മരണ ശേഷം...
മരിച്ചതിനു ശേഷം ആത്മാവ് സ്വർഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോകുന്നതെന്നറിയില്ല. എന്നാൽ മരണശേഷം ശരീരത്തിനെന്തുപറ്റുന്നു എന്നറിയാം.
മരണത്തിന് 24 മണിക്കൂർ കഴിഞ്ഞേ അടക്കുകയുള്ളു, മകൻ ഗൾഫിലാണ്. ഇവിടെത്താൻ ഒരു ദിവസമെങ്കിലും എടുക്കും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണോ ? മൊബൈൽ മോർച്ചറി മതിയോ ? സ്ഥിരം കേൾക്കാറുള്ള ചോദ്യമാണിത്. മരണത്തിന് ശേഷം ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നു എന്ന് മനസിലാക്കിയാൽ ഇതിനുത്തരം ലഭിക്കാൻ വളരെ എളുപ്പമാണ്.
ശ്വാസോച്ഛാസം, രക്തയോട്ടം തുടങ്ങിയവ നിലയ്ക്കും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. മരണം സംഭവിച്ചധികം താമസിയാതെ തന്നെ കൃഷ്ണമണി (Pupil) വികസിക്കും എന്നും അറിയാമല്ലോ.
ജീവനോടെയുണ്ടോ മരിച്ചോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള സസ്പെൻഡഡ് അനിമേഷൻ (Suspended animation) എന്ന അവസ്ഥയെ Apparent Death എന്നും വിളിക്കാറുണ്ടിതിനെ. ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ ജൈവ പ്രവർത്തനങ്ങൾ എല്ലാം തിരിച്ചറിയാനാവാത്തത്ര മന്ദീഭവിക്കുകയാണ്. വെള്ളത്തിൽ മുങ്ങുക, കറണ്ടടിക്കുക, സൂര്യാഘാതമേൽക്കുക തുടങ്ങിയ അവസരങ്ങളിൽ ഇതുസംഭവിക്കാം. ചിലപ്പോൾ നവജാത ശിശുക്കളിൽ വിശദീകരിക്കാനാവാത്ത കാരണങ്ങളാലും ഇതുസംഭവിക്കാം.
Algor Mortis:98.6°F ആണ് ജീവനുള്ളപ്പോൾ ശരീര താപനില എന്നറിയാമല്ലോ. മരണത്തിന് ശേഷം ശരീര താപനില കുറഞ്ഞ് അന്തരീക്ഷ താപനിലക്ക് തുല്യമാകും.
Postmortem Calorictiy: എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മരണത്തിന് ശേഷം കുറച്ചുമണിക്കൂറുകൾ വരെ ശരീര താപനില കുറയില്ല. സൂര്യാഘാതം, ടെറ്റനസ്, കാഞ്ഞിരം വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ കാരണങ്ങൾകൊണ്ടുണ്ടാകുന്ന മരണങ്ങളിലാണിങ്ങനെ സംഭവിക്കുക. ഇത്തരം മരണങ്ങളിൽ ശരീരത്തിലെ ജൈവപ്രക്രിയകളിലൂടെ കൂടുതൽ താപം ഉദ്പാദിപ്പിക്കുന്നുണ്ട്.
Postmortem Staining: ഗുരുത്വാകർഷണം മൂലം മൃതശരീരത്തിലെ രക്തം ശരീരത്തിന്റെ അടിഭാഗത്തേക്കൊഴുകുകയും ആ ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. മരണം സംഭവിക്കുമ്പോൾ തന്നെ ഈ ഒഴുക്കാരംഭിക്കുന്നു. 2 സെ.മീ വ്യാസം മതിക്കുന്ന ഭാഗത്ത് ഈ നിറവ്യത്യാസം ഉണ്ടാവാൻ രണ്ടുമണിക്കൂർ വേണ്ടിവരില്ല. എന്നാൽ ഇങ്ങനെയുണ്ടാകുന്ന പല ഭാഗങ്ങൾ സംയോജിച്ച് ശരീരത്തിന്റെ കീഴ്ഭാഗം ആകമാനം നിറവ്യത്യാസമുണ്ടാകാൻ 6 മണിക്കൂർ വരെയെടുക്കാം. ശരീരം അതേ അവസ്ഥയിൽ തുടർന്നാൽ 12 മണിക്കൂറിനകം സ്റ്റെയ്നിങ് കീഴ്ഭാഗത്ത് ഉറയ്ക്കുകയും ചെയ്യും. ഏകദേശ മരണസമയം കണ്ടുപിടിക്കാനും മരണ ശേഷം മൃതദേഹം മാറ്റിയിട്ടുണ്ടോ എന്നറിയാനും ചില സാഹചര്യങ്ങളിൽ മരണ കാരണത്തിലേക്കുള്ള സൂചനകൾ ലഭിക്കുന്നതിനും പോസ്റ്റ് മോർട്ടം സ്റ്റെയ്നിംഗ് സഹായകമാകാറുണ്ട്. ഉദാഹരണമായി തൂങ്ങി മരിച്ച ഒരു ശരീരത്തിൽ കൈകാലുകളുടെ താഴ്ഭാഗത്തായിരിക്കും ഈ നിറവ്യത്യാസം.
Primary Flaccidtiy: മരണം സംഭവിച്ചയുടനെ തന്നെ ശരീരത്തിലെ മാംസപേശികളുടെ മുറുക്കം ഇല്ലാതാവുകയും അവ തളരുകയും ചെയ്യും. കീഴ്ത്താടി താഴോട്ടാകുകയും സന്ധികൾ അയവുള്ളതാവുകയും ചെയ്യും. പേശികളിലെ ATP ക്ഷയിക്കുന്നത് വരെ ഈ തളർച്ച നീണ്ടുനിൽക്കും. ഈ അവസ്ഥയുടെ നല്ലൊരു പ്രദർശനമാണ് Michelangeloയുടെ പ്രശസ്ത ശില്പമായ Pieta.
Rigor mortis: മാംസപേശികളുടെ തളർച്ച മാറി കാഠിന്യം പ്രാപിക്കുന്ന അവസ്ഥയാണിത്. പേശികളിലെ ATP ശോഷിക്കുന്നതാണ് കാരണം. ശരീരത്തിലെ എല്ലാ തരം പേശികളിലും റൈഗർ ബാധിക്കും. വലുപ്പത്തിൽ ചെറിയ കൂട്ടം പേശികളിലാണ് വ്യത്യാസം ആദ്യം തിരിച്ചറിയാനാകുക. ശരീരത്തിൽ ആദ്യമായി ബാധിക്കുക ഹൃദയ പേശികളെ ആണ്. ശരീരത്തിന് പുറത്താദ്യം ബാധിക്കുന്നത് കൺപോളകളിലാണ്. തല മുതൽ പാദംവരെ ക്രമമായാണ് കാഠിന്യം കാണപ്പെടുക. തലയിലും കഴുത്തിലും 2 മണിക്കൂർ കൊണ്ടും കൈകളിൽ 4 മണിക്കൂർ കൊണ്ടും കാലുകളിൽ 6 മണിക്കൂർ കൊണ്ടും റൈഗർ ഉണ്ടാവും.
ബലം പ്രയോഗിച്ചാൽ സന്ധികളിലെ ഈ കാഠിന്യം ഇല്ലാതാക്കാം. ഒരിക്കൽ കാഠിന്യം ഇല്ലാതായാൽ വീണ്ടും രൂപപ്പെടില്ല.
ബലം പ്രയോഗിച്ചില്ലെങ്കിലും ഈ കാഠിന്യം സ്വാഭാവികമായി ഇല്ലാതാവും. ഉഷ്ണമേഖലാ പ്രദേശത്തുള്ള രാജ്യങ്ങളിൽ 18 മണിക്കൂർ മുതൽ ഈ തളർച്ച ആരംഭിക്കും. ഏതാണ്ട് 36-48 മണിക്കൂർ കൊണ്ട് ശരീരത്തിലെ സന്ധികളും പേശികളും പൂർണ്ണമായി തളരും. കാഠിന്യം രൂപപ്പെടുന്ന അതേ ക്രമത്തിലാണ് ഇതില്ലാതാവുന്നതും, അതായത് ഉച്ചി മുതൽ പാദം വരെ. ശൈത്യകാലത്ത് റൈഗർ മോർട്ടിസ് കൂടുതൽ സാവകാശം മാത്രമേ ഇല്ലാതാവുകയുള്ളൂ.
മരണസമയം കണ്ടുപിടിക്കാനും ചില സാഹചര്യങ്ങളിൽ മരണ കാരണത്തിലേക്കുള്ള സൂചനകൾ ലഭിക്കുന്നതിനും റൈഗർ മോർട്ടിസ് സഹായകരമാണ്.
Cadaveric Spasm: )വളരെ വിരളമായി മാത്രം കാണുന്ന ഒരു പ്രക്രിയയാണിത്. മരണശേഷം സാധാരണയുണ്ടാവുന്ന തളർച്ചയിലാലതെ ഒരു കൂട്ടം പേശികളിൽ കാഠിന്യം അനുഭവപ്പെടുന്നു. അക്രമാസക്തമായ/ തീക്ഷ്ണമായ (Violent) മരണങ്ങളിലാണ് ഇത് കാണുക. ഉദാഹരണമായി തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്യുന്ന ആളുടെ കൈയിൽ തോക്ക് ബലമായി പിടിച്ചിരിക്കുന്നതായി കാണുക, മുങ്ങിമരിച്ചവരുടെ കൈയിൽ ചെടികളും മറ്റും ബലമായി പിടിച്ചിരിക്കുന്നതായി കാണുക, തുടങ്ങിയവ.
സൂക്ഷ്മജീവികളുടെ, പ്രധാനമായും ബാക്ടീരിയകളുടെ പ്രവർത്തനം കൊണ്ട് മൃതദേഹം ജീർണ്ണിക്കാനാരംഭിക്കുന്നു. ശരീരത്തിലെ കലകളും കോശങ്ങളും അവയിലെ അന്നജവും കൊഴുപ്പും മാംസ്യവും മറ്റും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ്, അമോണിയ, മീഥേൻ തുടങ്ങിയ വാതകങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നു. കൂടുതലായും കുടലിലാണ് ഇതുണ്ടാവുന്നത്. വയറ്, വൃഷണസഞ്ചി എന്നിവ വീർക്കുകയും മുഖം ചീർക്കുകയും നാക്ക് പുറത്തേക്കുതള്ളുകയും ചെയ്യുന്നത് ഈ വാതകങ്ങളുണ്ടാവുന്നതിനാലാണ്. ചൂടുകാലത്ത് 12 മണിക്കൂറിന് ശേഷം കുടലുകളിൽ ഈ വാതകങ്ങൾ രൂപപ്പെടാനാരംഭിക്കും.
24 -36 മണിക്കൂർ സമയം കൊണ്ട് ഈ ഗ്യാസ് രൂപീകരണം മൂലം ശരീരം ചീർക്കുകയും നാക്കും കണ്ണും പുറത്തേക്ക് തള്ളുകയും ചെയ്യാം. ഈ മർദ്ദം മൂലം മൂക്കിൽ നിന്നും വായിൽ നിന്നും ചുവന്ന ദ്രാവകം പുറത്തേക്ക് വരികയും ചെയ്യാം. കൂടാതെ അഴുകുന്നതിന്റെ അസുഖകരമായ ഗന്ധവും ഉണ്ടാകാം.
മരണത്തിന് 24 മണിക്കൂറിന് ശേഷം ശരീരത്തിലെ ചർമ്മത്തിൽ അവിടിവിടെയായി കുമിളകൾ രൂപപ്പെടുകയും ചർമ്മം ഇളകുകയും കൈപ്പത്തിയിലെയും പാഠത്തിലെയും കട്ടിയുള്ള ചർമ്മഭാഗം വരെ ഇളകുകയും ചെയ്യും. 72 മണിക്കൂർ കഴിയുന്നതോടെ തലമുടി തലയിൽ നിന്നും വിട്ടുപോകാൻ തുടങ്ങും.
കൂടാതെ ശരീരത്തിന്റെ നിറം മാറാൻ തുടങ്ങുകയും ചെയ്യും. ഏറ്റവും ആദ്യം നിറം മാറുന്നത് അടിവയറിന്റെ വലതുഭാഗത്തായിരിക്കും. മരണ ശേഷം ഏതാണ്ട് 18 മുതൽ ഈ ഭാഗത്ത് പച്ച നിറമാകാൻ തുടങ്ങും. ബാക്ടീരിയകളാൽ സമ്പന്നമായ Caecumത്തോട് ചേർന്നിരിക്കുന്ന ഭാഗമായതിനാലാണിത്. കൂടുതൽ സമയം കഴിയുമ്പോൾ ശരീരമാസകലം പച്ചനിറം ബാധിക്കുകയും അതു പിന്നീട് പച്ച കലർന്ന കറുപ്പാകുകയും ചെയ്യും.
Marbling:രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകൾ സൃഷ്ടിക്കുന്ന ഹൈഡ്രജൻ സൾഫൈഡ് ഹീമോഗ്ലോബിൻ രൂപാന്തരം പ്രാപിച്ചുണ്ടായ Methemoglobinനുമായി കൂടിച്ചേർന്ന് Sulphmethemoglobin ഉണ്ടാവുന്നു. ബ്രാഞ്ചുകളായി പിരിയുന്ന രക്തക്കുഴലുകളിൽ പച്ച നിറത്തിലുള്ള ഈ സംയുക്തമുള്ളതിനാൽ കാഴ്ചയിൽ മാർബിൾ പോലെ തോന്നിക്കുന്നു. മരണത്തിന് 36 മണിക്കൂർ ശേഷമേ മാർബ്ലിംഗ് ഉണ്ടാവുകയുള്ളൂ. തോൾ, തുട, കൈകാലുകളുടെ പുറം ഭാഗം എന്നിവിടങ്ങളിലാണ് ആദ്യമായി കാണപ്പെടുക.
ഇതോടൊപ്പം തന്നെ ആന്തരാവയവങ്ങളും ജീർണ്ണിക്കും. പുരുഷന്മാരിൽ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയും (Prostate gland) സ്ത്രീകളിൽ ഗർഭപാത്രവുമാണ് (Uterus) ഏറ്റവും അവസാനം അഴുകുന്ന ആന്തരാവയവങ്ങൾ. 12 മണിക്കൂറിന് ശേഷം ശ്വാസനാളിയുടെയും (Larynx and trachea) മഹാധമനിയുടെയും (Aorta) ഉൾവശം പിങ്ക് കലർന്ന ചുവപ്പുനിറമാകുന്നു. രണ്ട് ദിവസം കൊണ്ട് പ്ലീഹ (Spleen) കുഴമ്പുരൂപത്തിലാകാം. മരണത്തിന് 36 മണിക്കൂറിന് ശേഷം കരൾ (Liver) മൃദുവാകുകയും ശേഷം തേനീച്ചക്കൂട് (Honeycomb appearance) പോലെ ആവുകയും ചെയ്യും. ശ്വാസകോശം (Lungs) കുറച്ചുദിവസങ്ങൾ കൊണ്ട് ജീർണ്ണിച്ചു ചുരുങ്ങി ഒരു കറുത്ത പിണ്ഡമായി മാറും. തലച്ചോർ 3 മുതൽ 5 ദിവസം കൊണ്ട് പച്ച കലർന്ന നരച്ച നിറത്തിലുള്ള ദ്രാവക രൂപത്തിലാവും. ഹൃദയം, വൃക്ക തുടങ്ങി ആന്തരാവയവങ്ങൾ എല്ലാം മൃദുവാകുകയും ജീർണ്ണിക്കുകയും ചെയ്യുന്നു. എന്നാൽ മൂത്രസഞ്ചി താരതമ്യേന സാവകാശം മാത്രമേ അഴുകുകയുള്ളൂ.
പുഴുക്കൾ അരിക്കുന്ന മൃതദേഹം കണ്ടിട്ടുണ്ടോ ? ഇതും ജീർണ്ണിക്കുന്നതിന്റെ ഭാഗമാണ്. ഉറുമ്പാണ് മൃതശരീരത്തിൽ ആദ്യമായെത്താൻ സാധ്യതയുള്ള ഷഡ്പദം. മരണത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരീരത്തിൽ ഉറുമ്പിനെ കാണാറുണ്ട്. മരണത്തിന് ശേഷം അധികം താമസമില്ലാതെ തന്നെ ഈച്ചകളും മറ്റും മുട്ടയിടും. 24 മണിക്കൂർ കഴിഞ്ഞാൽ മുട്ടകളിൽ നിന്നും പുഴുക്കൾ ഉണ്ടാവുകയും 36 -48 മണിക്കൂർ കൊണ്ട് അവ ശരീരത്തിൽ ഇഴയുന്നത് കാണാൻ സാധിക്കുകയും ചെയ്യും. പല തരം ഈച്ചകളുടെ മുട്ടകളിൽ നിന്നും പല സമയത്താണ് പുഴുക്കളുണ്ടാവുന്നത്. 10 ദിവസത്തിന് ശേഷമാണ് സാധാരണ ശരീരത്തിൽ വണ്ടുകൾ കാണാനാവുക.
Adipocere:ജീർണ്ണിക്കൽ പ്രക്രിയയിൽ അത്ര സാധാരണമല്ലാത്ത ഒന്നാണ് അഡിപ്പോസിയർ. ശരീരത്തിലെ തൊലി ഇല്ലാതായി ആ ഭാഗത്ത് സോപ്പ് തേച്ചതുപോലെ കാണപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പ് ഫാറ്റിആസിഡുകൾ ആയി മാറുന്നു, ഇവയിൽ ഗ്ലിസറോൾ കൂടിചേർന്നാണ് അഡിപ്പോസിയർ രൂപപ്പെടുന്നത്. മുഖം, വയർ, മാറിടം, പൃഷ്ഠഭാഗം, തുടകൾ എന്നിവിടങ്ങളിലാണ് സാധാരണയായി കാണാറ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 5 ദിവസം കൊണ്ട് തന്നെ അഡിപ്പോസിയർ ഉണ്ടാവുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മിതശീതോഷ്ണ മേഖലകളിൽ 3 ആഴ്ചയെങ്കിലും വേണം ഇത് രൂപപ്പെടാൻ. ഒരിക്കൽ രൂപപ്പെട്ടാൽ വളരെയേറെ നാൾ ശരീരത്തിൽ കൂടുതൽ അഴുകൽ സംഭവിക്കില്ല.
Mummification:ഇതും വളരെ വിരളമായേ കാണാറുള്ളൂ. ഈജിപ്തിൽ മരണമടഞ്ഞ രാജാക്കന്മാരെ മമ്മികളായി സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടില്ലേ. ഏതാണ്ട് അതേ കാര്യങ്ങളാണ് ഇവിടെയും സംഭവിക്കുന്നത്. ശരീരത്തിലെ ജലാംശം പൂർണ്ണമായി നഷ്ടപ്പെട്ട് ശരീരഭാഗങ്ങൾ ഉണങ്ങി വരണ്ട അവസ്ഥയിലാകുന്നു. ശാരീരികഘടനയും പ്രത്യേകതകളും നഷ്ടപ്പെടുന്നില്ല. വർഷങ്ങൾ കഴിഞ്ഞാലും വ്യക്തിയെ തിരിച്ചറിയാൻ സാധിക്കും. ഉയർന്ന അന്തരീക്ഷ താപനിലയും വരണ്ട കാലാവസ്ഥയും അത്യാവശ്യമാണിതിന്. മരണ ശേഷം ഏറ്റവും കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണം ശരീരം മമ്മി ആയിമാറാൻ.
ശരീരം അസ്ഥികൾ മാത്രമായി മാറാൻ ഏതാണ്ട് ഒരു വർഷം വേണമെന്നാണ് മതിപ്പ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതിൽ വ്യത്യാസം ഉള്ളതായി കണ്ടിട്ടുണ്ട്.
അന്തരീക്ഷ താപനില, അന്തരീക്ഷത്തിലെ ഈർപ്പം, മൃതശരീരത്തിലെ വസ്ത്രം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മരണ കാരണം, ശരീരം സ്ഥിതിചെയ്യുന്നത് കരയിലോ വെള്ളത്തിലോ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ശരീരത്തിന്റെ ജീർണ്ണിക്കലിനെ ബാധിക്കുന്നു. വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കും ഏറ്റവും വേഗതയിൽ ഇത് സംഭവിക്കുക, അതിന്റെ ഇരട്ടി സമയം കൊണ്ടേ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ശരീരത്തിൽ അതേ വ്യത്യാസങ്ങൾ ഉണ്ടാവുകയുള്ളു. ആഴത്തിൽ കുഴിച്ചിടുന്ന ശരീരങ്ങളിൽ എട്ട് മടങ്ങ് സമയവും വേണം അതേ വ്യത്യാസങ്ങൾ ഉണ്ടാവാൻ. തണുത്ത കാലാവസ്ഥയിൽ ഈ വിവരിച്ചിരിക്കുന്ന ജീർണ്ണിക്കൽ പ്രക്രിയ എല്ലാം മന്ദഗതിയിലാവും. 4°Cൽ താഴെയാണ് താപനിലയെങ്കിൽ ശരീരത്തിനുണ്ടാകാവുന്ന വ്യത്യാസങ്ങൾ വളരെ കുറവായിരിക്കും, ഏതാണ്ട് തടയുന്നതിന് തുല്യം.
ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി: മൃതദേഹം 18 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കേണ്ട സാഹചര്യമാണെകിൽ ഒരു മോർച്ചറി സൗകര്യം ഒരുക്കുന്നതാവും ഏറ്റവും അഭികാമ്യം. സൂക്ഷിക്കുന്ന സ്ഥലത്തെ താപനില 4°Cൽ താഴെ ആയിരിക്കണം എന്നുമാത്രം. മരണശേഷം ശരീരത്തിലുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങൾ അപഗ്രഥിക്കുന്നതിലൂടെ മരണം സംഭവിച്ചിട്ട് എത്രസമയമായി എന്ന് മനസിലാക്കാനും സാധിക്കും...
No comments:
Post a Comment