ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 September 2019

ഈശ്വരസ്വരൂപം

ഈശ്വരസ്വരൂപം

നമുക്ക് കാണാൻ കഴിയുന്നതെല്ലാം ജഡവസ്തുക്കളാണ്. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തത്ര ചെറിയ ആറ്റങ്ങൾ പോലും സ്വയം പ്രവർത്തിക്കുന്നവയാണ്. ഈ അതിസൂക്ഷ്മമായ ആറ്റങ്ങളുടെ പ്രവർത്തനം തുടങ്ങി, സൗരയൂധത്തിലുള്ള ഗ്രഹങ്ങളുടെ ചലനവും കടന്ന് അതിനപ്പുറമുള്ള പ്രപഞ്ചത്തിന്റെ പ്രവർത്തനങ്ങളും, ഇനി അതിനുമപ്പുറം വല്ലതുമുണ്ടെങ്കിൽ അതും സാധ്യമാകണമെങ്കിൽ അതിന് അനന്തമായ ഒരു ശക്തിയുടെ (Energy) ആവശ്യകതയുണ്ട്..

നമ്മുടെ ഹൃദയം നമ്മൾ ഭൂജാതരാകുന്നതിന് മാസങ്ങള്‍ക്ക് മുൻപേ തന്നെ മിടിച്ച് തുടങ്ങുന്നു. നമ്മുടെ വൃക്കകൾ, നാഡീഞരമ്പുകൾ, ഓർമ്മയുടെ ഉറവിടം, ചിന്തയുടെ ആസ്ഥാനം, ഇങ്ങനെ പലതും ഒരു വ്യക്തിയുടെ ശരീരത്തിനുള്ളിൽ നിരന്തരം പ്രവർത്തിക്കുന്നു. നൂറ് ശതമാനവും സ്വയം. ഉറക്കത്തിൽ പോലും. ഇതെങ്ങനെ സംഭവിക്കുന്നു  .

പക്ഷേ ഒരു ഹൃദയത്തിന് മിടിക്കാൻ വേണ്ട ശക്തിസ്രോതസ്സ്, അതെവിടെനിന്നുണ്ടാകുന്നു?. ഗർഭസ്ഥശിശുവിന് അമ്മയുടെ പൊക്കിൾകൊടിയിലൂടെയും, കൈകുഞ്ഞിന് മുലപ്പാലിലൂടെയും, അതിനുശേഷം നമ്മൾ കഴിക്കുന്ന ആഹാരത്തിലൂടെയുമുള്ള ഊർജ്ജമാണ് ആകെകൂടി നമ്മളാൽ അകത്താക്കപ്പെടുന്നത്. അതുകൂടാതെ സൂര്യരശ്മിയിൽ നിന്നുമോ, മറ്റ് പ്രപഞ്ചശക്തികളിൽ കൂടിയോ ഒരുപക്ഷേ നമ്മുടെ ശശരീരത്തിലേക്ക് ഊർജ്ജം പ്രവഹിക്കുന്നുണ്ടാകാം. ഈ ഊർജ്ജം ഒരു ഹൃദയം മിടിക്കാൻ പാകത്തിൽ എങ്ങനെ പരിണമിക്കുന്നു....? ചിന്തയ്ക്കധീതം. പക്ഷേ ഒരു കാര്യം വ്യക്തം. സകലതിലും അടങ്ങിയിരിക്കുന്ന ആ ജഗദീശ്വരചൈതന്യമാണ് ഇതെല്ലാം സാധ്യമാക്കുന്നത്.  അത്യത്ഭുതകരമാം വിധം ഇതെല്ലാം പ്രവർത്തിക്കുന്നത്..

ഭൂമിയിൽ ചരാചരമായി എന്തെല്ലാം ഉണ്ടോ, അങ്ങനെയുള്ള സർവ്വജന്തുക്കളുടേയും അന്തരാത്മാവായ ആ ചൈതന്യം  വാസ്യമാകുന്നു .

എല്ലാത്തിന്റേയും ഉള്ളിൽ കുടികൊള്ളുന്നു എന്നു മഹത്തുക്കൾ പറയുന്നു. എന്തായാലും സ്ഥലപരമായ ഉൾവശമെല്ലന്നിരിക്കെ, പുറംകണ്ണുകൊണ്ട് ഈ അവസ്ഥയിൽ കാണാനും കഴിയില്ല എന്ന് നിശ്ചയം. കാരണം പുറം കണ്ണ് വെളിയിലുള്ളത് കാണാനുള്ളതാണ്. അകകണ്ണുകൊണ്ട് നമുക്ക് നമ്മുടെ തന്നെ ഉള്ളിലേക്കൊന്നു നോക്കാം. രാവിലെ എഴുന്നേല്‍ക്കുന്നുണ്ട്, ഹൃദയം മിടിക്കുന്നുണ്ട്, വിശക്കാൻ തുടങ്ങിയിരിക്കുന്നു, ദിവസം മുഴുവൻ ചെയ്യേണ്ടത് ചെയ്യുന്നുണ്ട്, അതിന്റെയർത്ഥം ആ ചൈതന്യം നമ്മുടെ ഉള്ളിലും കുടികൊള്ളുന്നുണ്ട് എന്നാണ്. ഇവിടെയാണ് "ബ്രഹ്മസത്യം ജഗന്മിഥ്യ" എന്നു ശ്രീശങ്കരൻ പറഞ്ഞത് നാം ഓർമ്മിക്കേണ്ടത്. ആ ബ്രഹ്മമൊഴിച്ച് ബാക്കി സർവ്വവും മായയാണ്. ആ മായകൊണ്ട് മൂടപ്പെട്ടിരിക്കുന്നു നമ്മുടെയുള്ളിലെ ബ്രഹ്മമെന്ന സത്യത്തെ. തുടക്കത്തിൽ അകകണ്ണുകൊണ്ടുപോലും കാണാൻ കഴിയില്ലെങ്കിലും, നിരന്തരപ്രരിശ്രമം കൊണ്ട് നമുക്ക് ആ ദീപത്തെ കൂടുതൽ കൂടുതൽ പ്രകാശമാനമാക്കാൻ കഴിയും. പ്രകാശിച്ച് പ്രകാശിച്ച് നമുക്ക് ചുറ്റും ഒരു പ്രകാശവലയം തന്നെ സൃഷ്ടിക്കപ്പെടുന്നത് നമുക്ക് അറിയാൻ കഴിയുമത്രെ...

No comments:

Post a Comment