ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 September 2019

പഞ്ചമഹായജ്ഞങ്ങള്‍

പഞ്ചമഹായജ്ഞങ്ങള്‍

വേദാധ്യയനം ബ്രഹ്മയജ്ഞം.

അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം. പക്ഷിമൃഗാദിജന്തുക്കള്‍ക്കുവേണ്ടി നല്‍കുന്ന ബലി ഭൂതയജ്ഞം. അതിഥിപൂജ മനുഷ്യയജ്ഞവും.
അധ്യാപനം ബ്രഹ്മയജ്ഞം

പിതൃയജ്ഞസ്തുതര്‍പ്പണം
ഹോമോദൈവോ ബലിര്‍ഭൗതോ
നൃയജ്ഞോളതിഥി പൂജനം
വേദധ്യയനം ബ്രഹ്മയജ്ഞം. അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം.

പക്ഷിമൃഗാദിജന്തുക്കള്‍ക്കുവേണ്ടി നല്‍കുന്ന ബലി ഭൂതയജ്ഞം.

അതിഥിപൂജ മനുഷ്യയജ്ഞവും. ഈ അഞ്ചും ഗൃഹസ്ഥന്‍ അനുഷ്ഠിക്കേണ്ടതാണെന്ന് ഭാരതീയര്‍ പൂര്‍വകാലത്തു നിശ്ചയിച്ചു.
ഈ പഞ്ചമഹായജ്ഞങ്ങള്‍ ഏതുവിധം അനുഷ്ഠിക്കണമെന്ന് മനുസ്മൃതിയിലെ മൂന്നാം അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സദാചാര ജീവിതം ആഗ്രഹിക്കുന്നെങ്കില്‍ അതിലേക്കുള്ള മാര്‍ഗം പഞ്ചമഹായജ്ഞങ്ങളുടെ അനുഷ്ഠാനംകൊണ്ട് സാധ്യമാകും. വ്യക്തി തന്റെയും കുടുംബത്തിന്റെയും വിശ്വപരിസ്ഥിതിയുടെയും സൂക്ഷ്മഭൂതശക്തികളുടെയും വരുംതലമുറകളുടെയും ഭദ്രജീവിതത്തിനായി കര്‍മമനുഷ്ഠിക്കുമ്പോഴത്രേ അത് സദാചാരമാവുക. എന്നാല്‍ നമ്മുടെ ദേശകാലസ്ഥിതിക്കനുസരിച്ച് ഇവയെ അനുഷ്ഠിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന് ചിന്തിക്കാന്‍ മേല്‍വിവരിച്ച പഞ്ചമഹായജ്ഞങ്ങള്‍ ഓരോന്നായി പരിശോധിക്കണം.

ദൈവയജ്ഞം (ദേവപൂജ)

ഈശ്വരപ്രീതിക്കായി ഹോമം, സാളഗ്രാമാദിപൂജകള്‍, വിവിധങ്ങളായ യാഗങ്ങള്‍ തുടങ്ങിയവയാണ് ദേവപൂജ. ഇവയെല്ലാം ഈ കലിയുഗത്തില്‍ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ നടത്താന്‍ സാധാരണക്കാര്‍ക്ക് സാധ്യമല്ല. പിന്നെ എങ്ങനെയാണ് ദേവപൂജ നടത്തുക? ഈശ്വരചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കാന്‍ ശീലിക്കുക തന്നെ. അതായത് മാനസപൂജ. അത് ധനികനും ദരിദ്രനും ആകാമല്ലോ. നാം ഏതു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും കുടുംബജീവിതത്തെക്കുറിച്ചുള്ള ചിന്ത നമ്മെ വിട്ടുപിരിയാതെ പിന്തുടരും. അതുപോലെ എല്ലായ്‌പ്പോഴും മനസ്സില്‍ ഈശ്വരചിന്ത ഉണ്ടായിരിക്കാന്‍ അഭ്യസിക്കണം. എല്ലാം ഈശ്വരന്‍ തന്നുകൊള്ളും എന്നുകരുതി ഒന്നും പ്രവര്‍ത്തിക്കാതിരിക്കരുത്. ‘താന്‍ പാതി ദൈവം പാതി’ എന്ന പഴഞ്ചൊല്ല് അക്ഷരംപ്രതി അന്വര്‍ത്ഥമാണെന്നോര്‍ക്കുന്നത് നന്ന്. ഏതെങ്കിലും രീതിയിലുള്ള ഈശ്വരചിന്താഭ്യസനം തന്നെയാണ് മാനസപൂജ എന്ന് പറയുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും അധ്യാത്മ ശക്തിയെ ഇത് വര്‍ധിപ്പിക്കും.

പിതൃപൂജ

ഈശ്വരന്മാരെപ്പോലെ പിതൃഗുണങ്ങള്‍ എന്നൊന്നുണ്ടെന്ന് ഋഗ്വേദം. പിതൃക്കളുടെ സദ് വൃത്തികളെപ്പറ്റിയുള്ള വിശ്വാസം അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ഭാരതീയര്‍ക്കുണ്ടായിരുന്നു. ശ്രീമഹാഭാരതത്തില്‍ പിതൃക്കളുടെ വിഭാഗങ്ങളെപ്പറ്റിയും പിതൃപൂജയെപ്പറ്റിയും വ്യാസഭഗവാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഓരോ കുടുംബത്തിനും പ്രത്യേകം പിതൃക്കളുണ്ട്. നമ്മുടെ പിതാമഹന്മാരും പ്രപിതാമഹന്മാരും എല്ലാം പിതൃക്കളാണ്. ശ്രാദ്ധം, പാലൂട്ട്, പിണ്ഡം, ജലം എന്നിവകൊണ്ട് തര്‍പ്പണം. ഇങ്ങനെ പലതരത്തില്‍ പിതൃപൂജ ചെയ്യാം. നമ്മുടെ പൂര്‍വികന്മാര്‍ അനന്തര തലമുറകള്‍ക്കുവേണ്ടി ചെയ്ത സദ്കര്‍മങ്ങളെ നാം സ്മരിക്കണം. പഴഞ്ചന്മാരും പഴഞ്ചന്‍ മട്ടുകളും മോശമാണെന്ന ചിന്ത ഒരിക്കലും തോന്നാതിരിക്കണം. പണ്ടത്തെ കാരണവന്മാരെ ആദരിക്കുക, നമസ്‌കരിക്കുക തുടങ്ങിയവകൊണ്ട് അവരുടെ അനുഗ്രഹം ആഗ്രഹിച്ചവരായിരുന്നു ഭാരതീയര്‍. പിതൃലോകം മഹാസ്മൃതിയുടെയും അസ്തമിച്ചുപോകാത്ത സൂക്ഷ്മമായ ഊര്‍ജത്തിന്റെയും ലോകമാണ്. ഓരോ ജീവകോശത്തിന്റെയും ഉള്ളിലുള്ള സംസ്‌കാര സ്മൃതിയില്‍ പിതൃക്കളുടെ ലോകവുമടങ്ങുന്നു. നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ നേടിത്തന്ന പൂര്‍വകാല ശാസ്ത്രജ്ഞന്മാരെയും പൂര്‍വപിതാക്കളെയുമെല്ലാം നമ്മുടെ പിതൃഗണങ്ങളായി കണക്കാക്കണം. ഇന്ന് ജീവിച്ചിരിക്കുന്ന വന്ദ്യവയോധികന്മാരെയും നാം ആദരിക്കണം.

അഭിവാദനശീലസ്യ
നിത്യംവൃദ്ധോപസേവിതം
ചത്വാരി സംപ്രവൃദ്ധതേ
ആയുര്‍വിദ്യാ യശോ ബലം
നിത്യവും വന്ദ്യന്മാരെ വന്ദിക്കുന്നതുകൊണ്ട് (വന്ദിക്കുന്നവന്) ആയുസ്സ്, വിദ്യ, യശസ്സ്, ബലം ഇവ നാലും വേണ്ടതുപോലെ വൃദ്ധി പ്രാപിക്കുന്നു.
(മനുസ്മൃതി)

ബ്രഹ്മയജ്ഞം (ഋഷിപൂജ)

വേദാധ്യയനം ബ്രഹ്മയജ്ഞം. അതുതന്നെയാണ് ഋഷി പൂജ എന്നുപറയുന്നത്. അതായത് ഗുരുപൂജ. ലോകത്തിന്റെ അടിത്തറ കണ്ടറിഞ്ഞവരാണ് ഋഷിവര്യന്മാര്‍. അവര്‍ ഭാവി തലമുറകള്‍ക്കുവേണ്ടി സത്യം ദര്‍ശിച്ചവരത്രെ. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ ഋഷിപ്രോക്തങ്ങളാണ്. ആ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ പാരായാണവും ഋഷിപൂജ തന്നെ. ജ്ഞാന സമ്പാദനം, ജ്ഞാനത്തിന്റെ ഉറവിടങ്ങളോടുള്ള ആരാധന, ജ്ഞാനാന്വേഷണം, ജ്ഞാന പ്രകാശനം ഇവയെല്ലാം ബ്രഹ്മയജ്ഞമാണ്. ‘പ്രജ്ഞാനം ബ്രഹ്മ’ എന്നതിന്റെ സാരം ഗ്രഹിച്ചാല്‍ ജ്ഞാനയജ്ഞമെന്താണെന്ന് മനസ്സിലാകും. ഉപജീവനത്തിനുള്ള വഴിതേടുകയല്ല വിദ്യാഭ്യാസം. ആത്മശുദ്ധികരവും ലോകശുദ്ധികരവുമായ സത്യജ്ഞാനം നേടുവാനുള്ള യജ്ഞമാണത്. വേദപഠന പ്രധാനമായ ഋഷിപൂജയെ ഇന്നത്തെ സാഹചര്യങ്ങളോട് യോജിപ്പിക്കണം. വായനയും ചിന്തയുംകൊണ്ടേ ജ്ഞാനം ഉണ്ടാകൂ. അധ്യയനവും അധ്യാപനവും ബ്രഹ്മയജ്ഞം തന്നെയാണ്. അധ്യയനം തപസ്യയായി സ്വീകരിക്കണം. ഹനുമാന്‍ വേദം പഠിച്ചത് സൂര്യദേവനില്‍നിന്നാണെന്ന് പറയുന്നു. സൂര്യന്‍ ഉദിച്ച് മുന്‍പോട്ട് സഞ്ചരിക്കും. ഹനുമാന്‍ സൂര്യന് അഭിമുഖമായി പിന്നോട്ട് നടന്നാണ് വേദങ്ങള്‍ അഭ്യസിച്ചതത്രെ. അതൊരു തപസ്യ തന്നെയാണ്. അത്രത്തോളം പോയില്ലെങ്കിലും അവധാനപൂര്‍വം സത്ഗ്രന്ഥങ്ങള്‍ പഠിച്ചാലും മതി. ഏവംവിധേന ഉള്ള പഠനങ്ങള്‍ ബ്രഹ്മയജ്ഞമാണ് എന്ന് ധരിക്കണം. ലോകശാന്തിക്ക് അവശ്യം വേണ്ടത് ഈ ഋഷിപൂജതന്നെയാണ്.

ഭൂതയജ്ഞം (ഭൂതബലി)

പക്ഷിമൃഗാദികള്‍ക്കുവേണ്ടി നല്‍കുന്ന ബലിയാണ് ഭൂതബലി. ഭോജ്യവസ്തുക്കളുടെ ഉല്‍പാദനത്തിനുവേണ്ടി കൃഷിസ്ഥലങ്ങള്‍ നന്നാക്കുമ്പോള്‍ നാം അറിയാതെ തന്നെ അനവധി ചെറുപ്രാണികളെ കൊല്ലുകയും പക്ഷിമൃഗാദികള്‍ക്ക് ഉപദ്രവം ഏല്‍പിക്കുകയും വേണ്ടിവരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഹിംസാദോഷത്തിന് പ്രായശ്ചിത്തം കൂടിയാണ് ഭൂതബലി. ഇന്ന് ജീവികള്‍ക്ക് പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ ആവോളം ലഭിക്കാറില്ല. അപ്പോള്‍ ഈ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ ആഹാരം വേണം. അതുകൊടുക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കും. ആഹാരസാധനങ്ങള്‍ മുറ്റത്ത് എറിഞ്ഞുകൊടുത്തും മറ്റും പലതരത്തില്‍ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുതന്നെയാണ് ഭൂതബലി. നമ്മുടെ പൂര്‍വികന്മാര്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കാക്കയ്ക്കും പൂച്ചയ്ക്കും പട്ടിക്കും മറ്റും ആഹാരം കൊടുക്കുന്ന പതിവുണ്ടായിരുന്നു. മനുഷ്യന്റെ ദാനശീലം മനുഷ്യരില്‍ മാത്രം ഒതുങ്ങി നിന്നാല്‍പ്പോരാ. ഭൂമിയുടെ അവകാശികളെന്ന് പറയുന്ന സര്‍വജീവജാലങ്ങളിലേക്കും അത് വ്യാപിക്കണം. ഈ ദാനശീലം മനുഷ്യനെ മാത്രം ഉദ്ദേശിച്ചാകുമ്പോള്‍ അത് മനുഷ്യപൂജയായി. അതുതന്നെയാണ് നൃയജ്ഞം അഥവാ അതിഥിപൂജനം.

നൃയജ്ഞം (അതിഥിപൂജ)

മനുഷ്യപൂജ തന്നെയാണ് അതിഥിപൂജ. ‘അതിഥി ദേവോ ഭവ’ എന്നത്രേ വൈദികാനുശാസനം. ആരാണ് അതിഥി? യാദൃച്ഛികമായി വന്ന് ഒരു രാത്രി മാത്രം താമസിക്കുന്നവനെയാണ് അതിഥി എന്നുപറയുന്നത്. യദൃച്ഛയാ ഗൃഹത്തില്‍ വന്നവനും പേര്, കുലം, സ്ഥാനമാനങ്ങള്‍ ഇവയെക്കുറിച്ച് ഒന്നും അറിയപ്പെടാത്തവനുമാണ് അതിഥി. അതിഥി ഭഗ്നാശയനായി മടങ്ങിയാല്‍ ഗൃഹനാഥന്റെ പുണ്യവും എടുത്തുകൊണ്ടുപോകുമത്രേ. ഇരിക്കാന്‍ ഒരു പായ്, കുടിക്കാനും കാലുകഴുകാനും ഇത്തിരിവെള്ളം, നല്ല വാക്ക് എന്നിവ സജ്ജനങ്ങളുടെ ഗൃഹത്തില്‍ ഒരിക്കലും ഇല്ലാതെവരികയില്ല. തനിക്കും കുടുംബത്തിനും കഴിക്കാന്‍ തയ്യാറാക്കിവച്ചിരുന്ന ധാന്യമാവ് അതിഥിക്കു നല്‍കി കുടുംബാംഗങ്ങള്‍ പട്ടിണി കിടന്ന് അതിഥിയെ പൂജിച്ചതിന്റെ പുണ്യംപോലും ധര്‍മപുത്രര്‍ നടത്തിയ യാഗത്തിനില്ല എന്ന് ഒരു കീരി പറയുന്ന കഥ മഹാഭാരതത്തില്‍ കാണാം (കീരിയുടെ കഥ). യാഗത്തേക്കാള്‍ ശ്രേഷ്ഠമാണ് അതിഥി പൂജ എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

ഏതുതരത്തിലുള്ള പരോപകാരത്തേയും മനുഷ്യപൂജയായി കണക്കാക്കാം. അത് നിസ്വാര്‍ത്ഥവും പ്രത്യുപകാരം ആവശ്യപ്പെടാത്തതും ആയിരിക്കണം. ‘അരാതി’ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ദാനം ചെയ്യാത്തവന്‍ എന്നാണ്. ശത്രു എന്ന അര്‍ത്ഥത്തിലും അരാതിശബ്ദത്തെ ഉപയോഗിക്കാറുണ്ട്. അപ്പോള്‍ ദാനം ചെയ്യാത്തവന്‍ ലോകശത്രു ആകുന്നു എന്നു വന്നുകൂടുന്നു. ദാനത്തില്‍ ശ്രേഷ്ഠം അന്നദാനമാണ്. മറ്റു ദാനങ്ങളും ഇന്ന് സജ്ജനങ്ങള്‍ നടത്താറുണ്ട്. നേത്രദാനം, രക്തദാനം, വൃക്കദാനം, കരള്‍ദാനം തുടങ്ങിയ ദാനങ്ങള്‍ വ്യക്തികളും സംഘടനകളും ചെയ്യാറുണ്ട്. ചെയ്യേണ്ടതാണ്.

ധര്‍മക്കാരന്‍ ചമഞ്ഞ് അലസജീവികളായ ധാരാളം ആളുകള്‍ നമ്മുടെ ഗൃഹങ്ങളില്‍ വന്നുചേരാറുണ്ട്. അപാത്രത്തില്‍ ദാനം ദാതാവിന് ആപത്തും പാപവും ഉളവാക്കും. അതുകൊണ്ട് ഈ കലിയുഗത്തില്‍ അതിഥിപൂജ തുടങ്ങിയ സത്കര്‍മങ്ങള്‍ ധര്‍മപര്യവസായിയായിരിക്കാന്‍ വിഷമമുണ്ട്. പല രീതിയിലുള്ള കാപട്യമുള്ളവര്‍ പല വേഷത്തില്‍ ഗൃഹങ്ങളില്‍ എത്താറുണ്ട്. അതുകൊണ്ട് ഗൃഹത്തില്‍ വരുന്ന അതിഥികളെ തിരിച്ചറിയുക ഏറെ ദുഷ്‌കരമാണ്. എന്നാലും ദാരിദ്ര്യം, രോഗം, വാര്‍ധക്യം, അനാഥത്വം ഇവയാല്‍ ദീനതയനുഭവിക്കുന്നവരെ അവശ്യം സഹായിക്കേണ്ടതാണ്. ഒരു നേരത്തെ ആഹാരം, അല്‍പം ആശ്വാസ വചനങ്ങള്‍ ഇവ ആകാമല്ലോ. അതാണ് മനുഷ്യപൂജ.

‘ ന കം ചന വസതൗ പ്രത്യാച ക്ഷിത്’ (തൈത്തരീയോപനിഷത്). കൊടുക്കാതെ ഭക്ഷിക്കുന്ന ഭോഗവാനെ മരണങ്ങള്‍ പ്രാപിക്കുന്നു.
‘ഉതാശിതമുപഗച്ഛന്തി മൃത്യുവഃ (ഋഗ്വേദം)
തനിയെ ഭക്ഷിക്കുന്നവന്‍ പാപത്തെത്തന്നെ ഭുജിക്കുന്നു. അന്യര്‍ക്ക് കൊടുക്കാതെ ഭക്ഷിക്കുന്നവന്‍ കള്ളനാണ്.

മനുഷ്യമനസ്സിനെ സംസ്‌കരിക്കുവാനുള്ള അനേകമാര്‍ഗങ്ങളില്‍ അതിപ്രധാനങ്ങളാണ് പഞ്ചമഹായജ്ഞങ്ങള്‍. ഇവ കാലാനുകൂലമായ ഭേദങ്ങളോടെ നിത്യജീവിതത്തില്‍ നടപ്പാക്കാവുന്നതാണ്. ഈ യജ്ഞങ്ങള്‍ ഗ്രാമവാസികള്‍ക്കും നഗരവാസികള്‍ക്കും കുബേരകുചേലഭേദമെന്യേ നിഷ്പ്രയാസം അനുഷ്ഠിക്കാന്‍ സാധിക്കും. യജ്ഞം എന്ന പദം ചിലപ്പോള്‍, കാലസവിശേഷതകൊണ്ട് ഏവര്‍ക്കും ഇഷ്ടപ്പെട്ടു എന്നുവരില്ല. എന്നാല്‍ പഞ്ചമഹായജ്ഞമെന്ന ദര്‍ശനത്തെ വിസ്മരിക്കാനാവില്ല.

മണ്‍മറഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാം ഒരു മഹാപ്രഭാവത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണെന്നും എല്ലാം പൂജനീയമാണെന്നും ആരും അന്യരല്ലെന്നുമുള്ള ഭാരതീയ വിശ്വദര്‍ശനത്തിന്റെ കര്‍മപാഠമാണ് യഥാര്‍ത്ഥത്തില്‍ പഞ്ചമഹായജ്ഞകല്‍പനയ്ക്കാധാരം.

No comments:

Post a Comment