ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 07

ഉപനിഷത്ത് കഥകൾ

ഭാഗം 07

ജലത്തിൽ നിന്ന് മനുഷ്യപിറവി

അരുണാചാര്യരുടെ പുത്രനായ ശ്വേതകേതു ഒരു ദിവസം പാഞ്ചാലദേശസഭയിലേക്ക് കടന്നുചെന്നു. അപ്പോൾ ജീവല പുത്രനായ പ്രവാഹണൻ അവിടെ ഉണ്ടായിരുന്നു. പണ്ഡിത പുത്രനായ ശ്വേതകേതുവിനോട് അദ്ദേഹം ചോദിച്ചു. അല്ലയോ കുമാരാ, ഞാൻ ചോദിക്കുന്ന ചോദ്യത്തിന് നീ സത്യസന്ധമായി ഉത്തരം പറയാമോ? എന്താണ് ചോദിച്ചോളൂ എന്നായിരുന്നു ശ്വേതകേതു വിന്റെ മറുപടി. നിന്റെ പിതാവായ അരുണാചാര്യർ നിന്നെ സകല വിദ്യയും അഭ്യസിപ്പിച്ചുട്ടുണ്ടോ? ഊവ് എന്ന് ശ്വേതകേതു മറുപടി കൊടുത്തു . തുടർന്ന് അവർ തമ്മിൽ പലവിധ വിഷയങ്ങളും സംസാരിച്ചു. ഒടുവിൽ പ്രവാഹണൻ ശ്വേത കേശുവിനോട് അഞ്ചു ചോദ്യങ്ങൾ ചോദിച്ചു. അവ ഇപ്രകാരമായിരുന്നു..

1) "മനുഷ്യൻ മരണശേഷം ഈ ലോകത്തുനിന്നും ഏതു ലോകത്തേക്കാണ് പോകുന്നത്?"

എനിക്കറിഞ്ഞുകൂടാ, എന്നായിരുന്നു ശ്വേതകേതുവിന്റെ  മറുപടി.

2) "എങ്ങനെയാണ് പ്രാണൻ വീണ്ടും ഭൂമിയിൽ മടങ്ങി വരുന്നത് എന്ന് അറിയാമോ?"
അൽപനേരം ആലോചിച്ചശേഷം ശ്വേതകേതു പറഞ്ഞു, എനിക്കറിയില്ല.

3) "ദേവയാനവും പിതൃ യാനവും വേർപിരിയുന്ന സ്ഥാനം ഏതാണ്?"

4) മരിച്ചവരെല്ലാം പ്രതൃലോകത്ത് പോയിട്ടും എന്തുകൊണ്ടാണ് ആ ലോകം നിറയാതിരിക്കുന്നത്?
ശ്വേതകേതുവിന്റെ മറുപടി അതിനും എനിക്ക് അറിയില്ല എന്നുതന്നെ ആയിരുന്നു.

5) "അഞ്ചാമത്തെ ആഹൂതിയിൽ അപ്പുകൾക്ക് പുരുഷൻ എന്ന പേരുണ്ടായത് എങ്ങനെയാണെന്ന് അറിയുമോ?
ശ്വേതകേശു മറുപടി പറഞ്ഞു, എനിക്കറിയില്ല. അറിയാവുന്നത് വിശദീകരിക്കാൻ ഞാൻ അശക്തനാണ്.

ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ കഴിയാതെ വന്നപ്പോൾ ശ്വേതകേതു ഇതികർത്തവ്യമൂഢൻആയി മിഴിച്ചുനിന്നു. ഇതുകണ്ട് പ്രവാഹണൻ അയാളെ പുച്ഛിച്ചുതള്ളി കൊണ്ട് പറഞ്ഞു, കഷ്ടം കഷ്ടം, നീ ഇത്ര വിഡ്ഢി ആയിപ്പോയല്ലോ, നിനക്ക് ശരിയായ വിദ്യ ലഭിച്ചിരുന്നുവെങ്കിൽ ഇതിനൊക്കെ മറുപടി പറയാൻ ഒട്ടും വിഷമിക്കേണ്ടി വരില്ലായിരുന്നു. നീ വിദ്യ അഭ്യസിച്ചവൻ ആണെന്ന് വെറുതെ നീ വീമ്പു പറയുകയായിരുന്നു. ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നിനുപോലും മറുപടി പറയാനാവാത്ത നീ വിദ്യ അഭ്യസിച്ചിട്ടുണ്ട് എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. പ്രവാഹണന്റെ വാക്കുകൾ ശ്വേത കേശതുവിനെ വല്ലാതെ തളർത്തി. ദുഃഖിതനും പരാജിതനും ആയ പുത്രൻ പിതാവിന്റെ അടുത്തേക്ക് പോയി. നടന്ന സംഭവം എല്ലാം പുത്രൻ അച്ഛനെ ധരിപ്പിച്ചു. അപമാനിതനായ പുത്രന്റെ മനസ്സിൽ രോഷം ആളിക്കത്തി. എത്ര ശ്രമിച്ചിട്ടും ശ്വേത കേതുവിന് അത് അടക്കാനായില്ല. ശ്വേതകേതു അച്ഛനോട് ചോദിച്ചു, "അച്ഛാ എന്നെ വേണ്ടതുപോലെ ഒന്നും പഠിപ്പിക്കാതെ എന്റെ വിദ്യാ പൂർത്തീകരണം നടന്നു എന്ന് അച്ഛൻ എന്നോട് അസത്യം പറഞ്ഞു. ഞാൻ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ എല്ലാം അങ്ങ് പറഞ്ഞത് എന്റെ വിദ്യ പൂർണമായി എന്നായിരുന്നു!!".

ശ്വേതകേതു പിതാവിന്റെ മുന്നിൽ നിയന്ത്രണം വിട്ടതുപോലെ പറഞ്ഞു. "അച്ഛൻ ഒരിക്കലും ഇപ്രകാരം എന്നോട് പ്രവർത്തിക്കാൻ പാടില്ലായിരുന്നു. അച്ഛന്റെ ശിക്ഷണത്തിന്റെ കുറവ് തന്നെയാണ്.  അച്ഛൻ ഇനി എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഞാൻ അത് സ്വീകരിക്കില്ല." പുത്രന്റെ രോഷം പിതാവിന്റെ നേരെ കത്തിജ്വലിച്ചപ്പോൾ പാവം തളർന്നിരുന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു. "ഞാനെന്തു ചെയ്യാനാണ് ആ ചോദ്യങ്ങളിൽ ഒന്നിനുപോലും ഉത്തരം പറയാൻ ഞാൻ ശക്തനല്ല. അതെനിക്കറിയാമായിരന്നെങ്കിൽ ഞാൻ നിനക്ക് പറഞ്ഞുതരുമായിരുന്നല്ലോ!!" അച്ഛന്റെ മറുപടിയോട് യോജിക്കാൻ ശ്വേതകേതുവിന് കഴിഞ്ഞില്ല. അച്ഛൻ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റാണെങ്കിൽ പോലും ആ തെറ്റ് എനിക്ക് പൊറുക്കാൻ ആവുന്നതല്ല. ഗൗതമഗോത്രജനായ ആരുണി തന്റെ ദുഃഖങ്ങളെല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച് പിറ്റേന്നുതന്നെ പാഞ്ചാലദേശത്തേക്ക് പുറപ്പെട്ടു. രാജകൊട്ടാരത്തിൽ എത്തിയ അദ്ദേഹത്തെ പ്രവാഹണൻ ആചാരമര്യാദയോടെ സ്വീകരിച്ചിരുത്തി. ശേഷം രാജാവ് അദ്ദേഹത്തിനോട് ചോദിച്ചു "അങ്ങേയ്ക്ക് എന്താണ് വേണ്ടത് ധനമോ മറ്റു സമ്പത്തോ എന്തുതന്നെയായാലും ആവശ്യപ്പെട്ടുകൊള്ളുക!!" അപ്പോൾ ആരുണി പറഞ്ഞു. "ധനമോ മറ്റ് സമ്പത്ത് ഒന്നും തന്നെ ഞാൻ ആഗ്രഹിക്കുന്നില്ല. അതെല്ലാം അങ്ങയുടെ കയ്യിൽ തന്നെ ഭദ്രമായിരുന്നു കൊള്ളട്ടെ. അതൊക്കെ സൂക്ഷിക്കാൻ എന്നെക്കാൾ യോഗ്യൻ അങ്ങ് തന്നെയാണ്. മറ്റൊരു അപേക്ഷയുമായിയാണ് ഞാൻ വന്നിരിക്കുന്നത്." രാജാവ് ആശ്ചര്യത്തോടെ ചോദിച്ചു "അപേക്ഷയോ?!!". ആരുണി പറഞ്ഞു തുടങ്ങി " അതെ പ്രഭു അങ്ങ് എന്റെ പുത്രനോട് അഞ്ചു ചോദ്യങ്ങൾ ചോദിച്ചു. അതിനൊന്നുമുള്ള ഉത്തരം അവന് പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് അതിനുള്ള ഉത്തരം ദയവായി അങ്ങ് എനിക്ക് പറഞ്ഞുതന്നാലും." ആരുണിയുടെ അപേക്ഷ കേട്ട് രാജാവ് ഞെട്ടിപ്പോയി. അദ്ദേഹം അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദുഃഖിതനായ രാജാവ് ചിന്തയിലാണ്ടു. താൻ ക്ഷത്രിയനാണ്. തങ്ങൾ പരമ്പരയായി പഠിച്ചു വരുന്ന ആ വിദ്യ ബ്രാഹ്മണൻ ഒരിക്കലും അറിയാൻ പാടില്ല. തന്നെയുമല്ല ക്ഷത്രിയൻ ബ്രാഹ്മണനെ ഉപദേശിക്കുക എന്നത് ശരിയുമല്ല. പക്ഷേ അപേക്ഷ നിരസിക്കുന്നതും രാജാവിനു ചേർന്നത്  അല്ലല്ലോ! എന്തുചെയ്യണം രാജാവ് ചിന്തയിലാണ്ടു. തീരുമാനമെടുക്കാൻ കഴിയാതെ അദ്ദേഹം വിഷമിച്ചു. ഒടുവിൽ ആരുണിയോട് കുറച്ചു ദിവസം തന്റെ കൊട്ടാരത്തിൽ കഴിയുവാൻ ആവശ്യപ്പെട്ടു. "അങ്ങയുടെ അപേക്ഷപ്രകാരം ചോദ്യങ്ങൾക്ക്  മറുപടി തരാൻ കുറച്ചുസാവകാശം വേണം." വിഷയം കുറച്ച് ഗൗരവമായതിനാൽ പ്രവാഹണൻ മുനിയെ ആവശ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ഇതിനിടയിൽ ശ്രമിച്ചുനോക്കി. പക്ഷേ അതൊന്നും കൊണ്ട് ഫലമുണ്ടായില്ല. അവസാനം ക്ഷത്രിയർക്ക് മാത്രം അവകാശപ്പെട്ട ആ വിദ്യകൾ  പാരമ്പര്യങ്ങൾക്കും വിപരീതമായി ബ്രാഹ്മണനായ ആ മുനിക്ക് ഉപദേശിച്ചു കൊടുക്കുവാൻ രാജാവ് നിർബന്ധിതനായി. അങ്ങനെ ആരുണി ക്ഷത്രിയനിൽ നിന്നും ആ വിദ്യ മനസ്സിലാക്കിയ ആദ്യ ബ്രാഹ്മണനായി. പിന്നീട് ആ വിദ്യ ബ്രാഹ്മണർക്കിടയിൽ പ്രചരിച്ചു. രാജാവ് ആദ്യം ഉത്തരം പറഞ്ഞത് അവസാന ചോദ്യത്തിനാണ്. അഞ്ചാമത്തെ ആഹൂതിയിൽ അപ്പുകൾക്ക് എങ്ങനെ പുരുഷൻ എന്ന പേരുണ്ടായി? അത് അറിഞ്ഞു കഴിഞ്ഞപ്പോൾ മറ്റുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും വളരെ എളുപ്പമായിതീർന്നു. ആകാശത്ത് വസിക്കുന്ന ദേവന്മാർ ഭൂമിയിൽനിന്ന് ജലമെടുത്ത് സൂര്യതേജസ്സിൽ ഹോമിക്കുന്നു. അത് നീരാവിയായി ഉയർന്ന മേഘമായി തീരുകയും കാറ്റിന്റെ സഹായത്തോടെ കൂട്ടംകൂടി മഴയായി ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. മഴയിലൂടെ ലഭിക്കുന്ന ജലം സർവ്വ ചരാചരങ്ങൾക്കും ജീവസു നൽകുകയും അത് ധാരാളം അന്നം ഉത്പാദിപ്പിക്കുവാൻ കാരണമാവുകയും ചെയ്യുന്നു. അന്നം ഭക്ഷിച്ച് ശക്തി നേടിയ പുരുഷനിൽനിന്ന് രേതസ്സ് (രേതം= ജലം രേതസ്സ്= ബീജം) ഉത്ഭവിക്കുകയും സ്ത്രീയിൽ പതിക്കുകയും ചെയ്തു. അതിൽ നിന്നും ഗർഭവും മനുഷ്യനും പിറവിയെടുക്കുന്നു. അനന്തരം ആയുസ്സ് ഉള്ളടത്തോളം കാലം അവർ ജീവിക്കുന്നു. അവൻ മരിച്ചു കഴിഞ്ഞാൽ അഗ്നിയുടെ സഹായത്താൽ സംസ്കാരചടങ്ങുകൾ നടത്തുന്നു. അങ്ങിനെ അഗ്നിയിലൂടെ ദേവവീഥിയിൽ എത്തുന്നു. പിന്നീട് അവരുടെ കർമ്മഫലം അനുസരിച്ച് വിശിഷ്ടനും ഹീനമായിമാറുന്നു. ജീവികൾ മോക്ഷപ്രാപ്തി നേടും വരെ ഈ ജനനമരണ പ്രക്രിയ തുടരുന്നു. അപ്പോൾ സത്കർമ്മങ്ങൾ ചെയ്തവൻ പുണ്യവംശത്തിൽ പിറക്കുകയും പാപകർമ്മങ്ങൾ ചെയ്തവൻ ഹീനവംശത്തിലും പിറക്കുകയും ചെയ്യുന്നു. പുണ്യവാന്മാർ ഉപാസനകൾ കൊണ്ട് ജ്ഞാനം കൈവരിച്ച് മോക്ഷം പ്രാപിക്കുന്നതുകൊണ്ടാണ് പിതൃലോകം നിറയാതിരിക്കുന്നത് എന്ന സത്യവും ആരുണി മനസ്സിലാക്കി. പ്രവാഹണൻ ആരുണിയുടെ സംശയങ്ങളെല്ലാം തീർത്ത് അദ്ദേഹത്തെ ഒരു ജ്ഞാനിയാക്കി തീർത്തു. ശേഷം അദ്ദേഹം തന്റെ പുത്രന്റെ സംശയങ്ങൾ എല്ലാം തീർക്കുകയും ചെയ്തു.

തുടരും...

No comments:

Post a Comment