ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 9

നാഗമാഹാത്മ്യം...

ഭാഗം: 9

13. ശിവൻ നീലകണ്ഠനായത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മഥനം തുടങ്ങി കുറെ കഴിഞ്ഞപ്പോൾ മന്ദരത്തെ വാസുകിയെ കൊണ്ട് ബന്ധിച്ചിരുന്ന ബന്ധം കുറെശ്ശേ അയഞ്ഞയഞ്ഞ് മന്ദരം താണുതുടങ്ങി. ഇതു കണ്ട് ദേവഗണങ്ങൾ വിഷ്ണുവിനെ അഭയം പ്രാപിച്ചു. ഉടനെ തന്നെ ഭഗവാൻ വിഷ്ണു ആമയായവതരിച്ച് മന്ദരത്തിന് കീഴെത്തി. അതിനെ പൊക്കി നിർത്തി. ആ സമയം മന്ദരം കൂടുതൽ മുകളിലേയ്ക്കുയർന്നു. ഉടനെതന്നെ വിഷ്ണുദേവൻ പക്ഷിയായി മന്ദരത്തിന്റെ മുകളിൽ ഇരുന്ന് അതിനെ താഴ്ത്തി. നോക്കണേ! ഭഗവാന്റെ ഒരു ഭക്തവാത്സല്യം. വീണ്ടും മഥനം തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ വാസുകി തളർന്ന് അവശനായി വിഷം വമിക്കാൻ തുടങ്ങി. പാൽക്കടൽ തീരം വിഷജ്വാലകളാൽ ആവൃതമായി. ഇതു കണ്ട ദേവകൾ പരിഭ്രാന്തരായി. എല്ലാവരും ത്രാഹിത്രാഹി എന്നു പറഞ്ഞു ഭഗവാനെ ശരണം പ്രാപിച്ചു. ഉടൻ തന്നെ വിഷ്ണു ദേവൻ തന്റെ നവദ്വാരങ്ങളും ഉള്ളിലേയ്ക്കടച്ചു. വിഷം ഉള്ളിൽ ചെല്ലാതെ പുറം ശരീരത്തിൽ ഏറ്റു വാങ്ങി. അദ്ദേഹം നീലകാർവർണ്ണനായി. വീണ്ടും വിഷജ്വാല പുറപ്പെട്ടത്. അടങ്ങിയില്ല. ഉടനെ പരമശിവനെ നോക്കി. പരമേശ്വൻ വേഗം തന്നെ വിഷത്തെ ആവാഹിച്ച് കൈ കുമ്പിളിലാക്കി പാനം ചെയ്തു . ഇതു കണ്ട ഗിരിജാ ദേവി. 'ചതിച്ചോ' എന്നു ചോദിച്ച് കഴുത്തിനു പിടിച്ചു. വിഷം ഉദരത്തിൽ താഴാതിരിക്കാനാണ് അതു ചെയ്തത്. ഉടനെ തന്നെ വിഷ്ണു ഭൂമിയിലേയ്ക്ക് വിഷം തുപ്പാതിരിക്കാനായി വായ പൊത്തി. ഇറക്കാനും തുപ്പാനും വയ്യാത്ത രീതിയിൽ ശിവൻ വിഷമിച്ചു. ദേവി ഉടനെ മന്ത്രാക്ഷരം ചൊല്ലി വിഷത്തെ കണ്ഠത്തിലുറപ്പിച്ചു. തൻമൂലം വിഷം കീഴും മേലും പോകാതെ നീലകണ്ഠമെന്നും കറുകണ്ഠമെന്നും കാളകണ്ഠമെന്നും മൂന്നു രേഖകളായി ഭവിച്ചു. അന്നു മുതൽ എല്ലാവരും പരമേശ്വരസ്വാമിയെ നീലകണ്ഠനായി വാഴ്ത്തി.

ഇന്നും അങ്ങനെ തന്നെ വിരാജിക്കുന്നു. അപ്രകാരം ആ ഹാലാഹല ജ്വാല അടങ്ങി.

ലോകം ആ ഹാലാഹലജ്വാലയിൽ നിന്നു രക്ഷപ്പെട്ടു. അവിടെ അങ്ങുമിങ്ങും അല്പാല്പമായി പിടിച്ചിരുന്ന അംശങ്ങൾ തേൾ, പഴുതാര, തുടങ്ങിയ ജീവികൾ നക്കി എടുത്തു. അതിനാൽ അവറ്റയും വിഷമുള്ളവയായി തീർന്നു. വീണ്ടും മഥനമാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സുരഭി പൊന്തി വന്നു. ഋഷികുലം അതിനെ സ്വായത്തമാക്കി. പിന്നെ ആന , കുതിര, ചന്ദ്രൻ, കൗസ്തുഭം, പാരിജാതം തുടങ്ങിയവ ഉത്ഭുതമായി . അതിൽ ഐരാവതം എന്ന നാല്ക്കൊമ്പനാനയേയും, ഉച്ചൈശ്രവസ്സ് എന്ന കുതിരയേയും (വെള്ളാന യും വെള്ളക്കുതിരയും) ഇന്ദ്രദേവൻ സ്വീകരിച്ചു. പരമശിവൻ ചന്ദ്രക്കല ചൂടി ചന്ദ്രചൂഡനായി വിരാജിച്ചു. കൗസ്തുഭരത്നം ഭഗവാൻ വിഷ്ണു ഏറ്റുവാങ്ങി. പാരിജാതത്തേയും ( കല്പവൃക്ഷം) അപ്സരസ്സുകളേയും ദേവലോകത്തേയ്ക്കു കൊണ്ടു പോയി. അതിനു ശേഷം ജ്യേഷ്ഠാഭഗവതി ഉത്ഭുതമായി. ജ്യേഷ്ഠയെ ആരും സ്വീകരിക്കാതിരുന്നപ്പോൾ അവൾ തനിക്കു സ്ഥാനം കല്പിക്കണമെന്ന് ഭഗവാനോടു പറഞ്ഞു. ഭഗവാൻ ശിവൻ അരുളി ചെയ്തു. അജസമൂഹത്തിലും, ഉഷസ്സിൽ അടി തളിയില്ലാതിടത്തും, ചൂതുകളിസ്ഥലത്തും , തസ്കരൻമാരിലും, മാതാപിതാക്കൾക്ക് ദോഷം ചെയ്യുന്നവരിലും പിരാകുന്നവരുടെ വക്ത്രങ്ങളിലും, പ്രഭാതത്തിലും പ്രദോഷത്തിലും, നിദ്രചെയ്യുന്നുവരിലും, തരുണിമാർ പൂത്തിരിക്കുന്ന വർശയനങ്ങളിലും (രജസ്വലമാരിലും) ഗുരുനിന്ദചെയ്യുന്നവരിലും, വിദ്യാ വൃദ്ധരെ നിന്ദിക്കുന്നവരിലും, ബ്രഹ്മഹത്യാപാപം ചെയ്യുന്നവരിലും, സ്വാമിദ്രോഹവും, വഞ്ചനയും, ചെയ്യുന്നവരിലും, നിഷ്ഠൂരന്മാരിലും മലിനവേഷങ്കലും, രാത്രിയിൽ ദധികൂട്ടുന്നവരിലും, ഗോക്കൽ മുഖങ്ങളിലും എവിടെയൊക്കയാണുചിതമെന്നു തോന്നുന്നത് അവരിൽ മാറി മാറി വസിച്ചു കൊൾക . ജ്യേഷ്ഠാ ദേവിയുള്ള അധിവാസ സ്ഥാനങ്ങൾ ഇപ്രകാരം അരുൾ ചെയ്തു. ജ്യേഷ്ഠപോയ് മറഞ്ഞപ്പോൾ കമലമകൾ ലക്ഷ്മീദേവി സൂക്ഷ്മപ്രഭ ചൊരിഞ്ഞു കൊണ്ട് ഭൂമിയിൽ ഉത്ഭുതയായി. കയ്യിൽ വരണമാല്യവുമേന്തി മന്ദം മന്ദം എല്ലാവരും കാൺകെ തന്നെ ശ്രീവാസുദേവന്റെ അരികിൽ വന്നു നിന്നു. അദ്ദേഹത്തിന്റെ ഇംഗിതമറിയാൻ നോക്കി. ഇംഗിതം മനസ്സിലാക്കിയ ദേവി വിഷ്ണുവിന്റെ കണ്ഠത്തിൽ മാലചാർത്തി. ഈ അവസരത്തിൽ ധന്വന്തരീമൂർത്തിപൊൻപാത്രത്തിൽ അമൃതുമായി പ്രത്യക്ഷപ്പെട്ടു . ദേവൻമാർ ശ്രദ്ധിക്കുന്നതിനുമുൻപു തന്നെ അസുരൻമാർ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അമൃതകുംഭവും തട്ടിയെടുത്തു അപ്രത്യക്ഷരായി..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment