ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 September 2021

ക്ഷേത്ര സ്ഥപതിമാർ

ക്ഷേത്ര സ്ഥപതിമാർ

നിർമ്മിതിയുടെ ആദ്യന്തം മനസിൽ കണ്ട് കണക്ക് നിശ്ചയിച്ച് രൂപകല്പന ചെയ്ത് എല്ലാറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നയാളാണ് സ്ഥപതി, അതായത് സ്ഥാനനിർണയം നടത്തി ഒരു ക്ഷേത്രം അല്ലെങ്കിൾ ഗൃഹം രൂപകല്പന ചെയ്യുന്നതച്ചുശാസ്ത്രജ്ഞനാണ് സ്ഥപതി, വാസ്തു ശാസ്ത്രം, തച്ചുശാസ്ത്രം, സ്ഥാപത്യവേദം, ശില്പശാസ്ത്രം, ജ്യോതിഷ ശാസ്ത്രം, ഗണിത ശാസ്ത്രം എന്നിശാസ്ത്ര ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്വമുള്ള ഒരാൾക്ക് മാത്രമെ ഒരു സ്ഥപതിയായി ഉയരാൻ കഴിയു, തച്ചുശാസ്ത്രജ്ഞരായ സ്ഥപതിമാർ പൗരാണിക ഭാരതത്തിലെ എൻജിനിയർ എന്നാണ് അറിയപ്പെടുന്നത്, നിർമ്മാണ ശാഖയിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധിക എന്നി നാലുതിരിവുകൾ ഉണ്ട്, സ്ഥപതിയോളം അറിവുള്ളവനായിരിക്കണം സൂത്രഗ്രാഹി, ഇദ്ദേഹമാണ് നിർമ്മിതികൾക്ക് മേൽനോട്ടം വഹിക്കുന്നത്, സാധാരണയായി സ്ഥപതിയുടെ മകനോ പ്രധാന ശിഷ്യനോ ആയിരിക്കും സൂത്ര ഗ്രാഹി ആകുന്നത്, വസ്തുക്കളെ ചെത്തിമിനുക്കി രൂപപ്പെടുത്തിയിടുക്കുന്നവൻ തക്ഷകനും, അവയെ ചേർത്ത് വെച്ച് കെട്ടിടം നിർമ്മിക്കുന്ന ആള് വർദ്ധകിയും ആണ്, ഇപ്പോൾ സ്ഥപതിയാണെന്ന് പറഞ്ഞ് നടക്കുന്ന കുറെയാളുകൾ നമ്മുടെ നാട്ടിലുണ്ട്, പുസ്തകങ്ങളിൽ നിന്ന് കുറച്ച് കാര്യങ്ങൾ കാണാപാഠം പഠിച്ച് സ്ഥപതിയെന്ന് പറഞ്ഞ് നടക്കുന്നവർ ഈ ശാസ്ത്രത്തെ തന്നെ കൊല്ലുകയാണ്, മുറിവൈദ്യൻ ആളെ കൊല്ലും എന്നത് പോലെ, പുസ്തകത്തിൽ നിന്ന് ആർക്കും എന്തും പഠിക്കാം, പക്ഷെ പൂർണം ആകില്ല, നീന്തൽ പഠിക്കാൻ അതിൻ്റെ തിയറി മാത്രം പഠിച്ചിട്ട് കാര്യമില്ല, അതിന് വെള്ളത്തിൽ ഇറങ്ങേണ്ടി വരും, അതുപോലെയാണ് വാസ്തു ശാസ്ത്രവും, നേരാവണ്ണം ഉളി പിടിക്കാൻ അറിയാത്തവനും മുഴക്കോൽ നിർമ്മിക്കാൻ അറിയാത്തവനും സ്ഥപതിയായി വിലസുന്ന കാലഘട്ടം, കൂറെ പുസ്തകങ്ങളും ശ്ലോകങ്ങളും പഠിച്ചാൽ സ്ഥപതിയാകില്ല, ക്ഷേത്രങ്ങളുടെയും ഗൃഹങ്ങളുടെയും കണക്കു എടുത്തു അതിനു ഉപയോഗിക്കുന്ന മുഴക്കോൽ കണക്ക് ഒപ്പിച്ച് ഉണ്ടാക്കാൻ അറിയുന്നവനാണ് യഥാർത്ഥ സ്ഥപതി, തച്ചുശാസ്ത്രജ്ഞൻമാർ മേൽ പറഞ്ഞ നാലു വിധം പ്രവൃത്തികളിലും (സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി) വൈദഗ്ദ്ധ്യം നേടിയവരാണ്, സ്ഥപതി എന്ന സംസ്കൃത വാക്കിൻ്റെ മലയാള വാമൊഴി പദമാണ് മുത്താശാരി, സാധാരണയായി തെക്കൻ കേരളത്തിൽ മുത്താശാരി എന്നും വടക്കൻ കേരളത്തിൽ മേലാശാരിയെന്നും സ്ഥപതി അറിയപ്പെടുന്നു, രാജഭരണകാലത്ത് സ്ഥപതിമാർക്ക് നാടുവാഴികൾ ചില പ്രത്യേക സ്ഥാന പേരുകൾ നല്കി ആദരിക്കാറുണ്ട്, തമിഴ് നാട്ടിലും തെക്കൻ കേരളത്തിലും 'പെരുന്തച്ചൻ 'എന്ന സ്ഥാനപ്പേരും, വടക്കൻ കേരളത്തിൽ 'കേരളവർമ്മൻ ' എന്ന സ്ഥാനപ്പേരും നല്കി ആദരിക്കുന്നു, തിരുവിതാംകൂർ രാജാക്കന്മാർ കുലദൈവമായ അനന്തപത്മനാഭ സ്വാമിയുടെ നാമം തന്നെയാണ് സ്ഥപതിക്ക് നല്കി ആദരിക്കുന്നത്, അതുപോലെ തമിഴകത്ത് ചോള രാജാക്കൻമാർ രാജാവിൻ്റെ നാമം തന്നെ നല്കി ആദരിക്കുന്നു, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെച്ച് കോഴികോട് സാമൂതിരി രാജ മേലാശാരിമാർക്ക് പട്ടും വളയും നല്കി കൊണ്ട് 'കേരളവർമ്മൻ' എന്ന സ്ഥാന നാമം ചൊല്ലി വിളിക്കുന്നു,

പ്രശസ്ത ക്ഷേത്ര സ്ഥപതിമാർ:

1) ഉളിയന്നൂർ രാമനാശാരി പെരുന്തച്ചൻ:

ആലുവയ്ക്കടുത്ത് ഉളിയന്നൂർ ദേശത്താണ് തച്ചുശാസ്ത്രജ്ഞനായ രാമനാശാരി ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു, തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പൗരാണിക ക്ഷേത്രങ്ങളും ഇദ്ദേഹം നിർമ്മിച്ചതാണ്, വാഴപ്പിള്ളി മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ക്ഷേത്രം, ഉളിയന്നൂർ ക്ഷേത്രം എന്നിവ അതിൽ ചിലത് മാത്രം.: കൊട്ടാരക്കര ക്ഷേത്രത്തിൽ രാമനാശാരി ഉപദേവനായി പ്രതിഷ്ഠിച്ച ഉണ്ണിഗണപതി അച്ചനെക്കാളും പ്രശസ്തനായി, കേരളത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടാരക്കര ക്ഷേത്രം, യഥാർത്ഥത്തിൽ ഇത് മണികണ്ഠേശ്വരം ശിവക്ഷേത്രമാണ്, കിഴക്കെക്കര ശിവക്ഷേത്രം എന്നും അറിയപ്പെട്ടിരുന്നു, കിഴക്കോട്ട് ദർശനമായ ശിവനാണ് പ്രധാന പ്രതിഷ്ഠ, ഈ ക്ഷേത്രം നിർമ്മിച്ച പെരുന്തച്ചൻ താൻ പ്ലാവിൻ തടിയിൽ നിർമ്മിച്ച ഉണ്ണിഗണപതിയെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കണമെന്ന് പൂജാരിയോട് പറഞ്ഞു, ഉപദേവനായി പ്രതിഷ്ഠിക്കാമെന്ന് തിരുമേനി പറഞ്ഞു, തുടർന്ന് രാമനാശാരി തന്നെ ക്ഷേത്രത്തിൻ്റെ തെക്കെ നടയിൽ ഗണപതിയെ പ്രതിഷ്ഠിച്ചു, നിവേദിക്കാൻ എന്തുണ്ടെന്ന് ചോദിച്ചപ്പോൾ ' പൂജാരി വാഴയിലയിൽ ഏഴ് കൂട്ടപ്പം (ഉണ്ണിയപ്പം) നല്കി, സന്തുഷ്ടനായ രാമനാശാരി ഉണ്ണിയപ്പം ഉണ്ണിഗണപതിക്ക് നിവേദിച്ചുകൊണ്ട് ഇങ്ങനെ പ്രവചിച്ചു " ഇവിടെ മകൻ അച്ചനെക്കാളും പ്രശസ്തനാകും" പില്ക്കാലത്ത് ശിവക്ഷേത്രം പെരുന്തച്ചൻ പ്രതിഷ്ഠ നടത്തിയ ഉണ്ണിഗണപതിയുടെ പേരിൽ ഗണപതി ക്ഷേത്രമായി അറിയപ്പെട്ടു, പെരുന്തച്ചൻ നിവേദിച്ച ഉണ്ണിയപ്പവും ഖ്യാതി നേടി, പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ ഇന്നും കാണാം പെരുന്തച്ചൻ്റെ ഉളിയും മുഴക്കോലും,

2) കുഞ്ചരമല്ലൻ രാജരാജ പെരുന്തച്ചൻ:

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൻ്റെ ശില്പിയാണ് രാജരാജപെരുന്തച്ചൻ, രാജരാജചോളൻചക്രവർത്തി' കുഞ്ചരമല്ലന് വെറ്റില മടിച്ച് മുറുക്കാൻ കൊടുത്തതും ശേഷം തുപ്പു കോളാമ്പി വെച്ച് നീട്ടിയതും ക്ഷേത്ര ചരിത്രം, തഞ്ചാവൂർ ക്ഷേത്രത്തിൽ ഉപദേവനായി ശില്പി കുഞ്ചരമല്ലൻ്റെ പ്രതിഷ്ഠയുണ്ട്,

3) അനന്തപത്മനാഭൻ മൂത്താശാരി:

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ശില്പി ,ക്ഷേത്രം പണി പൂർത്തിയായപ്പോൾ ക്ഷേത്രത്തിനകത്ത് പഞ്ചാര മണൽ (വെള്ള മണൽ) വിരിക്കാൻ സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവും കൂടി എന്നത് ക്ഷേത്ര ചരിത്രം,
ക്ഷേത്രം നിർമ്മിച്ച അനന്തപത്മനാഭൻ മൂത്താശാരിക്ക് ധനവും ഭൂമിയും പുരസ്കാരങ്ങും സ്ഥാന ബഹുമതികളും കൊടുത്തിട്ടും തൃപ്തിവരാതെ മാർത്താണ്ഡവർമ്മ മഹാരാജാവ് 'അങ്ങേയ്ക്ക് എന്ത് ആഗ്രഹമാണ് നാം സാധിച്ച് തരേണ്ടത് എന്ന് ചോദിച്ചു, തിരുമനസിനെയും ഭഗവാനെയും ഒരുമിച്ച് കാണാവുന്ന ഒരിടത്ത് തനിക്ക് സ്ഥാനം നല്കണമെന്ന് മൂത്താശാരി പറഞ്ഞപ്പോൾ രാജാവ് അത് അംഗീകരിച്ചു,
കൊടിമരത്തിനരികിൽ രാജഗോപുരത്തിൻ്റെ പടിഞ്ഞാറ് വലതു ഭാഗത്തുള്ളത്തൂണിൽ വടക്ക് ദർശനത്തിലാണ് സ്ഥപതിയുടെ ശില്പം ഉള്ളത്, ശില്പിയും അദ്ദേഹത്തിൻ്റെ കുടുംബവും മുഴക്കോലും ആ ത്തൂണിൽ കാണാം, ഒരു കണ്ണ് കൊണ്ട് രാജാവിനെയും ഒരു കണ്ണ് കൊണ്ട് പദ്മനാഭസ്വാമിയെയും കാണാവുന്ന രീതിയിലാണ് ഈ ശില്പം ഉള്ളത്, കൃത്യമായി പറഞ്ഞാൽ കിഴക്കെ ഗോപുരവാതിൽ കയറി രണ്ടാമത്തെ വാതിൽ കഴിഞ്ഞ് കാണിക്കവഞ്ചിയുടെ സമീപത്ത് ഇടതു വശത്തുള്ള തൂണിലാണ് മൂത്താശാരിയുടെ ശില്പം,
സ്ഥപതിയുടെ പിൻതലമുറക്കാരുടെ കുടുംബം കരമനയിൽഉണ്ട്, അവരാണ് ഓണവില്ല് തറവാട്ടുക്കാർ, തിരുവോണ ദിവസം തറവാട്ടുകാർ ഭഗവാന് ഓണവില്ല് സമർപ്പിക്കുന്ന ചടങ്ങ് ഇന്നും തുടർന്നു പോരുന്നു, മുമ്പ് തറവാട്ടു കാരണവർ അകമ്പടികളോടെ ഓണവില്ലുമായി ക്ഷേത്രത്തിൽ എത്തുമ്പോൾ വാദ്യമേളാഘോഷത്തോടെ രാജപ്രതിനിധി അവരെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു, ഓണവില്ല് ചാർത്തിയ പത്മനാഭനെ ആദ്യം സ്ഥപതിയുടെ കുടുംബക്കാർക്കാണ് ദർശിക്കാൻ അവകാശം, അതിനു ശേഷമെ രാജകുടുംബം ദർശനം നടത്തു, ഇന്നും ഈ ആചാരം തുടരുന്നു,

4) ബ്രഹ്മശ്രി വൈദ്യനാഥ സ്ഥപതി:

തഞ്ചാവൂർ ക്ഷേത്രം നിർമ്മിച്ച രാജരാജ പെരുന്തച്ചൻ്റെ 36 ആം തലമുറക്കാരനാണ് ഇദ്ദേഹം, 1905 ൽ തമിഴ്നാട്ടിലെ ശിവഗംഗ തി രുപ്പത്തൂരിൽ ജനിച്ചു, സംസ്കൃകൃതത്തിലും വേദ ഉപനിഷത്തുകളിലും അഗാധ പാണ്ഡിത്വമുള്ള ശ്രി വൈദ്യനാഥ സ്ഥപതി ഇന്ത്യയിലും വിദേശത്തുമായി നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും നിർമ്മിച്ചു, 1963ൽ ഭാരത സർക്കാർ ഈ മഹാ ശില്പി ക്ക് 'ശില്പ ഗുരു' അവാർഡ് നല്കി ആദരിച്ചു,

5) പത്മശ്രി എസ് എം ഗണപതി സ്ഥപതിയാർ:

തമിഴ്നാട്ടിലെ തൂത്തുകുഡിയിൽ ജനിച്ച ഇദ്ദേഹം വാസ്തുശില്പശാസ്ത്രരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു, പത്മശ്രി നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു,

6 ) പത്മഭൂഷൻ ഡോ വി ഗണപതിസ്ഥപതി:

1927 ൽ തമിഴ്നാട്ടിലെ കാരെക്കുടി പിള്ളയാർ പട്ടിയിൽ ശില്പി വൈദ്യനാഥസ്ഥപതിയുടെയും വേലമ്മാളിൻ്റെയും മകനായി ജനിച്ചു, കുല പാരമ്പര്യമനുസരിച്ച് വേദശാസ്ത്ര ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്വം നേടി, മാത്തമാറ്റിക്സിൽ ബിരുദം നേടി,പഴനി മുരുകൻ ക്ഷേത്രം സ്ഥപതിയായി, വാസ്തു ശാസ്ത്രത്തിൻ്റെ ഗവേഷണം, വികസനം, ആഗോളവത്കരണം എന്നിവ ലക്ഷ്യമിട്ട് വാസ്തു വേദ ട്രസ്റ്റും വാസ്തു വേദ ഗവേഷണ ഫൗണ്ടേഷനും സ്ഥാപിച്ചു, കന്യാകുമാരി തിരുവള്ളുവർ ശില്പം അടക്കം രാജ്യത്തിന് അകത്തും പുറത്തുമായി നിറയെ നിർമ്മിതികൾ ചെയ്തിട്ടുണ്ട്, വിശ്വകർമ്മജരുടെ മൂലഗ്രന്ഥമായ 'പ്രണവവേദ'ത്തെ വീണ്ടെടുത്ത് പത്തിൽ ഒരു ഭാഗം പ്രസിദ്ധീകരിച്ചത് വാസ്തുതച്ചുശാസ്ത്രരംഗത്ത് നാഴികകല്ലായി, 2009 ൽ രാജ്യം പത്മഭൂഷൻ ബഹുമതി നല്കി ഈ മഹാസ്ഥപതിയെ ആദരിച്ചു, 1995 ൽ നെതർലാൻ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്, 1993 ൽ ഇന്ത്യൻ ഇൻസറ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ്റ്റസ് ഓണറ്റി ഫെല്ലോഷിപ്പ്, ഇന്ത്യൻ പ്രസിഡൻ്റിൽ നിന്നും മാസ്റ്റർ കരകൗശലത്തിനുള്ള ദേശീയ അവാർഡ് അടക്കം നിരവധി ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ ഗണപതി സ്ഥപതിയെ തേടിയെത്തി, 2011 സെപ്തംബർ 5ന് മഹാ സ്ഥപതി അന്തരിച്ചു,

പാരമ്പര്യമായി മൈസൂർ വൊഡയാർ രാജവംശത്തിൻ്റെ രാജഗുരു ആകുന്നത് സ്ഥപതിമാരാണ്,

തിരുവിതാംകൂർ രാജവംശത്തിൻ്റെ സ്ഥപതി സ്ഥാനം വഹിച്ചവരാണ് പ്രശസ്ത ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിൻ്റെ കുടുംബം

No comments:

Post a Comment