ഉപനിഷത്ത് കഥകൾ
ഭാഗം 12
യമപുരിയിലെ ഉപവാസം
ഐശ്വര്യത്തിനും കീർത്തിക്കും വേണ്ടി പലവിധത്തിലുള്ള യാഗങ്ങളും യജ്ഞങ്ങളും നടന്നു പോന്നിരുന്നു. യാഗത്തിൽ തന്റെ സകല സമ്പത്തും ദാനം ചെയ്യണമെന്നാണ് വിധി അതനുസരിച്ചു യാഗവേളയിൽ വാജശ്രവസ്സ് തന്റെ സർവ്വസമ്പത്തും ദാനം ചെയ്യാൻ ഒരുങ്ങി. വാജശ്രവസ്സിന്റെ പുത്രനാണ് നചികേതസ്സ് യാഗവേദിയിൽ അച്ഛന്റെ ചെയ്യുന്നതെല്ലാം പുത്രൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ടിരുന്നു. പിതാവിൽ നിന്നും വാങ്ങിക്കൊണ്ടുപോകുന്ന ദക്ഷിണകളും സാധനങ്ങളും കണ്ടപ്പോൾ പുത്രന്റെ മനസ്സിൽ ചിന്തകൾ ഉയർന്നു. വിശ്വാസമാണ് പ്രധാനം. അതില്ലാതിരുന്നാൽ ആദ്ധ്യാത്മിക പുരോഗതി ഉണ്ടാകില്ല. അച്ഛൻ ദാനം നൽകുന്ന പശുക്കൾ നല്ലതായിരുന്നില്ല. അവയിൽ പലതും കറവവറ്റിയവയും ഭക്ഷണം കഴിക്കാൻ ആവതുള്ളവയുമായിരുന്നില്ല. നചികേതസ്സ് ചിന്തിച്ചു!! പിതാവ് എന്തിനിങ്ങനെ ഉപയോഗമില്ലാത്ത പശുക്കളെ ദാനം നൽകുന്നു? അതിന്റെ ദോഷം അച്ഛനെ ബാധിക്കില്ലേ? അച്ഛനെ രക്ഷിക്കേണ്ടത് തന്റെ കടമയാണ്.'' നചികേതസ്സ് അച്ഛന്റെ അടുത്തുചെന്നു ചോദിച്ചു: “അച്ഛാ, എന്നെ ആർക്കാണ് അങ്ങ് ദാനം ചെയ്യുന്നത്?'' വാജശ്രവസ്സ് മറുപടി ഒന്നും പറഞ്ഞില്ല. അവൻ വീണ്ടും ചോദിച്ചു. അപ്പോൾ വാജശ്രവസ്സ് കുപിതനായി പറഞ്ഞു: “നിന്നെ ഞാൻ കാലനാണ് കൊടുക്കുന്നത്.” പുത്രൻ തന്റെ ദാനയജ്ഞത്തിൽ ഇടപെട്ടത് വാജശ്രവസ്സിന് രസിച്ചില്ല. അപ്പോഴും അച്ഛന്റെ പ്രവൃത്തിയിലുള്ള വൈകല്യം ഒളിപ്പിച്ചുവെക്കാൻ പുത്രൻ തയ്യാറായില്ല. അവന്റെ മനസ്സിൽ പല സംശയങ്ങളും കടന്നുവന്നു.''പിതാവിന്റെ അഭിപ്രായം അറിഞ്ഞുപ്രവർത്തിക്കുന്നവനാണ് ഉത്തമപുത്രൻ. അച്ഛൻ പറഞ്ഞ പ്രകാരം പ്രവർത്തിക്കുന്നവൻ മധ്യമൻ. അങ്ങനെയല്ലാതെ ഒരു അധമപുത്രനായിട്ട് താൻ ഒരിക്കലും പെരുമാറിയിട്ടില്ല. പിന്നെ എന്തിന് അച്ഛൻ തന്നെ യമന് കൊടുക്കാമെന്നു പറഞ്ഞു!!?'' അവന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല...
ഇതേ സമയം ഒട്ടും ആലോചന കൂടാതെ താൻ പറഞ്ഞതിനെപ്പറ്റി ചിന്തിച്ച് പിതാവ് ദുഃഖിതനായിരിക്കുന്നത് അവൻ കണ്ടു. പുത്രൻ അടുത്തുചെന്ന് അദ്ദേഹത്തെ സമാധാനിപ്പിച്ചു: “അച്ഛാ, നമ്മുടെ വംശജർ ആരും തന്നെ സത്യപരിപാലനത്തിൽ നിന്ന് ഇതുവരെ വ്യതിചലിച്ചിട്ടില്ല. അതുകൊണ്ട് അങ്ങ് ഉറച്ചുനിൽക്കണം. എന്നെ ഉടനെതന്നെ യമന്റെ അടുത്തേക്ക് അയയ്ക്കണം. കർമ്മഫലമനുസരിച്ച് ലോകത്തിൽ മനുഷ്യൻ മരിക്കുകയും ജനിക്കുകയും ചെയ്യുന്നു. അതിൽ ദുഃഖിക്കാനൊന്നുമില്ല. മാത്രമല്ല സ്വാർത്ഥലാഭത്തിനുവേണ്ടി സത്യവും ധർമ്മവും ഉപേക്ഷിച്ച് പെരുമാറുന്നതും ശരിയല്ല.” മകന്റെ അഭ്യർത്ഥന മാനിച്ച് പിതാവ് പുത്രനെ യമപുരിയിലേക്ക് അയച്ചു. നചികേതസ്സ് അവിടെ എത്തി. ആ സമയത്ത് യമരാജാവ് അവിടെ ഇല്ലായിരുന്നു. മന്ത്രിയും യമ പത്നിയും നചികേതസ്സിനെ സ്വീകരിച്ചു. യമരാജാവിന്റെ സാന്നിദ്ധ്യം ഇല്ലാതിരുന്നതിനാൽ കുമാരൻ അതിഥി സത്കാരം സ്വീകരിച്ചില്ല. നചികേതസ്സ് അദ്ദേഹം യമപുരിയിൽ എത്തുന്നതുവരെ നിരാഹാരം അനുഷ്ഠിച്ചു കൊണ്ട് കാത്തുനിന്നു. നിരാഹാരം മൂന്നു ദിവസം നീണ്ടു നിന്നു. അത് യമപുരിയിലെ ആദ്യത്തെ ഉപവാസവ്രതമായിരുന്നു. ബ്രാഹ്മണന്റെ വ്രതം മൂലം നാടുനശിക്കാതിരിക്കാൻ യമകിങ്കരന്മാർ പ്രാർത്ഥനയിൽ ഏർപ്പെട്ടു. ഇന്നും അതിഥിസത്കാരത്തെ ഭാരതീയർ പുണ്യമായി കരുതിവരുന്നു. അതിഥിയായ ബ്രാഹ്മണൻ സന്തുഷ്ടനായാൽ അനുഗ്രഹിക്കുമെന്നും കുപിതനായാൽ നിഗ്രഹിക്കുമെന്നുമാണ് വിശ്വാസം. ഗൃഹത്തിലെത്തിയ ബ്രാഹ്മണൻ ഭക്ഷണം കഴിക്കാതെ താമസിക്കുകയാണെങ്കിൽ അത് ആ ഗൃഹനാഥന്റെ എല്ലാ ശ്രയസ്സിനെയും നശിപ്പിക്കും. അതിഥി ദേവനു തുല്യവും ശ്രഷ്ഠനുമാണെന്ന് പറയപ്പെടുന്നു..
അധികം വൈകാതെ തന്നെ കാലപുരിയിൽ യമരാജാവ് എത്തി. നചികേതസ്സിനെ അനായിച്ചിരുത്തി ക്ഷമാപണപൂർവ്വം പറഞ്ഞു: “അല്ലയോ കുമാരാ, അങ്ങ് എന്റെ ഗൃഹത്തിൽ വന്ന് മൂന്നുനാൾ ആഹാരം കഴിക്കാതെ വസിക്കാൻ ഇടവന്നതിൽ ഞാൻ ക്ഷമയാചിക്കുന്നു. കടന്നുപോയ ദിവസങ്ങൾക്ക് പകരമായി അങ്ങേയ്ക്ക് ഇഷ്ടമുള്ള മൂന്നു വരങ്ങൾ സ്വീകരിക്കാവുന്നതാണ്.'' അതു കേട്ടപ്പോൾ നചികേതസ്സ് പറഞ്ഞു: “അല്ലയോ യമരാജൻ, എന്റെ വേർപാടിൽ അച്ഛന്റെ മനസ്സ് വേദനിച്ചു കാണും. പാവം അദ്ദേഹം ഞാൻ ഇത്ര ശാഠ്യം പിടിക്കുമെന്നും ഓർത്തുകാണില്ല. അതുകൊണ്ട് പിതാവിന് എന്നോട് ദേഷ്യം ഉണ്ടാകരുത്. അങ്ങയുടെ അടുത്തുനിന്ന് മടങ്ങിപ്പോകുന്ന എന്നെ അദ്ദേഹം തിരിച്ചറിയണം. സ്നേഹപൂർവ്വം എന്നോട് പെരുമാറണം.'' അങ്ങനെ അവൻ തന്റെ ഒന്നാമത്തെ വരം ആവശ്യപ്പെട്ടു. അപ്പോൾ തന്നെ യമരാജൻ വളരെ സന്തോഷത്തോടുകൂടി അവന് ആദ്യദിവസത്തെ വരം നൽകി. അതിനുശേഷം അവൻ തന്റെ രണ്ടാമത്തെ വരം ചോദിക്കാൻ ഒരുങ്ങി. "സ്വർഗ്ഗത്തിൽ സുഖമാണ് അവിടെ രോഗമില്ല. ഭയപ്പെടാൻ കാരണങ്ങൾ ഇല്ല. എല്ലാവരും ആരോഗ്യവാന്മാരാണ്. ജരാനരയോ വിശപ്പോ ദാഹമോ ഇല്ല. എന്നാൽ അവിടെ എത്തിപ്പെടാനാണ് വിഷമം. കാരണം അഗ്നിവിജ്ഞാനം നേടാൻ കഴിഞ്ഞവനു മാത്രമേ അവിടേക്ക് പ്രവേശനമുള്ളൂ. അതുകൊണ്ട് തനിക്ക് ആ വിജ്ഞാനം ഉപദേശിച്ചുതരണമെന്ന് യമധർമ്മനോട് ആവശ്യപ്പെട്ടു..
അവൻ ചോദിച്ച രണ്ടാമത്തെ വരം കേട്ട് യമധർമ്മൻ അത്ഭുതപ്പെട്ടു. സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ ആ ജ്ഞാനം അറിയണമെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും ഈ ബാലൻ അങ്ങനെ ഒരു വരം ചോദിക്കുമെന്ന് അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചില്ല. അഗ്നി വിജ്ഞാനം തനിക്ക് അറിയാം. നൽകാനും മടിയില്ല. പക്ഷേ, അത് വിശദമായി പറഞ്ഞ് മനസ്സിലാക്കാനാണ് വിഷമം. തടസ്സം പറയാനൊക്കുമോ? വരം നൽകാമെന്ന് ഏറ്റുകഴിഞ്ഞില്ലേ? യമരാജാവ് ആ ദിവ്യജ്ഞാനം നചികേതസ്സിന് ഉപദേശിച്ചുകൊടുത്തു. ഗ്രഹിക്കാൻ കഴിവുള്ള അവന് യാതൊരു സംശയവുമില്ലായിരുന്നു. ബാലന്റെ പൂർവ്വികരെല്ലാം ധാരാളം യജ്ഞങ്ങൾ ചെയ്ത യോഗ്യരാണല്ലോ? അഗ്നിവിജ്ഞാനം എളുപ്പം മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ യമരാജാവ് ബാലന് ഒരു വരംകൂടി നൽകാൻ തീരുമാനിച്ചു. ആ വിജ്ഞാനത്തെപ്പറ്റി ചുരുക്കിപ്പറയാം.
ഇരുട്ട് അജ്ഞാനമാണ്; ജ്ഞാനം പ്രകാശവും. അജ്ഞാനത്തെ അകറ്റി മനസ്സിൽ ജ്ഞാനം തെളിയാൻ അഗ്നിജ്ഞാനം വഴിതെളിയിക്കുന്നു. ആ ജ്ഞാനം നേടിയെടുത്താലുള്ള സുഖമാണ് സ്വർഗ്ഗസുഖം. അന്നു മുതൽ "നചികേതാഗ്നി" യെന്ന പേരിൽ അഗ്നിവിദ്യയും പ്രസിദ്ധമായിത്തീർന്നു. യമരാജാവ് ബ്രാഹ്മണകുമാരന് ഒരു വിചിത്രമായ രത്നമാലകൂടി നല്കി അനുഗ്രഹിച്ചു. ബാഹ്യമായി ആരാധിക്കുന്ന അഗ്നിയെ അവൻ ആത്മാവായിക്കണ്ട് ഉപാസിക്കാൻ തീരുമാനിച്ചു. യമധർമ്മൻ നചികേതസ്സിനോട് മൂന്നാമത്തെ വരവും ചോദിക്കാൻ ആവശ്യപ്പെട്ടു..
അടുത്തത് എന്തു വരം ചോദിക്കണമെന്ന് അവന് സംശയമായി. അവൻ പറഞ്ഞു “മനുഷ്യൻ മരിച്ചുപോയാൽ പിന്നെയും അവശേഷിക്കുന്നുണ്ടെന്ന് ചിലരും ഇല്ലെന്ന് മറ്റുചിലരും പറയുന്നു. ആ സംശയം തീർക്കാൻ അങ്ങയുടെ ഉപദേശംകൊണ്ട് സാധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് ഞാൻ മൂന്നാമത്തെ വരമായി വരിക്കുന്നു.'' മുതൃരാജാവ് അതു കേട്ടപ്പോൾ ആലോചനയിലമർന്നു. മരണമാണ് മനുഷ്യനെ ജീവിതത്തെപ്പറ്റി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്. ബൗദ്ധന്മാരും മറ്റും മരണശേഷം ആത്മാവ് അവശേഷിക്കുന്നില്ലെന്ന് പറയുന്നു. എന്നാൽ വേദാന്തികളും മറ്റ് ആസ്തികമതക്കാരും മരണശേഷം ആത്മാവ് അവശേഷിക്കുന്നുണ്ടെന്നും പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത അവന്റ ചോദ്യത്തിന് ഉത്തരം പറയാൻ യമരാജൻ വല്ലാതെ പ്രയാസപ്പെട്ടു. കാരണം, അത് അത്യന്തം സൂക്ഷ്മാണ്. അതുകൊണ്ട് നചികേതസ്സിനോട് ആ വരം ഉപേക്ഷിച്ച് മറ്റൊരു വരം ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, അവൻ പിന്മാറിയില്ല. അവന് വാശി വർദ്ധിച്ചതേയുള്ളൂ. യമരാജാവിന്റെ പ്രലോഭനങ്ങൾക്കൊന്നും അവൻ അടിമപ്പെട്ടില്ല. അവന് ആവശ്യം ആത്മജ്ഞാനമാണ്. അത് തിരിച്ചറിയുവാനുള്ള കഴിവ് അവനിൽ ദർശിച്ചപ്പോൾ യമരാജാവ് അവന് മൂന്നാമത്തെ വരവും നൽകി അനുഗ്രഹിച്ചു. നചികേതസ്സ് യമന്റെ വരങ്ങൾ സ്വീകരിച്ച് വിജ്ഞാനിയായിത്തീർന്നു. അതിനുശേഷം മൃത്യുഞ്ജയനായി പിതൃഭവനത്തിലേക്ക് മടങ്ങി. നചികേതസ്സിനെപ്പോലെ ജീവിതത്തിൽ ശ്രദ്ധയും ധൈര്യവും വിചാരവും കൊണ്ടുവരാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്..
തുടരും...
No comments:
Post a Comment