ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 September 2019

ഭക്ത ഹനുമാൻ - ഭാഗം - 02

ഭക്ത ഹനുമാൻ

ഭാഗം - 02

കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം          
ആരൂഹ്യ കവിതാശാഖാം
വന്ദേവാത്മീകികോകിലം

ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയെ

രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായാഃ പതയേ നമഃ.

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

ഏതൊരാൾക്കും ചിന്തിക്കാൻ കൂടി സാധിക്കാത്ത കാര്യങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെ ചെയ്യുന്നവനാണ് ശ്രീ ഹനുമാൻ. സമുദ്രലംഘനം നടത്താൻ തയ്യാറായി പർവ്വതമുകളിൽ നിൽക്കുമ്പോൾ രാവണനാൽ അപഹരിക്കപ്പെട്ട സീതാദേവിയെ ദർശിക്കുന്നതിനുള്ള അതിരുകവിഞ്ഞ ആഗ്രഹം കൊണ്ട് ആ വീരന്റെ ഹൃദയം തുടിച്ചു. കർമ്മസാക്ഷിയായ ഭഗവാൻ ആദിത്യനെ, ത്രിലോക ചക്രവർത്തിയായ ദേവേന്ദ്രനെ, സകലജീവനും പ്രാണ ദാതാവായ പിതാവ് വായുദേവനെ, എല്ലാറ്റിനുമാധാരമായ പിതാമഹൻ ബ്രഹ്മാവിനെ, സർവ്വഭൂതങ്ങളെ കൈകൂപ്പിനിന്ന് ആഞ്ജനേയൻ സാദരം വന്ദിച്ചു.

ഹനുമാന്റെ ചെയ്തികളെല്ലാം കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന വാനരയൂഥത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പവനസുതന്റെ ശരീരം വളരുവാൻ തുടങ്ങി. ആകാശമണ്ഡലത്തിൽ നിൽക്കുന്ന ദേവന്മാർ, സിദ്ധചാരണ ഗന്ധർവ്വാദികൾ, മാമുനീശ്വരന്മാർ എന്നിവർ പരസ്പരം പറയുന്നത് കേട്ടു.

"മഹാവേഗമുള്ളവനും, മാമലയ്ക്കൊത്തവനുമായ പവനതനയനിതാ മകരമത്സ്യങ്ങൾ അധിവസിക്കുന്ന വാരിധി കടക്കുവാൻ തുടങ്ങുന്നു"

അതിശക്തനായ ഹനുമാൻ കടൽ ചാടിക്കടക്കുവാൻ തയ്യാറായി നിൽക്കുകയാണ്. നിർന്നിമേഷരായി, അത്ഭുതസ്തബ്ധരായി നിൽക്കുന്ന കപിവരന്മാരോട് മാരുതി ധീരസ്വരത്തിൽ ഇങ്ങനെ പറഞ്ഞു:

"സുഹൃത്തുക്കളേ, ശ്രീരാമചന്ദ്രസ്വാമിയുടെ വായുവേഗമുള്ള ബാണം പോലെ ഞാനിതാ ലങ്കയിലേക്ക് പോകുന്നു. രാക്ഷസചക്രവർത്തി രാവണൻ വാണരുളന്ന ആ സ്ഥലത്ത് ജാനകീദേവിയെ കാണാതെവന്നാൽ ഇതേ ഊക്കിൽ തന്നെ അമരന്മാർ വസിക്കുന്ന സ്ഥലത്തേക്ക് എത്തും. സ്വർഗ്ഗത്തിലും ദേവിയെ കാണാതിരുന്നാൽ ലങ്കയിൽ ചെന്ന് രാവണനെ ബന്ധിച്ച് കൊണ്ടുവന്നേയ്ക്കാം. വേണ്ടിവന്നാൽ ദശഗ്രീവനോടുകൂടി ലങ്കയെത്തന്നെ പുഴക്കി കൊണ്ടുവരാം"

ഇങ്ങനെ പറഞ്ഞ് അപരിമേയ ശക്തിയോടു കൂടി യാതൊരു സംശയവുമില്ലാതെ ഹനുമാൻ കൊടുങ്കാറ്റുപോലെ മേൽപ്പോട്ടുയർന്നു.

ശ്രീരാമദേവകാര്യാർത്ഥം ആകാശസഞ്ചാരം ചെയ്യുന്ന വായുപുത്രനിൽ ദേവന്മാർ, ഗന്ധർവ്വന്മാർ എന്നിവർ പൂമഴ പൊഴിച്ചു. സൂര്യദേവൻ തന്റെ ഉഷ്ണകിരണങ്ങളെ ശീതളമാക്കി. വായുഭഗവാൻ പ്രിയപുത്രനെ അനുഗമിച്ചു. മഹർഷീശ്വരന്മാർ ഭക്തിയോടെ സ്തുതിച്ചു. ദേവന്മാരും ഗന്ധർവ്വന്മാരും ഗാനമാലപിച്ചു. യക്ഷകിന്നര ഗന്ധർവ്വന്മാർ ശ്രീ ഹനുമാനെ കുറിച്ചുള്ള കീർത്തനങ്ങൾ മധുരമായി പാടി.

കാകുത്സ്ഥവംശ ചക്രവർത്തിയായ സഗരനാണ് സാഗരത്തെ വളർത്തിക്കൊണ്ടു വന്നത്. അതിനാൽ ഇക്ഷ്വാകുവംശത്തെ ഏറ്റവുമധികം ബഹുമാനിക്കുന്ന സാഗരം ഹനുമാൻ തനിക്ക് മുകളിലൂടെ പോകുന്നത് എന്തിനാണെന്ന് മനസ്സിലാക്കി. സാഗരം ചിന്തിച്ചു:

"വാനരേന്ദ്രനായ ആഞ്ജയേനനെ സഹായിക്കാതിരുന്നാൽ ലോകത്തിൽ ഏതൊരാളും എന്നെ പഴിക്കും. ഇക്ഷ്വാകുവംശനാഥനായ ശ്രീരാമചന്ദ്രന്റെ ദൂതനായ ഇദ്ദേഹത്തിന് ക്ഷീണമുണ്ടാകരുത്. കപീന്ദ്രന് വിശ്രമിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കണം".

ഇങ്ങനെ ചിന്തിച്ച് ലവണാംബുധി തന്നിൽ അധിവസിക്കുന്ന മൈനാകപർവ്വതത്തോട് പറഞ്ഞു:

"അല്ലയോ മൈനാക ശൈലേശ്വരാ, കപിസത്തമനായ ഹനുമാൻ ഇതാ അങ്ങയുടെ മുകളിൽ എത്താറായി. ശ്രീരാമകാര്യത്തിനാണ് അദ്ദേഹം ലങ്കയിലേക്ക് പോകുന്നത്. രഘുവംശത്തെ ബഹുമാനിക്കുന്ന ഞാൻ ഇദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത് എന്റെ കടമയാണ്. അവനവന്റെ കടമ നിർവ്വഹിക്കാത്തവരെ സജ്ജനങ്ങൾ ഇഷ്ടപ്പെടില്ല.  അതു കൊണ്ട് ഉയരൂ. കപീന്ദ്രൻ അൽപ്പനേരം വിശ്രമിച്ചിട്ട് ക്ഷീണമകറ്റി പോകട്ടെ"

പാതാളത്തിൽ അധിവസിക്കുന്ന രാക്ഷസന്മാർ ഭൂമിയിലേയ്ക്ക് വന്ന് മനുഷ്യരെ ഉപദ്രവിക്കുന്നത് തടയാൻ അവർ വരുന്ന വഴി തടയാനാണ് ദേവേന്ദ്രൻ മൈനാകപർവ്വതത്തെ അവിടെ നിർത്തിയിരിക്കുന്നത്. ഇച്ഛയ്ക്കനുസരിച്ച് മേലോട്ടും കീഴോട്ടും വശങ്ങളിലേക്കും വലുതാകാൻ മൈനാക പർവ്വതത്തിന് കഴിയും.

വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നിരുന്ന മൈനാകം സാഗരത്തിന്റെ ആജ്ഞയനുസരിച്ച് ജലത്തിന്റെ മുകൾപ്പരപ്പിൽ കൊടുമുടികൾ പുറമെ കാണത്തക്കവണ്ണം പൊങ്ങി നിന്നു. സമുദ്രത്തിൽ ഒരു പർവ്വതം ഉയർന്നു നിൽക്കുന്നത് കണ്ട മാരുതി തന്റെ യാത്ര തടസ്സപ്പെടുത്താൻ വന്ന രാക്ഷസരാരെങ്കിലുമാണോ അത് എന്ന് സംശയിച്ചു. വർദ്ധിച്ച ശക്തിയോടെ തന്റെ മാറിടം കൊണ്ട് പർവ്വതശിഖരത്തിൽ ഒന്നമർത്തി. കൊടുങ്കാറ്റിൽ പെട്ട മഴക്കാറെന്ന പോലെ പർവതം വെള്ളത്തിൽ താഴ്ന്നു പോയി. മൈനാകം ഉടൻ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു:

"വാനരേന്ദ്ര, ഇന്നുവരെ ഒരു ജീവിക്കും ചെയ്യാൻ സാധിക്കാത്ത കാര്യമാണ് അങ്ങ് ചെയ്തത്. ഹേ മാരുതി, അങ്ങ് എന്റെ കൊടുമുടിയിൽ യഥേഷ്ടം വിശ്രമിക്കൂ. നന്നായി പഴുത്തതും സ്വാദിഷ്‌ഠവുമായ കായ്കനികൾ ഭക്ഷിക്കൂ. ശ്രീരാമചന്ദ്രന്റെ കാര്യത്തിന് വേണ്ടി പോകുന്ന അങ്ങയെ ഉപചരിക്കുവാൻ മഹാസാഗരമാണ് എന്നെ അയച്ചത് ".

മൈനാകത്തിന്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ പർവ്വത ശ്രേഷ്ഠനെ നോക്കി ആഞ്ജനേയൻ പറഞ്ഞു:

"ഹേ ശൈലേന്ദ്ര, ഞാൻ ഏറ്റവും സന്തുഷ്ടനായി. അങ്ങയുടെ ആഥിത്യം സാദരം ഞാൻ സ്വീകരിച്ചു. ഒരു വിധത്തിലും മനോവിഷമം ഉണ്ടാവരുത്.  സ്വാമിയുടെ കാര്യം കഴിഞ്ഞേ ഇനി മറ്റെന്തെങ്കിലുമുള്ളൂ. നോക്കൂ.. ഇതാ പകൽ അവസാനിക്കാറായി. പോരെങ്കിൽ വഴിക്ക് എന്ത് വന്നാലും താമസിക്കില്ലെന്ന് പ്രതിജ്ഞയുമുണ്ട്".

സ്നേഹത്തോടെ തന്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് മൈനാക ഗിരീന്ദ്രനെ തലോടി ശ്രീഹനുമാൻ വാനിലേക്കുയർന്നു.

തുടരും........

No comments:

Post a Comment