അയ്യപ്പചരിതമുറങ്ങുന്ന ചെമ്പോലക്കളരി
സമഭാവനയുടെ ശംഖൊലി മുഴങ്ങുന്ന ശബരി സന്നിധാനം ആചാര വൈവിധ്യങ്ങള്‍കൊണ്ടും പുരാണ പരാമര്‍ശങ്ങള്‍കൊണ്ടും ഐതിഹ്യപ്പെരുമകള്‍ കൊണ്ടും മറ്റു തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ജാതിമത ഭേദങ്ങളോ വര്‍ണ്ണ വ്യത്യാസങ്ങളോ ഉച്ചനീചത്തങ്ങളോ ഇല്ലാത്ത കേവലം അദ്വൈത ദര്‍ശനത്തിന്റെ ശാദ്വല ഭൂമിക! പ്രകൃതി പുരുഷ സംഗമ ചേര്‍ച്ചയുടെ; ജീവാത്മ പരമാത്മ ലയ ഭാവനയുടെ വേദവാക്യം സക്രിയമായി തെളിയുന്ന മംഗള ശരണാലയം...
പന്തളം കൊട്ടാരവും മണികണ്ഠനും അയ്യപ്പനും ശബരിമലയും മറ്റുമായി ബന്ധപ്പെട്ട കഥകളുടേയും ചരിത്ര സത്യങ്ങളുടേയും വഴികളും കൈവഴികളും കേരളം മുഴുവന്‍ വ്യാപിച്ചും സഹ്യസാനുവിന്റെ താഴ്‌വാരം കടന്നും നീണ്ടുനീണ്ടു പോകുന്നു. ഭഗവാനുമായി ചേര്‍ന്നു നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും ചരിത്രസത്യങ്ങളുടെയും നേര്‍സാക്ഷ്യങ്ങളാണ് ആലങ്ങാട്ട് ചെമ്പോലക്കളരിയും അമ്പലവും കുന്നുകര അമ്മണത്തു ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള കൊടിയും ഗോളകയും മറ്റും.
പന്തളരാജകുടുംബം പാണ്ഡ്യദേശത്തു നിന്നും എത്തിയവരാണല്ലോ. കേരളത്തിന്റെ പല ഭാഗങ്ങളിലും താമസിച്ചതിനു ശേഷമാണ് രാജകുടുംബം പന്തളത്ത് എത്തപ്പെട്ടത്. മിക്കവാറും എല്ലായിടത്തുനിന്നും മാറിപ്പോകേണ്ടിവന്നത് പലതരം ആക്രമണ ഭീഷണികള്‍ മൂലമായിരുന്നു. സ്വന്തം കൊട്ടാരത്തിലുള്ള സേവകരില്‍ ചിലര്‍ പോലും പുറത്തുള്ള ശത്രുവിന് കൊട്ടാരത്തിന് ദോഷം വരുത്തുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്ത ചരിത്രം പോലുമുണ്ട്.
അയ്യപ്പന്‍ പന്തളത്ത് കൊട്ടാരത്തില്‍ മണികണ്ഠനായിരുന്ന സമയത്ത് രാജ്യത്തിന്റെ നേര്‍ക്ക് തലപൊക്കിയിരുന്ന ആക്രമണ ഭീഷണികളെ പ്രതിരോധിക്കാന്‍ ഒരു യോദ്ധാവിന് സമം ആയോധന മുറകള്‍ അഭ്യസിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ രാജാവിന്റെ അറിവോടെ പോയിരുന്നു.
കരിമലക്കോട്ടയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന പാണ്ഡ്യ ദേശത്തുനിന്നു എത്തിയ മാറവപ്പടയുടെ നായകന്‍ ഉദയനന്‍ പന്തളരാജ്യം കൊള്ളയടിക്കാന്‍ പടയൊരുക്കം തുടങ്ങിയത് പന്തളരാജന്‍ അറിഞ്ഞു. യുദ്ധമുറകളില്‍ അജയ്യനായ ഈ ശത്രുവിനെ നേരിടാന്‍ ഒറ്റയ്ക്ക് സാധ്യമാകില്ലെന്നത് തമ്പുരാന് മനസ്സിലായി. മണികണ്ഠന്റെ യുക്തിപൂര്‍വ്വമായ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് പന്തളരാജന്‍ രഹസ്യമായി ചില നീക്കങ്ങള്‍ നടത്തുകയുണ്ടായി. അന്ന് ശക്തമായ അടവുകള്‍ പതിനെട്ടും പയറ്റിത്തെളിഞ്ഞ എന്തിനുംപോന്ന യോദ്ധാക്കളെക്കൊണ്ട് സമ്പന്നമായിരുന്നു അയല്‍നാട്ടു രാജ്യങ്ങളായിരുന്ന ആലങ്ങാടും അമ്പലപ്പുഴയും.
ആലങ്ങാട്ടു രാജാവിന്റെ ഭരണകാലത്ത് ആയോധനകലകള്‍ അഭ്യസിപ്പിക്കുന്നതിന് നാട്ടില്‍ അനവധി കളരികള്‍ ഉണ്ടായിരുന്നു. അതില്‍ പേരുകൊണ്ടും പെരുമകൊണ്ടും ഏറ്റവും മുമ്പിലായിരുന്നു ആലങ്ങാട്ട് കളരി. അവിടെയുണ്ടായിരുന്ന അഭ്യാസികളില്‍ പലരും കായിക മാനസിക ശക്തിയിലും ആക്രമണ പ്രതിരോധ അടവുനയങ്ങളിലും അഗ്രിമസ്ഥാനത്തുള്ളവരായിരുന്നതുകൊണ്ട് ആലങ്ങാട് തമ്പുരാനെ അയല്‍നാടുകളിലുള്ള തമ്പുരാക്കന്മാര്‍ക്കും പടക്കുറുപ്പന്മാര്‍ക്കും വളരെ ബഹുമാനമായിരുന്നു. അയല്‍നാട്ടു തമ്പുരാക്കന്മാരെല്ലാം ആലങ്ങാടു തമ്പുരാന് വിധേയരായിരുന്നുവത്രെ.
പന്തളത്തു രാജാവിന്റെ സര്‍വ്വസൈന്യാധിപനായിരുന്ന ശങ്കരന്‍ നായര്‍ മിടുക്കനും ദീര്‍ഘവീക്ഷണമുള്ളവനും അതികായനുമായിരുന്ന ഈ പടക്കുറുപ്പ് മുപ്പത്തടം കാമ്പിള്ളി തറവാട്ടിലെ വെളിച്ചപ്പാടായിരുന്നു. അദ്ദേഹത്തിന്റെ കൂടി ഉപദേശം സ്വീകരിച്ചുകൊണ്ട് പന്തളത്തുരാജാവ് മേല്‍പ്പറഞ്ഞ ആലങ്ങാട്-അമ്പലപ്പുഴ രാജാക്കന്മാരുമായി ബന്ധപ്പെട്ടു. ഉദയനനെ കീഴ്‌പ്പെടുത്താന്‍ തമ്പുരാന്‍ അവരുടെ സഹായം അഭ്യര്‍ത്ഥിച്ചു.
അയ്യപ്പന്‍, ഉദയനന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ അഭ്യാസമുറകള്‍ പഠിക്കാന്‍ കൂടുതലും തിരഞ്ഞെടുത്തത് ആലങ്ങാട് കളരിയാണ്. അദ്ദേഹം ഇതിനുവേണ്ടി ആലങ്ങാട്ട് വന്ന് പല പ്രാവശ്യം താമസിച്ചിട്ടുണ്ടെന്ന് തര്‍ക്കരഹിതമായി സ്ഥാപിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ ഇന്ന് ആലങ്ങാട് കളരിയുടെ രക്ഷാധികാരിയുടെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്. ആലങ്ങാട്ട് കളരിയില്‍ നിന്നും ‘കുഴിക്കളരി’ അഭ്യാസ മുറകള്‍ പോലും കരസ്ഥമാക്കി പ്രഗത്ഭനായ ഒരു യോദ്ധാവായി രൂപപ്പെട്ടു മണികണ്ഠന്‍. മണികണ്ഠന്റെ അമ്മയുടെ പ്രതിഷ്ഠാസ്ഥാനമായ അമ്പലപ്പുഴയിലെ കളരിയില്‍ നിന്നും അയ്യപ്പന്‍ അഭ്യാസമുറകള്‍ പഠിക്കുകയുണ്ടായി. അവിടുത്തെ ചീരപ്പന്‍ കളരിയില്‍ നിന്നും ‘പൂഴിക്കടകന്‍ മുറകള്‍’ പ്രത്യേകമായി അദ്ദേഹം പഠിക്കുകയുണ്ടായി. ആയോധന കലയില്‍ പ്രാവീണ്യം നേടിയ മികച്ച അഭ്യാസിയായി രൂപപ്പെട്ട മണികണ്ഠന്‍ വാവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി ഗുരുത്വമുള്ള ശിഷ്യനാക്കി മാറ്റിയിരുന്നു.
മണികണ്ഠന്റെ അച്ഛന്റെ പ്രതിഷ്ഠാ സ്ഥാനമായ ആലുവ തേവരുടെ മണപ്പുറത്തുവച്ച് യുദ്ധത്തെപ്പറ്റി ആലോചിക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ധ്യക്ഷ പദം അലങ്കരിച്ച് അയ്യപ്പന്‍ പങ്കെടുക്കുകയുണ്ടായി. ആ യോഗത്തില്‍വെച്ചാണ് കൊട്ടാരത്തിലെ സര്‍വ്വ സൈന്യാധിപനായ ശങ്കരന്‍ പടക്കുറുപ്പിനെ അയ്യപ്പനും തന്റെ സര്‍വ്വ സൈന്യാധിപനായി തിരഞ്ഞെടുത്ത്. ആലങ്ങാടിനു ചുറ്റുമുള്ള കരക്കാരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് അവിടെക്കൂടിയ എല്ലാവരേയും ഉള്‍പ്പെടുത്തി ആലങ്ങാട്ടു യോഗക്കാര്‍ എന്ന് സംബോധന ചെയ്തുപോന്നു. അയ്യപ്പനും ആലങ്ങാട്ട് കളരി യോദ്ധാക്കളില്‍ പ്രമുഖരായവരും ചേര്‍ന്ന് എരുമേലിയിലെത്തി. അമ്പലപ്പുഴക്കാരും അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു.
വില്ലാളി വീരന്മാരായ രണ്ടുനാട്ടിലേയും യോദ്ധാക്കളുടെ ഒരു അപൂര്‍വ്വ സംഗമമായിരുന്നു അത്. ഇവിടെ വച്ച് അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യം പൂര്‍ണ്ണമാക്കുന്നതിന്റെ ഭാഗമായി മഹിഷീ നിഗ്രഹം നടന്നു. (എരുമയെക്കൊന്ന ‘എരുമക്കൊല്ലി’യാണ് രൂപാന്തരം സംഭവിച്ച് എരുമേലിയായതത്രേ) ഇരുനാട്ടിലെ യോദ്ധാക്കളോടും വാവരോടുമൊപ്പം അയ്യപ്പന്‍ വിശ്രമിക്കുകയും ആഹാരം പാകം ചെയ്തു കഴിക്കുകയും ചെയ്തു. അതിനുശേഷം അയ്യപ്പനും സംഘവും നടത്തിയ ആനന്ദനൃത്തത്തിന്റെ സ്മരണയാണ് എരുമേലി പേട്ടയെന്ന് വിശ്വസിക്കുന്നു. (മാറവപ്പടയെ തോല്‍പ്പിച്ചതിനു ശേഷമുള്ള സന്തോഷ നൃത്തമാണ് പേട്ടതുള്ളല്‍ എന്നും അഭിപ്രായമുണ്ട്.)
പിന്നീട് അമ്പലപ്പുഴ സംഘം വാവരുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ച് കരിമലയെ ലക്ഷ്യമാക്കി മുന്നോട്ട് പോയി. അവരുടെ പിറകെ അയ്യപ്പന്‍ നയിക്കുന്ന ആലങ്ങാട്ട് സംഘവും യാത്രയായി. കരിമലക്കോട്ടയില്‍ ചെന്ന് ഉദയനന്റെ മാറവപ്പടയെ തോല്‍പ്പിച്ച് പന്തള രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷം എല്ലാവരും പാപനാശിനിയായ പമ്പയിലെത്തി കുളിച്ച് ശുഭ്രവസ്ത്രങ്ങള്‍ ധരിച്ചു. പമ്പാവിളക്കും പമ്പാസദ്യയും നടത്തി. അവിടെ നിന്നും ശരംകുത്തിയാലിനു സമീപമെത്തി. അയ്യപ്പനുള്‍പ്പെടെ എല്ലാവരും എല്ലാ ആയുധങ്ങളും അവിടെ ഉപേക്ഷിച്ചു. ആലങ്ങാട്ട് യോഗക്കാരുടെ കണ്‍മുമ്പില്‍വെച്ച് ശബരിമലയില്‍ ധര്‍മ്മ ശാസ്താവിലേയ്ക്ക് അയ്യപ്പന്‍ വിലയം പ്രാപിച്ചു. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം പന്തളത്ത് രാജാവ് പാരിതോഷികമായി ആലങ്ങാട്ട് തമ്പുരാന് അയ്യപ്പഗോളകയും കൊടിയും സമ്മാനിച്ചു. എരുമേലിയിലും സന്നിധാനത്തും ആലങ്ങാട്ട് യോഗക്കാര്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും കല്‍പ്പിച്ചു കൊടുത്തു. ഇന്നും ആലങ്ങാട്ട് യോഗക്കാര്‍ ഈ പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും എരുമേലിയിലും സന്നിധാനത്തും അനുഭവിച്ചു വരുന്നു.
അന്ന് ആലങ്ങാട്ട് തമ്പുരാന് ലഭിച്ച പാരിതോഷികങ്ങളായ ഗോളകയും കൊടിയും ആലങ്ങാട്ടിന്റെ അയല്‍നാടായ കുന്നുകര, വയല്‍ക്കര അമ്മണത്ത് അമ്പലത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എല്ലാത്തരത്തിലും വിശേഷങ്ങളുടെ വിശേഷണങ്ങള്‍ കൊണ്ടും പരമോന്നതമായ കീര്‍ത്തികള്‍കൊണ്ടും പരിശോഭിച്ച ആലങ്ങാട്ട് കളരിയുടെ മികവിന്റെ പ്രവര്‍ത്തന രീതിയില്‍ സംപ്രീതനായ ആലങ്ങാട്ട് തമ്പുരാന്‍ ചെമ്പോലയില്‍ കളരിയുടെ അവകാശം ആലങ്ങാട്ട് യോഗത്തിന് പതിച്ചു നല്‍കി. അന്നുമുതല്‍ ആലങ്ങാട്ട് കളരി ചെമ്പോലക്കളരിയായി പ്രസിദ്ധമായി. ആയിരം വര്‍ഷത്തോളം പഴക്കമുള്ള ചെമ്പോലക്കളരി ഇന്നും പഴയ പ്രതാപ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
മുഖത്തളത്തിനുള്ളിലായി ദേവിയുടേതുള്‍പ്പെടെ കളരിയില്‍ മൂന്നുശ്രീകോവിലുകളും ഉണ്ട്. ചെമ്പോലക്കളരിയുടെ തെക്ക് പടിഞ്ഞാറ് നില്‍ക്കുന്ന പ്ലാവിന് കുറഞ്ഞത് 800 വര്‍ഷം പഴക്കമുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. നേരിട്ട് കാണുമ്പോള്‍ ഇത് സത്യമാണെന്ന് ബോധ്യമാകും. പ്ലാവിന്റെ ഒന്നരയടി പൊക്കത്തില്‍ കവരകള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ള വിസ്തൃതമായ അറപോലുള്ള കുഴിഭാഗം അത്ഭുതത്തോടെയേ നോക്കി കാണാന്‍ പറ്റൂ. അന്ന് പടക്കുറുപ്പന്മാര്‍ പടക്കുപയോഗിച്ചിരുന്ന വാളുകള്‍ കാലപ്പഴക്കത്തില്‍ കുറച്ച് ദ്രവിച്ചു പോയെങ്കിലും പഴയകാല പോരാട്ട ചരിത്രങ്ങളിലേയ്ക്ക് നമ്മുടെ ഓര്‍മ്മകളെ കൊണ്ടുപോകും. കളരിക്ക് സമീപമുള്ള സര്‍പ്പക്കാവും സര്‍പ്പക്കുളവും ഭയമുളവാക്കുന്ന നാഗങ്ങളുടെ മൗനസാന്നിധ്യം അനുഭവപ്പെടുത്തുന്നു. ചെമ്പോലക്കളരിക്കടുത്ത് പുരാതനമായ ക്ഷേത്രവുമുണ്ട്.
കുന്നുകര അമ്മണത്ത് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന ഗോളകയും കൊടിയും എരുമേലി പേട്ടയൊരുക്കങ്ങള്‍ക്കു മുമ്പായി ധനു പതിനെട്ടിനു മുപ്പത്തടം കാമ്പിള്ളി അമ്പലത്തിലെത്തിച്ചു ദര്‍ശന കാണിക്ക സമര്‍പ്പണ കര്‍മ്മങ്ങള്‍ക്കു ശേഷം ചെമ്പോലക്കളരി ക്ഷേത്രത്തില്‍ കൊണ്ടുവരും. അവിടെ പാന പൂജകളും മറ്റും നടത്തും. ഈ കളരിക്ഷേത്രത്തില്‍ നിന്നാണ് പ്രസിദ്ധമായ എരുമേലിയിലെ ആലങ്ങാട്ട് പേട്ടക്കുള്ള പുറപ്പാട് നടക്കുക. പേട്ടപുറപ്പാടിന് ശബരിമല തന്ത്രിയും, പന്തളത്തു രാജാവും ആലങ്ങാട്ട് തമ്പുരാനും വിശിഷ്ടാഥികളായി ഉണ്ടാകും. ആലങ്ങാട്ട് പേട്ട കഴിഞ്ഞാല്‍ ആ കൊല്ലത്തെ എരുമേലി പേട്ട കഴിഞ്ഞെന്നാണ് സങ്കല്‍പ്പം...
No comments:
Post a Comment