും വൃക്ഷാദികളും ഹൃദയത്തിൽ നിന്ന് മനസ്സും ചന്ദ്രനും പൊക്കിളിൽ നിന്ന് ഉച്ഛ്വാസവും പുറപ്പെട്ടു. അതുപോലെ പ്രജനനേന്ദ്രിയവും അതിൽ നിന്ന് ജന്മകാരണമായ ജീവദ്രവവും ഉരുവെടുത്തു. അങ്ങനെ പലവിധ ഇന്ദ്രിയങ്ങളിലൂടെ പ്രവർത്തിക്കുന്ന ആത്മചൈതന്യത്തിന്റെ ഭിന്ന പ്രകാശങ്ങളാണ് ദേവതകൾ. ആ ഇന്ദ്രിയങ്ങളുടെ അധിഷ്ഠാന ദേവതകൾ സംസാരസാഗരത്തിൽ പതിച്ചപ്പോൾ അവർക്ക് വിശപ്പും ദാഹവും നൽകി. അപ്പോൾ അവർ സൃഷ്ടി കർത്താവിനോട് പറഞ്ഞു: “ഞങ്ങൾക്ക് വസിക്കാൻ ഇടവും ഭക്ഷണവും വേണം.''

ദേവതകളുടെ അപേക്ഷക്കനുസരിച്ച് ആത്മാവ് അവർക്കുവേണ്ടി പുരുഷരൂപം ഉണ്ടാക്കിയതു പോലെ പശുവിനെയും കുതിരയെയും ഉണ്ടാക്കി കൊടുത്തു. പക്ഷേ, അതു രണ്ടും അവർ സ്വീകരിച്ചില്ല. എന്താണ് ഒരു ഉപായം ആത്മാവ് ചിന്തിച്ചു. ആ സമയം പുരുഷരൂപം അവർക്ക് കാണിച്ചു കൊടുത്തു. അതവർക്ക് നന്നേ ഇഷ്ടപ്പെട്ടു. അവർ സന്തുഷ്ടരായിത്തീർന്നു. പിന്നീട് ഓരോരുത്തരായി ആ പുരുഷരൂപത്തിലേക്ക് ഇന്ദ്രിയങ്ങളുടെ രൂപത്തിൽ പ്രവേശിച്ചു. അഗ്നി വാഗിന്ദ്രിയമായി മുഖത്തും വായു പ്രാണനായി മൂക്കിലും സൂര്യൻ ദർശനശക്തിയായി കണ്ണിലും ദിക്കുകൾ ശ്രാതേന്ദ്രിയമായി ചെവികളിലും ഔഷധി-വനസ്തികൾ രോമങ്ങളായി ത്വക്കിലും ചന്ദ്രൻ മനസ്സായിത്തീർന്ന് ഹൃദയത്തിലും മൃത്യു അപാനനായിത്തീർന്ന് നാഭിയിലും വെള്ളം രേതസ്സായി ശിശ്നത്തിലും പ്രവേശിച്ചു. അപ്പോൾ വിശപ്പും ദാഹവും പറഞ്ഞു: “ഞങ്ങൾക്കും ഒരു സ്ഥാനം ഉണ്ടാക്കിത്തരണം.'' അത് ഒരപേക്ഷകൂടിയായിരുന്നു. അതിനർഹതപ്പെട്ട വിലയോടെ ആത്മാവ് സ്വീകരിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങൾ ഇന്ദ്രിയങ്ങളോടുകൂടി ചേർന്ന് പ്രവർത്തിക്കുക" എന്ന് പറഞ്ഞു ആത്മാവ് അവരെ അനുഗ്രഹിച്ചു..

ആത്മാവ് ലോകങ്ങളെയും ലോകപാലന്മാരെയും സൃഷ്ടിച്ചശേഷം അവരുടെ വിശപ്പും ദാഹവും തീർക്കുന്നതിനു വേണ്ടി പരിഹാരമാർഗ്ഗങ്ങൾ തേടി സഞ്ചരിച്ചു. എങ്ങും വിശപ്പിന്റെ വിളി ആഹാരമില്ലാതെ നിലനില്പില്ല! മഹത്തായ അന്നത്തിനുമാത്രമേ പരിഹാരം കാണാനാകൂ. അതുകൊണ്ട് അന്നം കൂടി സൃഷ്ടിച്ചാൽ മാത്രമേ സൃഷ്ടി പൂർത്തിയാകൂ എന്ന് ആത്മാവിന് തിരിച്ചറിവുണ്ടായി. വെള്ളമാണ് സർവ്വപാണികൾക്കും വൃക്ഷലതാദികൾക്കും പരിരക്ഷ നൽകുന്ന വസ്തു. ഭൂമിയെ ഐശ്വര്യസമൃദ്ധിയിലേക്ക് നയിക്കാനും അതിന് കഴിയുന്നു. കാലക്രെമേണ ഭൂമിയിൽ ധാരാളം നദികൾ  ഉത്ഭവിച്ചു. അങ്ങിനെ ജലം കൊണ്ട് തന്നെ  അന്നം സൃഷ്ടിക്കാമെന്ന ആത്മാവിന്റെ അറിവിൽ നിന്ന് രൂപപ്പെട്ട അന്നം പരമാത്മാവിനെ തന്നെ  പിന്തിരിഞ്ഞ് ഓടുവാൻ തുടങ്ങി. അപ്പോൾ വിശന്നിരുന്ന പുരുഷൻ അതിനെ വാക്കുകൾ കൊണ്ട് പിടിക്കാൻ നോക്കി. എന്നാൽ ഭക്ഷണത്തിന്റെ നാമം ഉരുവിട്ടതുകൊണ്ട് വിശപ്പകന്നില്ല. പിന്നെ അവൻ മണത്ത് അതിനെ പിടിക്കാൻ നോക്കി. എന്നാൽ ഭക്ഷണത്തെ മണത്തതുകൊണ്ടും വിശപ്പകന്നില്ല. അതു പോലെ, ഭക്ഷണത്തെ നോക്കിയതുകൊണ്ടോ, അതിന്റെ പേര് കേട്ടതുകൊണ്ടോ, അതിനെ സ്പർശിച്ചതുകൊണ്ടോ, അതിനെക്കുറിച്ച് ഓർത്തതുകൊണ്ടോ വിശപ്പകന്നില്ല. പ്രജനനേന്ദ്രിയങ്ങളുടെ പ്രവർത്തനം കൊണ്ടും വിശപ്പടക്കാനായില്ല. വിശന്നവശനായ പുരുഷൻ ഒടുവിൽ അധപ്രാണനായ ദഹനത്തിന്റെ നിശ്വാസം കൊണ്ട് ഭക്ഷണത്തെ പിടിച്ചെടുത്തപ്പോൾ വിശപ്പകന്നു. അങ്ങനെ ഇന്ദ്രിയങ്ങൾക്കെല്ലാം അന്നം ലഭ്യമായപ്പോൾ വിശപ്പ് അടങ്ങി! ഇന്ദ്രിയങ്ങൾ ഉണർന്നു! ഇന്ദ്രിയദേവതകൾ സന്തോഷത്തോടെ അന്നദേവതയെ വണങ്ങി!!

തുടരും...

No comments:

Post a Comment