ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 27

ഉപനിഷത്ത് കഥകൾ

ഭാഗം 27

പശുപതി

ഒരു ദിവസം പൈപ്പലാദി മഹർഷി ജാബാലിയോട് തനിക്ക് പരമതത്ത്വ രഹസ്യം പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു. “എന്താണ് ആ തത്ത്വം?” “എന്താണ് ജീവൻ?” “എന്താണ് പശു?” “ആരാണ് ഈശ്വരൻ?” “മോക്ഷോപായം എന്താണ്?'' ഒന്നിനു പുറകേ മറ്റൊന്നായി ശിഷ്യൻ തുടരെത്തുടരെ സംശയങ്ങൾ അവതരിപ്പിച്ചപ്പോൾ ജാബാലി പറഞ്ഞു: "പൈപ്പലാദി, നിങ്ങളുടെ ചോദ്യങ്ങളെല്ലാം ന്യായമായിട്ടുള്ളതും ഉത്തമമായിട്ടുള്ളതുമാണ്. അതിനാൽ എനിക്ക് അറിയാവുന്നതെല്ലാം ഞാൻ പറഞ്ഞു തരാം.'' ജാബാലിയുടെ വാക്കുകൾ കേട്ടപ്പോൾ പൈപ്പലാദിക്ക് സമാധാനമായി. പൈപ്പലാദന്റെ സംശയങ്ങൾക്കെല്ലാം ജാബാലി ഉത്തരം പറഞ്ഞുകൊടുത്തു. അദ്ദേഹം തുടർന്നു: “അഹങ്കാരയുക്തനായ പശുപതിതന്നെയാണ് പ്രാപഞ്ചിക ജീവനായ പശുവായിത്തീരുന്നത്. പശുപതി സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ അഞ്ചു കാര്യങ്ങളിൽ സമ്പന്നനും ഈശ്വരനുമാണ്. “അപ്പോൾ പശു ആരാ?- പൈപ്പലാദി ആരാഞ്ഞു. പശു ജീവൻ തന്നെയാണ്. ജീവന്റെ പതിയായതു കൊണ്ട് അദ്ദേഹം പശുപതിയായിട്ടറിയപ്പെട്ടു. “ജീവനെ പശുവെന്ന് എന്തുകൊണ്ട് പറയുന്നു?” പൈപ്പലാദിക്ക് വീണ്ടും സംശയം. “പുല്ലുതിന്നുന്നവയും വിവേകം തീണ്ടാത്തവയും മറ്റുള്ളവർക്ക് ദാസ്യം ചെയ്യുന്നവയും കൃഷിക്ക് ഉപയോഗപ്പെടുത്തുന്നവയും, ധാരാളം ദുഃഖങ്ങൾ സഹിക്കുന്നവയും ബന്ധനത്തിൽ ജീവിക്കുന്നവയുമായ പശു (മൃഗങ്ങൾ) ഏതെങ്കിലും യജമാനന്റെ അധീനതയിൽ കഴിയുന്നതുപോലെ എല്ലാ ജീവനും ഈശ്വരന്റെ നിയന്ത്രണത്തിൽ കഴിയുന്നു. അതുകൊണ്ട് ഈശ്വരൻ പശുപതിയായി തീർന്നു!!.”

"ആ ജ്ഞാനം എങ്ങനെ നേടാനാകും?” പൈപ്പലാദി ചോദിച്ചു. “അതിനെന്താ വിഷമം? വിഭൂതിധാരണം കൊണ്ട് ജ്ഞാനം എളുപ്പം നേടാവുന്നതാണ്.” “ ആ മാർഗ്ഗം പറഞ്ഞുതരാമോ കൂടാതെ അതിന്റെ വിധി എന്താണ്? ഏതെല്ലാം സ്ഥാനങ്ങളിൽ വിഭൂതി ധരിക്കണം? എന്നും പറഞ്ഞുതരാമോ.” ജാബാലി പറഞ്ഞു: “പഞ്ചബ്രഹ്മമന്ത്രം ചൊല്ലി ഭസ്‌മമെടുത്ത് വെള്ളത്തിൽ കുഴച്ച് തല, നെറ്റി, നെഞ്ച്, തോൾ എന്നീ ഭാഗങ്ങളിൽ ത്ര്യംബകം മന്ത്രം ചൊല്ലി മൂന്നു രേഖ വരയ്ക്കണം. ശാംഭവവ്രതം ആചരിക്കണം. എങ്കിൽ പിന്നെ മുമുക്ഷക്കൾക്ക് പുനർജന്മം ഉണ്ടാവുകയില്ല.” അതുകേട്ട് പൈപ്പലാദന്റെ കൂടെ ഉണ്ടായിരുന്ന സനത് കുമാരൻ അതിന് പ്രമാണം ചോദിച്ചു. അതിന് മറുപടി പറയാൻ ജാബാലിക്ക് ബുദ്ധിമുട്ടുണ്ടായില്ല. അദ്ദേഹം പറഞ്ഞു: “ശിരസ്സിനും ചക്ഷസ്സിനും പുരികങ്ങൾക്കും മദ്ധ്യയാണ് ത്രിപുണ്ഡം ധരിക്കേണ്ടത്. അതിന്റെ പ്രജാപതിയെ ദേവതയായി സങ്കല്പിച്ച് ഗാർഹപത്യാഗ്നി, രജോഗുണം, ഭൂലോകം, സ്വാത്മാവ്, അകാരം, ക്രിയാശക്തി, ഋഗ്വേദം എന്നിവയെ പ്രതീകമായി കരുതി ആദ്യരേഖ വരയ്ക്കണം. അതിനുശേഷം ദക്ഷിണാഗ്നി, ഉകാരം, സത്വഗുണം, അന്തരീക്ഷലോകം, അന്തരാത്മാവ്, ഇച്ഛാശക്തി, യജുർവേദം എന്നിവയെ പ്രതീകമായി രണ്ടാമത്തെ രേഖ വരയ്ക്കണം. അതിന്റെ ദേവത വിഷ്ണുവാണ്. മഹാദേവനെ ദേവതയായി കരുതി ആഹവനീയാഗ്നി, മകാരം, തമോഗുണം, ദ്യുലോകം, പരമാത്മാവ്, ജ്ഞാനശക്തി, സാമവേദം എന്നിവയെ പ്രതീകമായി ഭസ്മം കൊണ്ട് മൂന്നാമത്തെ രേഖയും വരയ്ക്കണം. അപ്പോൾ ത്രിപുണ്ഡം പൂർത്തിയാകും. തിപുണ്ഡ്രം ധരിക്കുന്ന ജ്ഞാനി ബ്രഹ്മചാരിയോ, ഗൃഹസ്ഥനോ, വാനപ്രസ്ഥനോ സന്ന്യാസിയോ ആരായാലും അവൻ സർവ്വപാപങ്ങളിൽ നിന്നും മുക്തനാകുന്നു. അവന് സകലദേവന്മാരുടെയും പ്രീതി ഉണ്ടാകും, അവന് സകല തീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം ലഭിക്കും, അവന് പുനർജന്മമില്ല. എല്ലാം കേട്ട്
പൈപ്പലാദിക്കും സനത് കുമാരനും വളരെ സന്തോഷമായി

തുടരും...

No comments:

Post a Comment