ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 September 2019

ഭക്ത ഹനുമാൻ - ഭാഗം - 12

ഭക്ത ഹനുമാൻ

ഭാഗം - 12

സ്വാമിയുടെ സവിധത്തിൽ എത്തിയാൽ ചെയ്യേണ്ടതെല്ലാം ദേവി പറഞ്ഞത് കേട്ട് ഹനുമാൻ സന്തോഷചിത്തനായി. ലങ്കയിലേക്ക് താൻ വന്നതിന്റെ മുഖ്യമായ ഉദ്ദേശം എന്താണോ, ആ ദേവീദർശനം സാധിച്ചു. സ്വജന്മം സഫലമായി. വന്ന കാര്യം കഴിഞ്ഞു. ഇനി ഈ രാക്ഷസന്മാരുടെ ശക്തിയും ബുദ്ധിയും എത്രയുണ്ടെന്ന് അറിയണം.  ശ്രീരാമസ്വാമിയെ അതു കൂടി അറിയിക്കണം. എന്താണൊരു വഴി? ഹനുമാൻ തെല്ലകലെയുള്ള ഒരു മരത്തിൽ കയറിയിരുന്ന് ആലോചിച്ചു.

രാക്ഷസന്മാരിൽ സാമം ഉപയോഗിച്ചിട്ട് കാര്യമില്ല. സമ്പത്ത്, ധനം എന്നിവകൊണ്ട് മത്തരായവരിൽ ദാനം ഉപയോഗിക്കുന്നത് യുക്തമല്ല. അതിശക്തന്മാരായവരിൽ ഭേദം പ്രയോജനപ്പെടുകയേയില്ല. അതു കൊണ്ട് വാനരന്മാർക്ക് സ്വതസ്സിദ്ധമായ പരാക്രമം തന്നെ ഇവിടെ ഉപയോഗിക്കണം. മാത്രമല്ല, രാവണനെ നേരിട്ട് കണ്ട് സംസാരിക്കുവാൻ ഇതിലും നല്ലൊരു മാർഗ്ഗമില്ല. ഇങ്ങനെ നിശ്ചയിച്ചുറപ്പിച്ച് രാവണന് പ്രിയപ്പെട്ടതും ശ്രേഷ്ഠവുമായ അശോകവനികയിൽ അലറിയടിക്കുന്ന കൊടുങ്കാറ്റ് പോലെ സർവ്വതും നശിപ്പിച്ച് നാനാവിധമാക്കി. മരങ്ങൾ കടപുഴകി വീഴുന്നതിന്റെയും ചില്ലകൾ ഒടിയുന്നതിന്റെയും ശബ്ദം കേട്ട് ഉണർന്ന രാക്ഷസികൾ രാവണനെ വിവരം ധരിപ്പിക്കാനായി രാജധാനിയിലേക്ക് ഓടി.

കാവൽക്കാരികളായ രാക്ഷസസ്ത്രീകളുടെ പേടിച്ചരണ്ട വിവരണം കേട്ട് രാവണന്റെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. ഉടൻ തന്നെ തന്റെ കിങ്കരന്മാരെ വിളിപ്പിച്ചു. അതിവേഗം ചെന്ന് അക്രമിയായ വാനരനെ വധിക്കുവാൻ കൽപ്പിച്ചു. ഭയങ്കരന്മാരായ കിങ്കരന്മാർ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി അശോകവനികയിലേക്ക് പോയി. അവിടെ ചെന്ന് നോക്കുമ്പോൾ അശോകവനിക തന്നെ കാണാനില്ല.  മാമരങ്ങളെല്ലാം കടപുഴകിക്കിടക്കുന്നു. കുളങ്ങളുടെയെല്ലാം വക്കിടിഞ്ഞ് തൂർന്നുപോയി. കളകളസ്വരം പുറപ്പെടുവിച്ചിരുന്ന പക്ഷികളൊക്കെ പേടിച്ച് പറന്നുപോയി. രത്നം പതിച്ച ഹർമ്മ്യങ്ങളും മന്ദിരങ്ങളും നിലംപരിശായി കിടക്കുന്നു. ഇങ്ങനെ ആർക്കും ആഹ്ലാദം പകർന്നിരുന്ന അശോകവനിക കാണുന്നവർക്ക് ശോകം പ്രദാനം ചെയ്യുന്ന വിധത്തിലായിത്തീർന്നിരുന്നു. എന്നാൽ ഈ യുദ്ധഭൂമി പോലെയുള്ള ആരാമത്തിൽ സീതാദേവി ഇരുന്നിരുന്ന ശിംശപാവൃക്ഷം മാത്രം ഒരു കേടുപാടുമില്ലാതെ തലയുയർത്തി നിന്നിരുന്നു.

രാവണകിങ്കരന്മാർ ദൂരെനിന്ന് തന്നെ ഹനുമാനെ കണ്ടു. അവർ ശൂലം, കുന്തം, തോമരം തുടങ്ങിയ ആയുധങ്ങളുമായി ഓടിച്ചെന്ന് ഹനുമാനെ വളഞ്ഞു. അമേയബലവാനായ മാരുതി അവിടെയുണ്ടായിരുന്ന പരിഘം എന്ന ഒരായുധമെടുത്ത് 'ഇന്ദ്രൻ വജ്രായുധത്താൽ അസുരന്മാരെയെന്നപോലെ' രാക്ഷസന്മാരെയെല്ലാം അടിച്ചുകൊന്നു. രാക്ഷസകിങ്കരന്മാർ മുഴുവൻ വധിക്കപ്പെട്ട വിവരമറിഞ്ഞ് രാവണൻ സംഹാരരുദ്രനെപ്പോലെ കോപം കൊണ്ട് വിറച്ചു. ഉടൻ തന്നെ തന്റെ മന്ത്രിയായ പ്രഹസ്തന്റെ പുത്രൻ ജംബുമാലിയെ വിളിച്ച് വാനരനെ ബന്ധിച്ചു കൊണ്ടുവരാൻ ആജ്ഞാപിച്ചു.

ജംബുമാലി ദീർഘകായനാണ്. ശത്രുക്കൾക്ക് അജയ്യനാണ്. ക്രോധസ്വഭാവിയാണ്. അയാൾ പൂമാലയണിഞ്ഞ്, ഒരു ചുവന്ന വസ്ത്രമുടുത്ത്, വലിയൊരു വില്ലും കൈയ്യിലേന്തി ആഞ്ജനേയനെ പിടിച്ചുകെട്ടാനായി അശോകവനികയിലേക്ക് പോയി. തന്നെ എതിരിടാൻ വന്ന രാക്ഷസരെയെല്ലാം കാലപുരിക്ക് അയച്ച ശേഷം ഗോപുരസ്ഥംഭത്തിന്റെ മുകളിൽ ഇനിയാരാണ് വരുന്നതെന്ന് നോക്കിയിരിക്കുകയായിരുന്നു മാരുതി.

ഹനുമാനെ കണ്ടയുടനെ ജംബുമാലി അതിശക്തങ്ങളായ ബാണങ്ങൾ കൊണ്ട് മാരുതിയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഗോപുരസ്ഥംഭത്തിൽ നിന്ന് ചാടിയിറങ്ങിയ ഹനുമാൻ മുൻപ് തന്നോടെതിരിടാൻ വന്ന രാക്ഷസപ്പടയെ സംഹരിക്കാൻ ഉപയോഗിച്ച പരിഘം കൊണ്ടു തന്നെ പ്രഹസ്തപുത്രനെയും അയാളുടെ അകമ്പടിയായി വന്ന രാക്ഷസപ്പടയെയും നാമാവശേഷമാക്കി.

തുടർന്ന് നിശാചരേശ്വരന്റെ നിയോഗമനുസരിച്ച് മന്ത്രിപുത്രന്മാർ എട്ടുപേർ വായുപുത്രനോട് എതിരിടാൻ പുറപ്പെട്ടു. ഇത്തവണ ആയുധങ്ങളൊന്നും ഉപയോഗിക്കാതെ രാക്ഷസന്മാരെ കൈ നിവർത്തി അടിച്ചും, കാലുകൾ കൊണ്ട് ചവിട്ടിയും, കൈനഖങ്ങളാൽ ഉദരം പിളർന്നും, തുടകളാൽ ഞെക്കിയും ധീരനായ ആഞ്ജനേയൻ യമപുരിക്ക് അയച്ചു.

ഇത്തവണ രാവണന് കോപത്തെക്കാൾ കൂടുതൽ ഭയമാണുണ്ടായത്. ഒരു വാനരന്റെ മുന്നിൽ താൻ ചെറുതായത് പോലെ അയാൾക്ക് തോന്നി. എന്നാലും ഭയമെല്ലാം ഉള്ളിലൊതുക്കി, ധൈര്യം സംഭരിച്ച് അഞ്ച് സേനാപതികളെ വിളിച്ച് യുദ്ധത്തിനയക്കുവാൻ തീരുമാനിച്ചു. പഞ്ചസേനാപതികളെ വിളിച്ച് ഗൗരവത്തോടെ അവർക്ക് മുന്നറിയിപ്പ് നൽകി.

"സേനാപതികളേ, വേണ്ടിടത്തോളം സൈന്യങ്ങളെ ശേഖരിച്ച് പുറപ്പെടുവിൻ. ആ കുരങ്ങന്റെ സമീപത്തെത്തുമ്പോൾ വളരെ ശ്രദ്ധിക്കണം. ഇതുവരെയുള്ള അവന്റെ പ്രവൃത്തികൾ ശ്രദ്ധിച്ചാൽ അവനൊരു സാധാരണ വാനരനാണെന്ന് ഞാൻ വിചാരിക്കുന്നില്ല. അതു കൊണ്ട് സ്വരക്ഷയെ എപ്പോഴും ശ്രദ്ധിക്കണം. പോരിൽ ജയപരാജയങ്ങൾ ഒഴിവാക്കാൻ പറ്റാത്തതാണ്".

സ്വാമിയുടെ ഉപദേശത്തെ ധീരന്മാരായ സേനാപതികൾ ശിരസാ സ്വീകരിച്ചു. യുദ്ധതന്ത്രങ്ങളിൽ അതിവിദഗ്ദ്ധന്മാരായ അവർ ആന, കുതിര, രഥങ്ങൾ, അസ്ത്രശസ്ത്രങ്ങൾ എന്നിവയോടു കൂടി അശോകവനികയിലേക്ക് യാത്രയായി.

വിരൂപാക്ഷൻ, യൂപാക്ഷൻ, ദുർദ്ധർഷൻ, പ്രഘസൻ ഭാസകർണ്ണൻ എന്നിവരാണ് രാവണന്റെ പഞ്ച സേനാപതികൾ. മഹാസേനാനികളായ ഇവർ സർവ്വ സന്നാഹങ്ങളോടും കൂടിയാണ് മാരുതിയെ നേരിടാൻ പുറപ്പെട്ടത്. എന്നാൽ അപരിമേയനായ ആഞ്ജനേയനാകട്ടെ, അവരെ കണ്ട ഭാവം നടിച്ചില്ല. അഞ്ചുപേരെയും യമലോകത്തേക്ക് അയക്കാൻ ഹനുമാന് അധികസമയം വേണ്ടി വന്നില്ല. പഞ്ചസൈന്യാധിപന്മാരെയും ഇങ്ങനെ നശിപ്പിച്ച ശ്രീരാമദാസൻ ശേഷിച്ച സൈന്യത്തെയും ബാക്കിയാക്കിയില്ല. ആ യുദ്ധസ്ഥലം കുതിരകൾ, ആനകൾ, പൊട്ടിപ്പൊളിഞ്ഞ തേരുകൾ, വീണുകിടക്കുന്ന രാക്ഷസന്മാർ എന്നിവരെക്കൊണ്ട് നടക്കുവാൻകൂടി സാധിക്കാത്ത വിധത്തിലായി.

തുടരും........

No comments:

Post a Comment