ഉപനിഷത്ത് കഥകൾ
ഭാഗം 26
കൈവല്യമുക്തി
ഒരു ദിവസം ഹനുമാൻ അയോദ്ധ്യയിൽ ശ്രീരാമന്റെ അടുത്തുചെന്ന് പറഞ്ഞു: “അല്ലയോ പ്രഭു ഞാൻ അങ്ങയുടെ യഥാർത്ഥ രൂപം അറിയുവാൻ ആഗ്രഹിക്കുന്നു. സംസാരബന്ധത്തിൽ നിന്നും എനിക്ക് മുക്തനാകണമെന്നുണ്ട്. അതിന് വേണ്ടതായ ഉപദേശങ്ങൾ നൽകിയാലും!'' ഹനുമാന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീരാമന് സന്തോഷമായി. അദ്ദേഹം പറഞ്ഞു: “തത്ത്വം മനസ്സിലാക്കി നീ വേദാന്തത്തെ ആശ്രയിക്കണം. എങ്കിൽ നിനക്ക് എല്ലാം മനസ്സിലാക്കാൻ കഴിയും. ഞാൻ വേദാന്തത്തിൽ പ്രതിഷ്ഠിതനാകുന്നു.” തന്നെക്കുറിച്ച് ശ്രീരാമൻ അഭിമാനപൂർവ്വം പറഞ്ഞതു കേട്ടപ്പോൾ ഹനുമാൻ ആനന്ദത്തിലമർന്നു.'' വാനരശ്രഷ്ഠൻ വേദങ്ങളെപ്പറ്റിയും മറ്റും കൂടുതൽ വിശദമായിട്ടാരാഞ്ഞപ്പോൾ ശ്രീരാമൻ ഭക്തനോട് ഇപ്രകാരം അരുളി ചെയ്തു: “ഭക്തവത്സലാ, എള്ളിൽ നിന്ന് എണ്ണയെന്ന പോലെ എന്റെ നിശ്വാസത്തിൽ നിന്നും ആവിർഭവിച്ചതാണ് വേദാന്തം. ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നിങ്ങനെ വേദങ്ങൾ നാലാണ്. കൂടാതെ അവയ്ക്ക് ഓരോന്നിനും ധാരാളം ശാഖകളും ഉണ്ട്. ശാഖകൾക്ക് ധാരാളം ഉപനിഷത്തുകളും കാണാം. അവയിൽ ഏതെങ്കിലും ഒരു വേദവാക്യം ഭക്തിയോടെ പഠിച്ചാൽ അവന് സായുജ്യപദം പ്രാപിക്കാനും കഴിയുന്നു.” അതു കേട്ടപ്പോൾ ഹനുമാൻ ഭഗവത് പാദങ്ങൾ നമസ്കരിച്ചുകൊണ്ട് ശേഷിച്ച തന്റെ സംശയങ്ങൾ കൂടി അവതരിപ്പിച്ചു. “ഭഗവാനേ, ചില മുനിവര്യന്മാർ മുക്തിയൊന്നത് മാത്രമാണ് പ്രാപ്യമായതെന്ന് പറയുന്നു. ചിലർ രാമമന്തം കൊണ്ടും മറ്റു ചിലർ കാശിയിലെ താരകമന്ത്രോപദേശത്താലും വേറേ ചിലർ സംഖ്യായോഗം, ഭക്തിയോഗം എന്നിവയാലും മുക്തി പ്രാപിക്കാമെന്നും വിശ്വസിക്കുന്നു. അതുകൊണ്ട് പ്രധാന മുക്തിമാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് എന്നോട് വിസ്തരിച്ചു പറഞ്ഞാലും'' ജിജ്ഞാസുവായ ഹനുമാന്റെ ആഗ്രഹം മനസ്സിലായപ്പോൾ ശ്രീരാമന്റെ മനസ്സിൽ പുഞ്ചിരി പരന്നു!!!.
ശ്രീരാമൻ ഹനുമാനോട് ഇപ്രകാരമോതി; “ജീവാത്മാവ് പരമാത്മാവിൽ വിലയിക്കുന്നതാണ് കൈവല്യമുക്തി. അതിന് മാണ്ഡൂക്യോപനിഷത്ത് മാത്രം മതിയാകും. അതുകൊണ്ട് ജ്ഞാനം ലഭിച്ചില്ലെങ്കിൽ ദശോപനിഷത്തുകൾ പഠിക്കുക. അപ്പോൾ ജ്ഞാനം നേടി വിഷ്ണുലോകം പ്രാപിക്കാം. പിന്നെയും വിജ്ഞാനം ദൃഢമായില്ലെങ്കിൽ മുപ്പത്തിരണ്ട് ഉപനിഷത്തുകൾ പഠിക്കണം. എങ്കിലേ മോക്ഷം പ്രാപിക്കാനാവൂ. ഇനി വിദേഹ മുക്തിയാണ് ആഗ്രഹമെങ്കിലോ നൂറ്റിയെട്ട് ഉപനിഷത്തുകൾ മുഴുവൻ അഭ്യസിക്കണം." അവയുടെ ക്രമവും പേരുകളും ഭഗവാൻ ഹനുമാന് ഉപദേശിച്ചു. "നൂറ്റെട്ട് ഉപനിഷത്തുകളും ഗ്രഹിക്കാൻ കഴിഞ്ഞാൽ സർവ്വപാപങ്ങളും ഇല്ലാതാകും. പക്ഷേ, അത് എല്ലാവർക്കും, ഉപദേശിക്കരുത്; പ്രത്യേകിച്ചും നാസ്തികനും കൃതഘ്നും ദുരാചാരതത്പരനും ഭക്തിഹീനനും ഗുരുഭക്തി ഇല്ലാത്ത വനും നൽകരുത്. അതുപോലെ ഗുരുവിന്റെ ഉപദേശപ്രകാരം മാത്രം ശാന്തിപാഠങ്ങളും ചൊല്ലേണ്ടതാണ്. മേൽപ്രകാരം ഉപനിഷത്തുകൾ മുഴുവൻ അദ്ധ്യയനം ചെയ്ത പ്രാരബ്ധക്ഷതം വരുമ്പോൾ ദേഹനാശം വന്ന് ഉപാധിരഹിതമായ ഘടാകാശം പോലെ പൂർണ്ണതയെ പ്രാപിക്കുന്നു. അതാണ് വിദേഹമുക്തി. അതുതന്നെയാണ് കൈവല്യമുക്തിയും. കൈവല്യമുക്തി ജ്ഞാനം കൊണ്ടുമാത്രം ലഭിക്കുന്നതാണ്. ഒരിക്കലും കർമ്മ സാംഖ്യയോഗോപാസനകൾ കൊണ്ട് നേടാനാകില്ല." ശ്രീരാമന്റെ ഉപദേശങ്ങൾ വിസ്തരിച്ചു കേട്ടുകഴിഞ്ഞപ്പോൾ ഹനുമാന്റെ മനസ്സിൽ ജീവന്മുക്തിയെപ്പറ്റിയും അതുകൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചും ചില സംശയങ്ങൾ ഉയർന്നു. അത് ദൂരീകരിക്കുന്നതിനുവേണ്ടി ഹനുമാൻ വീണ്ടും മാർഗ്ഗമാരാഞ്ഞപ്പോൾ ശ്രീരാമൻ ഇപ്രകാരം അരുളിച്ചെയ്തു: “അല്ലയോ വായുപുത്ര, ജീവന്മുക്തിക്കും വിദേഹമുക്തിക്കും ആധാരം നൂറ്റിയെട്ട് ഉപനിഷത്തുകൾ തന്നെയാണ്. അതിലൂടെ നിത്യാനപ്രാപ്തിയുണ്ടാകുന്നു. അത് പുരുഷപ്രയത്നം കൊണ്ട് സമ്പാദിക്കണം. വേദാന്ത ശ്രവണാദികളാൽ ലഭിക്കുന്ന സമാധിയാൽ മാത്രമേ ജീവമുക്തി സാധിക്കുകയുള്ളൂ. സർവ്വ വാസനകളും ക്ഷയിച്ചശേഷം മാത്രം അത് സാധ്യമാകും എന്നും അറിയുക. അതുകൊണ്ട് വാസനയെ നീ സ്വപ്രയത്നത്താൽ ജയിക്കണം. വാസന ഇല്ലാതാകുമ്പോൾ മനോവിലയം സംഭവിക്കുന്നു. ജീവന്മുക്തന്റെ മനസ്സ് പുനർജന്മരഹിതമാണ്. എല്ലാം ശ്രദ്ധയോടെ കേട്ട് ഹനുമാൻ ശ്രീരാമനെ വണങ്ങി.
തുടരും...
No comments:
Post a Comment