ഭക്ത ഹനുമാൻ
ഭാഗം - 03
ആകാശത്ത് നിന്ന് മൈനാകപർവ്വതത്തെ ഏതാനും നിമിഷം കൃതജ്ഞതയോടെ വീക്ഷിച്ച് പവനസുതൻ ഉത്തരക്ഷണത്തിൽ പർവ്വതത്തെ പിന്നിട്ട് യാത്രയായി. ദേവാദികളും ഗന്ധർവ്വൻന്മാർ, സിദ്ധന്മാർ മുനീന്ദ്രന്മാർ എന്നിവരും ഇതൊക്കെ അത്ഭുതത്തോടെ നോക്കി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇത്ര കേമനാണെങ്കിൽ ഹനുമാന്റെ ബലപരാക്രമങ്ങൾ, ബുദ്ധിവൈഭവം എന്നിവ ഒന്ന് പരീക്ഷിക്കണമെന്ന് അവർക്ക് ആഗ്രഹം തോന്നി. അതീവ ദുഷ്കരമായ സീതാന്വേഷണ ഉദ്യമത്തിൽ ഹനുമാൻ വിജയിക്കുമോ അതോ തളർന്നു പോകുമോ എന്നതായിരുന്നു അവർക്ക് അറിയേണ്ടത്.
അതിനവർ ഒരു വഴി കണ്ടെത്തി. നാഗമാതാവ് സുരസാദേവിക്ക് എപ്പോൾ വേണമെങ്കിലും തന്റെ രൂപം ഇഷ്ടാനുസരണം മാറ്റാനുള്ള കഴിവുണ്ട്. അവർ സുരസാദേവിയുടെ സമീപത്തെത്തി ഹനുമാന്റെ ദൗത്യത്തെ കുറിച്ച് വിശദീകരിച്ച ശേഷം ആദരപൂർവ്വം പറഞ്ഞു:
"ദേവീ, പവനാത്മജൻ ഹനുമാൻ എന്ന വാനരേന്ദ്രൻ സമുദ്രത്തിന്റെ ഉപരിതലത്തിൽ കൂടി ഇതാ ലങ്കയിലേക്ക് ചാടുന്നു. ഇദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള വിഘ്നങ്ങൾ ദേവി ഉണ്ടാക്കണം".
സുരസാദേവിയാകട്ടെ, ദേവാദികളുടെ ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി. ഏതൊരു ധീരന്റെ ഹൃദയത്തെയും ചഞ്ചലമാക്കത്തക്ക വികൃതവും വികലവുമായ രൂപത്തിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട് ആഞ്ജനേയനോട് ഇങ്ങനെ പറഞ്ഞു:
"എടോ വാനരാ, നിന്നെ എന്റെ ഭക്ഷണമായി ദൈവം അയച്ചു തന്നതാണ്. വേഗം എന്റെ വായ്ക്കുള്ളിലേക്ക് കടന്നോളൂ."
സുരസാദേവിയുടെ രൂപം കണ്ടിട്ടും, വാക്കുകൾ കേട്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ തൊഴുതുകൊണ്ട് പവനപുത്രൻ മറുപടി പറഞ്ഞു:
"ദശരഥനന്ദനൻ ശ്രീരാമസ്വാമിയുടെ പത്നി സീതാദേവിയെ രാക്ഷസാധിപൻ രാവണൻ അപഹരിച്ചിരിക്കുന്നു. ശ്രീരാമന്റെ ആജ്ഞയനുസരിച്ച് ദേവിയുടെ സവിധത്തിലേക്ക് പോകുന്ന രാമദൂതനാണ് ഞാൻ. ദയവായി എന്നെ തടയരുത്. എന്റെ ദൗത്യം കഴിഞ്ഞ് ഞാൻ ഭവതിയുടെ വായയിൽ പ്രവേശിച്ചോളാം എന്ന് പ്രതിജ്ഞ ചെയ്യുന്നു".
വർദ്ധിച്ച കോപത്തോടെ സുരസാദേവി ഉഗ്രസ്വരത്തിൽ ആഞ്ജനേയനോട് പറഞ്ഞു: "ഹേ മർക്കടാ, എന്നെ പിന്നിട്ട് ഈ വഴിക്ക് ആരും പോകാറില്ല. ഇപ്പോൾ മറ്റൊന്നും ആലോചിക്കേണ്ട. എന്റെ ഉദരത്തിലേക്ക് പോകൂ"
ഹനുമാന്റെ മുന്നിൽ വാ ഗുഹപോലെ തുറന്ന് വെച്ച് മാർഗ്ഗതടസ്സം വരുത്തിക്കൊണ്ട് സുരസാദേവി നിലകൊണ്ടു. ആ ഭയങ്കര രൂപത്തിന്റെ വാക്കുകൾ വായുപുത്രനെ ചൊടിപ്പിച്ചു.
"ശരി, അങ്ങിനെയെങ്കിൽ എന്നെ വിഴുങ്ങാൻ തക്കവണ്ണം നീ വാ പൊളിക്കൂ"
ഹനുമാൻ ഉടനെ തന്റെ ശരീരം പർവ്വതാകാരമാക്കി വർദ്ധിപ്പിച്ചു. ഇതുകണ്ട സുരസാദേവി അതിനെക്കാൾ വലുതായി വാ തുറന്നു. ഇങ്ങനെ ഹനുമാൻ ശരീരം വലുതാക്കുന്നതിനനുസരിച്ച് സുരസയുടെ വായും വലുതായി വന്നു. ഇങ്ങനെ ഒരു വൻ പർവ്വതം പോലെയായ ഹനുമാന്റെ ശരീരം തൊണ്ണൂറ് യോജനയായപ്പോൾ സുരസാദേവിയുടെ വദനം നൂറ് യോജന വലുപ്പമുള്ള വിശാലമായ ഒരു ഗുഹപോലെ കാണപ്പെട്ടു.
അതുല്ല്യ ബുദ്ധിശാലിയായ അനിലാത്മജൻ പെട്ടെന്ന് തന്റെ ശരീരം പെരുവിരൽ വലുപ്പത്തിൽ ചെറുതാക്കി. മിന്നൽപ്പിണർ പോലെ സുരസയുടെ വായിലേക്ക് കടക്കുകയും അതോടൊപ്പം പുറത്തേക്ക് ചാടുകയും ചെയ്തു. അതിനുശേഷം തൊഴുകൈയ്യോടെ ഇപ്രകാരം പറഞ്ഞു:
"അമ്മേ, ഞാനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു. എന്നോട് ആവശ്യപ്പെട്ടത് പോലെ ദേവിയുടെ ഉദരത്തിലേക്ക് ഞാൻ പ്രവേശിച്ചു കഴിഞ്ഞു. ദേവീ, അടിയൻ സീതാദേവിയുടെ സമീപത്തേക്ക് പോകുന്നു. അനുഗ്രഹിച്ചാലും.
സുരസാദേവി തന്റെ ദിവ്യരൂപം സ്വീകരിച്ചു. ഹനുമാൻ ഉദ്ദേശിച്ച കാര്യം നടക്കട്ടെ എന്ന് സന്തോഷപൂർവ്വം അനുഗ്രഹിച്ചു. വായുപുത്രന്റെ അഭൂതപൂർവ്വമായ ദുഷ്കരപ്രവൃത്തി കണ്ട ദേവ മുനിവർഗ്ഗങ്ങൾ അത്യാഹ്ലാദത്തോടെ ഹനുമാന് മംഗളം നേർന്നു.
തുടരും........
No comments:
Post a Comment