ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 01

ഉപനിഷത്ത് കഥകൾ

ഭാഗം 01

തത്ത്വമസി

മഹാജ്ഞാനി ആയ ആരുണാചാര്യന്റെ പുത്രൻ ആയിരുന്നു ശ്വേതകേതു. പന്ത്രണ്ട് വയസ്സ് ആയപ്പോൾ അവൻ ഗുരുകുലത്തിൽ വേദങ്ങൾ പഠിക്കുവാൻ പോയി. ഇരുപതിനാല് വയസ്സ് ആയപ്പോഴേയ്ക്കും അവൻ പഠനം പൂർത്തിയാക്കി തിരികെ വന്നു. കുറെയേറെ കാര്യങ്ങൾ അവൻ പഠിച്ചിരുന്നു, അതിന്റെതായ തലക്കനവും അവനിൽ ഉണ്ടായിരുന്നു. ഇതുതിരിച്ചറിഞ്ഞ ശ്വേത  കേതുവിന്റ പിതാവായ അരുണചാര്യൻ മകനെ അടുത്ത് വിളിച്ചു ചോദിച്ചു. "ഹേ പുത്രാ, നിനക്ക് എന്താണ് സംഭവിച്ചത്?  നീ വേദപഠനം പൂർത്തിയാക്കിയവൻ ആണെങ്കിലും ഞാൻ നിന്നിൽ നിസ്സംഗതാ ഭാവം കാണുകയാണ്.  നിന്നിൽ എന്തിന്റെയോ ഒരു കുറവ് ഉള്ളതുപോലെ എനിക്ക് തിരിച്ചറിയാൻ ആവുന്നു. ഗുരു നിന്നെ യാത്രയാക്കും മുൻപ് വല്ലതും പ്രത്യേകിച്ച് പറഞ്ഞിരുന്നോ?  നമ്മുടെ കുലത്തിൽ ഉള്ളവരെല്ലാം മഹാ ജ്ഞാനികൾ ആയിരുന്നു. ശാസ്ത്രത്തിൽ നിന്നും ആചാര്യനിൽ നിന്നും അറിവ് ജ്ഞാനം ലഭിക്കും എങ്കിലും ആത്മതത്വം അറിയാൻ കഴിഞ്ഞില്ല എങ്കിൽ ഒരുവൻ അവനിലെ ജ്ഞാനം പൂർത്തിയാക്കുകയില്ല." പിതാവിന്റെ ചോദ്യങ്ങൾക്ക് ഒന്നിനും പുത്രന് മതിയായ ഉത്തരം നൽകുവാൻ സാധിച്ചില്ല! തന്റെ പുത്രനിൽ അഹംഭാവം വന്ന് കൂടിയിരിക്കുന്നത് ജ്ഞാനിയായ പിതാവ് തിരിച്ചറിഞ്ഞു. അത്‌ കണ്ട് അദ്ദേഹത്തിന് അതിയായ ദുഃഖം തോന്നി. പിതാവ് പുത്രനെ പൂർണ്ണ ജ്ഞാനി ആക്കുവാൻ നിശ്ചയിച്ചു. അദ്ദേഹം മകനെ സ്നേഹപൂർവ്വം അടുത്തുവിളിച്ചു പറഞ്ഞു. "നീ വിനീതനും കീർത്തിമാനും ജ്ഞാനിയും ആകണം എന്നാണ് എന്റെ മോഹം. എന്തുകൊണ്ടാണ് കേൾക്കാത്തത് കേട്ടതായും വിചാരിക്കാത്തത് വിചാരിച്ചതായും, അറിയാത്തതു അറിഞ്ഞതായും നീ ഭാവിക്കുന്നത്?  അത് നീ നിന്റെ ഗുരുവിനോട് വ്യക്തമായി ചോദിച്ചറിഞ്ഞോ?" പിതാവിന്റെ ചോദ്യം ശ്വേതകേതുവിനു കൃത്യമായി മനസ്സിലായില്ല. അവൻ പിതാവിന്റെ മുന്നിൽ ഒന്നും മിണ്ടാതെ മിഴിച്ചു നിന്നതേയുള്ളൂ. അപ്പോൾ പിതാവ് മകനോട് പറഞ്ഞു. "അല്ലയോ പുത്രാ, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ. ഒരു മൺകട്ടയെ അറിഞ്ഞാൽ മണ്ണ് കൊണ്ടുണ്ടാക്കുന്ന എല്ലാ വസ്തുക്കളെയും തിരിച്ചറിയാൻ സാധിക്കും. അതുപോലെ തന്നെ ആണ് ലോഹങ്ങളിൽ സ്വർണ്ണവും. ആഭരണങ്ങൾ പല പേരിലും ഉണ്ടല്ലോ? എന്നാൽ അവയെല്ലാം നിർമ്മിക്കാൻ ഉപയോഗിക്കുന്നത് സ്വർണ്ണം തന്നെ ആണ്. അതുപോലെ ഒരു കത്തിയെ അറിഞ്ഞാൽ നമുക്ക് കാരിരുമ്പിനെയും തിരിച്ചറിയാൻ സാധിക്കുന്നു. അതായത് മണ്ണും, സ്വർണ്ണവും,  ഇരുമ്പും എല്ലാം സത്യമായിട്ടുള്ളതാണ്. കാരണവും കാര്യവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അതായത് കാരണത്തെ അറിഞ്ഞാൽ കാര്യങ്ങൾ വ്യക്തമായി അറിയാൻ സാധിക്കും." "ഇതൊന്നും ഗുരു എനിക്ക് പറഞ്ഞു തന്നിട്ടില്ല." ശ്വേതകേതു തന്റെ അച്ഛന്റെ മുന്നിൽ മനസ്സ് തുറന്നു. അപ്പോൾ പിതാവ് തന്റെ പുത്രന് ജ്ഞാനം പകർന്നു നൽകുവാൻ തീരുമാനിച്ചു. അദ്ദേഹം ഒരിക്കലും ഗുരുവിനെ കുറ്റപ്പെടുത്തുവൻ ശ്രമിച്ചില്ല. ഒരിക്കലും ജ്ഞാനികൾ ഒരു ഗുരുവിനെയും കുറ്റം പറയാറില്ല. പിതാവ് തന്റെ പുത്രന് ജ്ഞനോപദേശം നൽകുവാൻ തീരുമാനിച്ചു..

പിതാവ് പുത്രനോട് തുടർന്നു. "ഈ ലോകം ആദിയിൽ ഏകവും അദ്വിതീയവുമായ ഒരു സത്ത്മാത്രമായിരുന്നു. പിന്നീട് ആ സത്തിൽ നിന്നാണ് ഇപ്പോൾ ലോകത്ത് കാണുന്നവ എല്ലാം ഉണ്ടായിട്ടുള്ളത്. ആദ്യം ആകാശവും, പിന്നീട് വായുവും തുടർന്നു തേജസ്സായ അഗ്നി സൃഷ്ടിക്കപ്പെട്ടു. അതിന് പിന്നാലെ വെള്ളവും അന്നവും ഉണ്ടായി. വർഷം അന്നത്തെ വളർത്തി. അതായത് ഇവയെല്ലാം പരസ്പര പൂരിതങ്ങൾ മാത്രം, ഒന്നിൽ നിന്ന് തന്നെ ഉത്ഭവിച്ചത്!". "അഗ്നി, അന്നം, ജലം എന്നിവയെ ആ ആദിസത്ത വീണ്ടും വിഭജിച്ചു. അന്നത്തിന്റെ സ്ഥൂലമായ ഭാഗത്തെ മലമായും, മാധ്യഭാഗത്തെ മാംസമായും, സൂക്ഷ്മ ഭാവത്തെ മനസ്സായും വിഭജിച്ചു. അതുപോലെ തന്നെ കുടിക്കുന്ന ജലത്തെ മൂത്രമായും, വിയർപ്പായും, രക്തമായും, സൂക്ഷ്മഭാവത്തെ പ്രാണനായും ഭവിച്ചു. നാം ഭക്ഷിക്കുന്ന എണ്ണയും നെയ്യുമെല്ലാം തേജസ്സായിതീരുന്നു അതിലെ മാധ്യഭാഗം മജ്ജയായും,  സൂക്ഷ്മഭാവം വാക്കായും ബുദ്ധിയായും പരിണമിക്കുന്നു. അതുകൊണ്ട് തന്നെ മനസ്സിനെ അന്നമയമായും പ്രാണനെ പയോമയമായും, വാക്കുകളെ തേജോമായമായും കാണേണ്ടതുണ്ട്." പക്ഷെ ഇപ്പറഞ്ഞതൊന്നും ശ്വേതകേതുവിനു മനസ്സിലായില്ല..

അപ്പോൾ പിതാവ് പുത്രനോട് പറഞ്ഞു നീ അടുത്ത പതിനഞ്ച് ദിവസം ഭക്ഷണം ഒന്നും കഴിക്കാതെ ഇരിക്കുക. എന്നാൽ ധാരാളം വെള്ളം കുടിക്കണം. ഇല്ലങ്കിൽ നിന്റെ ഉള്ളിലെ ജലമയനായ പ്രാണൻ വിട്ടു പോകും. ശരി, അങ്ങനെ തന്നെ - ശ്വേതകേതു തീരുമാനിച്ചു. അടുത്ത പതിനഞ്ചു നാൾ അവൻ ഭക്ഷണം ഒന്നും തന്നെ കഴിച്ചില്ല. എന്നാൽ ധാരാളം വെള്ളം കുടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അതിന് ശേഷം പിതാവ് പുത്രനെ സമീപിച്ചു പറഞ്ഞു. നീ പഠിച്ച വേദങ്ങൾ ഒന്നൊന്നായി ചൊല്ലുവാൻ പറഞ്ഞു. പക്ഷെ ആഹാരം ഉള്ളിൽ ചെല്ലാതെ തളർന്നു അവശനായ ശ്വേതകേതുവിനു ഒന്നും ഓർമയിൽ വരുന്നുണ്ടായിരുന്നില്ല. പിതാവിന്റെ ചോദ്യങ്ങൾക്കു മറുപടി എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ അവന് സാധിച്ചില്ല. പിതാവ് പറഞ്ഞു, മകനെ നീ അൽപ്പാൽപ്പമായി ഭക്ഷണം കഴിച്ചു തുടങ്ങൂ. പിറ്റേന്ന് പിതാവ് പറഞ്ഞത് പോലെ പ്രവർത്തിച്ച ശ്വേതകേതുവിനു തന്റെ ഓർമ്മ തിരിച്ചു കിട്ടി. തന്മൂലം ശ്വേതകേതുവിനു തന്റെ പിതാവ് പറഞ്ഞു കൊടുത്ത അഗ്നി, അന്നം, ജലം എന്നിവയുടെ പൊരുൾ കൃത്യമായി തിരിച്ചറിയാനായി. തുടർന്നു പിതാവിന്റെ വാക്കുകൾ അനുസരിച്ച് ശ്വേതകേതു കൃത്യമായി ആഹാരം കഴിച്ചു. തന്മൂലം ശ്വേതകേതുവിനു ഓർമ്മയും കൃത്യമായ പ്രതികരണ ശേഷിയും ലഭ്യമായി. ബുദ്ധിയും വാക്കും കൃത്യമായി പ്രയോഗിക്കുന്ന വിധം തിരിച്ചറിയാൻ പുത്രന് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. അത്‌ കൊണ്ട് തന്നെ പിതാവ് ഉപദേശിച്ചു കൊടുത്ത "മനസ്സ് അന്നമയം ആണെന്ന പൊരുൾ" തിരിച്ചറിഞ്ഞ ശ്വേതകേതുവിനു സന്തോഷമായി..

ചരടിൽ ബന്ധിച്ച ഒരു പക്ഷിയെ പോലെ ആണ് നമ്മുടെ എല്ലാം മനസ്സ്. പക്ഷി ഓരോ ദിക്കിലേക്കും പറന്നു പോകാൻ ശ്രമിക്കും, എന്നാൽ കൃത്യമായി എത്തേണ്ടിടത്തു എത്താൻ പറ്റാഴിക നിമിത്തം പക്ഷി തന്റെ ബന്ധന സ്ഥാനം തന്നെ ആശ്രയിക്കേണ്ടി വരുന്നത് പോലെ ആണ് സാധാരണക്കാരുടെ എല്ലാം ജീവിതം. കാരണം മനസ്സ് പ്രാണനാകുന്ന ബന്ധനത്തോട് കൂടിയിരിക്കുന്നു. ഒരുവൻ തനിക്കു വിശക്കുന്നു എന്ന് പറയുമ്പോൾ, അവൻ മുൻപ് കഴിച്ച ഭക്ഷണം ദഹിച്ചിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഒരു വിത്ത് മുളച്ചു ഒരു വന്മരമായിതീരാൻ അതിന്റെ വേരുകളിൽ ഉറച്ചു നിൽക്കേണ്ടത് അനിവാര്യമാണ്. അതുപോലെ ഏതൊരുവനും അവന്റെ ശാരീരിക മാനസ്സിക വളർച്ചയ്ക്ക് ഒരു മൂലം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആദ്യമായി വാക്കുകൾ മനസ്സിൽ ലയിക്കുന്നു. ഒരുവൻ സംസാരിക്കുന്നില്ല എങ്കിലും അവന് ചിന്തിക്കുവാൻ കഴിയും. പിന്നീട് മനസ്സ് പ്രാണനിൽ ലയിക്കുന്നു. അപ്പോൾ ആലോചനാ ശേഷി ഇല്ലാതാകും. എങ്കിലും ശ്വാസോച്ച്വസം നടന്നു കൊണ്ടേയിരിക്കും. അതിന് ശേഷം പ്രാണൻ വിശ്വതേജസ്സിൽ ലയിക്കുന്നു. അതോടെ ശരീരത്തിൽ അൽപനേരം കൂടി ചൂട് അവശേഷിക്കുന്നു. പിന്നീട് ആ ചൂട് പരദേവതയിൽ-പ്രകൃതിയിൽ  ലയിക്കുന്നു. ഇതാണ് മരണാവസ്ഥ. ഒരുവന് പരമ ജ്ഞാനം ലഭിച്ച ശേഷമാണ് മരണം സംഭവിക്കുന്നത് എങ്കിൽ പിന്നെ പുനർജ്ജന്മം ഇല്ല. അല്ലങ്കിൽ പരമജ്ഞാനം സിദ്ധിക്കും വരെ ജന്മങ്ങൾ എടുത്തുകൊണ്ടേയിരിക്കണം. പുനരാവർത്തി ഇല്ലാത്ത ആ സദ്രൂപമാണ് ഏവരുടെയും പരമലക്ഷ്യം. അത് മാത്രമാണ് സത്യമായിട്ടുള്ളത്. സാമവേദാന്തർഗതമായ മഹാവാക്യമാണ് "തത്വമസി". മനുഷ്യാത്മാവ് ഉപാധികൾ എല്ലാം ഉപേക്ഷിക്കുമ്പോൾ അത് സത് ആയി അവശേഷിക്കുന്നു. "ജീവന് നാശമില്ല! ജീവൻ നിത്യനാകുന്നു.."

ശ്വേതകേതു ഒന്ന് ആലോചിച്ചു. പുത്രന് സംശയം  മാറിയില്ലയെന്നുമനസ്സിലാക്കിയ പിതാവ് ഒരു ഉദാഹരണം കാണിച്ചു കൊടുത്തു. പിതാവ് പുത്രനോട് പറഞ്ഞു. "പുത്രാ, നീ ആ നിൽക്കുന്ന പേരാൽ മരത്തിന്റെ ഒരു ഫലം എടുത്ത് കൊണ്ടുവരൂ." ശ്വേതകേതു അപ്രകാരം ഒരു ഫലം എടുത്ത് കൊണ്ടുവന്നു. പിതാവിന്റെ നിർദ്ദേശപ്രകാരം ആ ഫലം പിളർന്നു "എന്താണ് കാണുന്നത്? " പിതാവ് ചോദിച്ചു. " അണു പോലുള്ള അനേകം വിത്തുകൾ!" "അതിൽ ഏതെങ്കിലും ഒരു വിത്ത് പിളർന്നു നോക്കൂ." "ഇപ്പോൾ ഒന്നും തന്നെ തന്റെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്നില്ല". "അത് ശരിയാണ്, പക്ഷെ അതിനുള്ളിൽ ഒരു വട ബീജമുണ്ട്. ആ ഒന്നും കാണാൻ സാധിക്കാത്ത ബീജത്തിൽ നിന്നാണ് ഒരു വലിയ വടവൃക്ഷം ഉണ്ടാകുന്നത്. ഏകാഗ്രതയും ജിജ്ഞാസയും ഉള്ളവർക്കേ അത്‌ കാണുവാനും തിരിച്ചറിയുവാനും സാധിക്കൂ." "ഇത്തരം ആത്മഭാവമാണ് ലോകത്തിന്റെ എല്ലാം ആത്മാവായിട്ടുള്ളത്. അതാണ്‌ സനാതന സത്യം. അതാണ്‌ ആത്മാവ്. അത് നീ തന്നെ ആകുന്നു." "തത്ത്വമസി"

"സത്താണ്  ജഗതിന്റെ മൂലമെങ്കിൽ പ്രത്യക്ഷത്തിൽ അത് എങ്ങനെ തിരിച്ചറിയാൻ കഴിയും? " ശ്വേതകേശു സംശയം ഉന്നയിച്ചു.

പിതാവ് ഉടൻ തന്നെ മറ്റൊരു ഉദാഹരണം കൊണ്ട് അത് പുത്രന് വ്യക്തമാക്കി കൊടുത്തു. ശ്വേതകേശു കൊണ്ടുവന്ന ഒരു പാത്രം വെള്ളത്തിൽ പിതാവ് കുറച്ച് ഉപ്പുകല്ലുകൾ എടുത്തിട്ടു. പിറ്റേന്ന് ആ പാത്രം വീണ്ടും കൊണ്ടുവരാൻ പിതാവ് ആവശ്യപ്പെട്ടു. പിതാവ് ചോദിച്ചു "ഇന്നലെ ഞാൻ ഇതിൽ ഇട്ട ഉപ്പുകല്ലുകൾ എവിടെ?" "അത്‌ വെള്ളത്തിൽ അലിഞ്ഞു പോയിരിക്കുന്നു." മകൻ മറുപടി പറഞ്ഞു. "അതേ, നീ ആ വെള്ളം അല്പം രുചിച്ചു നോക്കൂ." പുത്രൻ വെള്ളം കുടിച്ചാശേഷം പറഞ്ഞു "അതേ ഉപ്പ് വെള്ളത്തിൽ എല്ലായിടത്തും ഉണ്ട്." പിതാവ് മകനോട് പറഞ്ഞു. "വെള്ളത്തിലെ ഉപ്പ് നിനക്ക് രുചികൊണ്ട് അറിയാൻ സാധിക്കുന്നുണ്ട്. അതുപോലെ തന്നെ ആണ് സത്തും അതിനെ നമുക്ക് കാണാൻ സാധിക്കില്ല എങ്കിലും അതവിടെ തന്നെ ഉണ്ട്. ജീവിതത്തിൽ ഉപായം കൊണ്ട് അതിനെ തിരിച്ചറിയാൻ സാധിക്കും." "അതാണ്‌ നിത്യമായ സത്യം!" "അത് തന്നെ ആണ് ആത്മാവ്!" "അത് നീ തന്നെ ആകുന്നു!" "അത് തന്നെ ആണ് തത്ത്വമസി എന്ന പദം കൊണ്ട് ലക്ഷ്യമാക്കുന്നത്!" ഇത്രയും ആയപ്പോൾ സാമാന്യ ബുദ്ധിയുണ്ടായിരുന്ന ശ്വേതകേതുവിന്റ മനസ്സിൽ ജ്ഞാനം തെളിഞ്ഞു.

തുടരും...

No comments:

Post a Comment