ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 23

ഉപനിഷത്ത് കഥകൾ

ഭാഗം 23

ശ്രീരാമമന്ത്രം

ദശരഥമഹാരാജാവിന് ചിന്മയനായ മഹാവിഷ്ണു പുത്രനായി അവതരിച്ചപ്പോൾ രാജാവും പ്രജകളും ആനന്ദത്തിലമർന്നു. കുഞ്ഞിന്റെ പേര് രാമൻ എന്നായിരുന്നു. അവൻ ഭൂമിയിൽ ജീവിച്ച് സജ്ജനങ്ങളുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്നതിൽ അതീവതത്പരനായിരുന്നു. രാമൻ പിതാവിനെപ്പോലെ തന്നെ പ്രസിദ്ധനായി ശോഭിച്ചു. അദ്ദേഹം സാമന്തരാജാക്കന്മാർക്ക് നേരായ മാർഗ്ഗം ഉപദേശിച്ചു. ധ്യാനനിരതർക്ക് വൈരാഗ്യം പ്രദാനം ചെയ്തു. ഭജിക്കുന്ന വരെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിച്ചു. പരബ്രഹ്മസ്വരൂപനായ അദ്ദേഹം യോഗികളെ രമിപ്പിക്കുന്നതിനും സമർത്ഥനായിരുന്നു. ബ്രഹ്മം ദേഹരഹിതനും അംശരഹിതനും പ്രാകൃതനും ആണെങ്കിലും ഭക്തന്മാരുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടി അദ്ദേഹം ആകാരം സ്വീകരിച്ചുപോലും. അതിൽ ഭഗവാനെ പല രൂപത്തിലും കാണാം. അദ്ദേഹം ശംഖചക്രാദികൾ ധരിച്ചിരിക്കുന്നു. വിശ്വരൂപം ധരിക്കുമ്പോൾ വിഭിന്നശക്തികളും ആയുധങ്ങളും മറ്റും അദ്ദേഹം സ്വീകരിക്കുന്നു. രാമമന്ത്രം സ്വീകരിച്ച് സാധന ചെയ്താൽ ഭഗവാൻ പ്രസാദിക്കും. അദ്ദേഹം ജ്യോതിർമയനാണ്; ദേശകാലാതീതനും. ആ ദിവ്യചൈതന്യം പ്രാണരൂപത്തിൽ എല്ലാ ശരീരങ്ങളിലും വസിക്കുന്നു. അദ്ദേഹം വിശ്വം സൃഷ്ടിക്കുകയും അതിനെ രക്ഷിച്ച് സംഹരിക്കുകയും ചെയ്യുന്നു. രാമമന്ത്രത്തിൽ സീതയാകുന്ന പ്രകൃതിയും രാമനാകുന്ന പുരുഷനു മടങ്ങുന്നു. എല്ലാ ലോകവും ഇവരിൽ നിന്നും ഉണ്ടായി. ശ്രീരാമന്ത്രജപം ഉപാസകന് ഉദ്ദിഷ്ടഫലം നൽകുന്നു, തന്റെ ശക്തിയായ സീതയോടൊത്ത് ശ്രീരാമൻ വസിക്കുന്നു. ദ്വിഭുജനായ അദ്ദേഹം ധീരനും പ്രസന്ന മുഖനുമാണ്. അദ്ദേഹം ശ്യാമളനും പീതാംബരധാരിയും ജടാധാരിയും ആഭരണങ്ങൾ അണിഞ്ഞവനുമാണ്. അടുത്ത് സീതയെയും വലതു ഭാഗത്ത് ധനുർബാണധാരിയായി ലക്ഷ്മണനെയും കാണാം...

ഖരവധത്തിനുശേഷം ഋഷിവര്യന്മാർ അദ്ദേഹത്ത വാഴ്സത്തി സ്തുതിച്ചു. അനന്തരം രാവണൻ വന്ന് സീതയെ അപഹരിക്കുകയും അവർ സീതയെ തേടി നടക്കുമ്പോൾ കബന്ധനെ വധിച്ചു. പോകും വഴി അവർ ശബരിയെ സന്ദർശിക്കുകയും അവളുടെ സത്കാരം സ്വീകരിക്കുകയും ചെയ്തു. ശേഷം വായുപുത്രനായ ഹനുമാനെ ദർശിച്ചു. ഹനുമാൻ സുഗ്രീവനെ കൂട്ടിക്കൊണ്ടുവന്ന് രാമനുമായി സഖ്യം ചെയ്യിച്ചു. ആ സമയത്ത് രാമന്റെ സാമർത്ഥ്യത്തെപ്പറ്റി സുഗ്രീവൻ സംശയം പ്രകടിപ്പിച്ചപ്പോൾ രാമൻ ഒരു ബാണം കൊണ്ട് സപ്തസാലങ്ങളെ ഭേദിച്ചു. ശേഷം സുഗ്രീവനുമായി നടന്ന സംഭാഷണത്തിൽ ബാലിയെ വധിക്കാൻ സഹായിക്കാം എന്നും സീതയെ അന്വേഷിക്കാൻ സഹായിക്കാം എന്നും അവർ വാക്ക് കൊടുത്തു. തുടർന്ന് ബാലിയും സുഗ്രീവനും തമ്മിൽ ഘോരയുദ്ധം നടന്നു ആ സമയത്ത് തന്നെ ശ്രീരാമൻ ബാലിയെ കൊന്നു ശേഷം സുഗ്രീവനെ കിഷ്കിന്ധാ രാജാവായി പട്ടാഭിഷേകം ചെയ്തു. സുഗ്രീവന്റെ കല്പനപ്രകാരം വാനരന്മാർ സീതാന്വേഷണം ആരംഭിച്ചു. ആ സമയത്ത് തന്നെ ഹനുമാൻ സമുദ്രം കടന്ന് ലങ്കയിലെത്തി സീതയെ ദർശിച്ചു അവിടെ അനേകം രാക്ഷസന്മാരെക്കൊന്ന് ലങ്കചുട്ടുകരിക്കുകയും ശ്രീരാമനെ വിവരമറിയിക്കുകയും ചെയ്തു. രാമ സേതുവിന്റെ സഹായത്താൽ അവർ ലങ്കയിൽ എത്തുകയും രാമ - രാവണയുദ്ധം ആരംഭിക്കുകയും ചെയ്തു. കുംഭകർണ്ണനും ഇന്ദ്രജിത്തും തുടർന്ന് രാവണനും കൊല്ലപ്പെട്ടു. യുദ്ധത്തിന് ശേഷം വിഭീഷണനെ ലങ്കാധി പതിയാക്കി വാഴിച്ചു. സീതയോടും വാനരന്മാരോടുംകൂടി ശ്രീരാമൻ അയോദ്ധ്യയിലെത്തി. സീതാസമേതനായി അദ്ദേഹം സിംഹാസനം സ്വീകരിച്ച് ശോഭിച്ചു. അദ്ദേഹത്തിന്റെ വലതുകൈയിൽ ജ്ഞാനമുദ്രയും ഇടതുകൈയിൽ ധനുർമയീവിദ്യയും വിളങ്ങി. ശത്രുഘ്നനും ഭരതനും ഹനുമാനും സമീപത്തും സുഗ്രീവനും വിഭീഷണനും അവർക്കു പിന്നിലും വർത്തിച്ചു. സാമന്തന്മാരും മന്ത്രി മാരും ദേവന്മാരും ദിക്പാലന്മാരും നളാദി വാനരശ്രഷ്ഠന്മാരും വസിഷ്ഠൻ, വാമദേവൻ തുടങ്ങിയ ഋഷിമാരും ഭഗവാനെ ഉപാസിച്ചുകൊണ്ട് ലീനരായി നിലകൊണ്ടു. ശ്രീരാമോപാസകർക്ക് മോക്ഷം പ്രാപിക്കാനുള്ള ദിവ്യ മുഹൂർത്തം സമാഗതമായി. ദേഹസഹിതം അന്തർധാനം ചെയ്ത ശ്രീരാമചന്ദ്രന്റെ ദിവ്യായുധങ്ങൾ സ്വർഗ്ഗാരോഹണത്തോടെ അപ്രത്യക്ഷമായി.

തുടരും...

No comments:

Post a Comment