ഓണക്കളികള്‍
പുലിക്കളി
കേരളീയ നാടോടി കലാരൂപങ്ങളുടെ വര്‍ണ്ണവൈവിധ്യവും താളവും ഗോത്രസ്വഭാവവും ഒക്കെച്ചേര്‍ന്ന ഒരു ഓണോത്സവ നാടന്‍ കല/കളി ആണ് തൃശൂരും പാലക്കാടും സജീവമായി നിലനില്‍ക്കുന്ന പുലിക്കളി അല്ലെങ്കില്‍ ക്ടുവകളി. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പുലിക്കളി തികച്ചും വ്യത്യസ്ഥമായ ഒരു കാഴ്ചാനുഭവമാണ്.
ഏതാണ്ട് ഇരുന്നൂറ് വര്‍ഷങ്ങളുടെ തുടര്‍ച്ചയുണ്ട് പുലിക്കളിക്ക്. രാമവര്‍മ രാജാവിന്റെ കാലത്ത് പട്ടാളത്തിലെ മുസ്‌ലീം പട്ടാളക്കാര്‍ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പുലികെട്ടിക്കളി' നടത്തിയിരുന്നു. പ്രത്യേകതരം താളവും ചുവടുകളുമുള്ള ഈ ഉത്സവാഘോഷത്തിന്റെ ഓര്‍മയ്ക്കാണ് പുലിക്കളി നടത്തി വരുന്നത്.
പുലിക്കളി ദിവസം തൃശൂരിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സ്വരാജ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന് പുലികളിക്കുന്നു. ആയിരത്തോളം ചെറുതും വലുതുമായ പുലികള്‍ അരമണിയും കുലുക്കി തങ്ങളുടെ ശരീരത്തെ വിറപ്പിച്ച് ഒരു പുലിഗാംഭീര്യമുണ്ടാക്കി. നഗരം ചുറ്റുന്ന കാഴ്ച മാറുന്ന നമ്മുടെ നഗരങ്ങളിലേക്കുള്ള ഗോത്ര ജീവിതത്തിന്റെ തിരിച്ചുവരവിന്റെ കാഴ്ചയാണ്.
പക്ഷേ ഓരോ പുലിവേഷക്കാരനും തങ്ങളുടെ ശരീരത്തെ രോമങ്ങള്‍ വടിച്ചു കളഞ്ഞ്, ഏഴോ എട്ടോ മണിക്കൂര്‍ പുലിവരക്കുന്ന ചിത്രകാരന്മാര്‍ക്ക് മുന്നില്‍ ക്ഷമയോടെ ഇരുന്നാണ് പുലിയായി മാറുന്നതെന്ന വസ്തുത ഈ കലാരൂപത്തിനു വേണ്ട സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഉദാഹരണമാണ്. പുലിവേഷത്തിന്റെ കൗതുകം ഏറ്റവും വലിയ വയറും അതിനു ചേര്‍ന്ന ശരീരവുമുള്ള തടിയന്മാരാണ് ഓരോ സംഘത്തിന്റെയും മത്സരപുലികള്‍ എന്നതാണ്.
ഓണപ്പൊട്ടന്‍
മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണുന്നതിന് തിരുവോണനാളില്‍ ഓരോ വീടുകളിലും വരുന്നതിന്റെ പ്രതീകമെന്നോണം വടക്കന്‍ കേരളത്തില്‍ കാണപ്പെടുന്ന ഒരു ഓണാചാരമാണ് ഓണപ്പൊട്ടന്‍ അഥവാ ഓണത്താര്‍.
തെയ്യക്കോലം കെട്ടിയാടുന്ന മുന്നൂറ്റാന്‍ സമുദായത്തിലെ ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. മാവേലിത്തമ്പുരാനെയാണ് ഈ അനുഷുാനരൂപം പ്രതീകവല്‍ക്കരിക്കുന്നത്.
നിറനാഴിയും നിറപറയും അരിമാവിന്‍ കോലങ്ങള്‍ കൊണ്ടലങ്കരിച്ച വീടും പരിസരങ്ങളുമൊക്കെയായി ഓരോ കുടുംബവും ഓണപ്പൊട്ടനെ വരവേല്‍ക്കുന്നു.
അടുത്തകാലത്ത് നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളും മറ്റും മാവേലിത്തമ്പുരാന്റെ വേഷവുമായി വീടുകള്‍ കയറിയിറങ്ങുന്നു. അനുഷുാനമല്ല മറിച്ച് ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണസമ്പാദനമാണ് പുതിയ ഓണപ്പൊട്ടന്മാരുടെ ലക്ഷ്യം.
കൈകൊട്ടിക്കളി
തിരുവാതിരക്കളിയുടെ ശാസ്ത്രീയതയില്‍ അല്‍പം നാടോടി കലാസ്വഭാവം കൂടിച്ചേര്‍ന്ന് ഓണനാളുകളില്‍ വീട്ടുസദസ്സുകളില്‍ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കൈകൊട്ടിക്കളി.
ശരീരഭാഷയിലെ വൈശിഷ്ട്യവും ചലനങ്ങളിലെ അനുപാതവുമാണ് കൈകൊട്ടിക്കളിയുടെ തനത് സൗന്ദര്യത്തിന്റെ പ്രധാനഘടകങ്ങള്‍. നൃത്ത ശാസ്ത്രത്തിലെ ലാസ്യഭാവമാണ് കൈകൊട്ടിക്കളിയില്‍ പ്രധാനമെങ്കിലും ചില ചുവടുകളില്‍ താണ്ഡവത്തിന്റെ സ്വാധീനവും കാണാം.
കേരളീയ വസ്ത്രമായ മുണ്ടും നേര്യതും ധരിച്ച വനിതകള്‍ ശ്രുതിമധുരവും സാഹിത്യ പൂര്‍ണ്ണവുമായ പാട്ടുപാടി പ്രത്യേക താളത്തില്‍ കൈയ്യടിച്ച് വട്ടത്തില്‍ ചുവടുവെച്ച് കളിക്കുന്നു. പാട്ടിന്റെ വരി ഒരാള്‍ ആദ്യം പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്നു.
ഗ്രാമങ്ങളിലെ കുടുംബസദസ്സുകളില്‍ നിന്നും യുവജനോത്സവ വേദികളിലേക്കും ആഘോഷപരിപാടികളിലെ സ്റ്റേജുകളിലേക്കും ഇന്ന് കൈകൊട്ടിക്കളി ഒതുങ്ങിയിരിക്കുന്നു.
ആക്കയ്യിലീക്കയ്യിലോ മാണിക്യച്ചെമ്പഴുക്ക
ഒരു കൂട്ടം സ്ത്രീകളും തൊടിയിലെ അടയ്ക്കാമരത്തില്‍നിന്നുള്ള ഒരു അടയ്ക്കയുമുണ്ടെങ്കില്‍ ചെമ്പഴുക്ക കളിക്കാം. വട്ടത്തിലിരിക്കുന്ന സ്ത്രീകള്‍ പിന്നിലേക്ക് കൈകെട്ടി വൃത്തത്തിനു നടുവിലെ കളിക്കാരിയെ കളിപ്പിക്കുന്നതാണ് ഈ കളി.
കളിക്കാരി കാണാതെ പിന്നില്‍ കെട്ടിയ കൈകളിലൂടെ അടയ്ക്ക കൈമാറുന്നതിനിടെ ഇത് കണ്ടെത്താന്‍ ഇവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന സ്ത്രീ ശ്രമിക്കും. ശ്രമം തുടരുന്നതിനിടെ 'ആക്കയ്യിലീക്കയ്യിലോ... മാണിക്യച്ചെമ്പഴുക്കാ...'എന്ന് പാടും.
ഇതിന് മറുപടിയെന്നോണം ചുറ്റും കൂടിയിരിക്കുന്നവര്‍ തിരിച്ചുപാടും. 'ദാണ്ടു പോണേ.. ദാണ്ടുപോണേ... മാണിക്ക്യച്ചെമ്പഴുക്കാ...'. വൃത്തത്തിന് നടുവിലുള്ളയാള്‍ ഇരിക്കുന്നവരില്‍ ആരുടെയെങ്കിലും തലയില്‍ തൊടും. അവരുടെ കൈയിലാണ് അടയ്ക്കയെങ്കില്‍ കണ്ടെത്തുന്നയാള്‍ ജയിക്കും.
പകരം അടയ്ക്ക കൈയിലുണ്ടായിരുന്നവര്‍ വൃത്തത്തിനു നടുവിലേ കളിക്കാരിയായി മാറും. ഇങ്ങനെ എപ്പോള്‍ മടുക്കുന്നോ അപ്പോള്‍വരെ ചെമ്പഴുക്ക കളിക്കാം.
പശുവിനെ പിടിക്കാം, പുലികളിക്കാം
പുലികളി പ്രസിദ്ധമെങ്കില്‍ പശുവും പുലിയും കളി അത്ര പ്രസിദ്ധമല്ല. പണ്ടുകാലത്ത് പെണ്‍കുട്ടികള്‍ കളിക്കുന്ന ഈ കളി പുലികളിപോലെതന്നെ കേമം.
കൈകള്‍ കോര്‍ത്ത് വലയം സൃഷ്ടിച്ച് അകത്ത് പശുവും പുറത്ത് പുലിയുമായി രണ്ടാളുകളെ സങ്കല്‍പിച്ച് കളിക്കുന്നതാണ് പശുവും പുലിയും. വലയത്തിനുള്ളില്‍നില്‍ക്കുന്ന പശുവിനെ പിടിക്കാന്‍ പുലി ഒരുങ്ങുമ്പോള്‍ അതിനെ കൈവലയം തീര്‍ത്തവര്‍ തടയും. പാട്ടുപാടിക്കൊണ്ടാണ് പുലിവേഷം കെട്ടുന്നയാള്‍ പശുവിനെ പിടിക്കാന്‍ ഒരുങ്ങുന്നത്.
'ഈ പശുവിനെ കൊല്ലും ഞാന്‍, ഈ വെള്ളം കുടിക്കും ഞാന്‍' പുലി ഇങ്ങനെപാടുമ്പോള്‍ വലയം തീര്‍ത്തിരിക്കുന്നവര്‍ അതിന് മറുപടി നല്‍കും.
'ഈ പശുവിനെ കൊല്ലില്ല, ഈ വെള്ളം കുടിക്കില്ല.' കളി പുരോഗമിക്കുന്നതിനിടെ പുലി പാടും 'പശുവേ പശുവേ പുല്ലിന്നാ...' അപ്പോള്‍ പശു പാടും 'പുലിയേ പുലിയേ കല്ലിന്നാ...' പാട്ടും കളിയും നീളുമ്പോള്‍ ഉറഞ്ഞു തുള്ളുന്ന പുലി വലയം ഭേദിച്ച് പശുവിനെ പിടിക്കാനെത്തും.
കളിക്കിടെ പുലി വലയത്തിനുള്ളില്‍ കടന്നാല്‍ പശുവിനെ പുറത്തിറക്കി രക്ഷിക്കുന്ന രീതിയുമുള്ളതിനാല്‍ കളി ഏറെനേരം നീളും. പശുവിനെ പുലി തൊടുന്നതോടെ കളി അവസാനിക്കും.
കുമ്മാട്ടിക്കളി
ഓണാഘോഷത്തിന്റെ ഭാഗമായി വരുന്ന ഒരു കളിയാണ് കുമ്മാട്ടിക്കളി. കുമ്മാട്ടിപ്പുല്‍ ദേഹത്ത് വെച്ച് കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍, തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.
ഓണത്തല്ല്
കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായിക വിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്.
കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇന്ദ്രവിഴ അഥവാ ഇന്ദ്രന്റെ വിജയം ശത്രുക്കളെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് 'ചേരികുമ്പിടുക' എന്ന് പറയുന്നു.
ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്.
ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്. ഇയാൾ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്.
ഓണംതുള്ളല്‍
വേല സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപമായതിനാല്‍ വേലന്‍ തുള്ളല്‍ എന്ന് കൂടെ അറിയപ്പെടുന്നുണ്ട്. ഉത്രാടനാളിലാണ് ഈ കളി തുടങ്ങുന്നത്. കളി സംഘം വീടുകള്‍ തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽപ്പെട്ട ഏതെങ്കിലും ഒരു പുരുഷൻ, ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക.
ഓട്ടുകിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ആട്ടക്കളം കുത്തല്‍
പഴയകാലത്തെ പ്രധാന ഓണക്കളികളില്‍ ഒന്നാണിത്. മുറ്റത്ത് കോലുകൊണ്ട് ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികള്‍ എല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിന് പുറത്തും ഒന്നോ രണ്ടോ ആളുകളും ഒരു നായകനും ഉണ്ടാകും. പുറത്ത് നില്‍ക്കുന്നവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ച വലിച്ച് വൃത്തത്തിന് പുറത്ത് കൊണ്ട് വരികയോ വേണം. എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊട്ടാല്‍ അകത്ത് നില്‍ക്കുന്നവര്‍ക്ക് പുറത്ത് നിന്നയാളെ അടിക്കാം. ഒരാളെ പുറത്ത് കടത്തിയാല്‍ പിന്നീട് അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ലാവരെയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു.
ഓണംകളി
തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന -നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയ്യാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ് ഈ നൃത്തം നടത്തുന്നത്.
പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ് നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റു സംഘാങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു.
ഒന്നിലധികം സംഘങ്ങളെ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട്.
കമ്പിത്തായം കളി
ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്. ഈ ഓടിന് ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത്കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ് ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു. രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടീയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.
ഭാരക്കളി
കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.
നായയും പുലിയും വെയ്ക്കൽ
പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.
തലപന്തു കളി
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്.
കിളിത്തട്ടുകളി
ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.
രണ്ട് വിഭാഗങ്ങളായി കളിക്കുന്ന ഒരു കളിയാണ് കിളിത്തട്ട് കളി. മലപ്പുറം ജില്ലയിൽ ഉപ്പ് കളി എന്നറിയപ്പെടുന്നു. രണ്ട് വിഭാഗത്തിലുമുള്ള കളിക്കാരുടെ എണ്ണം ഒരുപോലെയായിരിക്കും. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കളം കൂട്ടി വരയ്ക്കാമെന്നത് ഈ കളിയുടെ ഒരു പ്രത്യേകതയാണ്. ഒരു ഉപ്പ് (പോയിന്റ്) നേടുന്നതോടുകൂടി ഒരു കളി അവസാനിക്കുന്നു.
രണ്ടു ടീമിൽ ഒരു ടീം അടിച്ചിറക്കി കൊടുക്കണം. അതായതു കളിക്കാരിൽ ഒരാൾ കിളി എന്ന് പറയുന്ന ആൾ കളത്തിന്റെ ഒന്നാമത്തെ വരയിൽ നിൽക്കണം ബാക്കിയുള്ളവർ പുറകിലേക്കുള്ള കാലങ്ങളുടെ വരയിൽ നിൽക്കണം. കിളി കൈകൾ തമ്മിൽ കൊട്ടുംപോൾ കളി ആരംഭിക്കും. എതിർ ടീമിലുള്ളവർ കിളിയുടെയോ, വരയിൽ നിൽക്കുന്നവരുടെയോ അടി കൊള്ളാതെ, എല്ലാ കളങ്ങളിൽ നിന്നും ഇറങ്ങി കളത്തിനു പുറത്തു വരണം. അതിനു ശേഷം തിരിച്ചും അതുപോലെ കയറണം. കിളിക്ക് കളത്തിന്റെ സമചതുരത്തിലുള്ള പുറം വരയിലൂടെയും നടുവരയിലൂടെയും നീങ്ങവുന്നതാണ്. എന്നാൽ മറ്റുള്ള വരയിൽ നിൽക്കുന്നവർ ആ വരയിൽ കൂടി മാത്രം നീങ്ങാനെ പാടുള്ളൂ. ആരുടെയും അടികൊള്ളാതെ വേണം കളങ്ങളിൽ കൂടി പുറത്തെത്താൻ. ഓരോ കളത്തിനും ഓരോ "തട്ട്" എന്നാണ് പറയുക. അവസാനത്തെ കളത്തിനു പുറത്തെത്തിയ ആൾ "ഉപ്പു" ആണ്. അകത്തെ കളങ്ങളിൽ നിൽക്കുന്നവർ "പച്ച" ആണ്. ഉപ്പും പച്ചയും തമ്മിൽ ഒരു കളത്തിൽ വരൻ പാടില്ല. അങ്ങനെ വന്നാൽ ഫൌൾ ആണ്. അവർ മറ്റേ ടീമിന് അടിചു ഇറക്കി കൊടുക്കണം. ഉപ്പു ഇറങ്ങിയ ആൾ തിരിച്ചു കയറി ഒന്നാം തട്ടിന് പുറത്തെത്തിയാൽ ഒരു ഉപ്പു ആയി എന്ന് പറയും. തട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തട്ടിൽ നിൽക്കുന്ന ആൾ അടിച്ചാൽ കളി തോറ്റു. അവർ മറ്റേ ടീമിന് അടിച്ചിറക്കി കൊടുക്കണം. ഒരു തട്ടിൽ പച്ച ഉള്ളപ്പോൾ ഉപ്പിനു അതിന്റെ പകുതി തട്ടിൽ വരാം. ഇതിനു അര തട്ട് എന്നാണ് പറയുക. അര തട്ടിൽ നിന്നും ഉപ്പിനും പച്ചക്കും മൂല കുത്തി ചാടി പോകാവുന്നതാണ്. അപ്പോൾ തട്ടിൽ നിൽക്കുന്ന ആൾക്ക് അയാളെ ഓടിച്ചിട്ട് അടിക്കാൻ പാടില്ല. തട്ടിന്റെ നടുഭാഗത്തുനിന്നും മാത്രമേ അടിക്കാൻ പാടുള്ളൂ.
സുന്ദരിക്ക് പൊട്ട്കുത്ത്
ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില് (നെറ്റി) പൊട്ട് തൊടുന്നു.
No comments:
Post a Comment