ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 September 2019

ലേപാക്ഷി ക്ഷേത്രം

ലേപാക്ഷി ക്ഷേത്രം

നിലം തൊടാതെ നിൽക്കുന്ന തൂണിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം, ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഏഴു തലയുള്ള നാഗത്തിന്റെ പ്രതിമ... ഏതൊരു അവിശ്വാസിയെയും ഒരു വലിയ വിശ്വാസിയാക്കുവാൻ പോന്ന ഈ ക്ഷേത്രമാണ് ലേപാക്ഷി ക്ഷേത്രം. പുരാതന ഭാരതീയ വാസ്തുവിദ്യയുടെ ഇനിയും കണ്ടെത്തുവാൻ കഴിയാത്ത സാധ്യതകളിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് വിശ്വസിക്കുവാൻ പ്രയാസം തോന്നിപ്പിക്കുന്ന പല കഥകളുണ്ട്. സത്യമേതാണ് കഥയേതാണ് എന്നു വിശ്വാസികളെ കുഴപ്പിക്കുന്ന ലേപാക്ഷിയുടെ വിശേഷങ്ങളാവട്ടെ ഇനി...

കഥകളും മിത്തുകളും ഒരുപാടുണ്ടെങ്കിലും ലേപാക്ഷിയുടെ ചരിത്രത്തിലേക്ക് ആദ്യം പോകാം. 1583 ലാണ് വിജയ ഗര വാസ്തുവിദ്യയിൽ ഈ ക്ഷേത്രം നിർമ്മിക്കുന്നത്, വീരഭദ്രന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം വീരണ്ണനെന്നും വിരൂപണ്ണനെന്നും പേരായ രണ്ട് സഹോദരങ്ങൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികൾക്കും കല്ലിൽ നിർമ്മിച്ചിരിക്കുന്ന ശില്പങ്ങൾക്കും കൊത്തുപണികൾക്കും ഒക്കെ പ്രസിദ്ധമാണ് ഇവിടം. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. അത്ര പറ‍ഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.

ബാംഗ്ലൂരിൽ നിന്നും ഒരൊറ്റ ദിവസത്തെ കറക്കത്തിനായി ഇറങ്ങുന്നവര്‍ക്ക് പോകുവാൻ പറ്റിയ ഇടമാണ് ലേപാക്ഷി. കർണ്ണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലായി ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിലാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 124 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ബാംഗ്ലൂർ-ഹൈദരാബാദ് ഹൈവേയിലൂടെയുള്ള യാത്രയായതിനാൽ മികച്ച കണ്ടീഷനിലുള്ള വഴിയാണ് എന്നതിൽ തർക്കമില്ല.

ലേപാക്ഷി എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക ഇവിടുത്തെ നിലംതൊടാ തൂണുകളാണ്. ഇവിടുത്തെ 70 ൽ അധികം വരുന്ന കൽത്തൂണുകളിൽ ഒന്നു പോലും നിലം സ്പർശിക്കുന്നില്ല. അക്കാലത്ത് എങ്ങനെയാണ് ഇത്രയും സങ്കീർണ്ണമായ രീതിയിൽ ഇത്രയധികം തൂണുകള്‍, അതും ഒരൊറ്റയൊന്നുപോലും നിലം തൊടാത്ത രീതിയിൽ നിർമ്മിച്ചത് എന്നതിന് ഒരു തെളിവുകളും അവശേഷിച്ചിട്ടില്ല. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇതിന്റെ നിർമ്മാണ രഹസ്യം കണ്ടെത്തുവാൻ കുറേ പരിശ്രമിച്ചെങ്കിലും അവർക്ക് കണ്ടുപിടിക്കുവാനായില്ല.

തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

ഒറ്റക്കല്ലിലെ നന്ദിയും ഏഴു തലയുള്ള നാഗവും ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കുന്ന സൃഷ്ടികളാണ്. ഇന്ത്യയിൽ ഇന്നു നിലവിലുള്ള ഏറ്റവും വലിയ നാഗപ്രതിമയാണ് ഇവിടുത്തേത്. ശിവലിംഗത്തിന് തണലായി ഏഴു തലയുള്ള നാഗം കാവൽ നിൽക്കുന്ന രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

27 അടി നീളവും 15 അടി ഉയരവുമുള്ള ഒറ്റക്കല്ലിൽ കൊത്തിയിരിക്കുന്ന നന്ദിയും ഇവിടുത്തെ കാഴ്ചയാണ്.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്ന കാഴ്ച ഈ നന്ദിയുടേതാണ്. ശിവന്‍, വിഷ്ണു, വീരഭദ്രന്‍ എന്നീ മൂന്നു ദൈവങ്ങള്‍ക്കും ഇവിടെ പ്രത്യേകം പ്രതിഷ്ഠയുണ്ട്

കൊത്തുപണികളും കല്പ്പണികളും ഏറെയുള്ള ക്ഷേത്രത്തിൽ കാണുവാൻ കഴിയുന്ന മറ്റൊരു ആകർഷണമാണ് ഇവിടെ പതിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കുന്ന സീതയുടെ കാലടികൾ. ക്ഷേത്രത്തിലെ കല്യാണ മണ്ഡപം കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ ക്ഷേത്രത്തിൻറെ നിലത്ത് വലിയൊരു കാലടി കാണാം. എപ്പോഴും നനഞ്ഞിരിക്കുന്ന രൂപത്തിലാണ് ഇതുള്ളത്. പാദത്തിനടയിൽ നിന്നും എപ്പോഴും വെള്ളം മുകളിലേക്ക് വരുമെങ്കിലും എവിടെയാണ് ഇതിന്റെ ഉറവയെന്ന് കണ്ടെത്തുവാനായിട്ടില്ല.

പുരാണത്തിലെ ഒരുപാട് സംഭവങ്ങൾക്ക് സാക്ഷിയായ നഗരമാണിതെന്നാണ് വിശ്വാസം. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയ സമയത്ത് തടയാന്‍ ചെന്ന ജടായുവിനെ രാവണന്‍ വെട്ടിവീഴ്ത്തി. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്താണത്രെ ജടായു വീണത്. സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങള്‍ ധരിപ്പിക്കുമ്പോള്‍ ജടായുവിനെ നോക്കി രാമന്‍ സ്‌നേഹത്തോടെ ലേപാക്ഷി എന്നു വിളിച്ചുവത്രെ. തെലുങ്കില്‍ 'എഴുന്നേല്‍ക്കൂ പക്ഷി ശ്രേഷ്ഠാ' എന്നാണ് ഇതിനര്‍ഥം. അങ്ങനെയാണ് ലേപാക്ഷി എന്ന പേരു ലഭിച്ചത് എന്നാണ് ഒരു വിശ്വാസം.

കര്‍ണ്ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയിലായാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ബെംഗളുരുവില്‍ നിന്നും 123 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.

No comments:

Post a Comment