ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 19

ഉപനിഷത്ത് കഥകൾ

ഭാഗം 19

ദമം ദാനം ദയ

പ്രജാപതിയുടെ മക്കളാണ് ദേവന്മാരും അസുരന്മാരും മനുഷ്യരും. അവർ മൂന്നുകൂട്ടരും അദ്ദേഹത്തിന്റെ അടുത്ത് താമസിച്ച് വിദ്യ അഭ്യസിച്ചുപോന്നു. ഗുരുമുഖത്ത് നിന്ന് ഏതൊരു വിദ്യയും ആത്മജ്ഞാനോപദേശവും ലഭിക്കണമെങ്കില്‍ ബ്രഹ്മചാരികളായി ഗുരുവിനോടൊപ്പം ആശ്രമത്തില്‍ വളരെക്കാലം താമസിക്കണം. ഗുരുശുശ്രൂഷ, നിത്യാനുഷ്ഠാനങ്ങള്‍, ആശ്രമപരിപാലനം തുടങ്ങിയവ ശ്രദ്ധയോടും ഭക്തിയോടും വിശ്വാസത്തോടും കൃത്യമായി ചെയ്യണം. വിദ്യാസമ്പാദനത്തിനുള്ള യോഗ്യത തെളിയിച്ചതിനുശേഷമേ ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്ക് ഉപദേശം കൊടുത്തിരുന്നുള്ളൂ. അനര്‍ഹരായവര്‍ക്ക് വിദ്യപകര്‍ന്നു നല്‍കിയാല്‍ അവരതിനോട് ആദരവ് പുലര്‍ത്തുകയില്ല. വിശ്വാസവും അനുഷ്ഠാനവും ഇല്ലാത്തവരില്‍ വിദ്യ ഫലിക്കുകയുമില്ല. ബ്രഹ്മചാരികളായ അവർ ചുരുങ്ങിയ കാലം കൊണ്ട് മിടുക്കന്മാരായിത്തീർന്നു. കാലം കടന്നുപോയി. ദേവന്മാർ ബ്രഹ്മചര്യവാസം കഴിഞ്ഞപ്പോൾ പ്രജാപതിയുടെ അടുത്തുചെന്ന് അപേക്ഷിച്ചു: “ഞങ്ങളുടെ വിദ്യാഭ്യാസകാലം അവസാനിച്ചിരിക്കുന്നു. ആത്മജ്ഞാനം വർദ്ധിക്കുന്നതിനുവേണ്ടി ഞങ്ങൾക്ക് അങ്ങ് ഉപദേശം നൽകിയാലും.” പിതാവിന്റെ അനുഗ്രഹത്തിനുവേണ്ടി ദേവന്മാർ അദ്ദേഹത്തിന്റെ മുമ്പിൽ കൈ കൂപ്പിനിന്നു! ആത്മജ്ഞാനസമ്പാദനത്തിനുവേണ്ടി തന്റെ മുമ്പിൽ എത്തിയ ദേവന്മാരെ കണ്ടപ്പോൾ ഗുരുവായ പ്രജാപതി സന്തോഷിച്ചു. പ്രജാപതി അവർക്ക് മന്ത്രം ഉപദേശിച്ചു: "ദ'' എന്ന അക്ഷരം! അതു കേട്ടപ്പോൾ അവർ ചിന്തിച്ചു. അവർ “ദ'' യുടെ മഹത്ത്വം തിരിച്ചറിഞ്ഞു. പ്രജാപതി അവരുടെ മുഖത്തു നോക്കി പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു: “അർത്ഥം മനസ്സിലായോ?''ദേവന്മാർ പറഞ്ഞു: “ഉവ്വ്, എല്ലാം മനസ്സിലായി. ദമം പരിശീലിക്കുക എന്നല്ലേ?” “അതെ, ശരിതന്നെ. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ശരിയായവിധത്തില്‍ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. സന്തോഷപൂര്‍വ്വം പോയാലും. ദമം ശീലിച്ച് ധന്യരാകുക.” പ്രജാപതി അവരെ അനുഗ്രഹിച്ചയച്ചു. ദേവന്മാര്‍ സുഖലോലുപരാണ്. അവര്‍ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് അടക്കമില്ല. സ്വര്‍ഗ്ഗസുഖാനുഭൂതിയില്‍ ആമഗ്നരാണ് അവര്‍. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്‍ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര്‍ ആദ്യം ‘ദമം’ ശീലിക്കണമെന്ന് ഉപദേശിക്കുന്നത്.

അതിനു ശേഷം മനുഷ്യർ തങ്ങൾക്കും ഉപദേശം നൽകണമെന്ന് പ്രജാപതിയോട് അപേക്ഷിച്ചു. അദ്ദേഹം ഉടനെതന്നെ “ദ’' എന്ന അക്ഷരം മുന്നേപ്പോലെ അവർക്കും ഉപദേശിച്ചു. അതിനുശേഷം പുഞ്ചിരി പൊഴിച്ചുകൊണ്ട് അവരോട് ചോദിച്ചു: “നിങ്ങൾക്ക് മന്ത്രം മനസ്സിലായോ?'' “മനസ്സിലായി.” “ദാനം" ശീലിക്കുകയെന്നല്ലേ?'' പ്രജാപതിക്ക് സന്തോഷമായി. അദ്ദേഹം പറഞ്ഞു: “ശരിയാണ്. നിങ്ങൾക്ക് മനസ്സിലായിരിക്കുന്നു.” പ്രജാപതി അവരെ അനുഗ്രഹിച്ചു. സ്വതവേ ദാനവിമുഖരും ലോഭികളുമാണല്ലോ മനുഷ്യർ. അവരെ ദാനം പരിശീലിപ്പിക്കേണ്ടത് വളരെ ആവശ്യമാണെന്ന് പ്രജാപതിക്കു തോന്നി. അതിനുശേഷം അസുരന്മാരാണ് പ്രജാപതിയുടെ മുമ്പിൽ ഉപദേശം തേടി എത്തിയത്. അവർ പ്രജാപതിയോട് പറഞ്ഞു: “ഞങ്ങൾക്ക് അങ്ങ് ഉപദേശം തന്നാലും!'' പ്രജാപതി അസുരന്മാർക്ക് "ദ'' എന്നുതന്നെ ഉപദേശം നൽകി. എന്നിട്ട് പുഞ്ചിരിയോടെ അവരോട് ആരാഞ്ഞു: “നിങ്ങൾക്ക് മനസ്സിലായോ?” അസുരന്മാർ സ്വതേ ദയ ഇല്ലാത്തവരാണ്. അവർ പറഞ്ഞു: “ഞങ്ങൾക്ക് മനസ്സിലായി. ദയാലുക്കളായി ഇരിക്കണം എന്നല്ലേ?” പ്രജാപതി പറഞ്ഞു: “ശരിയാണ്. നിങ്ങൾക്ക് മനസ്സിലായിരിക്കുന്നു! സന്തോഷം! ദയയും സാധനയുടെ ഒരംഗമാകുന്നു.'' ചുരുക്കത്തിൽ പ്രജാപതിയുടെ ഉപദേശം ദമം, ദാനം, ദയ എന്നിവ മൂന്നും അഭ്യസിക്കണമെന്നുതന്നെയാണ് സൂചന നൽകുന്നത്. കാമത്തെ ത്യജിക്കുവാൻ ദമവും കോപത്തെ ത്യജിക്കുവാൻ ദയയും ലോഭത്തെ ത്യജിക്കുവാൻ ദാനവും സഹായിക്കുന്നു. ഈ മൂന്നു ഗുണങ്ങളും മനുഷ്യർക്കുണ്ട്. അവർ അത് അഭ്യസിക്കേണ്ടതാണെന്നും പ്രജാപതി ഉപദേശത്തിലൂടെ വ്യക്തമാക്കുന്നു.

തുടരും...

No comments:

Post a Comment