ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 September 2019

ഭക്ത ഹനുമാൻ - ഭാഗം - 05

ഭക്ത ഹനുമാൻ

ഭാഗം - 05

വടക്കെകോട്ടവാതുക്കൽ എത്തിയ ഹനുമാൻ വിവേകപൂർവ്വം ആലോചിച്ചു. "ഇത്രയും ശക്തമായ രാക്ഷസസൈന്യം കാവൽനിൽക്കുന്ന ലങ്കാപുരിയിൽ വാനരപ്പട എത്തിയാൽ തന്നെ ഇവരുമായി ഒരു യുദ്ധത്തിൽ ജയിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. പോരാത്തതിന് ഇവരുടെ കൈയ്യിൽ വിശേഷപ്പെട്ട ആയുധങ്ങൾ പലതും കാണാനുണ്ട്. ഇതിനെല്ലാമുപരി ഇവർ രാക്ഷസന്മാരാണ്. രാക്ഷസന്മാർക്ക് 'സാമം' എന്താണെന്ന് അറിയുകപോലുമില്ല. 'ദാനവും ഭേദവും' കൊണ്ടും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. 'ദണ്ഡം' മാത്രമാണ് പോംവഴി. വാനരവർഗ്ഗത്തിൽ ഇവിടെയെത്താൻ കഴിവുള്ളവർ ഒരു പക്ഷേ വെറും നാലുപേർ മാത്രമായിരിക്കും. സുഗ്രീവൻ, അംഗദൻ, നീലൻ പിന്നെ ശ്രീരാമസ്വാമിയുടെ കൃപകൊണ്ട് ഇവിടെയെത്തിച്ചേർന്ന ഞാനും. ശരി, ഇതൊക്കെ പിന്നീട് നോക്കാം. ഇപ്പോൾ സീതാദേവി എവിടെയാണെന്ന് കണ്ടു പിടിക്കുകയാണ് വേണ്ടത്. രാവണൻ ഒന്നും അറിയാൻ പാടില്ല. അതിന് ഉപായം കണ്ടെത്തണം. എന്റെ ഈ രൂപത്തിൽ പകൽ വെളിച്ചത്തിൽ ഇവിടെ നിൽക്കുന്നത് അപകടമാണ്".

ശ്രീരാമദാസൻ ഹനുമാൻ കോട്ടയുടെ പുറത്ത് ഒരു ഭാഗത്ത് മാറിയിരുന്ന് പെട്ടെന്ന് തന്റെ രൂപം ഒരു പൂച്ചയുടെ വലുപ്പത്തിലേക്ക് ചെറുതാക്കി. സൂര്യാസ്തമയത്തെ പ്രതീക്ഷിച്ചു കൊണ്ട് മാരുതി അവിടെയിരുന്നു.

സന്ധ്യമയങ്ങിയപ്പോൾ രാജപാതകൾ കൊണ്ടു വിഭജിച്ച,  തൂവെള്ളിതൂണുകളും കനകജാലകങ്ങളും കൊണ്ട് അലങ്കരിച്ച, ഗന്ധർവ്വനഗരം പോലെയുള്ള ലങ്കാപുരിയിൽ ആഞ്ജനേയൻ പ്രവേശിച്ചു.

വളരെ ഉയരത്തിലുള്ള ഒരു പ്രാകാരത്തിന്റെ മുകളിലെത്തിയ ഹനുമാൻ മഹാപുരിയുടെ മാഹാത്മ്യം കണ്ട് ആശ്ചര്യസ്തബ്ധനായി അൽപ്പസമയം നിന്നു.

മന്ദിരങ്ങളുടെ പടികളെല്ലാം സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. തറയിൽ രത്നവും  വൈഡൂര്യവും പതിച്ചിരിക്കുന്നു. തനി തങ്കം കൊണ്ടുണ്ടാക്കിയ വാതിൽപ്പടികൾ, പക്ഷികളുടെ കളകളാരവങ്ങൾ, ഇങ്ങനെ രമ്യവും ഐശ്വര്യപൂർണ്ണവുമായ ലങ്കാപുരിയെ ആർക്കും ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. വിവിധങ്ങളായ ചിന്തകൾ മാരുതിയുടെ മനോമുകുരത്തിലൂടെ മിന്നിമറഞ്ഞു. ഒട്ടും സംശയിക്കാതെ മുന്നോട്ട് നീങ്ങിയ വായുപുത്രന്റെ മുന്നിൽ പെട്ടെന്ന് ഘോരമായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു.

തുടരും.......

No comments:

Post a Comment