ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 September 2019

ഭിക്ഷുകോപനിഷത്ത്

ഭിക്ഷുകോപനിഷത്ത്

ഈ പരബ്രഹ്മം പൂർണ്ണമാകുന്നു. ഈ പ്രപഞ്ചവും പൂർണ്ണമാകുന്നു. പൂർണ്ണമായ ബ്രഹ്മത്തിൽ നിന്ന് പൂർണ്ണമായ ഈ പ്രപഞ്ചം ഉണ്ടാകുന്നു. പൂർണ്ണത്തിൽ നിന്നും പൂർണ്ണം എടുത്തു കഴിഞ്ഞാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു.

മോക്ഷം കാംഷിക്കുന്ന ഭിക്ഷുക്കൾ, കുടീചകൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ എന്നീ നാല് പ്രകാരത്തിലുണ്ട്.

കുടീചകൻ

കുടീചകൻ എന്ന വിഭാഗത്തിൽ പെടുന്ന സന്യാസി ഗൗതമൻ, ഭരദ്വാജൻ, യാജ്ഞവല്ക്യൻ, വസിഷ്ഠൻ എന്നിവരെപ്പോലെ എട്ട് ഉരുളകൾ മാത്രം ഭക്ഷിച്ചു കൊണ്ട് മോക്ഷം തേടുന്നു.

ബഹൂദകൻ

ബഹൂദകൻ എന്ന വിഭാഗത്തിൽ പെടുന്ന സന്യാസി ത്രിദണ്ഡം, കമണ്ഡലു, ശിഖാ, സൂത്രം, കാഷായ വസ്ത്രം എന്നിവ ധരിച്ച് മധു, മാംസം എന്നിവ വർജ്ജിച്ച് ബ്രഹ്മർഷിമാരുടെ ഗൃഹത്തിൽ നിന്നും എട്ട് ഉരുള മാത്രം ആഹാരം കഴിക്കുകയും യോഗ മാർഗ്ഗം മുഖേനെ മോക്ഷം അന്വേഷിക്കുകയും ചെയ്യുന്നു.

ഹംസൻ

ഗ്രാമത്തിൽ ഒരു രാത്രിയും നഗരത്തിൽ അഞ്ച് രാത്രിയും ക്ഷേത്രത്തിൽ ഏഴു രാത്രിയും വസിക്കുന്നു. അവർ ഗോമൂത്രഗോമയാഹാരികളും,  നിത്യവും ചാന്ദ്രായണ വ്രതം അനുഷ്ഠിക്കുന്നവരും ആണ്. ഇവർ യോഗമാർഗ്ഗത്തിൽ കൂടി മോക്ഷം തേടുന്നു.

പരമഹംസൻ

പരമഹംസൻ എന്ന വിഭാഗത്തിൽ പെടുന്ന സന്യാസിമാർ സംവർത്തകൻ, ആരുണി, ശ്വേതകേതു, ജഡഭരതൻ, ദത്താത്രേയൻ, ശുകദേവൻ, വാമദേവൻ, ഹാരീതൻ എന്നിവരെപോലെ എട്ട് ഉരുള മാത്രം ഭക്ഷിച്ച് യോഗ മാർഗ്ഗത്തിൽ കൂടി മോക്ഷം തേടുന്നു.

ഈ പരമഹംസൻമാർ വൃക്ഷ മൂലങ്ങളിലോ ശൂന്യഗ്രഹങ്ങളിലോ ശ്മശാനാദികളിലോ വസ്ത്രം ധരിച്ചോ വസ്ത്രം ധരിക്കാതേയോ വസിക്കുന്നു. അവർക്ക് ധർമ്മാധർമ്മാദികളെപ്പറ്റിയോ ശുദ്ധാശുദ്ധാദികളെപ്പറ്റിയോ ചിന്തയില്ല. അവർക്ക് ദ്വൈത ഭാവമില്ല. മണ്ണും പൊന്നും രത്നവും സമാനമായി കരുതുന്നു.

എല്ലാവർണ്ണങ്ങളിൽ നിന്നും ഭക്ഷണം കഴിക്കുന്നു. സർവ്വഭൂതങ്ങളേയും തങ്ങളെ പോലെ കാണുന്നു. നഗ്നൻമാരും നിർദ്വന്ദൻമാരും അപരിഗ്രഹരുമാണവർ.

ശുക്ല ധ്യാനമെന്ന യോഗനില കൈകൊള്ളുന്നവരും ആത്മനിഷ്ഠൻമാരും ജീവിക്കാൻ വേണ്ടി മാത്രം ഭിക്ഷ തേടുന്നവരും ശൂന്യ സ്ഥാനങ്ങളിലോ ദേവാലയങ്ങളിലോ ആശ്രമങ്ങളിലോ വാല്മീകത്തിലോ വൃക്ഷ ചുവട്ടിലോ കുശവൻമാരുടെ വീടുകളിലോ യജ്ഞശാലകളിലോ നദീതീരങ്ങളിലോ  ഗിരിഗഹ്വരങ്ങളിലോ കുണ്ടിലോ കുഴിയിലോ അരുവികളിലോ ഓടകളിലോ കഴിഞ്ഞുകൂടി, ബ്രഹ്മ മാർഗ്ഗ പരായണരായി ശുദ്ധ ചിത്തരായി പരമഹംസർക്ക് വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിച്ച് സന്യാസത്താൽ ദേഹ ത്യാഗം ചെയ്യുന്നവരും ആണ്. പരമഹംസൻമാർ എന്നു പറയപ്പെടുന്ന ഇവർ വിശിഷ്ടരാണ്.
(ഭിക്ഷു കോപനിഷത്ത് )

No comments:

Post a Comment