ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 24

ഉപനിഷത്ത് കഥകൾ

ഭാഗം 24

സീതാദേവി

ഒരിക്കൽ ദേവന്മാർ പ്രജാപതിയായ ബഹ്മാവിനോട് ചോദിച്ചു: “ബ്രഹ്മദേവാ, സീതയുടെ രൂപം എങ്ങനെയാണ്? അവർ ആരാണ്? അങ്ങ് ഞങ്ങൾക്ക് പറഞ്ഞുതന്നാലും!'' ദേവന്മാരുടെ സംശയം തീർക്കേണ്ടത് ന്യായമാണ്. ബ്രഹ്മദേവൻ ശാന്തനായി അവർക്ക് ദേവിയെ പരിചയപ്പെടുത്തിക്കൊടുത്തു: “സീത ശക്തിസ്വരൂപിണിയാണ്. മൂലപ്രകൃതിയായതി നാൽ അവളെ പ്രകൃതിയെന്നു വിളിക്കുന്നു, ദേവി പ്രണവത്തിന്റെ പ്രകൃതിരൂപിണിയും സാക്ഷാൽ യോഗമായയും കൂടിയാണ്. സീത എന്ന നാമത്തിന് സകാരം, ഈകാരം, തകാരം എന്നിങ്ങനെ മൂന്നു വർണ്ണങ്ങളുണ്ട്. അതിലെ സകാരം സത്യം, സിദ്ധി, ചന്ദ്രൻ, പ്രാപ്തി എന്നിവയെയും, തകാരം മഹാലക്ഷ്മിരൂപത്തയും ഈകാരം അവ്യക്ത മഹാമായയെയും സൂചിപ്പിക്കുന്നു. സകാരത്തിലെ ദേവി ശബബ്രഹ്മമയിയാണ്. അവൾ ബുദ്ധിരൂപത്തിൽ ബോധം പ്രദാനം ചെയ്യുന്നു. തകാരത്തിലെ ദേവി ജനകരാജാവിന്റെ യാഗഭൂമിയിൽ ഉഴുതപ്പോൾ ഹലാഗ്രത്തിൽ പ്രത്യക്ഷപ്പെട്ടവളാണ്. എന്നാൽ അവളുടെ തൃതീയരൂപം ഈകാരമയവും അവ്യക്തവുമാണെന്നും അറിയുക. ഭഗവാൻ മഹാവിഷ്ണുവാണ് സമ്പൂർണ്ണ വിശ്വപ്രപഞ്ച ത്തിന്റെ ബീജം". വാല്മീകിരാമായണത്തിൽ സീതയുടെ ഉത്ഭവകഥ ഇങ്ങനെ: കുശധ്വജ, മഹർഷിക്ക് വേദവതിയെന്നു പേരായി ഒരു മകൾ ഉണ്ടായിരുന്നു. അവൾ വിഷ്ണുവിനെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി ഹിമാലയത്തിൽ കഠിനതപസ്സനുഷ്ഠിച്ചു. കാലം കടന്നുപോയി. ഒരു ദിവസം രാവണൻ അതുവഴി കടന്നുപോയപ്പോൾ വേദവതിയെ കണ്ടു. രാവണൻ അവളോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, വേദവതി അത് സ്വീകരിച്ചില്ല. അപ്പോൾ കുപിതനായ രാവണൻ അവളെ ബലമായി പിടിച്ചുകൊണ്ടുപോയി. പക്ഷേ, രാവണന് അവൾ വശപ്പെട്ടില്ല. വേദവതി തീയിൽ ചാടി ജീവനൊടുക്കി. പിന്നീട്, അവൾ കാന്തിചിന്തുന്ന മഹാലക്ഷ്മിയെപ്പോലെ താമരത്താരിൽ ഒരു കുഞ്ഞായി പിറന്നു. രാവണൻ ഒരു ദിവസം യാത്രാ മദ്ധ്യേ അനാഥയായ അവളെ കൊട്ടാരത്തിലേക്ക് കൊണ്ടു പോയി. അമാത്യന്മാരെല്ലാം അവളെ ദർശിച്ചു! യോഗ്യനായ മന്ത്രിപ്രവരൻ, കുഞ്ഞു വളർന്നാൽ രാവണന്റെ നാശത്തിന് കാരണമാകുമെന്ന് തുറന്നു പറഞ്ഞു. രാവണൻ ഭയപ്പെട്ടു! ലങ്കാധിപൻ അവളെ പേടകത്തിൽ സമുദ്രത്തിലൊഴുക്കിവിട്ടു. അവൾ വിദേഹന്റെ യജ്ഞശാലയ്ക്ക് സമീപം കരയ്ക്കടിഞ്ഞു. യജ്ഞഭൂമി ഉഴുതപ്പോൾ ഹലാഗ്രത്തിൽ ദേവി പ്രത്യക്ഷപ്പെട്ടു. ദേവി തന്റെ മൂന്നു രൂപങ്ങളുടെയും സംയുക്തരൂപത്തിൽ സീതയായി അവതരിച്ചു. അവൾ ശ്രീരാമന്റെ നിത്യ സാന്നിദ്ധ്യത്താൽ ജഗദാധാരകാരിണിയാണ്, സർവ്വ പ്രാണികളുടെയും ഉൽപത്തിക്ക് കാരണഹേതുവും മൂലപ്രകൃതിയായ ഭഗവതിയും അവൾ തന്നെ. ബ്രഹ്മജ്ഞാനികൾ അവളെ പ്രകൃതിയെന്നു പറയുന്നു.!!

സീത ഇച്ഛാശക്തി, ക്രിയാശക്തി, സാക്ഷാത്ശക്തി എന്നീ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ദേവിയുടെ ഇച്ഛാ ശക്തിയോടുകൂടിയ സ്വരൂപം മൂന്നു വിധത്തിലുണ്ട്. ശ്രീദേവി, ഭൂദേവി, നീലാദേവി. ദേവി മംഗളരൂപിണിയായും പ്രഭാവരൂപിണിയായും, ചന്ദ്രൻ, സൂര്യൻ, അഗ്നി എന്നീ രൂപങ്ങളിലും ചൈതന്യവതിയായി കാണപ്പെടുന്നു. ചന്ദ്രന്റെ രൂപത്തിൽ ദേവി ഓഷധികളെ പുഷ്ടിപ്പെടുത്തുന്നു. കൂടാതെ കല്പവൃക്ഷം, ലത, പുഷ്പം, പത്രം, ഫലം എന്നീ രൂപത്തിലും പ്രത്യക്ഷപ്പെടുന്നു. അവൾ ദേവീദേവന്മാർക്ക് യജ്ഞഫലം പ്രദാനം ചെയ്യുന്നു. അന്നം കൊണ്ട് ജീവികളെയും അമൃതം കൊണ്ട് ദേവതകളെയും പുല്ലുകൊണ്ടു പശുക്കളെയും തീറ്റിപ്പോറ്റുന്നു. ദേവി സകല ലോകവും പ്രകാശമാനമാക്കുന്നു. മനുഷ്യന് നൂറു വർഷം വയസ്സ് പ്രദാനം ചെയ്തു കൊണ്ട് അവൾ വർത്തിക്കുന്നു. ദേവി കാലസ്വരൂപിണിയാണ്. അഗ്നിയായി ജീവികൾക്ക് അന്നപാനാദികൾ നൽകുന്നു. വിശപ്പും ദാഹവുമായും, വൃക്ഷലതാദികൾക്ക് ശീതോഷ്ണമായും ഉള്ളിലും പുറത്തും നിത്യാനിത്യരൂപത്തിലും മരുവുന്നു! ദേവി ത്രിവിധം രൂപം പൂണ്ട് സർവ്വലോകങ്ങളും സംരക്ഷിക്കുന്നതിന് സർവ്വത വിരാജിക്കുന്നു. ദേവി ആദി ശക്തിയായി സകല ഭുവനങ്ങളുടെയും അടിയിൽ ജലരൂപത്തിൽ ആശ്രയമായി വർത്തിക്കുന്നു. വിഷ്ണുവിൽ നിന്നും സീതയുടെ ക്രിയാശക്തിരൂപം നാദരൂപത്തിൽ കേൾക്കാം. ആ നാദത്തിൽ നിന്ന് ബിന്ദുവും അതിൽ നിന്ന് ഓങ്കാരവും പുറപ്പെടുന്നു. ഓങ്കാരത്തിനുമപ്പുറത്താണ് രാമനാകുന്ന വൈഖാനസപർവ്വതം സ്ഥിതിചെയ്യുന്നത്. അവിടെ കർമ്മവും ജ്ഞാനവും ശാഖകളായി വളർന്നു നിൽക്കുന്നു. അതിൽ വേദതയിയെന്ന ആദിശാസ്ത്രം ഭവിക്കാം. പിന്നീട് അതിനോടൊപ്പം അഥർവ വേദവും പ്രത്യക്ഷപ്പെട്ടു. ഇവയിലെല്ലാം വൈഖാനസമന്ത്രം തന്നെയാണ് പ്രത്യക്ഷദർശനമായി കാണുന്നത്. ജ്ഞാനികൾ വേദങ്ങളോടൊപ്പം വേദാംഗങ്ങളും ഉപാംഗങ്ങളും പഠിക്കുന്നു. ആദ്യം വൈഖാനസ ഋഷിയുടെ മനസ്സിൽ വിഷ്ണു വാണി ശബ്ദിച്ചു. പിന്നീട് വൈഖാനസൻ ആ ശബ്ദത്തെ വേദത്രയരൂപത്തിൽ ബ്രഹ്മാത്മകരൂപം ധരിക്കുന്ന ക്രിയാത്മക ശക്തിയായി സങ്കല്പിക്കപ്പെട്ടു. പിന്നീട് അത് ഭഗവാന്റെ സാക്ഷാൽ ശക്തിയാണെന്ന് വ്യക്തമാക്കിക്കൊടുത്തു. ചതുർഭുജയായി സീത വീരശക്തിരൂപിയായി ശോഭിക്കുന്നു. കൈകളിൽ അഭയവരദമുദ്രകളും രണ്ട് താമരകളും കാണാം. വെളുത്ത നാലാനകൾ ദേവിയെ അമ്യത ജലം കൊണ്ട് അഭിഷേകം ചെയ്യുന്നു. ബ്രഹ്മാദിദേവന്മാർ ദേവിയെ സ്തുതിക്കുന്നു.

തുടരും...

No comments:

Post a Comment