തീർഥത്തിനുള്ളിൽ ശ്രീകോവിലുള്ള ക്ഷേത്രം
പ്രകൃതിയോടൊപ്പംവിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്ന നാടാണ് കണ്ണൂർ. തെയ്യവും പൂരവും ഒക്കെ ഒരേ മനസ്സോടെ ആഘോഷിക്കുന്ന കണ്ണൂരിന്റെ വിശ്വാസത്തിന് തിളക്കമേകുന്ന ഒരു ക്ഷേത്രമാണ് പരിയാരത്തിന് സമീപമുള്ള വെള്ളാലത്ത് ശിവക്ഷേത്രം. പ്രത്യേകതകളും വിശ്വാസങ്ങളും ഏറെയുണ്ട് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി. ശൈവവിശ്വാസികൾ തേടിയെത്തുന്ന വെള്ളാലത്തപ്പന്റെ വിശേഷങ്ങളിലേക്ക്..
ശ്രീകോവിലിനുള്ളിൽ വെള്ളത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന വെള്ളാലത്തപ്പൻ വിശ്വാസികളുടെ ആശ്രയ കേന്ദ്രമാണ്. ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഗംഗാ നദിയുടെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ ശ്രീകോവിലിലെ വെള്ളത്തിൽ വേലിയിറക്കവും വേലിയേറ്റവും അനുഭവപ്പെടാറുണ്ട്.
ജ്യോതിർലിംഗമാണ് ഇവിടെയുള്ളത്. ഭൂമിക്കടയിൽ നിന്നുളള ശുദ്ധമായ നീരുറവയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതിനാലാണത്രെ വെള്ളാലത്തപ്പൻ എന്ന പേരു വന്നത്. പുണ്യ നദിയായ ഗംഗയുടെ സാന്നിധ്യമുള്ളതിനാൽ കൂടുതൽ പവിത്രമായ ഭൂമിയാണ് ഇതെന്നും ഇവിടുള്ളവർ വിശ്വസിക്കുന്നു. ദക്ഷയാഗ സമയത്തെ ശിവനെ സങ്കല്പ്പിച്ച് ഈ ശുദ്ധജലമാണ് തീർഥമായി വിശ്വാസികൾക്ക് നല്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപാ കാടുമൂടിക്കിടന്ന ഒരു പ്രദേശമായിരുന്നുവത്രെ ഇത്. ഒരിക്കൽ ഇവിടെ വന്ന ഒരാളാണ് വളരെ അവിചാരിതമായി കാടുമൂടിയ നിലയിലുള്ള ജ്യോതിർലിംഗവും നീരുറവയും കണ്ടെത്തുന്നത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ അയാൾ സമീപത്ത് തപസ്സു ചെയ്യുകയായിരുന്ന മുനിയോട് കാര്യങ്ങൾ അറിയിക്കുകയും അദ്ദേഹം ദൈവീക സാന്നിധ്യം മനസ്സിലാക്കി ഇവിടെ ക്ഷേത്ര നിർമ്മാണത്തിനു മുൻകൈ എടുക്കുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗം, ഭൂതഗണങ്ങൾ, ബ്രഹ്മരക്ഷസ് എന്നീ ഉപദേവതമാരാണ് ക്ഷേത്രത്തിനുള്ളത്. ഗോപുരം, കുളം, കൂത്തമ്പലം തുടങ്ങി എല്ലാം ക്ഷേത്രത്തിലുണ്ട്.
രൗദ്രഭാവത്തിലുള്ള ശിവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ഗോപുരം നേരേ നടയിലല്ല സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നല്കിയ മഹർഷിയുടെ സമാധിയും ഇവിടെയുണ്ട്. സമാധിത്തറയിൽ വിളക്കുവെച്ച് ആരാധനയും നടത്താറുണ്ട്.
കർക്കിടക മാസത്തിലെ നിറ അടിയന്തരം, ശിവരാത്രി, രാമായണ മാസം തുടങ്ങിയവ ഇവിടെ ആഘോഷിക്കുന്നു. ശിവരാത്രിയുടെ ഭാഗമായാണ് ഉത്സവം നടക്കുന്നത്.
ഒരിക്കൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാൾക്ക് വെള്ളാലത്തപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്ന തീർഥത്തിന്റെ ആഴമറിയണമെന്നൊരു മോഹമുണ്ടായി. തന്റെ സ്വർണ്ണ മോതിരം നൂലിൽ കെട്ടി തീർഥത്തിലേക്കിറക്കി ആഴം നോക്കാനായിരുന്നു പദ്ധതി. മണിക്കൂറുകൾ നൂലിറക്കിയിട്ടും ഇതിനൊരവസാനവും കണ്ടില്ല. അവസാനം മടുത്ത അയാൾ നൂൽ തിരിച്ചു വലിച്ചെങ്കിലും മുകളിലെത്തിയപ്പോൾ മോതിരം കാണാനില്ല. അവസാനം കുറേ മാസങ്ങൾക്കു ശേഷം ഒരു ക്ഷേത്രക്കുളത്തിൽ നിന്നും പിടിച്ച മീനിന്റെ വയറ്റിൽ നിന്നും ആ മോതിരം കണ്ടെടുത്തുവത്രെ. വെള്ളാലത്ത് ക്ഷേത്രത്തിൽ നിന്നും 14 കിലോമീറ്റർ അകലെയുണ്ടായിരുന്ന മാടായിപ്പാറയിലെ വടക്കുന്ന് ക്ഷേത്രത്തിലെ കുളത്തിൽ നിന്നുമാണ് അത് ലഭിച്ചത് എന്നാണ് വിശ്വാസം.
കണ്ണൂർ ജില്ലയിൽ പരിയാരത്തിനു സമീപം കടന്നപ്പള്ളി ഗ്രാമത്തിലാണ് വെള്ളാലത്ത് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും രണ്ടു കിലോമീറ്റർ വടക്കു മാറിയാണ് ക്ഷേത്രമുള്ളത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും ഇവിടേക്ക് 7 കിലോമീറ്റർ ദൂരമുണ്ട്.
No comments:
Post a Comment