സർവജ്ഞപീഠം (ശാരദാ പീഠം )
വേദം എന്നാല് അറിവ്.
വേദാന്തം എന്നാല് അറിവിന്റെ അവസാനം.
ഏതൊന്നറിഞ്ഞാലാണോ. എല്ലാം അറിയുന്നത്. അതത്രേ വേദാന്തം. വേദാന്തി സർവ്വജ്ഞനായിരിക്കണം. വെറുതെ പറഞ്ഞാൽ പോരാ. അത് തെളിയിക്കണം.
അങ്ങനെ തെളിയിച്ച ഒരേ ഒരാള് മാത്രം... ഭാരതത്തിന്റെ തെക്കേ അറ്റമായ നമ്മുടെ ഈ കൊച്ചു കേരളത്തില് നിന്നും അടങ്ങാത്ത തൃഷ്ണയോടെ യാത്രയാരംഭിച്ച
ഒരു മഹായോഗി. ഭാരതാംബയുടെ ശിരോമകുടമായ കാശ്മീരത്തിലെ, ശാരദാദേവീ ക്ഷേത്രത്തിലെ ആരാലും തുറക്കാത്ത തെക്കേ വാതിലിൽ കൂടി
തന്റെ ശിഷ്യനായ പദ്മ പാദരുടെ കയ്യും പിടിച്ചു കൊണ്ട് ചിരന്തനവും അവിസ്മരണീയവുമായ ഭാരത സംസ്കാരത്തിലെ അറിവിന്റെ അക്ഷയഖനിയായ വേദത്തെ വലം കയ്യില് പിടിച്ചു കൊണ്ട് സർവ്വജ്ഞപീഠം കയറി. ആ തേരോട്ടത്തിൽ അറിവായിരുന്നു ആയുധം. ദേവീ സന്നിധിയില് എത്തണം എങ്കില് ആ അയുധം കൊണ്ട് പോരാടിയേ മതിയാകൂ. ഒരിക്കലും തുറന്നിട്ടില്ലാത്ത തെക്കേ വാതില് ഉള്പ്പടെ നാലായിരുന്നു ക്ഷേത്ര
മണ്ഡപത്തിനു വാതിലുകൾ.
ശ്രേഷ്ട്ട പണ്ഡിതന്മാരുടെ ചോദ്യങ്ങള്ക്ക് കിറുകൃത്യമായ ഉത്തരം നല്കാതെ
വാതിലുകള് തുറക്കപ്പെടുമായിരുന്നില്ല. എന്ത് ചോദ്യവും ചോദിക്കപ്പെടാം. ചോദ്യങ്ങള് ഒന്നൊന്നായി വന്നു...
01] "ജൈനമതത്തില് കായങ്ങൽ എന്ന് പറഞ്ഞാലെന്താണ് ?
ഉത്തരം : -ജീവ പുദ്ഗലാദി പഞ്ചകമാണ് കായങ്ങള്
02] ചോദ്യം :-അത് ഏതൊക്കെ ..?
ജീവാസ്തികായം, പുദ്ഗലാസ്തികായം, ധര്മ്മാസ്തി കായം, അധര്മ്മാസ്തികായം, ആകാശാസ്തികായം..
03] ചോദ്യം :- ശബ്ദം ഗുണമോ ദ്രവ്യമോ ..?
ഉത്തരം : വര്ണ്ണങ്ങള് നിത്യങ്ങളും, സർവ്വവ്യാപിയും ശ്രോത്ര വേദ്യങ്ങളും ആണ്. അതിനാല് ശബ്ദം ദ്രവ്യമാണ്.
04] ചോദ്യം :- അത് എവിടെ പറയുന്നു ..?
ഉത്തരം :- ജൈമിനീയമതം ഇത് പറയുന്നു.
05] ചോദ്യം : ദൃണുകത്തിലെ അണ്‌ത്വം എവിടെ നിന്നും ഉണ്ടായി ..?
ഉത്തരം :-പരമാണുദ്വയത്തിലെ ദ്വിത്വ സംഖ്യയില് നിന്നും ഉണ്ടായി.
06] ചോദ്യം :-വിജ്ഞാനമാണ് ആത്മാവ് എന്ന് പറയുന്നു അഭിപ്രായ ഭേദം ഉണ്ടോ ..?
ഉത്തരം : വേദാന്തിക്ക് അത് സ്ഥിരവും എകവുമാണ്. വാതിലുകള് ഒന്നൊന്നായി തുറന്നു... അവസാനം തെക്കേ വാതില് പടിയിലെത്തി...
07] അവസാന ചോദ്യം :- മൂലപ്രകൃതി ജഗത്തിന് കാരണമായി തീര്ന്നത് സ്വതന്ത്രമായിട്ടോ ചിദാശ്രയമായിട്ടോ?
ഉത്തരം :-മൂല പ്രകൃതി ത്രിഗുണാത്മികയാണ്. അത് സ്വതന്ത്രമായിട്ടാണ് ജഗത്തിന് നിദാന മായി ഭവിക്കുന്നത് എന്ന് സാംഖ്യം പറയുന്നു. വാസ്തവത്തില് വേദാന്തിക്ക് അത് പരതന്ത്രയാണ്. തെക്കേ വാതിലും തുറന്നു...
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ശിഷ്യന്റെ കയ്യുംപിടിച്ച് ആ യോഗി വര്യൻ സർവ്വജ്ഞപീഠം കയറി. ഭാരതമൊട്ടാകെ അദ്വൈതവേദാന്തത്തിന്റെ വിജയലഹരി ആഞ്ഞടിച്ചു. അല്പ്പം ക്ഷീണം സംഭവിച്ചു എങ്കിലും ഒട്ടും കോട്ടംതട്ടാതെ ഇന്നും ആ വിജയഭേരി മുഴങ്ങുന്നു. അല്പ്പം കണ്ണടച്ച് ഉള്ളിലേക്ക് ഒന്ന് ശ്രദ്ധിക്കൂ. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില് മുഴങ്ങി കേള്ക്കുന്ന ശബ്ദം അതല്ലാതെ മറ്റൊന്നുമല്ല.
No comments:
Post a Comment