ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 September 2019

ഭക്ത ഹനുമാൻ - ഭാഗം - 16

ഭക്ത ഹനുമാൻ

ഭാഗം - 16

ഹനുമാന്റെ വാക്കുകൾ കേട്ടപ്പോൾ വാനരവീരന്മാർക്ക് വളരെ സന്തോഷമായി. യുവരാജാ അംഗദൻ തന്റെ അഭിപ്രായം വ്യക്തമാക്കി. "പ്രിയ വാനരവര്യന്മാരേ, ഹനുമാൻ ദുർജ്ജയമായ ബലത്താൽ ലങ്കാപുരി ഭസ്മാക്കിയ കഥ നാം കേട്ടു. പക്ഷെ, ദേവിയെ കണ്ടു; എന്നാൽ കൊണ്ടുവന്നില്ല എന്നത് നമുക്കൊരു കളങ്കമാവില്ലേ? രാക്ഷസപ്പടയെ തോൽപ്പിച്ച്, രാവണനെയും നിഗ്രഹിച്ച് ദേവിയെ കൊണ്ടുവന്ന് ശ്രീരാമപ്രഭുവിന്റെയും സുഗ്രീവന്റെയും സവിധത്തിലേക്ക് പോവുകയാണ് നാം ചെയ്യേണ്ടത്.

യുവരാജാവിന്റെ വാക്കുകൾ എല്ലാവരെയും സന്തുഷ്ടരാക്കി. എന്നാൽ പരമശ്രേഷ്ഠനും, വിവേകശാലിയുമായ ജാംബവാന്റെ മുഖത്ത് ഒരു സന്ദേഹം നിഴലിച്ചത് ഹനുമാൻ കണ്ടു. ജാംബവാൻ സന്തോഷഭാവത്തിൽ പറഞ്ഞു: "യുവരാജാവേ, അങ്ങ് അതിബുദ്ധിശാലിയാണ്. എന്നാലും ഈ ആലോചന നല്ലതാണെന്ന് തോന്നുന്നില്ല. സീതാന്വേഷണത്തിന് തെക്കൻ ദിക്കിലേക്ക് അയച്ചവരാണ് നമ്മൾ. സീതാദേവി എവിടെയാണെന്ന് കണ്ടു പിടിക്കാനാണ് കൽപ്പന. കൊണ്ടുവരാൻ പറഞ്ഞിട്ടില്ല. മാത്രമല്ല, എല്ലാ വാനരരും ഒരുമിച്ചുനിൽക്കുമ്പോൾ ശ്രീരാമദേവൻ കോദണ്ഡമെടുത്ത് 'ദേ‌വി എവിടെയാണെങ്കിലും ഞാൻ കൊണ്ടുവരും' എന്ന് പറഞ്ഞത് ഓർമ്മയില്ലേ? അതുകൊണ്ട് നമ്മെ ഏൽപ്പിച്ച കാര്യം ഭംഗിയായി സാധിപ്പിച്ച വർത്തമാനം അറിയിക്കുവാൻ ശ്രീരാമലക്ഷ്മണൻന്മാരും സുഗ്രീവനും ഇരിക്കുന്ന സ്ഥലത്തേക്ക് പോകാം."

ജാംബവാന്റെ അഭിപ്രായം, അംഗദൻ ഹനുമാൻ തുടങ്ങിയ വാനരപ്രമുഖന്മാർക്കെല്ലാം ഉചിതമായിത്തോന്നി. മാരുതിയെ മുന്നിലാക്കി സർവ്വവാനരന്മാരും മഹേന്ദ്രഗിരിയിൽ നിന്നും ചാടിപ്പുറപ്പെട്ടു. പോകുന്ന വഴിയിൽ അവർക്ക് മധുവനം കടന്നുപോകേണ്ടതുണ്ട്. കിഷ്‌കിന്ധയില്‍ സുഗ്രീവന്‍ സംരക്ഷിക്കുന്ന അത്യുൽകൃഷ്ടമായ ആരാമമാണ് മധുവനം. അനേകം ഫലവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ ആരാമം ദേവേന്ദ്രന്റെ നന്ദനോദ്യാനം പോലെ പ്രശോഭിക്കുന്നതാണ്. മധുവനത്തിന് സമിപമെത്തിയപ്പോള്‍ വാനരന്മാര്‍ അംഗദനോടു പറഞ്ഞു. ''വീരാ ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ട്. ഈ വനത്തിലെ മധുരഫലങ്ങള്‍ ഭക്ഷിക്കാനും അമൃതജലം കുടിക്കാനും അനുവദിക്കണം." അംഗദന്‍ അനുവദിച്ചപ്പോള്‍ വാനരന്മാര്‍ കൂട്ടത്തോടെ അകത്തുകയറി ഇഷ്ടംപോലെ ഭക്ഷിക്കാനും മധുപാനം ചെയ്യാനും തുടങ്ങി.

അംഗദന്റെ അനുവാദത്തോടെ ധൈര്യമായി വാനരന്മാര്‍ മധുവനത്തില്‍ കടന്ന് മദ്യപിച്ച് മദോന്മത്തരായി. ചിലര്‍ പാടുന്നു, ചിലര്‍ നൃത്തം ചെയ്യുന്നു, ചിലര്‍ നമസ്‌ക്കരിക്കുന്നു, അന്യോന്യം കെട്ടിപ്പിടിക്കുന്നു. എല്ലാവരും ഇങ്ങനെ കൂത്താടിയപ്പോള്‍ ആ മനോഹരമായ ഉദ്യാനം ആകെ നശിക്കാന്‍ തുടങ്ങി. മധുവനം സൂക്ഷിക്കുന്നത് സുഗ്രീവന്റെ അമ്മാവന്‍ ദധിമുഖനാണ്. വാനരന്മാര്‍ മധുവനത്തില്‍ കയറി നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ദധിമുഖൻ കാവല്‍ക്കാരെ വിട്ട് തടഞ്ഞു. അവരെ എല്ലാവരും വളഞ്ഞിട്ടു തല്ലിച്ചതച്ചു. അവർ നാലുപാടും പാഞ്ഞൊളിച്ചു.  മധുപാനം കൊണ്ട് മത്തരായി വാനരന്മാർ ദധിമുഖനെ നിലത്തിട്ടു വലിച്ചിഴച്ചു. വൃദ്ധനായ അയാള്‍ അവരില്‍നിന്നും രക്ഷപ്പെട്ട് സുഗ്രീവന്റെ അടുത്തെത്തി.

ഓടിയെത്തിയ ദധിമുഖൻ കരഞ്ഞുകൊണ്ട് സുഗ്രീവന്റെ കാൽക്കൽ വീണു. കാര്യമെന്തെന്നറിയാതെ അമ്പരന്നുനിന്ന സുഗ്രീവനോട് വൃദ്ധവാനരൻ ദധിമുഖൻ പറഞ്ഞു: "മഹാരാജാവേ, മധുവനം ഇതിനുമുൻപ് ഒരുകാലത്തും ഋക്ഷരാജാവോ, ബാലിയോ, അവിടുന്നോ ആരുംതന്നെ വാനരന്മാർക്ക് യഥേഷ്ടം സുഖിപ്പാനായി അനുവദിച്ചിട്ടില്ലല്ലോ. അത്രമാത്രം പ്രാധാന്യമുള്ള മധുവനം വാനരന്മാർ നശിപ്പിച്ചിരിക്കുന്നു. യുവരാജാവ് അംഗദനും പവനപുത്രനുമാണ് അവർക്ക് അതിനനുവാദം നൽകിയത്."

അതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് സന്തോഷത്തോടെ സുഗ്രീവന്‍ പറഞ്ഞു: ''പവനകുമാരന്‍ സീതയെ കണ്ട് തിരിച്ചെത്തിയെന്നതിനു സംശയമില്ല. അങ്ങനെയല്ലെങ്കില്‍ എന്റെ മധുവനത്തില്‍ അവര്‍ നോക്കുകപോലുമില്ല.'' ഇതുകേട്ടുകൊണ്ട് ലക്ഷ്മണനും താമസിയാതെ ഭഗവാന്‍ രാമനും അവിടെയെത്തി. ശ്രീരാമൻ ചോദിച്ചു: *'രാജന്‍ സീതയെപ്പറ്റി നിങ്ങളെന്താണു സംസാരിക്കുന്നത്?'' സുഗ്രീവന്‍ പ്രസന്നതയോടെ പറഞ്ഞു: ''ഭൂമിസുതയായ ജാനകിയുടെ വിവരം കിട്ടിയെന്നു തോന്നുന്നു. ഹനുമാന്‍ തുടങ്ങിയ സകല വാനരന്മാരും മധുവനത്തില്‍ കയറി കൂത്താടുകയാണ്. കാവല്‍ക്കാരെ അവര്‍ തല്ലുന്നു. അങ്ങയുടെ കാര്യം സാധിക്കാതെ വന്നതാണെങ്കില്‍ ഇവര്‍ എന്റെ മധുവനത്തിന്റെ നേര്‍ക്ക് നോക്കാന്‍പോലും ധൈര്യപ്പെടില്ല."

"അമ്മവാ, നിങ്ങളവരെ തടയണ്ട. അംഗദാദികളെ വേഗം എന്റെ അടുക്കല്‍ വരാന്‍ ഞാന്‍ ആജ്ഞാപിച്ചതായി അറിയിക്കുക.'' എന്ന് പറഞ്ഞ് ദധിമുഖനെ അയച്ചു.

ദധിമുഖൻ മധുവനത്തിൽ തിരിച്ചെത്തിയപ്പോൾ മധുപാനം കൊണ്ട് മത്തരായ വാനരന്മാർ സ്വബോധം വീണ്ടെടുത്ത് കഴിഞ്ഞിരുന്നു. എല്ലാവരും എഴുന്നേറ്റിരിക്കുകയാണ്. ദധിമുഖൻ തൊഴുതുകൊണ്ട് അംഗദന്റെ സമീപത്ത് ചെന്ന് മയത്തിൽ പറഞ്ഞു: "യുവരാജാവേ, ഞങ്ങൾ തടുത്തതിൽ അവിടുത്തേക്ക് വിരോധം തോന്നരുതേ. ഞങ്ങൾ കാര്യം മനസ്സിലാക്കാതെയാണ് പ്രവർത്തിച്ചത്. വാനരേശ്വരാ, അങ്ങയുടെ പിതൃതുല്യനായ സുഗ്രീവനോട് ഞങ്ങൾ ചെന്ന് വർത്തമാനങ്ങൾ ഉണർത്തിക്കുകയുണ്ടായി. എന്നാൽ അദ്ദേഹത്തിന് അശേഷം കോപമുണ്ടായില്ല എന്ന് മാത്രമല്ല, ആനന്ദാശ്രുക്കളോടെ 'അവരെ ഇങ്ങോട്ടയക്കൂ' എന്ന് പറയുകയാണ് ഉണ്ടായത്."

ദധിമുഖൻ വിനയത്തോടെ ഇങ്ങനെ പറഞ്ഞതു കേട്ട് അംഗദൻ, ഹനുമാൻ തുടങ്ങിയ ശ്രേഷ്ഠകപിവര്യന്മാരുമൊരുമിച്ച് സുഗ്രീവസന്നിധിയിൽ എത്രയും വേഗം ചെന്നെത്താൻ തീരുമാനിച്ചു. ദുഃഖാർത്തനായ രാമനെ സാന്ത്വനവാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുകയായിരുന്ന സുഗ്രീവൻ. പെട്ടെന്ന് അലർച്ചയും, ആഹ്ലാദസൂചകമായ ശബ്ദങ്ങളും കേട്ട് സംഭാഷണം നിർത്തി ശ്രദ്ധിച്ചപ്പോൾ ശ്രീരാമദർശനത്തിൽ അത്യാഗ്രഹത്തോടു കൂടി വരുന്ന ഹനുമാനെയും അംഗദനെയും കൂട്ടുകാരെയും കണ്ടു. ഇതിനിടെ വാനരസമൂഹം സുഗ്രീവാദികളുടെ മുന്നിലെത്തി.

ശ്രീ ഹനുമാൻ തല താഴ്ത്തി, കൈകൂപ്പി, പിന്നെ ശ്രീരാമചന്ദ്രനെ സാഷ്ടാംഗം പ്രണമിച്ചു. പതിവ്രതാരത്നമായ ദേവിയെ സ്മരിച്ച് കൊണ്ട് കൂട്ടുകാരായ വാനരന്മാരോട് പറഞ്ഞ അതേ വാക്ക് വീണ്ടും ആവർത്തിച്ചു. "ദൃഷ്ടാ ദേവി." ദേവിയെ കണ്ടു.

ലക്ഷ്മണാന്വിതനായ ശ്രീരാമചന്ദ്രൻ അമൃതബിന്ദുക്കൾ പോലെ ഹനുമാന്റെ വാക്കുകൾ കേട്ട് ആഹ്ലാദിച്ചു. ലക്ഷ്മണനാകട്ടെ ബഹുമാനത്തോടെയാണ് മാരുതിയെ നോക്കിയത്. പ്രസ്രവണശൈലത്തിൽ, മനോഹരാരണ്യത്തിൽ, മാമരച്ചുവട്ടിൽ ഇരിക്കുന്ന ശ്രീരാമലക്ഷ്മണസുഗ്രീവന്മാരെ താണുവണങ്ങി മാരുതി വൈദേഹിയെ കണ്ട വർത്തമാനങ്ങൾ പറയാനൊരുങ്ങി.

ഹനുമാൻ ഭക്തിയോടും അതിവിനയത്തോടും കൂടി സീതാദേവി ഇരിക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി ശിരസ്സിനു മുകളിൽ അഞ്ജലി ബന്ധിച്ച് നമസ്കരിച്ചു. അതിനു ശേഷം ദിവ്യപ്രകാശം പൊഴിക്കുന്ന ചൂടാരത്നമെടുത്ത് ശ്രീരാമചന്ദ്രസ്വാമിയുടെ തൃക്കരങ്ങളിൽ സമർപ്പിച്ചു. പിന്നീട് വിവരണം ആരംഭിച്ചു.

പ്രഭോ, ദേവിയെ കാണുവാനുഴറുന്ന ഞാൻ നൂറു യോജന വിസ്താരമുള്ള കടൽ ചാടിക്കടന്ന് ദുരാത്മാവായ രാവണന്റെ ലങ്കാപുരിയിൽ എത്തി. മഹാക്രൂര കർമ്മങ്ങൾ എന്തുചെയ്യാനും മടിക്കാത്ത രാവണന്റെ അധീനതയിൽ നിന്ന് രക്ഷപ്രാപിക്കാൻ വേണ്ടി മരണത്തെത്തന്നെ ശരണം പ്രാപിക്കുവാൻ തുടങ്ങിയിരിക്കുന്ന ദേവിയെ, ലങ്ക മുഴുവൻ തിരഞ്ഞു നടന്ന എന്റെ കണ്ണിനു മുൻപിൽ അവിടത്തെ കാരുണ്യത്താൽ കാണപ്പെട്ടു. അവിടുന്നും വാനരമഹാരാജാവ് സുഗ്രീവനും തമ്മിലുണ്ടായ സഖ്യവർത്തമാനം കേട്ടപ്പോൾ ദേവി അത്യധികം സന്തോഷിച്ചു. അവിടുന്ന് ചിത്രകൂടപർവ്വതത്തിൽ വസിക്കുന്ന കാലത്ത് നടന്നതായ മറക്കാനാവാത്ത ഒരു സംഭവം തിരുമുൻപിൽ അടയാള വാക്യമായി ഉണർത്തിക്കുവാൻ ദേവി അരുളിച്ചെയ്തിട്ടുണ്ട്."

"ചിത്രകൂടാചലത്തിൽ സസുഖം വസിക്കുന്ന കാലത്ത് ഒരു ദിവസം ദേവിയുടെ മടിയിൽ തലവച്ച് ഉറങ്ങുകയായിരുന്നു നിന്തിരുവടി. ആ സമയത്ത് ദേവേന്ദ്രപുത്രനായ ജയന്തൻ ഒരു കാക്കയുടെ രൂപത്തിൽ അവിടെ വന്ന് ദേവിയെ ആക്രമിക്കാൻ ഒരുമ്പെട്ടു. കോപത്തോടെ അവിടുന്ന് കിടക്കുന്ന ദർഭവിരിപ്പിൽ നിന്ന് ഒന്ന് ഊരിയെടുത്ത് ബ്രഹ്മാസ്ത്രമന്ത്രം ധ്യാനിച്ച് ആ പക്ഷിയുടെ നേരെ വിട്ടു. എവിടെയും രക്ഷയില്ലാതെ ആ ദേവകുമാരൻ അവിടുത്തെ തന്നെ ശരണംപ്രാപിച്ചു. ഏതൊരുവനും ശരണമേകുന്ന അങ്ങ് അസ്ത്രത്തെ അവന്റെ വലത്തെ കണ്ണിനെ ലക്ഷ്യമാക്കി. അങ്ങിനെ ജയന്തനെ രക്ഷിച്ചു. ഈ സംഭവം സ്വാമിക്കും എനിക്കും ഇപ്പോൾ നിനക്കും മാത്രം അറിവുള്ളതാണ്."

"വളരെ വിഷമിച്ച് ഇത്രയുംകാലം സംരക്ഷിച്ച ചൂടാരത്നം തൃക്കൈയ്യിൽ സമർപ്പിക്കണമെന്ന് പറഞ്ഞ് ദേവി നൽകിയത് അവിടുത്തെ തൃക്കരങ്ങളിൽ ഞാനിപ്പോൾ സമർപ്പിച്ചിരിക്കുന്നു."

ഹനുമാൻ ഇങ്ങനെ പറഞ്ഞപ്പോൾ ദാശരഥി ആ ചൂടാമണി മാറിൽ ചേർത്ത് ദീർഘനിശ്വാസം ചെയ്തു. ആ ദിവ്യരത്നം നോക്കുന്തോറും ദേവന്റെ മുഖം വാടിത്തുടങ്ങി. കണ്ണിൽ വെള്ളം നിറഞ്ഞു. 

പെട്ടെന്ന് എന്തോ ഓർത്തത് പോലെ മാരുതി വീണ്ടും പറഞ്ഞു: "പ്രഭോ, തിരികെ വരാൻ തയ്യാറായപ്പോൾ ദേവിയെ കൂടെ ചുമലിലിരുത്തി കൊണ്ടുവരാൻ അടിയൻ ആഗ്രഹിച്ചു. എന്നാൽ ദേവി അടിയനോട് ഇങ്ങനെ ഉണർത്തിച്ചു: "കപീന്ദ്ര, അത് ധർമ്മമല്ല. ഞാൻ സ്വയമായി നിന്റെ ചുമലിൽ കയറിയിരിക്കുന്നത് സദാചാരത്തിന് നിരക്കാത്തതാണ്. പരപുരുഷസ്പർശം ഞാൻ അറിഞ്ഞു കൊണ്ട്, സ്വമേധയാ ഒരിക്കലും ചെയ്യില്ല."

തുടർന്ന് സീതാദേവിയോട് ഹനുമാൻ പറഞ്ഞതും, സീതാദേവി ഹനുമാനോട് പറഞ്ഞതുമായ എല്ലാ കാര്യങ്ങളും ഹനുമാൻ വിസ്തരിച്ചു ശ്രീരാമദേവനോട് പറഞ്ഞു.

നടന്ന കാര്യങ്ങളെല്ലാം അതേപോലെ വിസ്തരിച്ച ഹനുമാന്റെ വാക്കുകൾ കേട്ട് ശ്രീരാമചന്ദ്രൻ അത്യധികം സന്തുഷ്ടനായി എല്ലാവരോടുമായി പറഞ്ഞു:

"ഏററവും മഹത്തായൊരു കാര്യമാണ് മാരുതി നിർവ്വഹിച്ചിട്ടുള്ളത്. ഭൂമിയിലുള്ള ഒരാൾക്കും ചെയ്യുവാൻ കഴിയാത്തതാണ് അത്. എന്തിന്, മനസ്സ് കൊണ്ട് സങ്കൽപ്പിക്കുവാൻ പോലും സാധിക്കാത്തത്. മഹാസമുദ്രം ചാടിക്കടക്കാൻ തക്കതായ ഒരാളെ ഞാൻ കാണുന്നില്ല. ഗരുഡനും വായുവിനും നിഷ്പ്രയാസം സാധിക്കുമായിരിക്കാം. മൂന്നാമതൊരാൾ ഈ ആഞ്ജനേയനാണ് എന്ന് തീർച്ച."

"സ്വാമിയാൽ നിർദ്ദേശിക്കപ്പെടുന്ന കാര്യം ദുഷ്കരമാണെങ്കിലും നിർവ്യാജഭക്തി കൊണ്ട് ചെയ്തു തീർക്കുന്നവനാണ് പുരുഷരിൽ ഉത്തമൻ. സീതാന്വേഷണത്തിനു വേണ്ടി അയയ്ക്കപ്പെട്ട ഹനുമാൻ ചെയ്യേണ്ടതെന്തോ അതെല്ലാം ഭംഗിയായി ചെയ്തു. ദേവിയെ കണ്ടതിനാൽ സ്വാഭിമാനത്തെ നിലനിർത്തി. സുഗ്രീവന് സന്തോഷമേകി. എനിക്കും മഹാബലശാലി ലക്ഷ്മണനും ധർമ്മരക്ഷയേകി. പ്രിയമോതുന്നവർ അനേകമുണ്ട്. എന്നാൽ ഹനുമാനെപ്പോലെ പ്രിയം ചെയ്യുന്ന ഒരാൾ ഉണ്ടാവില്ല. ഇതിനു തക്ക പ്രതിഫലം മറ്റൊന്നുകൊണ്ടും സാധിക്കുകയില്ല."

ശ്രീരാമൻ ഹനുമാനെ നെഞ്ചോടുചേർത്ത് ആലിംഗനം ചെയ്തുകൊണ്ടിങ്ങനെ പറഞ്ഞു. "എന്റെ ആലിംഗനം ദുർലഭമാണ്, അങ്ങ് എന്റെ ഉത്തമ ഭക്തനാണ്, എനിക്ക് ഏറ്റവും പ്രീയപ്പെട്ടവനാണ്, അതാണ് ആലിംഗനത്തിലൂടെ ഞാൻ എന്റെ സർവസ്വവും അങ്ങേയ്ക്കു തരുന്നത്". ഇങ്ങനെ പറഞ്ഞ് ശ്രീരാമദേവൻ തന്റെ ഭക്തദാസനായ മാരുതിയെ ഗാഢഗാഢം ആലിംഗനം ചെയ്തു.

ശ്രീരാമന്റെ പാദാരവിന്ദങ്ങളെ തുളസിപ്പൂകൊണ്ട് ഭക്തിയാൽ പൂജിച്ചാൽത്തന്നെ വിഷ്ണുപദപ്രാപ്തിയാണ്  അനുഭവം. അങ്ങനെയുള്ള രാമനാൽ ആലിംഗനം ചെയ്യപ്പെട്ട ഹനുമാന്റെ പുണ്യവൈഭവത്തെ ആർക്കാണ് വാഴ്ത്താൻ കഴിയുക?

No comments:

Post a Comment