ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 03

ഉപനിഷത്ത് കഥകൾ

ഭാഗം 03

സത്യകാമൻ

"അമ്മേ, ഞാൻ ഗുരുകുലത്തിൽ ബ്രഹ്മചാരി ആയി താമസിച്ചു വിദ്യ അഭ്യസിക്കുവാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാൻ ഏത് ഗോത്രക്കാരൻ ആണെന്ന് ദയവായി പറഞ്ഞു തന്നാലും." സത്യകാമൻ അമ്മയായ ജബാലയോട് പറഞ്ഞു. (പഴയകാലത്തു ശിഷ്യൻ ഗുരുവിന്റെ അടുത്ത് ചെന്ന് അഭിവാദ്യം അർപ്പിക്കുമ്പോൾ അവനവന്റെ ഗോത്രനാമം കൂടി പറയണം എന്നതായിരുന്നു ആചാരം). അതിന് ജബാല പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. "മകനെ, എനിക്ക് നീ ഏത് ഗോത്രക്കാരൻ ആണെന്ന് അറിഞ്ഞു കൂടാ! എന്റെ പേര് ജബാല എന്നാണെന്നും നിന്റെ പേര് സത്യകാമൻ എന്നാണെന്നും മാത്രമേ അറിയൂ. അതുകൊണ്ട് ആ കാര്യം മാത്രം നീ ആചാര്യനോട് പറഞ്ഞാൽ മതി" അമ്മയുടെ വാക്കുകൾ സ്വീകരിച്ചു സത്യകാമൻ ഹരിദ്രുമ പുത്രനായ ഗൗതമമഹർഷിയുടെ അടുത്ത് ചെന്ന് അദ്ദേഹത്തോടൊപ്പം ശിഷ്യനായി ചേർന്ന് വിദ്യ അഭ്യസിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ ആചാര്യൻ സത്യകാമനോട് അയാളുടെ ഗോത്രം ആരാഞ്ഞു. അത് കേട്ട സത്യകാമൻ തന്റെ അമ്മ പറഞ്ഞു കൊടുത്തതുപോലെ പറഞ്ഞു. സത്യം മൂടിവയ്ക്കാതെ എല്ലാം  തന്നോട് തുറന്ന് പറഞ്ഞതിൽ ഗൗതമ മഹർഷി അതീവ സന്തുഷ്ടനായി. അവനെ അദ്ദേഹത്തിന്റെ ശിഷ്യനായി സ്വീകരിച്ചു കൊണ്ട് അവനെ അദ്ദേഹം ഉപനയിച്ചു. സത്യത്തിന്റെ മാർഗ്ഗം സ്വീകരിച്ചതിൽ ഞാൻ നിന്നിൽ അതീവ സന്തുഷ്ടൻ ആണ് എന്നുപറഞ്ഞു അനുഗഹിച്ചു. അതിനു ശേഷം മഹർഷി സത്യകാമനെ അദ്ദേഹത്തിന്റെ നാനൂറ്‌ ഗോക്കളുടെ സംരക്ഷണം ഏല്പ്പിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു അവയെ നീ കാട്ടിലേക്ക് നയിക്കുക. ആചാര്യന്റെ വാക്കുകൾ അനുസരിച്ചു സത്യകാമൻ മഹർഷിയുടെ ഗോധനവുമായി കാട്ടിലേക്ക് യാത്ര തിരിച്ചു..

കാട്ടിലേക്ക് യാത്ര പോകും മുൻപ് സത്യകാമൻ ഗുരുവിനോടായി പറഞ്ഞു. "ഗുരോ, അങ്ങയുടെ ആജ്ഞ അനുസരിച്ച് ഞാൻ ഗോക്കളെയും കൊണ്ട് വനപ്രദേശത്തേയ്ക്ക് പോകുകയാണ്. ഞാൻ തിരികെ വരുമ്പോൾ ഇവയുടെ ആരോഗ്യത്തിലും അതുപോലെ എണ്ണത്തിലും കാര്യമാത്രമായ വർദ്ധനവ് സംഭവിച്ചിരിക്കും. അതുവരെ ഞാൻ ഇവയോടൊപ്പം കാട്ടിലെ കായ്കനികൾ തിന്നും, കാട്ടാറിലെ വെള്ളം കുടിച്ചും, പാറയിൽ കിടന്നുറങ്ങിയും ഇവയുടെ കൂടെ തന്നെ ഉണ്ടാകും.  ഇവയെ വേണ്ടവിധം സംരക്ഷിച്ചു കൊള്ളാം എന്ന് ഞാൻ അങ്ങയ്ക്കു വാക്ക് തരുന്നു." ശിഷ്യന്റെ നിഷ്‌ക്കളങ്കമായ പ്രവൃത്തി ഗുരുവിന്റെ മനസ്സിൽ ശിഷ്യനോടുള്ള പ്രീതി വർധിപ്പിച്ചു. സത്യകാമൻ ഗോക്കളെയും കൊണ്ട് വനത്തിൽ പ്രവേശിച്ചു. കാലം കടന്നു പോയി. ഗോക്കൾ ധാരാളം പുല്ലും വെള്ളവും എല്ലാം കഴിച്ച് തടിച്ചു കൊഴുത്തു. അവ പെറ്റു പെരുകി ആയിരം എണ്ണം കടന്നു. "സത്യകാമാ..... സത്യകാമാ...... " ഒരു കാള വിളിക്കുമ്പോലെ അവന് തോന്നി! അവൻ ചോദിച്ചു. "ആരാണത്?" ദിക്കുകളുടെ ദേവതയായ വായുദേവൻ സത്യകാമന്റെ പ്രവൃത്തികളിൽ സംപ്രീതനായി ഒരു കാളയുടെ രൂപത്തിൽ വന്നിരിക്കുകയായിരുന്നു. "ഞങ്ങൾ ഇപ്പോൾ ആയിരം പേരിൽ കവിഞ്ഞിരിക്കുന്നു, ഇനി ഞങ്ങളെ ആചാര്യന്റെ അടുത്തെത്തിച്ചാലും!" സത്യകാമൻ സമ്മതിച്ചു. "ഞാൻ ഇതാ നിനക്ക് നിന്റെ പ്രവൃത്തിയിൽ സംപ്രീതനായി ബ്രഹ്മജ്ഞാനം ഉപദേശിക്കുകയാണ്." അതുകേട്ടു സത്യകാമൻ ആ കാളയിൽ നിന്ന് ബ്രഹ്മജ്ഞാനം പഠിച്ചു. "കിഴക്ക് ആദിയായുള്ള നാല് ദിക്കുകളും ഓരോ കലയാകുന്നു. ഇതാണ് ബ്രഹ്മത്തിന്റെ നാല് കലകളോട് കൂടിയ പ്രകാശവാൻ എന്ന പാദം. ഇതറിഞ്ഞു ഉപാസിക്കുന്നവൻ പ്രസിദ്ധനായി തീരും. അവന് പരലോക പ്രാപ്തിയും സുനിശ്ചിതമാണ്. ശേഷിക്കുന്നത് അഗ്നി പറഞ്ഞു തരും." എന്ന് പറഞ്ഞു കാളയുടെ രൂപത്തിൽ എത്തിയ വായുദേവൻ മറഞ്ഞു. പിറ്റേന്ന് കാലത്ത് തന്നെ സത്യകാമൻ പശുക്കളെയും, കാളകളെയും, കിടാങ്ങളെയും എല്ലാം കൂട്ടി ആചാര്യ സന്നിധിയിലേക്ക് യാത്ര തിരിച്ചു. വൈകുന്നേരം ആയപ്പോൾ ഒരഗ്നി കുണ്ഡം ഉണ്ടാക്കി അതിന് ചുറ്റുമായി ഗോക്കളെ വിശ്രമിക്കുവാൻ അനുവദിച്ചു, സത്യകാമൻ അവയ്ക്ക് കാവൽ ഇരുന്നു. പെട്ടന്ന് രാത്രി ആയതോടെ അഗ്നിയിൽ നിന്ന് അഗ്നി ദേവൻ പ്രത്യക്ഷമായി സത്യകാമനെ വിളിച്ചു പറഞ്ഞു. "ഭൂമി, അന്തരീക്ഷം, സമുദ്രം, ദ്യോവുകൾ, ഇവയൊക്കെ ഓരോ കലയാകുന്നു. ഇത് ബ്രഹ്മത്തിന്റെ നാല് കലകളോട് കൂടിയ 'അന്തവാൻ' എന്നറിയപ്പെടുന്നു. ഇതറിഞ്ഞു ഉപാസിക്കുന്നവൻ ഐശ്വര്യവാനായി തീരും. മരണന്തരം അവൻ ക്ഷയമില്ലാത്ത ലോകത്ത് എത്തിച്ചേരും. ശേഷിച്ചത് ഹംസം നിനക്ക് ഉപദേശിക്കും." എന്ന് പറഞ്ഞു അഗ്നിദേവൻ അപ്രത്യക്ഷമായി. പിറ്റേന്ന് കാലത്ത് വീണ്ടും സത്യകാമൻ ഗുരുവിന്റെ ഗൃഹം ലക്ഷ്യം വച്ചു ഗോക്കളെയും കൊണ്ട് നടന്ന് വൈകുന്നേരം ആയപ്പോൾ വീണ്ടും ഗോക്കളെ അഗ്നി കുണ്ഡം കൂട്ടി അതിനു ചുറ്റും വിശ്രമിക്കാൻ അനുവദിച്ചു കാവൽ ഇരുന്നു!!

അവിടെ ഇരുന്ന സമയത്ത് ഒരു ഹംസം എത്തുകയും സത്യകാമനോട് ഇങ്ങനെ ഉപദേശിച്ചു. "അഗ്നി, സൂര്യൻ, ചന്ദ്രൻ, വിദ്യുത് എന്നിവകൾ ഓരോ കലയാണ്. ഇത് ബ്രഹ്മത്തിന്റെ നാല് കലയോട് കൂടിയ ജ്യോതിഷ്മാൻ എന്ന പാദമാണ്. ഇതിനെ ഉപാസിക്കുന്നവൻ നിത്യ തേജസ്സോടെ വർത്തിക്കും. മരണാന്തരം പരലോകത്തിലും പ്രകാശം പരത്തുക തന്നെ ചെയ്യും." അടുത്ത പാദം ഒരു നീർകാക്ക പറഞ്ഞു തരുമെന്ന് പറഞ്ഞു ഹംസം അപ്രത്യക്ഷമായി. പിറ്റേന്നും പതിവുപോലെ സത്യകാമൻ ഗോക്കളും ആയി വിശ്രമിക്കുമ്പോൾ ഒരു നീർകാക്ക അടുത്തെത്തി സത്യകാമനോട് ഇപ്രകാരം ഉപദേശങ്ങൾ പകർന്നു. "പ്രാണൻ, ചക്ഷുസ്സ്, ശ്രോത്രം, മനസ്സ്‌ എന്നിവകൾ ഓരോ കലയാണ്. ഇത് ബ്രഹ്മത്തിന്റെ നാല് കലകളോട് കൂടിയ 'ആയതാനാവാൻ' എന്ന പാദമാണ്. ഇത് അറിഞ്ഞു ഉപാസിക്കുന്നവൻ ലോകത്തിനു അഭയവും പരലോകത്തിൽ അമൃതത്വവും കൈവരിക്കും." പിറ്റേന്ന് സത്യകാമൻ ഗോകളോടൊപ്പം ഗുരുവിന്റെ സന്നിധിയിൽ എത്തി. സത്യകാമൻ ഗോക്കളെ ഗോശാലയിലാക്കി ഗുരുവിന്റെ അടുത്തെത്തി വന്ദിച്ചു. പ്രസന്ന ചിത്തനായ ശിഷ്യനെ കണ്ട് ഗുരുവിനു സന്തോഷമായി. ഗുരു സത്യകാമനോട് ചോദിച്ചു. "നീ ബ്രഹ്മത്തെ അറിഞ്ഞുവല്ലേ? ആരാണ് അത് നിനക്ക് ഉപദേശിച്ചു തന്നത്?" സത്യകാമന് ഒന്നും മനസ്സിലായില്ല.  അവൻ മിഴിച്ചു നിന്നു! "പറയൂ, മറ്റാരെങ്കിലും നിന്നെ പ്രലോഭപ്പിച്ചു ശിഷ്യനാക്കിയോ?" "ഇല്ല ഗുരോ, എന്നെ മനുഷ്യരാരും ഉപദേശിച്ചിട്ടില്ല."  നടന്ന കാര്യങ്ങൾ അവൻ വിശദമായി ഗുരുവിനോട് പറഞ്ഞു. ഗുരു മറുപടി ആയി പറഞ്ഞു അത് ദേവതകൾ തന്നെ ആയിരുന്നു. നിന്റെ അർപ്പണബോധം തിരിച്ചറിഞ്ഞു അവർ നൽകിയ പാരിതോഷിക്ങ്ങൾ തന്നെ ആയിരുന്നു അവ. തുടർന്നു ഗുരു അവന് ബ്രഹ്മോപദേശം നടത്തി. അത് കേട്ട സത്യകാമന് ആശ്ചര്യം തോന്നി. തന്നെ പ്രകൃതി പഠിപ്പിച്ച - ഉപദേശിച്ച കാര്യങ്ങളിൽ നിന്ന് ഒട്ടും വിത്യാസം ഇല്ലായിരുന്നു ഗുരുവിന്റെ ബ്രഹ്മോപദേശത്തിന്.  സത്യകാമൻ തികഞ്ഞ സന്തോഷവാനായി..

തുടരും...

No comments:

Post a Comment