ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 September 2019

എല്ലാം ഒരു കൗപീനത്തിനുവേണ്ടി

എല്ലാം ഒരു കൗപീനത്തിനുവേണ്ടി

ഒരു സന്യാസി ഒരു ഗ്രാമത്തിന്റെ മൂലയിൽ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. എപ്പോഴും ജപം, ധ്യാനം, പൂജ എന്നിവയിൽ വ്യാപൃതനായിരുന്നു അദ്ദേഹം. അടുത്തുളള ഗ്രാമീണരിൽ നിന്ന് ഭിക്ഷ എടുത്തായിരുന്നു നിത്യവൃത്തി. അദ്ദേഹത്തിന് സ്വത്തായി ആകെ രണ്ട് കൗപീനങ്ങളേ ഉണ്ടായിരുന്നുളളൂ. ഒരുനാൾ നോക്കിയപ്പോൾ അതിലൊരു കൗപീനം എലി കരണ്ട് നാശമാക്കിയിരിക്കുന്നതായി കണ്ടു. അടുത്ത ദിവസം ഭിക്ഷക്ക് പോയപ്പോൾ ഒരു കൗപീനം കൂടി ഭിക്ഷയായി ചോദിച്ചു വാങ്ങി കൊണ്ട് വന്നു. എന്നാൽ അടുത്തദിവസംതന്നെ എലി അതും കരണ്ട് നശിപ്പിച്ചു.

പിന്നേയും അദ്ദേഹം കൗപീനത്തിനുവേണ്ടി യാചിച്ചപ്പോൾ ഗ്രാമീണർ ചോദിച്ചു ‘ദിവസവും ഇങ്ങനെ കൗപീനം ഇരക്കുന്നതിലെന്തർത്ഥം, എലിയെ കൊല്ലാൻ ഒരു പൂച്ചയെ വളർത്തിക്കൂടെ’ എന്ന്. അപ്പോൾ സന്യാസി ഒരു പൂച്ചയെ വളർത്താൻ തുടങ്ങി. അതുമൂലം എലി ശലൃം ഇല്ലാതായി. പൂച്ചയെ കിട്ടിയതിൽപിന്നെ സ്വന്തം ഭിക്ഷക്കൊപ്പം പൂച്ചക്കായി പാലും ഭിക്ഷയായി ചോദിക്കേണ്ടിവന്നു സന്യാസിക്ക്. ഇതു പതിവായപ്പോൾ ഗ്രാമീണർ ചോദിച്ചു “ഇങ്ങനെ ദിവസവും പാല് തരാൻ ആർക്ക് പറ്റും, അങ്ങ് കറവയുളള ഒരു പശുവിനെ വളർത്തൂ, പാൽ പൂച്ചക്കും കൊടുക്കാം അങ്ങേക്കും കുടിക്കാം” എന്ന്. അത് ശരിയാണല്ലോ എന്ന് തോന്നിയ സന്യാസി കറവയുളള ഒരു പശുവിനെ സംഘടിപ്പിച്ചു.

അങ്ങിനെ പാലിന്റെ പ്രശ്നം തീര്‍ന്നു. പക്ഷെ പശുവിന് കൊടുക്കാനുളള വൈക്കോലിനായി പിന്നെ യാചന. കുറച്ചു ദിവസം ഇത് തുടര്‍ന്നപ്പോൾ ഗ്രാമീണർ പറഞ്ഞു ” ഇതൊക്കെ ദിവസവും തരാൻ പറ്റുമോ, അങ്ങയുടെ ആശ്രമത്തിനു ചുറ്റും ധാരാളം സ്ഥലമുണ്ടല്ലോ, അവിടെ കുറച്ചു നെല്ല് കൃഷി ചെയ്യൂ, അതിൽ നിന്ന് അങ്ങേക്ക് നിതൃവൃത്തിക്കു വേണ്ട അരിയും കിട്ടും, പശുവിന് വേണ്ട വൈക്കോലും കിട്ടും” എന്ന്. അത് ശരിയാണല്ലോ എന്ന് വിചാരിച്ച് സന്യാസി ആശ്രമത്തിനു ചുറ്റുമുളള വിശാലമായ സ്ഥലത്ത് കൃഷിപ്പണി തുടങ്ങി.

പക്ഷേ ഒറ്റയ്ക്ക് പറ്റുകയില്ല എന്ന് പറഞ്ഞ് കുറച്ച് പണിക്കാരേയും കൂട്ടി. ഇങ്ങനെ കാരൃങ്ങൾ മുന്നോട്ടു പോയപ്പോൾ ധാരാളം നെല്ലുണ്ടായി, ധാരാളം വൈക്കാലുണ്ടായി, പശു പ്രസവിച്ച് പെരുകി, നെല്ലും വൈക്കോലും സൂക്ഷിക്കുവാൻ നല്ല സുരക്ഷിതമായ കളപ്പുരയും, തനിക്കും പണിക്കാർക്കും താമസിക്കാനായി ധാരാളം മുറികളുളള പുരയും പണിയേണ്ടിവന്നു. അങ്ങിനെ ഭിക്ഷാടനം നടത്തിയിരുന്ന ചെറുപ്പക്കാരൻ സന്യാസി ഒരു ജന്മിയായി തീർന്നു.

വലിയ കൃഷിയും പശുക്കളും വീടുമൊക്ക ആയപ്പോൾ തിരക്കോട് തിരക്കായി. അതുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങളും. ഒന്നിനും സമയമില്ലാതായി. ഇതൊക്കെ നോക്കി നടത്തുവാൻ ഒരു ഗൃഹലക്ഷ്മി ഉണ്ടാവുന്നത് നല്ലതാണെന്ന ചിലരുടെ അഭിപ്രായ പ്രകാരം ബ്രാഹ്മണൻ ഒരു വിവാഹവും കഴിച്ചു. ഈ തിരക്കുകൾക്കിടയിൽ, ജപം മുടങ്ങി, സാധനകളും സാദ്ധ്യായവും ഇല്ലാതായി. അങ്ങനെ ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഗുരു അദ്ദേഹത്തെ തേടിയെത്തി. വലിയൊരു വീട്ടിൽ സർവ സൗകരങ്ങളോടും കൂടി ഇരിക്കുന്ന ശിഷൃന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ട് കാരണം തിരക്കിയപ്പോൾ ശിഷൃനായ നമ്മുടെ സന്യാസി പറയുകയാണ് ”എല്ലാം ഒരു കഷണം കൗപീനത്തിനുവേണ്ടി ഉണ്ടായതാണ് ഗുരോ”എന്ന്.

നിസ്സാരമായ ഒരു കാരൃം എങ്ങിനെ മനുഷ്യരെ വലിയ വലിയ കാരൃങ്ങളിലേക്കും, പ്രാരാബ്ധങ്ങളിലേക്കും കൊണ്ടെത്തിക്കും എന്ന് കാണിക്കാനായി ശ്രീരാമകൃഷ്ണൻ പറയുന്ന കഥയാണിത് കഥയും കഥാപാത്രങ്ങളും സങ്കല്പികമാണെങ്കിലും നമുക്കുചുറ്റും ഇത്തരം മനുഷ്യരെ ധാരാളം കാണാൻ സാധിക്കും.! ആശ്രമങ്ങളിലും, ആത്മീയതയിലും, രാഷ്ട്രീയമേഖലയിലും, മതപരമായും.

No comments:

Post a Comment