ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 September 2019

സൗമ്യ നാരായണ പെരുമാൾ ക്ഷേത്രം

സൗമ്യ നാരായണ പെരുമാൾ ക്ഷേത്രം

മനോഹരമായ കൊത്തുപണികൾ... ക്ഷേത്രമുറ്റത്തെത്തിയാൽ അത്ഭുതപ്പെടുത്തുന്ന അനവധി നിരവധി കാഴ്ചകൾ... കരഞ്ഞു വിളിച്ചാൽ സ്വാമി കനിയുമെന്ന വിശ്വാസത്തിൽ ഹൃദയം തുറന്നു പ്രാർഥിക്കുന്ന വിശ്വാസികൾ... മറ്റേതൊരു ക്ഷേത്രത്തെയും പോലെ കഥകളാലും പുരാണങ്ങളാലും സമ്പന്നമാണ് തമിഴ്നാട്ടിലെ തിരുക്കോഷ്ടിയൂരിലെ സൗമ്യ നാരായണ പെരുമാൾ ക്ഷേത്രം. വിഷ്ണുവിന്റെ 108 ദിവ്യ ദേശങ്ങളിലൊന്നായി അറിപ്പെടുന്ന ഈ ക്ഷേത്രം വിഷ്ണ നരസിംഹ അവതാരമായി രൂപമെടുത്ത ഇടം കൂടിയാണ്. അപൂർവ്വ വിശേഷങ്ങളുള്ള സൗമ്യ നാരായണ ക്ഷേത്രത്തെക്കുറിച്ച്....

സൗമ്യ നാരായണ പെരുമാൾ ക്ഷേത്രം

വിഷ്ണു നരസിംഹ അവതാരമായി രൂപമെടുത്ത് താൻ എങ്ങനെ കാണപ്പെടുന്നു എന്നു ദേവന്മാർക്ക് കാണിച്ചു കൊടുത്ത ഇടമായാണ് തിരുക്കോഷ്ടിയൂർ സൗമ്യ നാരായൺ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ശിവഗംഗാ ജില്ലയിൽ തിരുക്കോഷ്ടിയൂർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നരസിംഹമായി വന്നയിടം

തിരുക്കോഷ്ടിയൂർ എങ്ങനെ പ്രസിദ്ധമായ ഒരിടമായി മാറി എന്നിതിനെക്കുറിച്ച് കഥകളുണ്ട്. ബ്രഹ്മാവിൽ നിന്നും പല അത്ഭുത വരങ്ങളും സ്വീകരിച്ച ഹിരണ്യ കശിപു തന്റെ വരങ്ങൾ കൊണ്ട് ആർക്കും സമാധാനം നല്കാതായി. ഭൂമിയിലുള്ളവർക്കു മാത്രമല്ല, ദേവന്മാർക്കു വരെ ശല്യമാകുന്ന രീതിയിലായിരുന്നു ഹിരണ്യകശിപുവിന്റെ പ്രവർത്തനങ്ങൾ. ഒടുവിൽ ഇതിൽ നിന്നും രക്ഷപെടുവാനായി ദേവന്മാരെല്ലാവരും കൂടി വിഷ്ണുവിനെ കണ്ടു. അങ്ങനെ തന്റെ നരസിംഹ അവതാരമെടുക്കുവാൻ സമയമായി എന്നു മനസ്സിലാക്കിയ വിഷ്ണു അവതാരമെടുത്ത് ദേവന്മാര്‍ക്ക് മുന്നില്‍ പ്രത്യക്ഷനായി. എന്നാൽ തങ്ങൾക്ക് നന്നായി കാണാൻ സാധിച്ചില്ലെന്നു പറഞ്ഞ അവർക്ക് വേണ്ടി വിഷ്ണു ഇരിക്കുന്ന രീതിയിലും നിൽക്കുന്ന രൂപത്തിലും കിടക്കുന്ന രൂപത്തിലും അവതാരത്തെ കാണിച്ചു കൊടുത്തു എന്നാണ് വിശ്വാസം

വിഷ്ണുവിനെ കാണുവാൻ ദേവന്മാരും മറ്റും കൂട്ടമായി പോയ ഇടം എന്ന അർഥത്തിലാണ് തിരക്കോഷ്ടിയൂർ അറിയപ്പെടുന്നത്. കോഷ്ടി എന്നാൽ തമിഴിൽ കൂട്ടം എന്നാണ് അർഥം. വിഷ്ണുവിൻറെ 108 ദിവ്യദേശങ്ങളിലൊന്നായ സൗമ്യ നാരായണ ക്ഷേത്രം വൈഷ്ണവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നു കൂടിയാണ്.

നിർമ്മാണം

രണ്ട് ഏക്കറോളം പരന്നു കിടക്കുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന് അഞ്ച് ഗോപുരങ്ങളുണ്ട്. കനത്ത കൽമതിലുകൾക്കുള്ളിലാണ് ക്ഷേത്രമുള്ളത്. പ്രധാന കോവിലിൽ ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തിലേതുപോലെ നാഗങ്ങളുടെ മുകളിൽകിടക്കുന്ന രൂപത്തിലുള്ള ഉരഗമെല്ലായൻ പെരുമാളിലെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീ ദേവീ, ഭൂദേവി, അവതാരമായ നരസിംഹത്തിന്റെ രണ്ടു രൂപങ്ങൾ, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയവരുടെ രൂപങ്ങളും ഇവിടെ കാണാം.

അഷ്ടാംഗ വിമാനം

ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു നിർമ്മിതിയാണ് അഷ്ടാംഗ വിമാനം. എട്ടു ഭാഗങ്ങളാണ് ഇതിനുള്ളത്. പുരാണകഥകളിലും മിത്തുകളിലെയും പല സന്ദർഭങ്ങളും ഇതിൽ കൊത്തിവെച്ചിട്ടുണ്ട്. വെറും നാല് ക്ഷേത്രങ്ങളിൽ മാത്രമാണ് അഷ്ഠാംഗ വിമാനം ഉള്ളത്, സൗമ്യ പെരുമാൾ ക്ഷേത്രം തിരുകോഷ്ടിയൂർ, ഉത്തിരമേരൂർ, കൂടൽ അഴഗാർ ക്ഷേത്രം, ചെരന്മാദേവി ക്ഷേത്രം എന്നിവയാണവ. ക്ഷേത്ര ഗോപുരത്തെക്കാളും മുകളിലാണ് അഷ്ടാംഗ വിമാനം നിർമ്മിച്ചിരിക്കുന്നത്.

രാമാനുജൻ നാരായണ മന്ത്രം പകർന്നു നല്കിയ ഇടം

വൈഷ്ണവ വിശ്വാസത്തിന്റെ ഏറ്റവും കാതലായ ഇടങ്ങളിലൊന്നാണ് സൗമ്യ നാരായണ പെരുമാൾ ക്ഷേത്രം. വൈഷ്ണവ ആതാര്യന്മാരിൽ പ്രധാനിയും സാമൂഹ്യ പരിഷ്കർത്താവുമൊക്കെ ആയിരുന്ന രാമാനുജർ നാരായണ മന്ത്രം എല്ലാവർക്കുമായി പകർന്നു നല്കിയ ഇടമെന്ന നിലയിലും ഇവിടം പ്രശസ്തമാണ്.

ആഘോഷങ്ങൾ

തെൻകാലായ് വൈഷ്ണവരുടെ ആചാരങ്ങൾ പിന്തുടരുന്ന ക്ഷേത്രമാണ് സൗമ്യ നാരായണ പെരുമാൾ ക്ഷേത്രം. ദിവസേന ആറു പൂജകൾ ഇവിടെ നടക്കും. നവരാത്രി, വൈകുണ്ഠ ഏകാദശി, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

No comments:

Post a Comment