ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 18

ഉപനിഷത്ത് കഥകൾ

ഭാഗം 18

ആചാര്യഭാവത്തെക്കാൾ ശ്രേഷ്ഠം ദാസഭാവം

ജനക മഹാരാജാവ് രാജസഭയിൽ ആസനസ്ഥനായിട്ടിരിക്കുമ്പോൾ യാജ്ഞവല്ക്യൻ രാജാവിനോട് ചോദിച്ചു “അല്ലയോ രാജാവേ, അങ്ങേയ്ക്ക് ആചാര്യന്മാരിൽ നിന്നും ലഭിച്ച ഉപദേശങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞാലും. എല്ലാം കേൾക്കട്ടെ.”  “വാക്കാണ് ബ്രഹ്മം. ആ സത്യം എനിക്ക് ആദ്യമായി ഉപദേശിച്ചുതന്നത് ശിലീനപുത്രനായ ജിത്വാവാണ്. ''ജനകരാജാവ് അഭിമാനപൂർവ്വം പറഞ്ഞു. “എന്നാൽ ഉപാസിക്കേണ്ട രീതി അദ്ദേഹം എന്നെ ഉപദേശിച്ചിട്ടില്ല.” ജനകൻ കൂട്ടിച്ചേർത്തു. “എങ്കിൽ ആ ബ്രഹ്മം ഒറ്റക്കാലനാണ്; പരിപൂർണ്ണനല്ല.'' യാജ്ഞവല്ക്യൻ തുറന്നടിച്ചു. അതു കേട്ടപ്പോൾ പരിഭ്രാന്തനായിത്തീർന്ന രാജാവ് ആ ബ്രഹ്മം പൂർണ്ണമായും തനിക്ക് ഉപദേശിച്ചുതരുന്നതിന് യാജ്ഞവല്ക്യനോട് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: “വാക്ക് എന്ന ബ്രഹ്മത്തിന്റെ ശരീരം വാഗ്ദേവതയാണ്. ആ ദേവതയെ ബ്രഹ്മമായി ഉപാസിച്ചാൽ അവനെ ആ ദേവത അനുഗ്രഹിക്കും.'' അപ്പോൾ രാജാവ് പറഞ്ഞു “മറ്റൊരു പണ്ഡിതനായ ഉദങ്കൻ ശുല്ബന്റെ പുത്രനാണ്. അദ്ദേഹം ബ്രഹ്മം പ്രാണനാണെന്ന് എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. എന്നാൽ ഉപാസിക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞു തന്നിട്ടില്ല. അതുകൊണ്ട് അങ്ങ് അത് ഉപാസിക്കേണ്ട വിധം എനിക്ക് പറഞ്ഞുതന്നാലും.'' അതുപ്രകാരം മഹർഷി പറഞ്ഞു: “പ്രാണൻ തന്നെയാണ് അതിന്റെ ശരീരം. അവ്യാകൃതമെന്നു പറയുന്ന ആകാശമാണ് അതിന് ആശ്രയം. പ്രിയമായി കരുതി അതിനെ ഉപാസിക്കണം. പ്രാണന്റെ രക്ഷയ്ക്കുവേണ്ടിയാണല്ലോ ആളുകൾ എന്തും ചെയ്യാൻ മടിക്കാത്തത്. അതിനാൽ പ്രാണൻ എല്ലാവർക്കും പ്രിയം തന്നെയാണ്. അതുകൊണ്ട് പ്രാണൻ തന്നെയാകുന്നു പരമമായ ബ്രഹ്മം. അതിനെ അറിഞ്ഞുകൊണ്ട് ഉപാസിച്ചാൽ അവൻ ദേവനായിത്തീരുകയും ദേവന്മാരിൽ ലയിക്കുകയും ചെയ്യുന്നു.'' അപ്പോൾ വേറെയൊരു ആചാര്യൻ പറഞ്ഞത് രാജാവ് ഓർത്ത് ഇപ്രകാരം പറഞ്ഞു “ബർക്കു എന്ന ആചാര്യനാണ് ചക്ഷുസ്സിന്റെ ദേവതയായ ആദിത്യനാണ് ബ്രഹ്മം എന്ന് എന്നോടു പറഞ്ഞത്. കാരണം, കണ്ണുകൊണ്ട് കാണുന്നതിനെയാണല്ലോ എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ ആയതനവും പ്രതിഷ്ഠയും എന്താണെന്ന് പറഞ്ഞു തന്നിട്ടില്ലാത്തതിനാൽ അല്ലയോ യാജ്ഞവല്ക്യ, ആ ബ്രഹ്മം വിധിപോലെ എനിക്ക് പറഞ്ഞുതന്നാലും.'' ജനകരാജാവ് യാജ്ഞവല്ക്യനോട് അപേക്ഷിച്ചു...

രാജാവിനോട് യാജ്ഞവല്ക്യൻ പറഞ്ഞുതുടങ്ങി... കണ്ണുകൊണ്ട് കാണുന്നതുതന്നെയാണ് സത്യം. അതു കൊണ്ട് പരമമായ ബ്രഹ്മം അതുതന്നെയാകുന്നു. അതിനെ ഉപാസിക്കുക. എങ്കിൽ അത് ഉപേക്ഷിക്കുകയില്ല. ഉപാസിക്കുന്നവൻ ദേവനായിത്തീർന്ന് ദേവന്മാരിൽ ലയിക്കുന്നു. അതു കേട്ടപ്പോൾ രാജാവിന്റെ മനസ്സ് ഉണർന്നു. മഹർഷി തടർന്നു ശ്രോത്രേന്ദ്രിയം ശരീരവും ആകാശം ആശയവുമാകുന്നു. അനന്തമായി കരുതി അതിനെ ഉപാസിക്കണം. അത് ഉപേക്ഷിക്കുകയില്ല. ഉപാസിക്കുന്നവൻ ദേവനായിത്തീർന്ന് ദേവന്മാരിൽ ലയിക്കുന്നു. ജനകൻ വീണ്ടും മറ്റൊരാചാര്യൻ പറഞ്ഞുകൊടുത്തത് യാജ്ഞവല്ക്യനോട് പറഞ്ഞു: “ അദ്ദേഹം മനസ്സാണ് ബ്രഹ്മം എന്ന് എന്നോട് പറഞ്ഞുതന്നിട്ടുണ്ട്. മനസ്സിന്റെ ദേവത ചന്ദ്രനാണ്. ആനന്ദം അതിന്റെ പ്രതീകമാണ്. പുത്രൻ പിറക്കുമ്പോൾ ആനന്ദം ഉണ്ടാകുന്നു. മനസ്സിലാണല്ലോ ആനന്ദം അനുഭവപ്പെടുന്നതും. അതുകൊണ്ട് മനസ്സ് ശരീരവും ആകാശം ആശ്രയവും ആണ്. ആനന്ദമായി അതിനെ ഉപാസിക്കയും വേണം. അതുകൊണ്ട് മനസ്സുതന്നെയാണ് പരമമായ ബ്രഹ്മം. അതിനെ ഉപാസിക്കുക. എങ്കിൽ ദേവനായിത്തീർന്ന് ദേവന്മാരിൽതന്നെ ലയിക്കുന്നു.'' വീണ്ടും മഹാരാജാവ് താനറിഞ്ഞ ഹൃദയമാണ് ബ്രഹ്മമെന്ന ഉപദേശത്തെപ്പറ്റി പറഞ്ഞു. ഹൃദയമാണ് ബ്രഹ്മം എന്നു ഉപദേശിച്ചിരുന്നു എന്നാൽ അതിന്റെ ആയതനത്തെയും ആശ്രയത്തെയും പറ്റി പറഞ്ഞുതന്നില്ല." അതുകൊണ്ട് അത് തനിക്ക് ഉപദേശിച്ചു തരണമെന്ന് ജനകൻ മഹർഷിയോട് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു. ഹൃദയം തന്നെയാണ് അതിന്റെ ആയതനം ആകാശം ആശ്രയവും. സ്ഥിതി എന്ന നിലയിൽ ഉപാസിക്കണം. ഹൃദയത്തിലാണല്ലോ എല്ലാ ജീവികളും പ്രതിഷ്ഠിതങ്ങളായിരിക്കുന്നത്. അതുകൊണ്ട് ഹൃദയംതന്നെയാണ് പരമമായ ബ്രഹ്മം. അതിനെ അറിഞ്ഞുകൊണ്ട് ഉപാസിക്കണം. അങ്ങനെയായാൽ ദേവനായിത്തീരുന്നു. എല്ലാം കേട്ടതിനുശേഷം ജനകമഹാരാജാവ് താൻ ആചാര്യനാണന്നുള്ള ഭാവം ഉപേക്ഷിച്ച് യാജ്ഞവല്ക്യനെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹം ആദ്ധ്യാത്മികമായ ജീവിതയാത്രയ്ക്കുവേണ്ട സർവ്വ ഒരുക്കങ്ങളും പൂർത്തിയാക്കി. പക്ഷേ, പരമാത്മജ്ഞാനമില്ലാത്തതിനാൽ കൃതാർത്ഥനാകാൻ കഴിഞ്ഞില്ല. യാജ്ഞവല്ക്യൻ തുടർന്നു: “ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണെന്ന സത്യത്തെ സാക്ഷാത്കരിച്ചിട്ടുള്ളവൻ മൃത്യുവിനെ അതിക്രമിക്കുന്നു. അത് അറിഞ്ഞിട്ടുള്ളവൻ ജനനമരണ ഭയമില്ലാത്തവനായിത്തീരുന്നു. ഇതു കേട്ട് രാജാവ് കൃതജ്ഞ താപൂർവ്വം യാജ്ഞവല്ക്യമുനിയെ വന്ദിച്ചു. ആത്മോപദേശംകൊണ്ടു തന്നെ അഭയപദത്തിലെത്തിച്ച ആചാര്യന് തന്നെയും തന്റെ സർവ്വസവും ജനകൻ സമർപ്പിച്ചു.

തുടരും...

No comments:

Post a Comment