ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 September 2019

ഭക്ത ഹനുമാൻ - ഭാഗം - 13

ഭക്ത ഹനുമാൻ

ഭാഗം - 13

രാവണന്റെ കോപവും ഭയവുമൊക്കെ ഇപ്പോൾ ക്ഷീണമായി മാറി. ചിന്താകുലനായി നാലുപാടും നോക്കിയപ്പോൾ ഇളയപുത്രൻ അക്ഷകുമാരൻ ദൃഷ്ടിയിൽ പെട്ടു. യുദ്ധങ്ങളിൽ അതി ഭയങ്കരനായ അക്ഷകുമാരൻ യുദ്ധം ചെയ്യാനായി പിതാവിന്റെ നിർദ്ദേശത്തിനു വേണ്ടി കാത്തു നിൽക്കുകയാണ്. രാവണൻ ഒന്നും മിണ്ടാതെ ആംഗ്യഭാഷയിൽ മകന് യുദ്ധാനുമതി നൽകി.

അതികഠിനമായ തപസ്സ് കൊണ്ട് നേടിയ അനേകം വിചിത്രങ്ങളായ യുദ്ധസാമഗ്രികൾ അക്ഷകുമാരനുണ്ട്. മനോവേഗത്തിൽ സഞ്ചരിക്കുന്ന എട്ട് കുതിരകളെ പൂട്ടിയ തേരാണ് അവയിലൊന്ന്. ദേവന്മാർക്കോ അസുരന്മാർക്കോ ആക്രമിക്കാൻ കഴിയാത്തതും, ഒരു തടസ്സവുമില്ലാതെ എവിടെയും മിന്നൽപോലെ സഞ്ചരിക്കുന്നതും, ഉഗ്രങ്ങളായ ആയുധങ്ങൾ സജ്ജീകരിച്ചിട്ടുള്ളതുമാണ് ആ രഥം. അങ്ങിനെയുള്ള, സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുന്ന രഥത്തിലേറി അക്ഷകുമാരൻ അശോകവനികയിലേക്ക് യാത്രയായി.

ഹനുമാന്റെ പരാക്രമം ഏതൊരാൾക്കും തടുക്കാൻ കഴിയാത്തവിധം കഠോരമാണെന്ന് മനസ്സിലായ അക്ഷകുമാരൻ മനസ്സിനെ സുസ്ഥിരമാക്കി യുദ്ധത്തിനൊരുങ്ങി.

യുദ്ധവിദ്യയിൽ അത്യധികം പ്രാവീണ്യമുള്ള കുമാരൻ തേരിലിരുന്ന് തുരുതുരെ അസ്ത്രങ്ങളയച്ച് ഹനുമാനെ ശരീരമാസകലം മുറിവേൽപ്പിച്ചു. ഇപ്പോൾ മാരുതിക്ക് അക്ഷയ കുമാരനോട് ദേഷ്യത്തിനുപരി അളവറ്റ ബഹുമാനമാണ് തോന്നിയത്. ''കുട്ടിയാണെങ്കിലും ഇവൻ ബാലനെപ്പോലെയല്ല പെരുമാറുന്നത്. സർവ്വവിധ യുദ്ധ സമ്പ്രദായങ്ങളും ഈ ബലശാലിക്ക് അറിയാം. മഹാനായ ഇവൻ യുദ്ധത്തിൽ അചഞ്ചലഹൃദയനായി സ്ഥിതി ചെയ്യുന്നു. എനിക്ക് ഇവനെ വധിക്കാൻ തോന്നുന്നില്ല. പക്ഷെ, ആളിക്കത്തുന്ന അഗ്നിയെ തടുക്കാതിരുന്നാൽ അത് നിയന്ത്രണാതീതമായി എല്ലാറ്റിനെയും ദഹിപ്പിക്കും".  ഇങ്ങനെ ചിന്തിച്ച്, ശത്രുവിന്റെ പരാക്രമത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ കുമാരനെ സംഹരിക്കുവാൻ ആഞ്ജനേയൻ തീരുമാനിച്ചു.

എന്ത് ഭാരവും വഹിച്ച് എത്ര നേരം വേണമെങ്കിലും ആകാശസഞ്ചാരം ചെയ്യാൻ പ്രത്യേക അഭ്യാസം സിദ്ധിച്ചതും വിശേഷപ്പെട്ടവയുമാണ് അക്ഷകുമാരന്റെ തേർക്കുതിരകൾ. മാരുതി ആകാശത്തിൽ നിന്നുകൊണ്ട് തന്നെ എട്ട് അശ്വങ്ങളെയും ഒരു കൈ കൊണ്ട് അടിച്ചുകൊന്നു. മറ്റേ കൈ കൊണ്ട് തേര് നിരവധി തുണ്ടങ്ങളാക്കി മാറ്റി. അക്ഷകുമാരൻ ഉടഞ്ഞ തേര് ഉപേക്ഷിച്ച് വാളുമായി ആകാശത്തിലേക്ക് കുതിച്ച്ചാടി. വായുപുത്രൻ ഞൊടിയിടയിൽ രാവണപുത്രന്റെ കാലിൽ പിടിച്ച് അനേക പ്രാവശ്യം ചുഴറ്റി ശക്തിയോടെ ഭൂമിയിലേക്ക് എറിഞ്ഞു.

മഹാനായ ഹനുമാൻ അക്ഷകുമാരനെ ഭൂമിയിലെറിഞ്ഞ് നിഗ്രഹിച്ച വാർത്ത കാട്ടുതീപോലെ പരന്നു. രാവണന് അത്യധികം ഭയവും ദുഃഖവുമുണ്ടായി.

രാവണൻ ഒട്ടും സമയം പാഴാക്കാതെ പുത്രൻ ഇന്ദ്രജിത്തിനെ വിളിപ്പിച്ചു. ഇന്ദ്രനെക്കൂടി യുദ്ധത്തിൽ ജയിച്ചവനാണ് ഇന്ദ്രജിത്ത്. ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി ബ്രഹ്മാസ്ത്രം നേടിയിട്ടുണ്ട്. ശത്രുസംഹാരത്തിൽ അതിസമർത്ഥൻ. രാവണൻ മകനോട് പറഞ്ഞു: "പ്രിയപ്പെട്ട മകനേ, നമ്മുടെ കിങ്കരസൈന്യത്തേയും, രാക്ഷസശ്രേഷ്ഠനായ ജംബുമാലിയെയും, മഹാവീരന്മാരായ മന്ത്രി പുത്രന്മാരെയും, പഞ്ചസേനാപതികളെയും ഈ വാനരൻ നിഗ്രഹിച്ചു. നിന്റെ അനുജൻ അക്ഷകുമാരനെ സംഹരിച്ചെന്ന വിവരം വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിലും സത്യമാണ്. നിന്നിൽ എനിക്ക് ദൃഢവിശ്വാസമുണ്ട്. മകനേ, വേണ്ടത് ആലോചിച്ച് ചെയ്യൂ". രാവണൻ പുത്രന് ദീർഘനേരം ഉപദേശം നൽകി.

പിതാവിന്റെ ഹിതോപദേശങ്ങൾ കേട്ട ഇന്ദ്രജിത്ത്, ദേവേന്ദ്രന് തുല്യമായ പ്രഭാവത്തോടെ യുദ്ധത്തിന് പോകാൻ തീരുമാനിച്ചു.

ഇവിടെ, തകർന്ന് തരിപ്പണമായി കിടക്കുന്ന ഈ അശോകവനികയിൽ, അപരിമേയവേഗവും, അതി ശക്തിശാലികളും, ഒരു ശങ്കക്കും ഇട കൊടുക്കാത്ത മുഖഭാവത്തോടും കൂടിയ രണ്ടുപേർ - വായുപുത്രനായ ശ്രീ ഹനുമാനും, രാവണന്റെ സീമന്തപുത്രനായ ഇന്ദ്രജിത്തും, മുഖത്തോട് മുഖം നോക്കി ബദ്ധവൈരികളെപ്പോലെ നിൽക്കുന്നു. രണ്ടുപേരും പരസ്പരം ഏറ്റുമുട്ടി യുദ്ധം തുടങ്ങി. ഏറെ നേരം കഴിഞ്ഞു. ഹനുമാന്റെ വീര്യത്തെ കെടുത്താനുള്ള ഒരു വഴിയും ഇന്ദ്രജിത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. അതിശക്തിശാലിയായ ഇന്ദ്രജിത്തിനെ പരാജയപ്പെടുത്താനുള്ള മാർഗ്ഗം ആഞ്ജനേയനും അറിയാൻ കഴിഞ്ഞില്ല.

ഒരിക്കലും ലക്ഷ്യം പിഴക്കാറില്ലാത്ത തന്റെ ശരങ്ങൾ മുഴുവൻ നിഷ്ഫലമായി കണ്ടപ്പോൾ, ശരമയക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന ഇന്ദ്രജിത്തിന് അത്ഭുതമുണ്ടായി. "ഇവൻ ഒരു സാധാരണ വാനരനല്ല. ഇവനെ ആർക്കും വധിക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്ങനെയാണ് ഇവനെ കീഴ്പ്പെടുത്തേണ്ടത്?" ഇന്ദ്രജിത്ത് ആത്മഗതം ചെയ്തു.

ഒടുവിൽ ഗത്യന്തരമില്ലാതെ വാനരനെ ബന്ധനസ്ഥനാക്കാൻ ഉദ്ദേശിച്ച്  ബ്രഹ്മാസ്ത്രമെടുത്ത് അഭിമന്ത്രിച്ച് വിട്ടു. ആത്മരക്ഷയ്ക്ക് മറ്റൊരു വഴിയുമില്ലാതെ വിഷമിക്കുന്ന ഘട്ടത്തിൽ മാത്രമേ വില്ലാളികൾ ബ്രഹ്മാസ്ത്രം പ്രയോഗിക്കുക പതിവുള്ളൂ. അസ്ത്രങ്ങളുടെ സർവ്വതത്ത്വങ്ങളുമറിയാം ഇന്ദ്രജിത്തിന്. ബ്രഹ്മാസ്ത്രം കൊണ്ട് വധിക്കാനാവാത്തവനാണ് ഈ വാനരൻ എന്നയാൾ മനസ്സിലാക്കിയിരുന്നു. അതു കൊണ്ടാണ് മാരുതിയെ ബന്ധനസ്ഥനാക്കാൻ ശ്രമിച്ചത്.

രാവണപുത്രൻ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്ര പ്രയോഗത്താൽ ഹനുമാൻ ബന്ധിതനായി നിശ്ചേഷ്ടനായി ഭൂമിയിൽ പതിച്ചു. അൽപസമയം കൊണ്ട് ആലസ്യം തീർന്ന മാരുതി ചിന്തിച്ചു: "ബ്രഹ്മദേവനെ ആഹ്വാനം ചെയ്യുന്ന മന്ത്രങ്ങളെക്കൊണ്ട് അഭിമന്ത്രിച്ചതാണ് ഈ ബാണം. ഈ അസ്ത്രം അൽപ്പസമയം മാത്രമേ എന്നെ ബാധിക്കുകയുള്ളൂ എന്ന് സൃഷ്ടികർത്താവ് എനിക്ക് വരം തന്നിട്ടുണ്ട്. പക്ഷെ, തൽക്കാലം ബന്ധനസ്ഥനെപ്പോലെ അഭിനയിക്കുന്നതാണ് രാക്ഷസരാജന്റെ സഭയിൽ എത്താനുള്ള എളുപ്പമാർഗ്ഗം".

ഹനുമാൻ ബ്രഹ്മാസ്ത്രത്തെ വന്ദിച്ച് ശരീരം നിശ്ചേഷ്ടമാക്കി കിടന്നു. ബ്രഹ്മാസ്ത്ര ബന്ധനത്തിന്റെ പ്രത്യേകതകൾ അറിയാത്ത ക്രൂരന്മാരായ നിശാചരന്മാർ ഹനുമാനെ കയർ കൊണ്ട് കെട്ടി, ചവിട്ടിയും കുത്തിയും ഉപദ്രവിച്ച് കൊണ്ട് വലിച്ചിഴച്ച് രാക്ഷസേശ്വര സന്നിധിയിലേക്ക് കൊണ്ടുപോയി.

മന്ത്രസ്വരൂപമായ അസ്ത്രബന്ധം മറ്റൊരു ബന്ധത്തെ സഹിക്കില്ല. ഇതറിയാതെയാണ് രാക്ഷസർ മാരുതിയെ കെട്ടിയത്. ബ്രഹ്മാസ്ത്രം ഒരിക്കൽ പ്രയോഗിച്ചാൽ രണ്ടാമത് പ്രയോഗിക്കാനും പാടില്ല.

ഭീതിയോടെ ഇന്ദ്രജിത്ത് മനസ്സിലോർത്തു: "ബ്രഹ്മാസ്ത്രബന്ധനത്തിൽ നിന്നും മുക്തനായ ഈ വാനരനെ തോൽപ്പിക്കാൻ ഇനി ഞങ്ങൾക്കാർക്കും സാദ്ധ്യമല്ല".

തുടരും........

No comments:

Post a Comment