ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 August 2020

യോഗയുടെ ഗുണങ്ങള്‍ - 20

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 20

വിവിധ യോഗാസനമുറകൾ

35. ശവാസനം:

ഈ വാക്ക് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ശവം പോലെ കിടക്കുന്നത് കൊണ്ടാണ് ഇതിനു ഇങ്ങനെ പേര് വന്നത് എന്നതില്‍ കവിഞ്ഞു ശവവും ഈ ആസനവും തമ്മില്‍ ബന്ധമില്ല. മിക്കവാറും പേര്‍ കരുതുന്നത് ഏറ്റവും എളുപ്പത്തില്‍ ഏവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു ആസനമാണ് ഇതെന്നാണ്. എന്നാല്‍ ഉള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഇനമായിട്ടാണ് എനിക്കിത് അനുഭവപ്പെടുന്നത്. മനസും ശരീരവും ഒരുപോലെ തളര്‍ത്തിയിടുന്ന ഇനമാണിത്. ശരീരബലവും ശക്തിയും 'തളര്‍ത്തി'യിടാന്‍ നമുക്കാവും .പക്ഷെ മനസ്സിനെ വരുതിയില്‍ നിര്‍ത്തുക പ്രയാസകരമാണ്. ശരീരത്തിന്റെ ക്ഷീണാവസ്ഥയും മനസ്സിന്റെ പിരിമുറുക്കവും കുറക്കാന്‍ ഇതുപോലെയൊരു ഔഷധമില്ല. ഓരോ ആസനം ചെയ്യുമ്പോഴും ചിലര്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ 'റിലാക്സ്' ചെയ്യാന്‍ ശവാസനം തെരഞ്ഞെടുക്കാം. ഓരോ ദിവസത്തെ ആസനങ്ങളുടെ അവസാനഇനമായി ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്. ശരീരം മൊത്തം തളര്‍ത്തിയിട്ടു മലര്‍ന്നു കിടക്കുക. ശബ്ദശല്യം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. കാലുകള്‍ പരസ്പരം തൊടാതെ അല്പം അകറ്റിവയ്ക്കുക. കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തി മലര്‍ത്തിതളര്‍ത്തി വയ്ക്കുക. തല നേരെ ഇരിക്കട്ടെ. കണ്ണുകള്‍ മൃദുവായി അടക്കുക. പേശികള്‍ അയച്ചുവിടുക. ശ്വാസോച്ഛ്വാസം സാധാരണപോലെ ചെയ്തുകൊണ്ടിരിക്കുക. ശേഷം എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിടുവിച്ച് , കാല്‍ വിരലുകള്‍ മുതല്‍ വളരെ സാവധാനം - പാദങ്ങള്‍, കണംകാല്‍, കാല്‍മുട്ട്, തുടകള്‍, അരക്കെട്ട്, വയര്‍, നെഞ്ചു, കഴുത്ത്, കവിള്‍ , മൂക്ക്, കണ്ണുകള്‍, നെറ്റി, തലമുടി ....മുതലായ സ്ഥലങ്ങളിലേക്ക് ക്രമമായി സാവധാനം  ശ്രദ്ധകൊടുത്ത് ആഭാഗങ്ങള്‍ 'തളര്‍ത്തി'യിടുക. ഇതില്‍ നിന്ന് മനസ്സ് വേറെ തലങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ശവാസനത്തിന്റെ പൂര്‍ണ്ണത ലഭിക്കുന്നില്ല. ഉറക്കം വരുന്നില്ല എന്ന് പരാതിപറയുന്നവര്‍ ശവാസനം ഒന്ന് പരീക്ഷിച്ചു നോക്കുക.
ഇത് യോഗയില്‍ ഉള്‍പ്പെടുന്ന ഇനമല്ല. പക്ഷെ ഈ വ്യായാമം ശരീരത്തിന്റെ മൊത്തം അവയവങ്ങള്‍ക്ക് പ്രത്യകിച്ചു നട്ടെല്ലിനും ഉദരത്തിനും വളരെ ഉത്തമം ആണ്. ശരീരത്തിന്റെ 'വളവ്' ശരിയാകലും  ശരീരത്തിലെ മൊത്തം പേശികള്‍ക്ക് ആരോഗ്യവും ഇതുമൂലം ലഭിക്കും. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഫലം നമുക്ക് ദര്‍ശിക്കാനാകും. എന്നാല്‍ അല്പം സൂക്ഷ്മത ആവശ്യമുള്ള ഒരു വ്യായാമം ആണിത് . അല്ലെങ്കില്‍ നമ്മുടെ ആസനം 'അത്യാസന്നം' ആവാന്‍ സാധ്യത ഉണ്ട്.

ചെയ്യേണ്ട വിധം:
മുന്നോട്ടോ പിന്നോട്ടോ തെന്നിപ്പോകുകയോ മറിഞ്ഞുപോവുകയോ ചെയ്യാത്ത സ്റ്റൂളോ കസേരയോ ആണ് ഇതിനുപയോഗിക്കേണ്ടത്. ആദ്യമാദ്യം ഒരു സഹായിയെ ആശ്രയിക്കുന്നത്  നല്ലതാണ്. രണ്ടു സ്റ്റൂളുകള്‍ , കാലിന്റെ ഉപ്പൂറ്റിയും തലയ്ക്കു താഴെ പിരടിയും ഒഴികെയുള്ള ഭാഗം രണ്ടു സ്റ്റൂള്കളുടെയും  മധ്യത്തില്‍ വരും വിധം അകലത്തില്‍ തറയില്‍ വയ്ക്കുക. ശേഷം രണ്ടിന്റെയും ഇടയിലായി ഒരു സ്റ്റൂളിനു അഭിമുഖമായി ഇരുന്ന ശേഷം  ശരീരത്തിന് പിന്നില്‍ തറയില്‍ രണ്ടു കൈകള്‍ കൊണ്ട് താങ്ങ് കൊടുത്ത് ഒരു സ്റ്റൂളില്‍ മുതുക് കയറ്റിവച്ചശേഷം ശ്വാസം ഉള്ളിലേക്ക്‌ വലിച്ചു ഒരു കാല്‍ പാദം താഴെഉറപ്പിച്ചുനിര്‍ത്തി, അടുത്ത കാല്‍ പൊക്കി മറ്റേ സ്റ്റൂളില്‍ നിവര്‍ത്തിവയ്ക്കുക. അങ്ങനെ ശരീരം ബാലന്‍സ്‌ ചെയ്തു മറ്റെകാലും നിവര്‍ത്തി ചിത്രത്തില്‍ കാണുംവിധം ശരീരം ബലപ്പെടുത്തി ഉറപ്പിച്ചു നിര്‍ത്തുക. പിന്നീട് സാധാരണപോലെ  ശ്വാസോച്ഛ്വാസം ചെയ്യാം. ക്രമേണ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.
ശ്വാസം ഉള്ളിലേക്ക്  എടുത്തുപിടിച്ച് ഒരുകാല്‍ മാത്രം ആദ്യം താഴ്ത്തി ശരീരം ബാലന്‍സ്‌ ചെയ്തു മറ്റേ കാലും സ്റ്റൂളില്‍നിന്ന് എടുത്തു പൂര്‍വ്വസ്ഥിതിയിലേക്ക് വരാം.

യോഗയുടെ ഗുണങ്ങള്‍ - 19

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 19

വിവിധ യോഗാസനമുറകൾ

34. വയര്‍ കുറയ്ക്കാന്‍ ആസനങ്ങള്‍

1 ദ്വിപാദ ഉത്ഥാനാസനം: കൈകള്‍ ശരീരത്തിന്റെ ഇരുഭാഗത്തും തറയില്‍ കമിഴ്ത്തി വച്ചു മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ടു കാലുകള്‍ കുത്തനെ ഉയര്‍ത്തുക. ശ്വാസം വിട്ട് താഴ്ത്തുക.

പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം. പ്രയാസമുള്ളവര്‍ ഇരുകാലുകള്‍ക്കു പകരം ഓരോ കാലുകള്‍ മാറി മാറി ഉയര്‍ത്തുക.

2 പശ്ചിമോത്ഥാനാസനം: കാലുകള്‍ ചേര്‍ത്തു മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ട് ഇരുകൈകളും തലയ്ക്കു പിന്‍വശത്തു നീട്ടി പതിക്കുക. ശ്വാസം വിട്ടുകൊണ്ടു കൈകളും തലയും ഉയര്‍ത്തി കിട്ടാവുന്നത്ര മുന്നോട്ടു വലിഞ്ഞു പാദം പിടിക്കാന്‍ ശ്രമിക്കുക. ശ്വാസം എടുത്തു കൈകള്‍ വീണ്ടും തലയ്ക്കു പിറകിലേക്കു കൊണ്ടുവന്നു മലര്‍ന്നുകിടക്കുക. വീണ്ടും ഉയരുക. ഇതു തുടര്‍ച്ചയായി അല്‍പം വേഗത്തില്‍ പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം.

3 ശലഭാസനം: കമഴ്ന്നു കിടന്നു താടി തറയില്‍ പതിക്കുക. കൈകള്‍ മലര്‍ത്തി തുടയുടെ അടിഭാഗത്തോ അല്ലെങ്കില്‍ വിരലുകള്‍ മടക്കി തുടയുടെ ഇരുഭാഗത്തും തറയിലോ പതിച്ചു വയ്ക്കുക. ശ്വാസം എടുത്തതിനുശേഷം കാലുകള്‍ 45 ഡിഗ്രി വരെ ഉയര്‍ത്തുക. അല്‍പനേരം അവിടെ നിര്‍ത്തുക. കാലുകള്‍ താഴ്ത്തി ശ്വാസം വിടുക. നാലോ അഞ്ചോ തവണ പരിശീലിക്കാം.

4 ഹലാസനം: മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കാലുകള്‍ ഉയര്‍ത്തി തലയ്ക്കു പിന്‍വശത്തു തറയില്‍ പതിക്കുക. ശ്വാസം വിട്ടുകൊണ്ടു പൂര്‍വസ്ഥിയില്‍ വരിക. പത്തു തവണ പരിശീലിക്കാം.

5 പവനമുക്താസനം: മലര്‍ന്നു കിടക്കുക, ദീര്‍ഘമായി ശ്വാസം എടുക്കുക. ശ്വാസം വിട്ടുകൊണ്ട് ഒരു കാല്‍മടക്കി നെഞ്ചോടമര്‍ത്തുക. തല ഉയര്‍ത്തി താടിയും കാല്‍മുട്ടും തൊടുവിക്കാന്‍ ശ്രമിക്കുക. മാറിമാറി നാലോ അഞ്ചോ തവണ പരിശീലിക്കാം.

ഈ ആസനങ്ങള്‍ ഓരോന്നും ദിവസവും അര മണിക്കൂര്‍ വീതം പരിശീലിക്കുക.

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

ചെറിയ പായയോ ബെഡ്ഷീറ്റോ നിലത്തു വിരിച്ച് അതില്‍ നിന്നു വേണം യോഗ ചെയ്യാന്‍.

പശ്ചിമോത്ഥാസനം നടുവേദനയുള്ളവര്‍ ചെയ്യരുത്. നടുവേദനയും കഴുത്തുവേദനയും ഉള്ളവര്‍ പവനമുക്താസനം തല ഉയര്‍ത്താതെ പരിശീലിക്കുക.

ഉയര്‍ന്ന ര്കതസമ്മര്‍ദം, ഹൃദ്രോഗം, നടുവേദന എന്നിവ ഉള്ളവര്‍ ശലഭാസനം ചെയ്യുമ്പോള്‍ ഓരോ കാലുകള്‍ മാറി മാറി ഉയര്‍ത്തി ചെയ്യുക.

കടുത്ത നടുവേദനയുള്ളവര്‍ ഘടിചലനം ചെയ്യരുത്. നടുവേദന, സ്പോണ്ടിലോസിസ്, ഉയര്‍ന്ന ബി പി എന്നിവ ഉള്ളവര്‍ ഹലാസനം പരിശീലിക്കരുത്.


യോഗയുടെ ഗുണങ്ങള്‍ - 18

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 18

വിവിധ യോഗാസനമുറകൾ

33. ആലില വയറിന് യോഗ

അമിതവണ്ണവും കുടവയറും കുറയ്ക്കുന്നതിനു വളരെ ഫലപ്രദവും ലളിതവും സുഗമവുമായ വ്യായാമപദ്ധതിയാണു യോഗ പരിശീലനം. ഇരുപതു കിലോഗ്രാം അമിതഭാരമുണ്ടെങ്കില്‍ ഏകദേശം നാലു മാസത്തെ പരിശീലനം കൊണ്ട് ഉചിതമായ ഭാരത്തിലെത്താനാകുന്നു. ഇതു പേശികള്‍ക്കോ ചര്‍മത്തിനോ യാതൊരു വൈരൂപ്യവും ഉണ്ടാക്കുന്നില്ല. അമിതവണ്ണവും കുടവയറും ഉള്ളവര്‍ പരിശീലിക്കേണ്ട ഏതാനും ആസനങ്ങള്‍ 

1 ശ്വസനക്രിയ: നിവര്‍ന്നു നില്‍ക്കുക. ഉപ്പൂറ്റി ചേര്‍ത്തു വിരലുകള്‍ അല്‍പം അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തു കൊണ്ടു കാല്‍വിരലുകളില്‍ ഉയര്‍ന്നു കൈകള്‍ ഉയര്‍ത്തി മുകളില്‍ കുപ്പിവയ്ക്കുക. ശ്വാസം വിട്ടുകൊണ്ട് ആദ്യത്തെ അവസ്ഥയില്‍ എത്തുക.

പത്തോ പതിനഞ്ചോ തവണ പരിശീലിക്കുക. പരിശീലനം അല്‍പം വേഗത്തിലാവാം. പ്രയാസമുള്ളവര്‍ പാദങ്ങള്‍ ഉയര്‍ത്താതെ പരിശീലിക്കുക.

2 ഘടിചലനം : നിവര്‍ന്നു നില്‍ക്കുക. ഉപ്പൂറ്റി ചേര്‍ത്തു വിരലുകള്‍ അല്‍പം അകലത്തില്‍ വയ്ക്കുക. കൈകള്‍ അരക്കെട്ടില്‍ പതിച്ച് അരക്കെട്ട് ഒരു ഭാഗത്തേക്ക് നന്നായി ചുറ്റുക. പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം. അതിനു ശേഷം അത്രതന്നെ തവണ മറുഭാഗത്തേക്കും ചുറ്റുക.

3 പാര്‍ശ്വത്രികോണാസനം: കാലുകള്‍ അകലത്തില്‍ പതിച്ചു നില്‍ക്കുക. ശ്വാസം എടുത്തു കൈകള്‍ വിടര്‍ത്തി നിര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു വലതു ഭാഗത്തേക്കു കാല്‍മുട്ട് മടങ്ങാതെ താഴുക. വലതു കൈ കിട്ടാവുന്നത്ര താഴ്ത്തി കാലിലോ തറയിലോ പതിക്കുക. ഇടതുകൈ ഇടതുചെവിയോടു ചേര്‍ത്തു സമാന്തരമായി നീട്ടിവയ്ക്കുക. ശ്വാസം എടുത്ത് ഉയരുക. മറുഭാഗവും പരിശീലിക്കുക.

നാലോ അഞ്ചോ തവണയോ അതിലധികമോ ഇതു ചെയ്യാം.

5 ഭുജംഗാസനം : കമിഴ്ന്നു കിടക്കുക. കൈപ്പത്തി ഷോള്‍ഡറിനു താഴെ തറയില്‍ പതിക്കുക. ശ്വാസം എടുത്തു തല ഉയര്‍ത്തുക. പൊക്കിളിന്റെ അല്‍പം താഴെ വരെ ഉയരാം. ശ്വാസം വിട്ടുകൊണ്ടു താഴുക. അഞ്ചു തവണ സാവധാനത്തില്‍ പരിശീലിക്കുക.

6 യോഗനിദ്ര (ശവാസനം): മലര്‍ന്നു കിടക്കുക. കാലുകള്‍ അല്‍പം അകലത്തില്‍. കൈപ്പത്തി മലര്‍ത്തി വയ്ക്കുക. കാലിന്റെ അറ്റം മുതല്‍ തല വരെ പൂര്‍ണമായി വിശ്രമിക്കുന്നതായി മനസില്‍ സങ്കല്‍പിക്കുക. പിന്നീട് ശ്വാസഗതിയെ ശ്രദ്ധിക്കുക. ശരീരവും മനസും പൂര്‍ണവിശ്രമത്തിലെത്തുന്നു.

7 സൂര്യനമസ്കാരം: അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ഫലപ്രദമാണ് സൂര്യനമസ്കാരം. 12 ആസനങ്ങള്‍ ചേര്‍ന്ന സൂര്യ നമസ്കാരം ദിവസവും എട്ടോ പത്തോ പ്രാവശ്യം പരിശീലിക്കുന്നതു വളരെ ഫലപ്രദമായി കാണുന്നു.

യോഗയുടെ ഗുണങ്ങള്‍ - 17

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 17

വിവിധ യോഗാസനമുറകൾ

31. പശ്ചിമോത്താനാസനം

സുഷുമ്നയിലൂടെ പ്രാണൻ സഞ്ചരിക്കുന്നതിനും ഉദരാഗ്നി ആളിക്കത്തുന്നതിനും അരക്കെട്ട് ഒതുങ്ങുന്നതിനും രോഗനിവാരണത്തിനും പറ്റിയ പശ്ചിമോത്താനാസനം ഏറ്റവും മികച്ച ആസനങ്ങളിൽ ഒന്നാണ് ഹഠയോഗ പ്രദീപിക, അധ്യായം 1, 30

ഉണർന്നിരിക്കുമ്പോൾ ശരീരം ഭൂരിഭാഗം സമയവും നിവർന്ന നിലയിലായിരിക്കുന്നതിനാൽ നട്ടെല്ല് സമ്മർദത്തിനിരയാകുന്നു.

പശ്ചിമോത്താനാസനത്തിന്റെ നിത്യപരിശീലനം നട്ടെല്ലിനെ അയവുള്ളതും സന്ധികളെ ചലനാത്മവും ആന്തരികാവയവങ്ങളെ സജീവവും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതുമാക്കുന്നു. ഈ ആസനത്തിന് ഉഗ്രാസനം എന്നും ബ്രഹ്മചര്യാസനം എന്നും പറയുന്നു. ആസനങ്ങളിൽ ത്രിമൂർത്തികളെന്ന് അറിയപ്പെടുന്നത് ശീർഷാസനം സർവാംഗാസനം പശ്ചിമോത്താനാസനം എന്നിവയാണ്.

ചെയ്യുന്ന വിധം

1. ഇരുന്ന ശേഷം കാലുകൾ നീട്ടി നിവർത്തികൂട്ടിച്ചേർത്ത് വയ്ക്കുക. കാൽ വിരലുകൾ ശരീരത്തിന് അഭിമുഖമായിരിക്കണം. കൈപ്പത്തി അരക്കെട്ടിന്റെ ഇരുവശങ്ങളിലുമായി തറയിൽ കമഴ്ത്തി വയ്ക്കുക ശ്വസിച്ചുകൊണ്ട് രണ്ട് കൈകളും കാതുകൾക്ക് സമാന്തരമായി തലയ്ക്കു മുകളിൽ ഉയർത്തുക. നട്ടെല്ലിനെ കഴിയുന്നത്ര വലിച്ചു നീട്ടണം.

2. നട്ടെല്ലിന്റെ മുകളിലോട്ടുള്ള വലിവ് നിലനിർത്തി ശ്വാസംവിട്ടുകൊണ്ട്് അരക്കെട്ട് മുന്നോട്ട് വളയ്ക്കുക.

3. മുന്നോട്ട് വളഞ്ഞ് കാൽവിരലുകളിൽ തൊടുക.

4. ചൂണ്ടുവിരലും നടുവിരലും കാലിന്റെ പെരുവിരലിന്റെയും രണ്ടാമത്തെ വിരലിന്റെയും ഇടയിൽ വച്ച് കയ്യുടെ പെരുവിരൽകൊണ്ട് കാലിന്റെ പെരുവിരലിനു മുകളിൽ അമർത്തണം. കാൽവിരലുകളിൽ പിടിക്കാൻ കഴിയാത്തപക്ഷം കാൽ കുഴലുകളിലോ കാൽ മുട്ടുകളിലോ പിടിച്ചാൽ മതി. പാദങ്ങൾ ചേർന്നും കാൽമുട്ടുകൾ നിവർന്നും ഇരിക്കണം. പാദങ്ങൾ പതിഞ്ഞിരിക്കണം. കാൽ വിരലുകൾ തലയ്ക്കു നേരെ തിരിഞ്ഞിരിക്കട്ടെ. പിന്നീട് ശ്വസിച്ചുകൊണ്ട് ശരീരം പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരിക.

പ്രയോജനങ്ങൾ

ഹൃദയത്തിനും കരളിനും പ്ലീഹയ്ക്കും ശക്തമായ തടവലും ഉത്തേജനവും നൽകുന്നു.

ദഹനേന്ദ്രിത്തൈ സജീവമാക്കി ദഹനം മെച്ചപ്പെടുത്തുന്നു.

കുടലുകളെ ക്രമീകരിച്ച് മലബന്ധം ഇല്ലാതാക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹരോാഗികൾക്ക് ഈ ആസനം ഉത്തമമാണ്.

നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു

സന്ധികൾ ചലനാത്മകമാകുന്നു. നട്ടെല്ലിന് വഴക്കം ലഭിക്കുന്നു.

അരക്കെട്ടിനേയും പൃഷ്ഠഭാഗത്തെയും ശക്തമാക്കുന്നു

സുഷുമ്നയിലൂടെ പ്രാണസഞ്ചാരം നടക്കുന്നു.

മനസ്സിനു ശാന്തത കൈവരുന്നു.

സൂക്ഷ്മത വർധിപ്പിക്കുന്നതിന് ഏറ്റവും ഉചിതമായ ആസനമാണിത്

32. പൂർവോത്താനാസനം

വിപരീതാസനം എന്ന നിലയിൽ പശ്ചിമോത്താനാസനം കഴിഞ്ഞാലുടൻ പൂർവോത്താനാസനം ചെയ്യേണ്ടതാണ്

ചെയ്യുന്ന വിധം

1. നിലത്തിരുന്ന് കാലുകൾ നിവർത്തി കൈകൾ പിന്നിൽ നിലത്തുറപ്പിക്കുക. കൈവിരലുകൾ പിൻഭാഗത്തേക്ക് തിരിഞ്ഞിരിക്കണം

2. ശ്വാസം എടുത്തുകൊണ്ട് അരക്കെട്ട് കഴിയുന്നത്ര ഉയർത്തുക

3. പാദങ്ങൾ ചേർന്നിരിക്കണം, നിലത്ത് പതിഞ്ഞിരിക്കണം. തല പുറകിലേക്ക് താഴ്ത്തിയിടുക.

4. നിലയിൽ നിന്ന് പുറത്ത് വന്ന് ഇരിക്കുക. കൈക്കുഴകൾ കുടയുക. ശവാസനത്തിൽ വിശ്രമിക്കുക.

പ്രയോജനങ്ങൾ

ശരീരം മുഴുവൻ ലഘുവായി വലിയുന്നു

മാറിടം വികസിക്കുന്നു. ശ്വാസകോശങ്ങളിലെ പ്രാണൻ ഊർജസ്വലമാകുന്നു

രക്തചംക്രമണം സജീവമാകുന്നു

തോളുകളെയും കൈകളെയും അരക്കെട്ടിനെയും ശക്തപ്പെടുത്തുന്നുയോഗയുടെ ഗുണങ്ങള്‍ - 16

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 16

വിവിധ യോഗാസനമുറകൾ

30. ഭുജംഗാസനം

ഭുജംഗം എന്നാൽ പാമ്പ് എന്നാണ് അർഥം. പാമ്പു പത്തിവിടർത്തി നിൽക്കുന്ന രീതിയെ അനുകരിച്ചു ചെയ്യുന്ന യോഗാസനമായതുകൊണ്ടാണ് ഇതിനെ ഭുജംഗാസനം അഥവാ സർപ്പാസനം എന്നു പറയുന്നത്. ഇതിനു ധാരാളം വകഭേദങ്ങളുണ്ട്.

ചെയ്യുന്ന വിധം

കമിഴ്ന്നു കിടന്നു കാലുകൾ നീട്ടിവയ്ക്കുക, കാൽ വിരലുകൾ നീട്ടി ശരീരം ഒരേ രേഖയിൽ വരത്തക്കവിധം കാലുകൾ കഴിയുന്നത്ര അടുപ്പിച്ചു കിടക്കുക, കൈപ്പത്തിയിൽ അതതു തോളിനു താഴെ വിരലുകൾ ചേർത്തു പതിച്ചു കമഴ്ത്തി വയ്ക്കണം. തല കുനിച്ചു നെറ്റിയോ താടിയോ ഏതെങ്കിലുമൊന്നു തറയിൽ മുട്ടിച്ചുവയ്ക്കുക, കൈമുട്ടുകൾ ശരീരത്തിനടുത്തു നേരെ പിറകിലോട്ടു തന്നെ ആയിരിക്കണം. ശരീരം മുഴുവൻ തളർത്തിയിടുക. സാവകാശം ശ്വാസം അകത്തേക്കു വലിച്ചുകൊണ്ട്, കൈകൾ നിലത്തമർത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നുയർത്തി, തല കഴിയുന്നത്ര പിറകോട്ടു വളച്ചു മുകളിലേക്കു നോക്കുക, പൊക്കിൾ വരെയുള്ള ഭാഗമേ ഉയർത്താവൂ. മൂന്നോ നാലോ സെക്കൻഡ് സമയം ഇങ്ങനെ നിന്ന ശേഷം സാവകാശം ശ്വാസം പുറത്തേക്കുവിട്ടുകൊണ്ടു തല താഴ്ത്തി പൂർവസ്ഥിതിയിലേക്കു മടങ്ങി വന്നു കിടക്കുക. കുറഞ്ഞത് അഞ്ച്-ആറു തവണ ആവർത്തിക്കുക.

ശ്രദ്ധിക്കുക

ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവരും എല്ലുകൾക്കും പേശികൾക്കും അയവില്ലാത്തവരും തുടക്കത്തിൽ നെഞ്ചിന്റെ മുകൾ ഭാഗം വരെ മാത്രം പൊക്കി ശ്രമിക്കുക. ഹെർണിയ, പെപ്ടിക് അൾസർ, ഹൈപ്പർ തൈറോഡിസം തുടങ്ങിയവ ഉള്ളവർ യോഗ വിദഗ്ധന്റെ നേതൃത്വത്തിലേ അഭ്യസിക്കാവൂ.

പ്രയോജനങ്ങൾ

സ്ത്രീകളുടെ ആർത്തവ സംബന്ധമായ എല്ലാ ക്രമക്കേടുകളും വേദനയും മാറുന്നതാണ്. ദഹന ശക്തി വർധിപ്പിക്കുന്നു. നട്ടെല്ലിന് അയവും പുറത്തെ മസിലുകൾക്കും ഞരമ്പുകൾക്കും പുഷ്ടിയും ബലവും നൽകുന്നു. നടുവേദന, നടുവെട്ടൽ തുടങ്ങിയവയിൽ നിന്നു മോചനമാവും. കരൾ, വൃക്ക മുതലായവയും മറ്റ് ആന്തരികാവയവങ്ങളും ശക്തമാവുന്നു.

യോഗയുടെ ഗുണങ്ങള്‍ - 15

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 15

വിവിധ യോഗാസനമുറകൾ

27. ശീര്‍ഷാസനം

ശീര്‍ഷാസനം എന്ന വാക്ക് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. അത്രക്കും പ്രസിദ്ധമാണിത്. യോഗയില്‍ പ്രമുഖസ്ഥാനം ഇതലങ്കരിക്കുന്നു. ശരീത്തിനു മൊത്തം ഗുണപരമായ വ്യത്യാസം വരുത്താന്‍ ഇതിനു കഴിവുണ്ട്. ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു. കണ്ണിലേക്ക് രക്തയോട്ടം കൂട്ടുന്ന ഒരു ആസനമായതിനാല്‍ 'കണ്ണില്‍ ചോരയില്ലാത്ത'വര്‍ നിര്‍ബന്ധമായും ഇതനുഷ്ടിക്കേണ്ടതാണ് .  ഈ ആസനം ചെയ്യാന്‍, ഒരു ദിവസമെന്കിലും ബ്രഹ്മചര്യം അനുഷ്ടിക്കണമെന്ന ഒരു 'ലളിതസുന്ദരനിബന്ധന'യുള്ളതിനാല്‍ പലര്‍ക്കും ഇതൊരു കീറാമുട്ടി ആകാറുണ്ട്.  എന്നാല്‍, ഈ ആസനം അനല്പമായ ഗുണഫലങ്ങള്‍ നമുക്ക് നല്‍കുന്നു എന്നത് നിസാരമാക്കരുത്.

ചെയ്യേണ്ട വിധം:

അല്പം കട്ടിയുള്ള ഒരു ഷീറ്റ്  മടക്കി തറയില്‍ വക്കുക (കനമുള്ള കാര്‍പെറ്റില്‍ ആണെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല) കൈവിരലുകള്‍ തമ്മില്‍ കോര്‍ത്തു തറയില്‍ മലര്‍ത്തിവച്ച് മുട്ടുകുത്തിയിരിക്കുക. ഇനി, തലയുടെ നെറുകഭാഗം കൈക്കുള്ളിലും നെറ്റി തറയിലും പതിഞ്ഞിരിക്കും വിധം തലവച്ച് ഒരു കുതിപ്പോടെ ശരീരം മുകളിലെക്കുയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ത്തേണ്ടതില്ല. ശരീരം കുത്തനെ ആയി ബാലന്‍സ്‌ ചെയ്തതിനു ശേഷം കാലുകള്‍ മെല്ലെ ഉയര്‍ത്തി 90ഡിഗ്രി ആയി വരുന്ന അവസ്ഥയില്‍ നില്‍ക്കുക. ഇപ്പോള്‍ ശീര്‍ഷാസനത്തിന്‍റെ പൂര്‍ണ്ണരൂപമായി. ഇനി സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യാം. ദിവസേന അല്പാല്പമായി സമയം ദീര്‍ഘിപ്പിക്കുക. യോഗാസന്തിന്റെ അവസാനഘട്ടത്തില്‍ ആണ് ഇത്തരം ഇനങ്ങള്‍  ചെയ്യേണ്ടത്. എപ്രകാരം ശീര്‍സാനത്തിലേക്ക് ഉയര്‍ന്നുവോ, അപ്രകാരം തന്നെ അതില്‍ നിന്നു വിരമിക്കുക.

28. വിപരീത കരണീമുദ്ര

ആസനമുറകളില്‍ അതിവിശിഷ്ടമായ ഒരു 'മുദ്ര'യാണിത്. അരമണിക്കൂര്‍ ദിനേന ഇത് അഭ്യസിച്ചാല്‍ വൃദ്ധന്‍ യുവാവായി മാറുമെന്ന് യോഗമതം! ഹൃദയത്തിനും മറ്റു ആന്തരികാവയവങ്ങള്‍ക്കും സൌഖ്യം നല്‍കുന്ന ഇത് ആര്‍ക്കും വേഗത്തില്‍ അഭ്യസിക്കാവുന്നതാണ്.

ചെയ്യുംവിധം :

കാല്പാദങ്ങളും മുട്ടുകളും ചേര്‍ത്തുവച്ചു മലര്‍ന്നുകിടക്കുക. ശേഷം കാല്‍മുട്ടുകള്‍ അല്പം മടക്കി അരക്കെട്ട് മുകളിലേക്കുയര്‍ത്തുക. അതോടൊപ്പം കൈമുട്ടുകള്‍ തറയിലൂന്നിക്കൊണ്ട് അരക്കെട്ടിനെ കൈകള്‍ കൊണ്ട് വാഴക്കു താങ്ങ്കൊടുക്കും പോലെ താങ്ങി നിര്‍ത്തുക. ശേഷം, മുകളിലെ  ചിത്രത്തില്‍ കാണുന്ന പോലെയുള്ള രീതിയില്‍ ശരീരം ബാലന്‍സ് ചെയ്തുനിര്‍ത്തി ശ്വാസോച്ഛ്വാസം സാധാരണ പോലെ ചെയ്തുകൊണ്ടിരിക്കുക. രണ്ടുമൂന്നു മിനിറ്റ് ഈ നില്പ് തുടരാം. ശേഷം കാല്‍മുട്ടുകള്‍ മടക്കിയ ശേഷം കൈകള്‍ക്കുള്ളില്‍നിന്ന് അരക്കെട്ട്  സാവധാനം താഴ്ത്തി പൂര്‍വ്വാവസ്ഥയിലേക്കെത്തുക.

29. സര്‍വ്വാംഗാസനം:

പേര് പോലെതന്നെ 'സര്‍വ്വ അംഗത്തിനും' ഗുണമുള്ള ഒരു ആസനമാണിത്. ആന്തരികവും ബാഹ്യവുമായ അവയവങ്ങള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. രക്തശുദ്ധീകരണം, നട്ടെല്ലിന്റെ ആരോഗ്യം, മാനസിക പിരിമുറുക്കത്തിന് അറുതി മുതലായവ ഇതില്‍ പ്രധാനമാണ്.
മുഖത്തിന്‌ രക്തയോട്ടം കൂടുന്നതിനാല്‍ മുഖതേജസ് വര്‍ധിക്കും. ശബ്ദസ്ഫുടത കൂടും. ദുസ്വപ്നം, ഭയം എന്നിവ ഇല്ലാതാകും.

ചെയ്യേണ്ട വിധം:

ആദ്യം വിപരീത കരണീമുദ്രയില്‍ നില്‍ക്കുക. ഇങ്ങനെ നിന്നുകൊണ്ട് കൈകള്‍ കുറച്ചു കൂടി ശരീരത്തിനെ മുകളിലേക്ക് തള്ളുക. (ചിത്രം ശ്രദ്ധിക്കുക) . ഉടല്‍ കുത്തനെ നില്‍ക്കും വിധം ഇതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ ആകുന്നു. ഇപ്പോള്‍ നിങ്ങളുടെ താടി, നെഞ്ചിനോട്  ചേര്‍ന്ന്നില്‍ക്കുന്നു. ശേഷം സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക. ആദ്യപടി ഒരു മിനിറ്റിനു ശേഷം പടിപടിയായി സമയം ദീര്‍ഘിപ്പിച്ച് അഞ്ചുമിനിറ്റ് വരെയാക്കാം. തൈറോയിഡിന്റെ അസുഖക്കാര്‍ക്ക് ചില വൈദ്യന്മാര്‍ ഇത് നിര്‍ദേശിക്കാറുണ്ട്. (ഇത് ചെയ്യുന്നതിന്റെ മുന്‍പും ശേഷവും 'മത്സ്യാസനം' ചെയ്യുന്നത് വളരെ നല്ലതാണ്).

27 August 2020

യോഗയുടെ ഗുണങ്ങള്‍ - 14

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 14

വിവിധ യോഗാസനമുറകൾ

24. മത്സ്യാസനം 

ചെയ്യേണ്ട വിധം:

പത്മാസനത്തിലെന്ന പോലെ കാലുകള്‍ ചേര്‍ത്തുവക്കുക (ചിത്രം ശ്രദ്ധിക്കുക). ശേഷംമലര്‍ന്നു കിടക്കുക. കഴുത്ത് കഴിയുന്നത്ര പിന്നോട്ട് വളച്ച് നെറുക ഭാഗം തറയില്‍ കൊള്ളിച്ചു വക്കുക. കൈകള്‍ രണ്ടും കാല്‍ വെള്ളയില്‍ വക്കുക.  ഈ നിലയില്‍ അല്പം ദീര്‍ഘ ശ്വാസോച്ഛ്വാസം ചെയ്യുക.   ഇനി കൈപത്തികള്‍ തറയില്‍ കുത്തി ബലം കൊടുത്തു തലയും കഴുത്തും പൂര്‍വ്വസ്ഥിതിയിലാക്കുക. ഇത് ഒരു പ്രാവശ്യം ചെയ്താല്‍ മതിയാകും

ഗുണങ്ങള്‍:

കഴുത്തിന്‌ നല്ല ബലം കിട്ടുന്നു. വയറിന്റെ പേശികള്‍ക്ക് അയവു ലഭിക്കുന്നു. ശ്വാസകോശസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ശമനം ലഭിക്കുന്നു. ആസ്തമ സുഖപ്പെടുന്നു. വയറ്റിനുള്ളിളെ മാലിന്യങ്ങളെ

25. കണ്ഠപീഡാസനം

ചെയ്യേണ്ട വിധം :

മലര്‍ന്നു കിടന്നു കൈകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ചു കൈപ്പത്തികള്‍ മലര്‍ത്തി വക്കുക. ശ്വാസം ഉള്ളിലെക്കെടുത്ത് കാല്‍മുട്ടുകള്‍ വളക്കാതെ മുകളിലേക്കുയര്‍ത്തുക. ശേഷം ശ്വാസം മെല്ലെ വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി ചിത്രത്തില്‍ കാണുന്ന പോലെ ചെവിയുടെ രണ്ടു വശത്തേക്ക് കാല്‍മുട്ടുകള്‍ കൊണ്ട് വരിക.   ശേഷം ശ്വാസം ഉള്ളിലെക്കെടുത്ത് കാലുകള്‍ മുകളിലെക്കുയര്‍ത്തുകയും പിന്നെ ശ്വാസം മെല്ലെ വിട്ടുകൊണ്ട് കാല്‍മുട്ട് വളക്കാതെ മുന്നോട്ട് തറയില്‍ കൊണ്ടുവക്കുക. ഇത് അഞ്ച് പ്രാവശ്യം ചെയ്യുക. ആദ്യ ശ്രമത്തില്‍ ഇത് പൂര്‍ണ അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായിരിക്കും. സ്ഥിരമായ ശ്രമത്തിലൂടെ ചെയ്താല്‍ ഇതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരിക്കും).

ഗുണങ്ങള്‍:

നട്ടെല്ലിനും കഴുത്തിനും നെഞ്ചിനും നല്ല പ്രയോജനം ലഭിക്കുന്ന പ്രധാനപ്പെട്ട ഒരാസനമാണിത്. നടുവേദന ഇല്ലാതാക്കാനും നെഞ്ചിന്റെ പേശികള്‍ക്ക് ബലം വര്‍ധിക്കാനും ഇത് വളരെ നല്ലതാണ്. ദുര്‍മേദസ്സ് ഇല്ലാതാവും. വായുകോപം കുറയും. മുഖത്തിന്‌ കൂടുതല്‍ തേജസ് ലഭിക്കുന്നു.  അലസത ഇല്ലാതാകുന്നു.

26. മയൂരാസനം:

ചെയ്യേണ്ട വിധം :

മയൂരത്തെപ്പോലെ തോന്നിക്കും വിധമാണ് ഇതിന്റെ രീതി.

ഈ ആസനത്തിനു ബാലന്‍സിംഗ് പ്രധാനമാണ്.

കൈപ്പത്തികള്‍ നിലത്ത് ഉറപ്പിച്ചു വിരലുകള്‍ കാലുകള്‍ക്ക് നേരെ തിരിച്ച്, കൈമുട്ടുകള്‍ നാഭിയുടെ ഇരുവശങ്ങളിലും ചേര്‍ത്തു വക്കുക. ശേഷം, ശരീരം വടി പോലെ ഉയര്‍ത്തി ചിത്രത്തില്‍ കാണുന്നത് പോലെ ചലനമില്ലാതെ ബാലന്‍സ്‌ ചെയ്തു നില്‍ക്കുക. ഒരു മിനിട്ട് ഈ നില്പ് തുടരാന്‍ കഴിഞ്ഞാല്‍ തന്നെ മയൂരാസനത്തിന്റെ ഫലം ലഭിക്കും.  തുടര്‍ച്ചയായ ശ്രമത്തിലൂടെ മാത്രമേ മയൂരാസനം ഭംഗിയായി ചെയ്യാന്‍ കഴിയൂ.

ഗുണങ്ങള്‍:

കൈകളുടെ ശക്തി വര്‍ധിക്കുന്നു. ത്രിദോഷങ്ങളെ ഇല്ലാതാക്കുന്നു.  ആഹാരത്തില്‍ നിന്നുണ്ടാകുന്ന സകല ദോഷങ്ങളെയും നശിപ്പിക്കുന്നു. ഗ്യാസ്ട്രബിള്‍ പുളിച്ചു തികട്ടല്‍ എന്നിവ ശമിപ്പിക്കുന്നു. ശരീരത്തിന് മൊത്തം ബലം ലഭിക്കുന്നു.


യോഗയുടെ ഗുണങ്ങള്‍ - 13

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 13

വിവിധ യോഗാസനമുറകൾ

21. ബദ്ധകോണാസനം 

വളരെ മേന്മയേറിയ ഒരു ആസനമാണിത് . ശീഖ്രസ്ഖലനം, ബലഹീനത മുതലായവ ഇല്ലാതാക്കാന്‍ ഇവക്ക് കഴിവുണ്ട്. ഗുഹ്യഭാഗത്തിന്റെയും അനുബന്ധപേശികളുടെയും ഞരമ്പുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവക്രമീകരണം സാധ്യമാകുന്നു.

ചെയ്യേണ്ട വിധം

നിവര്‍ന്നിരുന്നു  കാലുകള്‍ മടക്കി 'തൊഴുത്' നിര്‍ത്തുക. കൈകള്‍ കൊണ്ട് പാദങ്ങള്‍ ചേര്‍ത്തുപിടിക്കുക(ഇതാണ് 'ഭദ്രാസനം). ശ്വാസം മുഴുവന്‍ ഉള്ളിലേക്ക് വലിച്ചശേഷം സാവധാനം പുറത്തേക്കു വിട്ടുകൊണ്ട് തല തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ഈ സമയം ശ്വാസം മുഴുവന്‍ പുറത്തായിരിക്കും. കുറച്ചു സമയം കഴിഞ്ഞ്, കാലിലെ പിടിവിടാതെതന്നെ ശ്വാസം ദീര്‍ഘമായി ഉള്ളിലേക്ക് എടുത്തുകൊണ്ട് നിവര്‍ന്നിരിക്കുക. അഞ്ച് തവണ ആവര്‍ത്തിക്കുക.

22. കൂര്‍മാസനം

സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങളെ ലക്‌ഷ്യമാക്കുന്ന മറ്റൊരു ആസനമാണിത്. ജനനേന്ദ്രിയപേശികളെ ശക്തമാക്കാന്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാണ് കൂര്‍മ്മാസനം. മാത്രമല്ല; ഗുദഭാഗത്തെ മാംസപേശികള്‍ സങ്കോച-വികാസം പ്രാപിക്കാനും ഇത് ഉത്തമമാണ്.

ചെയ്യുന്ന വിധം:

ബദ്ധകോണാസനം പോലെ തന്നെ ഉള്ളംകാലുകൊണ്ട് തൊഴുത്  കാല്‍മുട്ടുകള്‍ തറയില്‍ നിന്നും അല്പം ഉയര്‍ത്തി ഇരിക്കുക. അതിനുശേഷം കൈകള്‍ കാലുകള്‍ക്കിടയിലൂടെ പിന്നിലേക്ക്‌ നീട്ടി മലര്‍ത്തിവയ്ക്കുക. ഇങ്ങനെ ഇരുന്ന് ശ്വാസം ദീര്‍ഘമായി ഉള്ളിലേക്ക് വലിച്ച് പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ് പാദങ്ങള്‍ക്ക് നടുവില്‍  തല മുട്ടിക്കുക.ഇപ്പോള്‍ ശ്വാസം മുഴുവന്‍ പുറത്തായിരിക്കും. കുറച്ചു കഴിഞ്ഞ് ശ്വാസം ഉള്ളിലേക്ക് വലിച്ച്കൊണ്ട് പൂര്‍വസ്ഥിതിയിലെക്കെത്തുക. ഇങ്ങനെ അഞ്ച് പ്രാവശ്യം ചെയ്ത് റിലാക്സ് ചെയ്യുക. (ശ്രദ്ധിക്കുക: ഇത്തരം ആസനങ്ങള്‍ കുടവയര്‍ ഉള്ളവര്‍ക്ക്‌ ചെയ്യാന്‍ അല്പം പ്രയാസം നേരിടാം. എങ്കിലും ക്ഷമയോടെ  അല്‍പാല്‍പമായി  പൂര്‍ണ്ണഅവസ്ഥയിലേക്ക് എത്താന്‍ കഴിയും).

ഇനി പ്രതിപാദിക്കുന്ന ആസനങ്ങള്‍ അല്പം സൂക്ഷമതയോടെ ചെയ്യേണ്ടതും നട്ടെല്ലിന് അസുഖമുള്ളവര്‍ ഒരു വൈദ്യന്റെ നിര്‍ദേശം സ്വീകരിക്കേണ്ടതുമാണ്. ഇതിനര്‍ഥം ഇത് അപകടകാരിയായ ഇനങ്ങള്‍ ആണെന്നല്ല. മറ്റു മിക്ക  അഭ്യാസ-വ്യായാമ മുറകള്‍ക്കും വിനോദങ്ങള്‍ക്കും  ഇത് ബാധകമാണ് ).

23. ഹലാസനം

ചെയ്യേണ്ട വിധം:

കലപ്പ (ഹലം) പോലെ തോന്നിക്കും വിധം ചെയ്യുന്ന ആസനമായതിനാലാണ്‌ ഇതിനു ഹലാസനം എന്ന പേര്‍ വന്നത്.

മലര്‍ന്നുകിടന്നു  കൈകള്‍ മലര്‍ത്തി തലയ്ക്കു പിന്നില്‍ ചേര്‍ത്തുവക്കുക.(ചിത്രം ശ്രദ്ധിക്കുക) കാല്‍പാദങ്ങള്‍ രണ്ടും ചേര്‍ത്തു ശ്വാസം പൂര്‍ണ്ണമായി അകത്തേക്കെടുക്കുക. ശേഷം കാല്‍മുട്ടുകള്‍ വളയാതെ ഒരു കുതിപ്പോടെ കാലുകള്‍ ഒന്നിച്ച് മുകളിലേക്കുയര്‍ത്തുക. പിന്നീട് ശ്വാസം സാവധാനം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ തലയ്ക്കു പിറകിലേക്ക് താഴ്ത്തി തറയില്‍ മുട്ടിച്ചു വക്കുക. ഇനി ശ്വാസം എടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ കാലുകള്‍ തലക്കുമുകളില്‍ എത്തിയ ശേഷം തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ മുന്നോട്ടു താഴ്ത്തി തറയിലേക്ക്  പൂര്‍വ്വ സ്ഥിതിയിലേക്ക് വരിക.

ഇത് അഞ്ച് പ്രാവശ്യം ചെയ്യുക.

ഗുണങ്ങള്‍:

നട്ടെല്ലിന് ഏറ്റവും ഗുണം കിട്ടുന്ന ഒരു ഇനമാണിത്.  തടിയും തൂക്കവും കുറക്കാന്‍ ഇത് വഴി സാധിക്കും. ആസ്തമയും വായുകോപവും ഇല്ലാതാക്കും. ഹൃദയപേശികളെ ശക്തമാക്കും. മുഖത്തിന്‌ കൂടുതല്‍ തേജസ് ലഭിക്കും. ക്ഷീണം മാറും. യൌവനം നിലനിര്‍ത്തും.യോഗയുടെ ഗുണങ്ങള്‍ - 12

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 12

വിവിധ യോഗാസനമുറകൾ

18. ശലഭാസനം

ഈ ആസനം ചെയ്യും നേരം ശലഭത്തിന്‍റെ രൂപത്തില്‍ ആകുന്നതു കൊണ്ടാണ് ഇതിനു ശലഭാസനം എന്ന് പറയുന്നത്. അരക്കെട്ടിന്‍റെയും കാലുകളുടെയും മസിലുകള്‍ക്ക് നല്ല വലിവ് ലഭിക്കുന്നതിനാല്‍ നല്ല ആകൃതിയും സൌന്ദര്യവും ലഭിക്കുന്നു. ഇടുപ്പ് വേദന കുറയുകയും വിശപ്പ്‌ കൂടുകയും ചെയ്യുന്നു. അജീര്‍ണ്ണം ശമിക്കുന്നു.

ചെയ്യേണ്ട വിധം :

കമിഴ്ന്നു കിടന്നു താടി തറയില്‍ തൊടുവിക്കുക. ചിത്രത്തില്‍ കാണുന്ന പോലെ കൈകള്‍ നീട്ടി വെക്കുക. ശ്വാസം അകത്തേക്ക് വലിച്ച് കൊണ്ട് ഒരു കാല്‍ പരമാവധി ഉയര്‍ത്തുക. ശേഷം സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുക . മറ്റേ കാലും ഇവ്വിധം ആവര്‍ത്തിക്കുക. രണ്ടാം ഘട്ടമായി രണ്ട് കാലും ഒന്നിച്ചു ഉയര്‍ത്തുക. കൈകളില്‍ കഴിയുന്നതും ബലം കൊടുക്കാതിരിക്കുക.

(തറയില്‍ വിരിച്ച ഷീറ്റ് വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശ്വാസം വലിക്കുമ്പോള്‍ വാക്വം ക്ലീനര്‍ പോലെ ഉള്ളിലേക്ക് മാലിന്യം വലിച്ച് കയറ്റാന്‍ സാധ്യത ഉണ്ട്)

19. ധനുരാസനം:

'വില്ലിന്‍റെ ' രൂപത്തില്‍ ശരീരം വളയുന്നത് കൊണ്ടാണ് ഇതിനു ധനുരാസനം  എന്ന് വിളിക്കുന്നത്‌. ഈ ആസനം വഴി ഉദരപേശികള്‍ക്ക് ബലം വര്‍ധിച്ചു കുടവയര്‍ കുറക്കുകയും മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ദുര്‍മേദസ്സ് കുറയുന്നു. വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂട്ടുന്നു.

ചെയ്യേണ്ട വിധം:

ശലഭാസനത്തിലെ പോലെ കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കി , ചിത്രത്തില്‍ കാണും പോലെ പിടിക്കുക. (കുടവയര്‍ ഉള്ളവര്‍ക്ക് ഇത് അല്പം പ്രയാസമായിരിക്കും. പരിശീലനം വഴി സാധ്യമാകും) ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് കൊണ്ട് കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക. ഇനി ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക.

20. ബാണാസനം

ലൈംഗികക്ഷീണം മാറുന്നു. ഹെര്‍ണിയ ഇല്ലാതാകുന്നു. വയറിന്റെ കൊഴുപ്പ് കുറയുന്നു. വായുകോപം നശിക്കുന്നു. ഉന്മേഷവും ചുറുചുറുക്കും ലഭിക്കുന്നു.

ചെയ്യേണ്ട രീതി

കാലുകള്‍ നീട്ടി ഇരുന്ന് വലതു കാല്‍ പിന്നോട്ട് മടക്കി വച്ചതിനു ശേഷം മെല്ലെ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടായുക.വലതു കാലിന്‍റെ ഉപ്പൂറ്റി ഗുഹ്യഭാഗത്തിനു അടിയിലായിരിക്കണം. കാല്‍ തറയില്‍ നിന്നുയരാതെ നെറ്റി ഇടതുകാല്‍മുട്ടില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക. ഇനി അടുത്ത കാലും ഇങ്ങനെ ആവര്‍ത്തിക്കുക. ഓരോന്നും അഞ്ച് പ്രാവശ്യം ചെയ്യുക. ഇത് പൂര്‍ണ്ണ ബാണാസനം.


യോഗയുടെ ഗുണങ്ങള്‍ - 11

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 11

വിവിധ യോഗാസനമുറകൾ

16. മേരുദണ്ഢാസനം

ചെയ്യുന്ന വിധം

മലര്‍ന്നുകിടക്കുക. കൈകള്‍ നിവര്‍ത്തി ശരീരത്തിനിരുവശത്തുമായി കമഴ്ത്തി വയ്ക്കുക. ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് വലതു കാല്‍ 45 ഡിഗ്രിയോളം ഉയര്‍ത്തുക. ആ നിലയില്‍ അല്പം തുടര്‍ന്നതിന് ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍ മെല്ലെ താഴ്ത്തുക. ഇനി മറ്റേ കാലും ഇതേപടി ചെയ്യുക. ,ഇത് നാലഞ്ചു തവണ ആവര്ത്തിച്ചതിനു ശേഷം രണ്ടുകാലും ഒന്നിച്ചു നേരത്തെ പോലെ പൊക്കുക. ശേഷം ഒന്നിച്ചു താഴ്ത്തുകയും ചെയ്യുക. കൈകളില്‍ പരമാവധി ബലം കൊടുക്കാതിരിക്കുക. ഇത് അഞ്ചു തവണ ചെയ്യുക.

ഇതിന്റെ ഗുണഫലങ്ങള്‍:

വയറിലേക്ക് രക്തചംക്രമണം കൂട്ടി ആരോഗ്യമുള്ളതാക്കുന്നു.വയറു ഒതുങ്ങി ആകാരവടിവുള്ളതാക്കുന്നു. നട്ടെല്ലിനെ ബലപ്പെടുത്തുന്നു. കാലുകള്‍ക്ക് ബലം കൂടുന്നു.

17. ഊര്‍ദ്ധപാദഹസ്താസനം

വയറിലെ പേശികള്‍ക്ക് നല്ല വ്യായാമം ലഭിക്കുന്നതിനാല്‍ വയറു കുറയാന്‍ നല്ലൊരു ആസനമാണിത്. കൂടാതെ കൈകാലുകള്‍ ദൃഡമാകുവാനും വാതസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കാനും ഇത് വളരെ ഉത്തമമാണ്.

ചെയ്യേണ്ടവിധം:

നേരത്തെ പോലെ തന്നെ നിവര്‍ന്നു മലര്‍ന്നു കിടക്കുക.ശ്വാസം ഉള്ളിലേക്കെടുത്തു കൈകാലുകള്‍ ഒരേ സമയം ഉയര്‍ത്തുക.ഇതൊരു കുതിപ്പിന് ചെയ്യുന്നതാവും ഉത്തമം.(ചിത്രം ശ്രദ്ധിക്കുക) ഇതില്‍ ശരീരത്തിന്റെ ബാലന്‍സ്‌ പ്രധാനമാണ്. ശ്വാസം സാവധാനം പുറത്തേക്കു വിടുക .വീണ്ടും ശ്വാസം ഉള്ളിലേക്കെടുത്തു പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. നാലഞ്ചു പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. ഇതിനു ഒരു ഘട്ടമേയുള്ളൂ. രണ്ട് കൈകാലുകള്‍ ഒന്നിച്ചു ചെയ്യേണ്ട ആസനമാണിത്. ബാലന്‍സ്‌ ശരിയാക്കി ക്രമേണ സാവധാനം കൈകാലുകള്‍ തമ്മിലെ അകലം കുറച്ചു കൊണ്ട് വരാന്‍ ശ്രമിക്കുക. അല്‍പ ദിവസം കൊണ്ട് തന്നെ ഇതിന്‍റെ അതിശയിപ്പിക്കുന്ന ഫലം നിങ്ങള്‍ക്ക്‌ ലഭ്യമാകുന്നതാണ്.


യോഗയുടെ ഗുണങ്ങള്‍ - 10

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 10

വിവിധ യോഗാസനമുറകൾ

12. പാദ ശീർഷാസനം

ചെയ്യുന്ന വിധം

ഇരുകാലുകളും മൂന്നടി അകലത്തിലായി വയ്ക്കുക. കൈകൾ പുറകിലേക്ക് വലിച്ചു പിടിക്കുക. വലത്തേക്കാൽ വലതു വശത്തേക്ക് തിരിച്ചിട്ട് ശ്വാസം വിട്ടു കൊണ്ട് സാവധാനം തല കാലിന്റെ മുന്നിലായി നെറ്റി തറയിൽ സ്പർശിക്കുക. വലതുകാൽ മുട്ട് ഈ സമയം 90°യിലായിരിക്കണം. ശ്വാസം എടുത്തു കൊണ്ട് സാവധാനം ഉയർന്ന് പൂർവ്വസ്ഥിതിയിലാകുക. ഇടതുവശത്തേക്ക് ആവർത്തിക്കുക.

പ്രയോജനങ്ങൾ

തലച്ചോറിലേക്കുള്ള രകതത്തിന്റെ ഒഴുക്ക് കൂട്ടുന്നു. തലവേദന, മൈഗ്രേൻ തുടങ്ങിയ അസുഖങ്ങൾ മാറാൻ ഫലപ്രദമായ ആസനമാണിത്. കാഴ്ചശകതി വർദ്ധിക്കുന്നു. കാലുകൾക്ക് പേശീബലം വർദ്ധിക്കുന്നു. നട്ടെല്ലു സംബന്ധമായ അസുഖങ്ങളെ കുറയ്ക്കുന്നു.

13. നടരാജാസനം

ചെയ്യുന്ന വിധം

ഇരു കൈകളും ശരീരത്തിനോട് ചേർത്തു വയ്ച്ച് കാലുകൾ പരസ്പരം ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക. വലതുകൈ ചിൻമുദ്രയിൽ വയ്ച്ച് മുന്നിലേക്ക് നീട്ടി പിടിക്കുക. വലതു ചെവി കൈയ്യോട് ചേർന്നു വരത്തക്കവിധം അരക്കെട്ട് മുന്നോട് വളക്കുക. ഈ സ്ഥിതിയിൽ ഇടതുകാൽ പുറകിലേക്ക് ഉയർത്തി ഇടതു കൈ കൊണ്ട് കാൽക്കുഴയിൽ പിടിച്ചിട്ട് ഏകദേശം കൈയുടെ നിലയിൽത്തന്നെ ഉയർത്തുക. ഇപ്പോൾ വലതുകാലിൽ പൂർണമായും ശരീരം താങ്ങി ഭൂമിക്ക് സമാന്തരമായി ചിൻമുദ്രയിലുള്ള വലതു കൈയിലേക്ക് ദൃഷ്ടി ഉറപ്പിക്കുക. തുടർന്ന് കൈകളും കാലും താഴ്ത്തി പൂർവ്വസ്ഥിതിയിലാവുക. ഇടതു കാൽ തറയിൽ ഉറപ്പിച്ച് ആവർത്തിച്ച് ചെയ്യുക.

പ്രയോജനങ്ങൾ

കഴുത്തുഭാഗത്തെ നട്ടെല്ലുസംബന്ധമായ സ്പൊണ്ടെലൈറ്റിസ് അസുഖമുള്ളവർക്ക് വളരെ വേഗം രോഗം സുഖപ്പെടുന്നു. ശരീരത്തിന്റെ സംതുലനാവസ്ഥയെ മെച്ചപ്പെടുത്തുന്നു.

14. ഗരുഡാസനം

ചെയ്യുന്ന വിധം

ഇരുകാലുകളും നിലത്ത് ഉറപ്പിച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച്ച് കാലുകൾ പരസ്പരം ചേർത്ത് വയ്ച്ച് നട്ടെല്ല് നിവർത്തി നിൽക്കുക. വലത്തേ കാൽ മുട്ട് കുറച്ച് മടക്കി, ഇടത്തേ കാൽ മുന്നിലൂടെ വലത്തേ കാലിനെ ചുറ്റി പാദം മുന്നിലെത്തിക്കുക. ഇരു കൈകളും ശരീരത്തിന്റെ മുന്നിലായി മുട്ടുകൾ വളച്ച് മുകളിലേക്ക് വയ്ക്കുക. ഇപ്പോൾ തോൾമുതൽ കൈമുട്ടുവരെ ഭൂമിക്ക് സമാന്തരമായും, മുട്ടിൽ നിന്നും മുകളിലേക്ക് ഹസ്തം ഉയർന്നും നിൽക്കണം. ഇടതു കൈയുടെ ഭുജം വലതുകൈയ്യെ ചുറ്റി ഹസ്തങ്ങൾ പരസ്പരം ചേർത്ത് കൂപ്പി മൂക്കിനു മുൻപിലായി നിർത്തണം. കൈകളും കാലുകളും പിണഞ്ഞിരിക്കുന്ന ഈ അവസ്ഥയാണ് ഗരുഡാസനം. ശ്വാസഗതി സാധാരണ രീതിയിൽ മാത്രം. കാലുകളും കൈകളും പരസ്പരം മാറ്റി ആവർത്തിക്കുക.

പ്രയോജനങ്ങൾ

ഗരുഡാസനം ശരീരത്തിന്റെ സംതുലനാവസ്ഥയെ പുഷ്ടിപ്പെടുത്തുന്ന ആസനങ്ങളിലൊന്നാണ്. പ്രമേഹരോഗികളിൽ. അമിതമായ പ്രമേഹനിലയെ ക്രമപ്പെടുത്തുന്നു

15. ഗജാനനാസനം

ചെയ്യുന്ന വിധം

ഇരുകാലുകളും മൂന്നടി അകലത്തിലായി വയ്ച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത് കൈൾ ഇരു വശങ്ങളിലൂടെ ഉയർത്തി കഴിയുന്നത്ര പിന്നിലേക്ക് വളയുക. ശ്വാസം വിട്ടു കൊണ്ട് കൈപ്പത്തികൾ ചേർത്ത് കൂപ്പി മുന്നിലേക്ക് അരക്കെട്ടുകൊണ്ട് വളയുക. കൈകൾ കാലുകൾക്കിടയിലൂടെ പിറകിലേക്ക് എത്തിച്ച് മുകളിലേക്ക് ലക്ഷ്യം വയ്ക്കുക, അതേസമയം തല കഴിയുന്നത്ര താഴ്ത്തി ഭൂമിയോട് എറ്റവും അടുത്തായി നിർത്തുക.അഞ്ചു നിമിഷം ഈ നിലയിൽ തുടർന്നതിനു ശേഷം പൂർവ്വസ്ഥിതിയിലേക്ക് വരിക.

പ്രയോജനങ്ങൾ

ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു.യോഗയുടെ ഗുണങ്ങള്‍ - 9

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 9

വിവിധ യോഗാസനമുറകൾ


7. വൃക്ഷാസനം

ശരീരത്തിന്റെ തുലനാവസ്ഥയെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സഹായിക്കുന്ന ആസനമാണിത്.

ചെയ്യുന്ന വിധം

ഇരുകാലുകളും ചേർത്ത് വയ്ച്ച് കൈകൾ ശരീരത്തിനോട് ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക വലതുകാൽ ഉയർത്തി ഇടതുകാലിന്റെ തുടക്ക ഭാഗത്ത് ഉപ്പൂറ്റി അമർത്തി വിരലുകൾ താഴേക്ക് വരത്തക്കവിധം ചവുട്ടി ഉറപ്പിച്ചു നിർത്തുകകൈകൾ സാവധാനം ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് തലയ്ക്കു മുകളിലായി കൂപ്പി തൊഴുതു നിൽക്കുകകൈകൾ പരമാവധി ഉയരത്തിൽ പരസ്പരം കൈപ്പത്തികൾ ചേർന്നു നിൽക്കണംശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരികശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് കൈകൾ താഴ്ത്തി കാലും താഴ്ത്തി പൂർവ്വസ്ഥിതിയിലേക്ക് വരികഇടതുകാൽ ഉയർത്തി ആവർത്തിക്കുക

പ്രയോജനങ്ങൾ

ശരീരത്തിന് തുലനാവസ്ഥ പ്രദാനം ചെയ്യുന്നു. അന്തസ്രാവ ഗ്രന്ഥിയായ പിറ്റുവിറ്ററി ഗ്രന്ഥിയെ ഉണർത്തി വളർച്ചയെ സഹായിക്കുന്നു. കണ്ണ്, ചെവി, കൈകാലുകൾ ഇവയുടെ ബന്ധം ദൃഢപ്പെടുത്തി ശരീരത്തിനും മനസ്സിനും ഏകാഗ്രത കൈവരുത്തുന്നു. കാലുകൾക്ക് ശകതി പകരുന്നു

തലവേദനയുള്ളവരും അധിക രക്തസമ്മർദ്ദമുള്ളവരും ഈ ആസനം ചെയ്യുവാൻ പാടില്ല.

8. ത്രികോണാസനം

തോളെല്ലുകൾക്ക് ഉറപ്പും ചലനശേഷിയും പ്രദാനം ചെയ്യുന്നതാണ് ഈ ആസനം.

ചെയ്യുന്ന വിധം

ഇരുകാലുകളും തറയിൽ രണ്ടടി അകലത്തിലായി ഉറപ്പിച്ചു നിർത്തുക. കൈകൾ രണ്ടും ഇരുവശങ്ങളിലേക്കും തോളിനൊപ്പം ഉയർത്തി നീട്ടി പിടിക്കുക. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് വലതു കൈപത്തി വലതുകാലിനു പുറത്തും ഇടതു കൈപ്പത്തി നേരേ മുകളിലേക്കും വരത്തക്കവിധം വലതു വശത്തേക്ക് ചരിയുക.തല മുകളിലേക്ക് ചരിച്ചിട്ട് നോട്ടം ഉയർന്നു നിൽക്കുന്ന കൈപ്പത്തിയുടെ ഉള്ളിലേക്കാക്കുക.ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരിക.ഇതേ ചലനങ്ങൾ ഇടതു വശത്തേക്കും ചെയ്യുക.

പ്രയോജനങ്ങൾ

തോളെല്ലും കഴുത്തും തമ്മിലുള്ള സന്ധി ബന്ധങ്ങളിൽ പ്രയാസം അനുഭവപ്പെടുന്നവർക്ക് ആശ്വാസമേകുന്നതാണ് ഈ ആസനം.

9. വിപരീത ത്രികോണാസനം

ത്രികോണാസനത്തിന് സമാനമായ മറ്റൊരാസനമാണിത് വിപരീത ത്രികോണാസനം.

ചെയ്യുന്ന വിധം

ത്രികോണാസനത്തിലേതുപോലെ തന്നെയാണ് വിപരീത ത്രികോണാസനത്തിലും. ആകെ ഒരു വ്യത്യാസം മാത്രമുള്ളത് വലതു കൈ ഇടതുകാലിലേക്കും ഇടതു കൈ വലതുകാലിലേക്കുമാണ് എത്തിക്കേണ്ടത് എന്നതാണ്.

പ്രയോജനവും ത്രികോണാസനത്തിലേതു പോലെത്തന്നെയാണ്

10. വീരഭദ്രാസനം

ചെയ്യുന്ന വിധം

ഇരുകാലുകളും മൂന്നടി അകലത്തിൽ ഉറപ്പിച്ചു നിർത്തുക. കൈകൾ രണ്ടും തോളുകൾക്ക് സമമായി ഇരുവശത്തേക്കും നിവർത്തി പിടിക്കുക. ശ്വാസം വിട്ടു കൊണ്ട് വലതു കാൽപ്പത്തി വലത്തേക്ക് തിരിച്ചിട്ട് ശരീരം പൂർണമായും വലത്തേക്ക് 180° തിരിക്കുക. സാവധാനം കൈകൾ രണ്ടും അടുപ്പിച്ച് കൊണ്ടുവരിക, ഒപ്പം വലത്തേ കാൽമുട്ട് 90° വളച്ച് ശരീരം പരമാവധി താഴേക്ക് കൊണ്ടുവരിക.കൈപ്പത്തികൾ ചേർത്തു വയ്ച്ച് മുകളിലേക്ക് ഉയർത്തി ചെവിയോട് ചേർത്തു വയ്ച്ച് ശരീരം പരമാവധി പിറകിലേക്ക് വളച്ചു് നിൽക്കുക.കൈകൾ താഴ്ത്തി ശരീരം ഉയർത്തി പൂർവ്വസ്ഥിതിയിലേക്ക് വരിക.അടുത്ത വശത്തേക്ക് ആവർത്തിക്കുക.

പ്രയോജനങ്ങൾ

നെഞ്ചിന്റെ വികാസത്തിന് ഈ ആസനം ഉത്തമമാണ്. പിടലിവേദന, പുറംവേദന എന്നിവയ്ക്ക് ആശ്വാസം നൽകുന്നു. കാലുകൾക്ക് പേശീബലം വർദ്ധിപ്പിക്കുന്നു. ഇടുപ്പിലെ അമിത മേദസ്സ് കുറയ്ക്കുന്നു. ഇരുന്ന് ജോലി ചെയ്യുന്നവർക്ക് നട്ടെല്ലു സംബന്ധമായ അസുഖങ്ങളെ കുറയ്ക്കുന്നു. ഏകാഗ്രത വർദ്ധിക്കുന്നു.

11. വീര്യസ്തംഭാസനം

ചെയ്യുന്ന വിധം

ഇരുകാലുകളും മൂന്നടി അകലത്തിലായി തറയിൽ ഉറപ്പിക്കുക. ഇരു കൈകളും ചെവിയോട് ചേർത്ത് തലയ്ക്കു മുകളിലായി ഉയർത്തുക. വലതുകാൽ വലത്തേക്ക് തിരിച്ചിട്ട് കൈപ്പത്തികൾ കാലിനു സമീപത്ത് സമാന്തരമായി തറയിൽ ഉറപ്പിക്കുക. ശ്വാസം വിട്ടു കൊണ്ട്‌ തല കൈപ്പത്തിയുടെ മുകളിലായി സ്പർശിക്കുക. ശ്വാസം എടുത്തു കൊണ്ട് കൈകളും തലയും ഉയർത്തിപൂർവ്വസ്ഥിതിയിലാകുക. ഇടതുകാലിന്റെ വശത്തേക്കും ആവർത്തിക്കുക

പ്രയോജനങ്ങൾ

ഇടുപ്പെല്ലുകൾക്ക് നല്ല വികാസം കിട്ടുന്നുണ്ട്. അരക്കെട്ടിലെ മേദസ്സ് കുറച്ച് നട്ടെല്ലിന് സൗഖ്യം പ്രദാനം ചെയ്യുന്നു.

പാദ ശീർഷാസനം, നടരാജാസനം, ഗരുഡാസനം, ഗജാനനാസനം എന്നിവയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ പരിചയപ്പെടാംയോഗയുടെ ഗുണങ്ങള്‍ - 8

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 8

വിവിധ യോഗാസനമുറകൾ

3. അർദ്ധകടി ചക്രാസനം

നട്ടെല്ലിന്റെ ഇരുവശങ്ങളിലേക്കുമുള്ള ചലനങ്ങൾ സുഖകരമാക്കുന്നതിനു വേണ്ടിയാണ് ഈ ആസന്നം

ചെയ്യുന്ന വിധം

കാൽപ്പാദങ്ങൾ തറയിലുറപ്പിച്ച് നിവർന്നു നിൽക്കുക. ഇടതു കൈകളും ശരീരത്തിനോട് ചേർത്തു വയ്ക്കുക. വലതുകൈ സാവധാനം വശത്തുകൂടി മുകളിലേക്ക് ഉയർത്തി ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട്ചെവിയോട് ചേർത്തു വയ്ക്കുക. ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് ഇടതുവശത്തേക്ക് തലയും കൈയ്യും ഒന്നിച്ച് താഴ്ത്തികൊണ്ടുവരിക. ഇടതു കൈ അതിനൊപ്പം കാൽമുട്ടിനും താഴേക്ക് താഴ്ത്തുക. പരമാവധി വശത്തേക്ക് ചരിഞ്ഞതിനു ശേഷം ശ്വാസം എടുത്തു കൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരികശ്വാസം വിട്ടു കൊണ്ട് കൈ താഴ്ത്തുകവീണ്ടു ഇടതു കൈ ഉയർത്തി കൊണ്ട് ആവർത്തിക്കുക

പ്രയോജനങ്ങൾ

നട്ടെല്ലിനെ താങ്ങുന്ന വശത്തെ പേശികൾ ദൃഢമാകുന്നു. കഴുത്തിന്റെ പിരിമുറുക്കം മാറുന്നു. മാറത്തെ പേശികൾക്ക് ദൃഢത വരുന്നു. അരക്കെട്ടിലെ മേദസ്സ് കുറയുന്നു.

4. പൂർണ്ണകടി ചക്രാസനം

അർദ്ധകടിചക്രാസനത്തിൽ ഒരോ കൈ മുകളിലേക്ക് ഉയർത്തി ചെയ്യുമ്പോൾ പൂർണ്ണ കടിചക്രാസനത്തിൽ രണ്ടു കൈയ്യും മുളിലേക്ക് ഒരേ സമയം ഉയർത്തി ചെയ്യുന്നതാണ് പൂർണ്ണ കടിചക്രാസനം.

ചെയ്യുന്ന വിധം

അർദ്ധകടിചക്രാസനത്തിലേതു പോലെ തന്നെ ചെയ്യുക.രണ്ടു കൈയ്യും ഒരു പോലെ മുകളിലേക്കുയർത്തുക.കൈവിരലുകൾ പരസ്പരം കൊരുത്തു പിടിക്കുക.രണ്ടു കൈകളും കൂടി ഒരു പോലെ ഒരേ വശത്തേക്ക് പരമാവധി വളച്ചു കൊണ്ടുവരിക.പൂർവ്വസ്ഥിതിയിലേക്കു വന്നിട്ട് അടുത്ത വശത്തേക്കും ചെയ്തിട്ട് തിരികെ പൂർവ്വസ്ഥിതിയിലെത്തുക.

പ്രയോജനങ്ങൾ

അർദ്ധകടിചക്രാസനത്തിലേതു പോലെത്തന്നെയാണ് പൂർണ്ണ കടിചക്രാസത്തിലും ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ

5. പാദ ഹസ്താസനം

യോഗാസനങ്ങളിൽ ഏറ്റവും ഗുണകരവും ശരീരത്തിലെ എല്ലാ അംഗങ്ങളും ഉൾപ്പെടുന്നതുമായ ഒന്നാണ് പാദ ഹസ്താസനം. ഇത് ആസനങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്നു.

ചെയ്യുന്ന വിധം

തറയിൽ ഇരുകാലുകളും ഉറപ്പിച്ച് കൈകൾ ഇരുവശത്തും ചേർത്തു വയ്ച്ച്നിവർന്നു നിൽക്കുക. ശ്വാസം ഉളളിലേക്കെടുത്തു കൊണ്ട് (പൂരകം ചെയ്യുക) കൈകൾ ഇരു വശത്തുമായി ചെവികൾക്ക് സമാന്തരമായി കുത്തനെ ഉയർത്തുക. കൈകൾ പരമാവധി പുറകിലേക്ക് കൊണ്ടുപോയി ശരീരം പുറകിലേക്ക് വളച്ചു കൊണ്ടു വരിക.ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് (രേചകം ചെയ്യുക) ശരീരം ഉയർത്തി കൈകൾ സാവധാനം താഴ്ത്തി കാൽമുട്ടുകൾ വളയാതെ രണ്ടു കൈപ്പത്തിയും തറയിൽ അമർത്തി വയ്ക്കുക. തല പൂർണമായും താഴ്ത്തി നെറ്റി കാൽമുട്ടുകളിൽ സ്പർശിക്കുക. 8 മുതൽ 10 നിമിഷം അതേ നില തുടരുക.പൂരകം ചെയ്തു കൊണ്ട് നിവർന്നു വരിക. രേചകം ചെയ്തു കൊണ് കൈകൾ ഇരു വശത്തുകൂടെ താഴ്ത്തി ഇടുക.

പ്രയോജനങ്ങൾ

അരക്കെട്ട്, തുടകൾ, പൃഷ്ഠം, അടിവയർ തുടങ്ങിയ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന ദുർമേദസ്സ് മാറ്റുവാൻ സഹായിക്കുന്നു. ജനനേന്ദ്രിയവ്യൂഹത്തിന്റെ ന്യൂനതകൾ പരിഹരിക്കപ്പെടുന്നു. കുട്ടികൾക്ക് ഉയരം വർദ്ധിക്കുന്നു. സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നു.

സായാടിക് രോഗികൾ, ആസ്തമ, അൾസർ, ഉയർന്ന ബി.പി, നട്ടെല്ലിനു പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും ഈ ആസനം ചെയ്യുവാൻ പാടില്ല

പാദ ഹസ്താസനം ചെയ്തു കഴിഞ്ഞാൽ ഇതിന്റെ വിപരീതാസനമായ ഉൽക്കടാസനം ചെയ്യേണ്ടതാണ്.

6. ഉൽക്കടാസനം

ഉൽക്കടാസനം എന്നത് രക്തചംക്രമണത്തിന്റെ സംതുലനത്തിനായി ചെയ്യേണ്ടത് അത്യാവശ്യമാണ്.  പാദഹസ്താസനം ചെയ്യുമ്പോൾ ശരീരത്തിന്റെ മദ്ധ്യഭാഗത്തു നിന്നും രക്തം തലയിലേക്കും കാലുകളിലേക്കും പ്രവഹിക്കുകയാണ്. ഈ രക്തത്തിനെ തിരികെ ശരീര മദ്ധ്യഭാഗത്തേക്ക് കൊണ്ടുവരാനാണ് ഉൽക്കടാസനം ചെയ്യുന്നത്. ഇത് സാങ്കൽപ്പിക കസേരയിൽ ഇരിക്കുന്നതിന് സമമാണ്.

ചെയ്യുന്ന വിധം

കാലുകൾ തറയിൽ ഉറപ്പിച്ചു നിർത്തുക. കൈകൾ മുന്നിലേക്ക് കൈപ്പത്തികൾ അഭിമുഖമായി വരത്തക്കവിധം നീട്ടിപ്പിടിക്കുക. കാൽമുട്ടുകൾ വളച്ച് സാങ്കൽപ്പിക കസേരയിലെന്ന പോലെ ഇരിക്കുക. അഞ്ചു നിമിഷങ്ങൾക്ക് ശേഷം പൂർവ്വസ്ഥിതിയിലേക്ക് വരിക.


യോഗയുടെ ഗുണങ്ങള്‍ - 7

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 7

വിവിധ യോഗാസനമുറകൾ

യോഗാഭ്യാസത്തിൽ ഏതൊരു സാധാരണക്കാരനും യോഗാസനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. പ്രകൃതിയിലെ ജീവജാലങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് ആസനമുറകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിന്റെ അഞ്ചു നിലകളിലായാണ് ഇവ പരിശീലിക്കുന്നത്,

നിന്നു കൊണ്ട് ചെയ്യുന്ന ആസനങ്ങൾ.ഇരുന്നു കൊണ്ട് ചെയ്യുന്നവ.കാൽമുട്ടുകളിൽ നിന്നു കൊണ്ട് ചെയ്യുന്നവ.കമിഴ്ന്ന് കിടന്നു കൊണ്ട് ചെയ്യുന്നവ.മലർന്ന് കിടന്നു കൊണ്ടു ചെയ്യുന്നവ എന്നിങ്ങനെ.

രാവിലെ സൂര്യോദയത്തിന് തൊട്ടു മുൻപു തുടങ്ങി 2 മണിക്കൂറും വൈകിട്ട് സൂര്യാസ്തമനത്തിന് 2 മണിക്കൂർ മുൻപ് തുടങ്ങി അസ്തമയത്തിൽ അവസാനിപ്പിക്കുകയും ചെയ്യുന്നതായിരിക്കും യോഗ പരിശീലിക്കുവാനുള്ള ഉത്തമമായ സമയം. ദേഹശുദ്ധി വരുത്തിയതിനു ശേഷം പരിശീലനം ആരംഭിക്കാം.

ആദ്യമായി ലഘു വ്യായാമങ്ങൾ ചെയ്ത് ശരീരത്തിനെ യോഗാഭ്യാസത്തിനായി സജ്ജമാക്കുക. ലഘു വ്യായാമങ്ങളിൽ കാലിലെ പെരുവിരൽ തുടങ്ങി ശീർഷം വരെ ഉഴിയേണ്ടതാണ്, അതായത് അംഗ പ്രത്യംഗം ചലിപ്പിക്കേണ്ടതാണ്. അതിനു ശേഷം ഒന്നാമത്തെ നിലയിൽ – നിന്നു കൊണ്ട് തുടങ്ങാം. ആദ്യമായി .

1. താഡാസനം

നട്ടെല്ലിനെ വലിച്ചു നീട്ടി നിൽക്കുന്നതാണ് ഈ ആസനം.

ചെയ്യുന്ന വിധം

പാദങ്ങൾ ചേർത്തു വയ്ച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച് പാദങ്ങൾ തറയിൽ ഉറപ്പിച്ചു നിൽക്കുക.ശ്വാസം എടുത്തു കൊണ്ട് കാലിന്റെ പെരുവിരലിൽ ഉയർന്നു നിൽക്കുക. ശരീരം നന്നായി വലിച്ചുയർത്താൻ ശ്രമിക്കുക.10 സെക്കന്റുകൾക്ക് ശേഷം ശ്വാസം പൂർണമായും വിട്ടു കൊണ്ട് പൂർവ്വ സ്ഥിതിയിലേക്ക് വരിക.ആവർത്തിക്കുക. ഇത്തവണ കാലിന്റെ പെരുവിരലിൽ ഉയരുന്നതിനൊപ്പം കൈകൾ മുന്നിലൂടെ മുകളിലേക്ക് ഉയർത്തുക. കൈപ്പത്തികൾ അഭിമുഖമായി വരത്തക്കവിധം കൈകൾ ചെവിയിൽ സ്പർശിച്ചിരിക്കും വിധം ഉയർത്തി നിൽക്കുക. ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് ശരീരം നല്ലതുപോലെ വലിച്ചു നീട്ടുക. ശ്വാസം വിട്ടു കൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരിക. കൈപ്പത്തികൾ തലക്കു മുകളിൽ പുറം തിരിച്ച് വച്ചു കൊണ്ട് ആവർത്തിക്കുക. കൈവിരലുകൾ കൊരുത്തു കൊണ്ട് കൈപ്പത്തികൾ മലർത്തി തലക്കു മുകളിൽ ഉയർത്തി ആവർത്തിക്കുക.

പ്രയോജനം

ശ്വാസകോശങ്ങൾക്ക് ബലവും വികാസവും ലഭിക്കുന്നു. നട്ടെല്ലിനും ഹൃദയത്തിനും ബലം ലഭിക്കുന്നു. സ്ത്രീകൾക്ക് ആർത്തവചക്രം ക്രമപ്പെടുത്തുവാൻ സഹായിക്കുന്നു. ഉദര പേശികളെ ബലപ്പെടുത്തി കുടലുകൾക്ക് വികാസം ഉണ്ടാക്കുന്നു. ശരീരത്തിന് ഉണർവ്വ് നൽകുന്നു.

2. അർദ്ധ ചക്രാസനം

അരക്കെട്ടുമുതൽ മുകളിലേക്ക് അർദ്ധശരീരത്തിനെ അർദ്ധവൃത്താകൃതിയിൽ വളയ്ച്ചു നിൽക്കുന്നതാണ് ഈ ആസനം.

ചെയ്യുന്ന വിധം

കാൽപ്പാദങ്ങൾ 10 സെ.മീ. അകലത്തിൽ തറയിൽ ഉറപ്പിച്ചു നിൽക്കുക.കൈകൾ നട്ടെല്ലിന്റെ വശങ്ങളിലായി പുറകുവശത്ത് ചേർത്തു വയ്ക്കുക.ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് അരക്കെട്ടിൽ നിന്നും ശരീരം പുറകിലേക്ക് വളയ്ക്കുക.ശ്വാസം വിട്ടു കൊണ്ട് ശരീരം മുന്നിലേക്ക് വളച്ച് ഭൂമിക്ക് സമാന്തരമായി തല മുകളിലേക്ക് ഉയർത്തി നിൽക്കുക.10 സെക്കന്റുകൾക്ക് ശേഷം ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് നിവർന്നു വരിക.ശ്വാസം വിട്ടു കൊണ്ട് കൈകൾ താഴ്ത്തിയിടുക.

പ്രയോജനം

ശരീരത്തിന് പൂർണമായും വഴക്കം ലഭിക്കുന്നു. വൻകുടൽ, നട്ടെല്ലിന്റെ ഭാഗത്തുള്ള പേശികൾ, നാഡികൾ, നിതംബം, കാൽമുട്ട്, തുട, വാരിയെല്ല് എന്നിവയെ ബലപ്പെടുത്തി ഈ ഭാഗങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അസുഖങ്ങളെ പരിഹരിക്കുന്നു.

യോഗയുടെ ഗുണങ്ങള്‍ - 5

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 5

യോഗയും ജീവിതശൈലീരോഗങ്ങളും

ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് പറയുന്നതിനു മുൻപ് കുറച്ചു് പഴംകഥ പറയാം.

രണ്ടുമൂന്ന് തലമുറയ്ക്കു മുൻപ് ജനങ്ങളുടെ ജീവിതരീതി പരിശോധിച്ചാൽ മനസ്സിലാകും അവർ ഒരിക്കലും വ്യായാമം ചെയ്യാനായി ഒന്നും ചെയ്യാറില്ലായിരുന്നു എന്ന്. പകരം ജീവിതത്തിന്റെ നാനാതുറകളിലും അവർ ജീവിക്കുവാനായി ചെയ്യുന്നതെല്ലാം വ്യായാമ തുല്യമായിരുന്നു എന്നും.

നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ആയിരുന്നു സഞ്ചാരമാർഗ്ഗം. ശരീരം കൊണ്ട് അത്യധ്വാനം ചെയ്തിട്ടായിരുന്നു ഓരോ ദിവസത്തെയും ചര്യകൾ നടത്തിയിരുന്നത്. ആഹാരം പാകം ചെയ്യുന്നതു മുതൽ വീട് വൃത്തിയാക്കുന്നതിൽ വരെ ശാരീരികാധ്വാനം തന്നെയായിരുന്നു മുഖ്യമായും.

ആധുനിക കാലത്തിൽ ഇവയെല്ലാം യന്ത്രങ്ങൾ കീഴടക്കിയിരിക്കുന്നു. പണ്ട് അരച്ചാൺ വയറ് നിറയ്ക്കാൻവേണ്ടി (ആഹാരത്തിനായി ) മനുഷ്യൻ കിലോമീറ്ററുകൾ നടക്കുമായിരുന്നു, ഇന്നിപ്പോൾ അരച്ചാൺ വയറു കുറയ്ക്കുവാനായി കിലോമീറ്ററുകൾ നടക്കുകയാണ് മനുഷ്യർ. ജീവിക്കുവാൻ അത്യന്താപേക്ഷിതമായ ശുദ്ധവായു, ശുദ്ധഭക്ഷണം, ശുദ്ധജലം എന്നിവ പണ്ട് സുലഭമായിരുന്നു. മനുഷ്യന്റെ അപകടകരമായ അത്യാഗ്രഹവും ധനമോഹവും കാരണം ഇവ മൂന്നും ഇന്ന് ദു:ർലഭമായിക്കൊണ്ടിരിക്കുകയാണ്.

തിരക്കുപിടിച്ച ജീവിതക്രമത്തിൽ വ്യായാമത്തിന് സ്ഥാനമില്ലാതായി, ഫലമോ അമിതവണ്ണവും അതിനെ തുടർന്നുള്ള അസ്വസ്ഥതകളും രോഗങ്ങളും. സമീകൃതമല്ലാത്തതും ക്രമം തെറ്റിയുമുള്ള ഭക്ഷണം മാരകരോഗങ്ങൾക്ക് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണവും മായം ചേർന്ന ഭക്ഷണവും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളും മനുഷനെ നിത്യരോഗികളാക്കുന്നു. ആസ്തമ, പ്രമേഹം, അർബുദം, ദു:ർമേദസ്സ്, മന:സംഘർഷം, രക്തസമ്മർദ്ദം ഇവയെല്ലാം ജീവിത ശൈലീ രോഗങ്ങൾ മാത്രമാണ്. യോഗ ചെയ്യുന്നതിലൂടെ ഇവയൊക്കെ പൂർണമായും നിയന്ത്രിച്ച് ഇല്ലാതാക്കാൻ കഴിയും.

ആസ്തമ

മലിനമായ അന്തരീക്ഷം, തെറ്റായ ഭക്ഷ ക്രമം, ഉറക്കമില്ലായ്മ, സുഗന്ധദ്രവ്യങ്ങളുടെ അമിതമായ ഉപയോഗം, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയാണ് ആസ്തമയുടെ കാരണങ്ങൾ. ശ്വാസനാളങ്ങളിൽ അമിതമായി അടിഞ്ഞുകൂടുന്ന കഫം വരണ്ട് കട്ടപിടിച്ച് ശ്വാസകോശങ്ങളുടെ വികാസ സങ്കോച ശേഷി കുറഞ്ഞ് ശ്വാസതടസ്സം അനുഭവപ്പെടുന്നു. ഇത് കഠിനമായ ശ്വാസം മുട്ടലിനും വലിവിനും ഇടയാക്കുന്ന ആസ്തമയായി മാറുന്നു. ഇതൊരു മാറാവ്യാധിയല്ല, മറിച്ച് ശരിയായ ജീവിതരീതി കൊണ്ടും ചിട്ടയായ യോഗാസനങ്ങളും കൊണ്ട് നിശ്ശേഷം സുഖപ്പെടുത്താവുന്നതാണ്.

പൊടിപടങ്ങളില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്ത് പെരുമാറുക, ശുദ്ധവായു ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുക എന്നിവയാണ് ജീവിത ചര്യയിൽ പാലിക്കേണ്ടത്.

മുട്ട, മാസം, പഴം, നെയ്യ്, തൈര്, കിഴങ്ങുവർഗ്ഗങ്ങൾ, ലഹരിപദാർത്ഥങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ ഒഴിവാക്കുക എന്നതാണ് ആഹാരക്രമത്തിൽ പാലിക്കേണ്ടത്. യോഗാസങ്ങളായ ഏക പാദ ഉത്ഥാനാസനം, പവന മുക്താസനം, ശലഭാസനം, ഭുജംഗാസനം, വിപരീത കരണി, വജ്രാസനം, ഹലാസനം എന്നിവയും നാഡീശുദ്ധി പ്രാണായാമവും ഉത്തമമാണ്

പ്രമേഹം

അമിതവും അലസവുമായ ഭക്ഷണം, വ്യായാമമില്ലായ്മ, മധുര പദാർത്ഥങ്ങളുടെ അമിത ഉപയോഗം, മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപഭോഗം, എല്ലാറ്റിനും ഉപരി പാരമ്പര്യം എന്നിവയെല്ലാം പ്രമേഹത്തിന് കാരണമാണ്. അമിതമായ ദാഹം, മൂത്രത്തിലോ രക്തത്തിലോ അല്ലെങ്കിൽ രണ്ടിലുമോ പഞ്ചസാര ഉണ്ടായിരിക്കും എന്നിവയാണ് ലക്ഷണങ്ങൾ.

ആഹാര നിഷ്ഠ പാലിക്കുക. ഒപ്പം പാദ ഹസ്താസനം, സിദ്ധാസനം, ഹലാസനം, ചക്രാസനം, മയൂരാസനം, അർദ്ധമത്സേന്ദ്രിയാസനം, സർവ്വാഗാസനം, മത്സ്യാസനം എന്നിവയും സഹജവസ്തിക്രിയ ഭ്രാമരിപ്രാണായാമം എന്നിവയും അഭികാമ്യം.

അർബുദം

മാംസ്യാഹാരത്തിന്റെ അമിത ഉപഭോഗം, അമിതമായ മരുന്നുകളുടെ ഉപയോഗം എന്നിവയും പാരമ്പര്യവുമാണ് അർബുദത്തിന്റെ കാരണങ്ങൾ
പച്ചിലക്കറികളുടെ ഉപയോഗം കൂട്ടുക ഒപ്പം വൃക്ഷാസനം, പർവ്വതാസനം എന്നീ യോഗാസനങ്ങൾ ശീലിക്കുകയും ചെയ്യുക

ദു:ർമേദസ്സും രക്തസമ്മർദ്ദവും

പുതിയ കാലത്തിലെ ഒരു പ്രധാന പ്രശ്നമാണ് പൊണ്ണത്തടി അഥവാ ദു:ർമേദസ്സ്. അമിതമായ ആഹാരശീലം, മധുര പദാർത്ഥങ്ങളുടെ അമിത ഉപയോഗം, മദ്യം വ്യായാമമില്ലായ്മ എന്നിവയാണ് പൊണ്ണത്തടിക്ക് കാരണം. പൊണ്ണത്തടി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. പാരമ്പര്യവും രക്തസമ്മർദ്ദത്തിന് കാരണമാകാം.

പച്ചക്കറി, ഇലവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുക. മാസാഹാരം കഴിവതും ഇല്ലാതാക്കുക, ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക, പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ടു മണിക്കൂർ മുൻപെ ആഹാരം കഴിക്കുക ഒപ്പം ,പശ്ചിമോത്താനാസനം, സുപ്ത വജ്രാസനം, മണ്ഡൂകാസനം, മയൂരാസനം, ധനുരാസനം എന്നീ ആസനങ്ങളും ഉഢ്യാണ ബന്ധം, നൗളി, കപാല ഭാതി എന്നീ പ്രാണായാമ ക്രിയകളും ശീലിക്കുക.

മന: സംഘർഷം

തൊഴിൽപരമായ കാരണങ്ങൾ, സാമ്പത്തിക കാരണങ്ങൾ, ചുറ്റുപാടുകളുടെ സമ്മർദ്ദങ്ങൾ, കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങി നിരവധിയാണ് മന:സംഘർഷത്തിനു കാരണമാകുന്നത്. മന:സംഘർഷം സ്വഭാവ വൈകല്യത്തിന് കാരണമാകുന്നു.

പൂർണമായുള്ള അഷ്ടാംഗയോഗ പരിശീലനം മാത്രം മതി മാനസിക സംഘർഷം ഒഴിവാക്കി ശരിയായ ആരോഗ്യം വീണ്ടെടുക്കുവാൻ.

മേൽ വിവരിച്ചതുകൂടാതെ മറ്റു പലയിനം വ്യാധികളും യോഗാഭ്യാസത്തിലൂടെ ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരവും അതിൽ ആര്യോഗ്യമുള്ള മനസ്സും സ്വന്തമാക്കാം.

യോഗയുടെ ഗുണങ്ങള്‍ - 4

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 4

എന്താണ് ഹഠയോഗ

കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞതുപോലെ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ നാല് അംഗങ്ങൾ ചേരുന്ന യോഗാ രീതിയെയാണ് ഹഠയോഗയെന്ന് വിശേഷിപ്പിക്കുന്നത്.

പ്രത്യാഹാരം

അനിയന്ത്രിതമായ ചിന്തകളെ നിയന്ത്രണ വിധേയമാക്കി ഊർജ്ജ ഉപഭോഗം കുറക്കുന്ന പ്രവൃത്തിയെ പ്രത്യാഹാരമെന്നു പറയുന്നു. മനസ്സ് കടിഞ്ഞാണില്ലാത്ത ഒരു കുതിരയെ പ്പോലെയാണ്. എത്ര കണ്ട് മനസ്സിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവോ അത്രയും തന്നെ വിധേയത്വമില്ലാതെ പറക്കുകയാണ് മനസ്സ് എല്ലാ സാധാരണക്കാരിലും.

യോഗാസനങ്ങളിലൂടെ ചിന്തകളെ നിയന്ത്രിച്ച് മനസ്സിനെ വരുതിയിലാക്കുകയാണ് പ്രത്യാഹാരത്തിലൂടെ നിവൃത്തിക്കുന്നത്. മനസ്സ് ശാന്തമായി നിയന്ത്രണത്തിലാവുമ്പോൾ ഊർജ്ജ ഉപഭോഗവും കുറയുന്നു.

ധാരണ

ഇന്ദ്രിയ സുഖഭോഗങ്ങളിൽ നിന്നും മനസ്സിനെ അടർത്തിമാറ്റി മാനസിക വികാരങ്ങളെയും വിചാരങ്ങളെയും ബൗദ്ധിക തലത്തിലേക്കുയർത്തുന്നതിനെയാണ് ധാരണ എന്നുപറയുന്നത്. ധാരണയിലൂടെ പഞ്ചേന്ദ്രിയങ്ങളുടെയും നിയന്ത്രണം സാദ്ധ്യമാകുന്നു എന്നർത്ഥം.

ധ്യാനം

മനസ്സിനെ സൃഷ്ടിയുടെ തലത്തിലേക്ക് ഉയർത്തുന്ന പ്രക്രിയയാണ് ധ്യാനം. അറിവിനെ അതിന്റെ തന്നെ രൂപങ്ങൾ സൃഷ്ടിക്കുകയും അത് സൂക്ഷിക്കുകയും അവ പുനർചിന്തനം ചെയ്യുകയും മനനത്തിലൂടെ പുന:സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവൃത്തിയെ ധ്യാനം എന്നുപറയുന്നു. ഏകാഗ്രമായ മനസ്സാണ് ധ്യാനത്തിലൂടെ കൈവരുന്നത്.

സമാധി

ബുദ്ധി സമമായി നിൽക്കുന്ന അവസ്ഥയാണ് സമാധി.സ്വസ്ഥതയോടെ കാര്യനിർവ്വഹണത്തിൽ ലയിച്ച് അനുഭൂതിയോടെ ആസ്വദിച്ച് അനുഭവിക്കുന്നതിനെ സമാധിയെന്നു പറയുന്നു. പരിധിയില്ലാതെ ആനന്ദം ഉള്ളിൽ നിറയുന്നതാണ് ഈ അവസ്ഥ.

യോഗയുടെ ഗുണങ്ങള്‍ - 3

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 3

എന്താണ് അഷ്ടാംഗ യോഗ ?

പതഞ്ജലി മഹർഷി ചിട്ടപ്പെടുത്തിയ യോഗാ വിധിയാണ് അഷ്ടാംഗ യോഗ. പേര് ദ്യോതിപ്പിക്കുന്നതു പോലെ എട്ട് അംഗങ്ങൾ ചേർന്നതാണ് ഈ യോഗാ രീതി. ഇവ –

1. യമം
2. നിയമം
3. യോഗാസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധാരണ
7. ധ്യാനം
8. സമാധി എന്നിങ്ങനെയാണ്.

ഇതിൽ ആദ്യത്തെ നാലു് അംഗങ്ങൾ ചേരുന്നതിനെ രാജയോഗ എന്നും 5 മുതൽ 8 വരെയുള്ള അംഗങ്ങൾ ചേരുന്നതിനെ ഹഠയോഗ എന്നും രണ്ട് തരം യോഗ വിധികളായി തിരിച്ചിരിക്കുന്നു. ഇതിൽ ലൗകിക ജീവിതത്തിൽ രാജയോഗ മാത്രമേ പരിശീലിക്കുകയുള്ളു. യോഗികളും സാധ്യികളും മാത്രമേ ഹഠയോഗയിൽ പ്രാവീണ്യം നേടുകയുള്ളു.

യമം

മനുഷ്യജീവിതത്തിൽ ആചരിക്കേണ്ടതും അനുഷ്ടിക്കേണ്ടതുമായ സാധനകളെയാണ് യമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  അവ,

1. അഹിംസ – മറ്റു ജീവജാലങ്ങൾക്ക് ജീവഹാനിയോ അതിൽ കുറവായ ക്രൂരതരങ്ങളായ പ്രവർത്തികളോ ഒഴിവാക്കുക

2. സത്യം – കാമം, ക്രോധം, ലോഭം, മോഹം, മതം, മാത്സര്യം, ഡംപ്, അസൂയ എന്നീ 8 അവസ്ഥകളെ തുല്യമാക്കി വയ്ക്കുന്ന മാനസികാവസ്ഥ.

3. അസ്തേയം – മോഷണം

4. അപരിഗ്രഹം – അന്യന്റെ മുതലിലുള്ള ആഗ്രഹം.

5. ബ്രഹ്മചര്യം

6. സമാധി

നിയമം

മനുഷ്യരിൽ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സ്വത്വഗുണങ്ങളെയാണ് നിയമം കൊണ്ടുദ്ദേശിക്കുന്നത്. അവ,

1. ശൗച്യം – ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണ ക്രിയകളാണ്.

2 .സന്തോഷം – മാനസികോല്ലാസമാണ് ലക്ഷ്യം.

3 .തപസ്സ് – മാനസിക സംതുലനവും ഏകാഗ്രതയും.

4 . സ്വാദ്ധീയം – എല്ലാം ഗ്രഹിക്കുവാനുള്ള കഴിവു്.

5 .ഈശ്വരപ്രണിധാനം – പ്രപഞ്ചശക്തിയിലുളള വിശ്വാസവും അർപ്പണവും.

ആസനം

ആസനം അഥവാ യോഗാസനം എന്നത് പ്രമുഖവും, പ്രാധാന്യം ഏറിയതുമാണ്. ഏതൊരു സാധാരക്കാരനും യോഗാഭ്യാസം ചെയ്യുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് യോഗാസനങ്ങൾ ചെയ്യുന്നു എന്നതു തന്നെയാണ്. യോഗാസനങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ശരീരത്തിന്ന് വഴക്കവും ഒതുക്കവും ലഭിക്കുകയും ശരീരത്തിലെ രോഗാവസ്ഥയിലുള്ള അവയവങ്ങളെയും കോശ സമൂഹത്തെയും പുഷ്ടിപ്പെടുത്തി ആരോഗ്യവും പ്രസരിപ്പും പ്രധാനം ചെയ്യുന്നു.

പ്രകൃതിയിലെ ജീവജാലങ്ങളുടെ തനതായ ചേഷ്ടകളെയും ചലനങ്ങളെയും വളരെ ചെറിയ മാറ്റങ്ങൾ വരുത്തി മനുഷ്യന്റെ ശരീരത്തിന് വേണ്ട വിധം രൂപമാറ്റം നടത്തി, അനുഷ്ടിക്കേണ്ട രീതികൾ ചിട്ടപ്പെടുത്തി വിവിധങ്ങളായ നാമങ്ങളാൽ അവതരിപ്പിച്ചിരിക്കുന്നു. ഏകദേശം മുന്നൂറോളം ആസന ക്രിയകളാണ് പ്രാഥമികമായിട്ടുള്ളത്. ഇവയെത്തന്നെ അനുഷ്ഠാനത്തിൽ പ്രാദേശികവും പഠിതാവിന്റെ പ്രായവും അധികരിച്ചിട്ട് 33000 ആസനങ്ങളായി വിപുലീകരിച്ചിരിക്കുന്നു.

പ്രാണായാമം

ജീവ ശക്തിയെ അതായത് ശ്വാസഗതിയെ നിയന്ത്രിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതാണ് പ്രാണായാമക്രിയ. ശ്വാസോച്ഛാസത്തിന്റെ ആവർത്തിയിലുള്ള വ്യതിയാനങ്ങളാണ് ജീവികളുടെ ആയുസ്സിന്റെ ദൈർഘ്യത്തിൽ വ്യത്യാസം വരുത്തുന്നത്.

മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി 42 തവണ ശ്വാസോച്ഛാസം ചെയ്യുന്നു. ആയുർദൈർഘ്യം ശരാശരി 72 വർഷം. പട്ടി ഒരു മിനിറ്റിൽ ശരാശരി 90 തവണ ശ്വാസോച്ഛാസം ചെയ്യുമ്പോൾ ആയുർദൈർഘ്യം 12 വർഷമായി ചുരുങ്ങുന്നു. അതേ സമയം ആമ ഒരു മിനിറ്റിൽ 2 തവണയേ ശ്വാസോച്ഛാസം ചെയ്യുകയുള്ളു, ആമയുടെ ആയുർദൈർഘ്യമോ 150 വർഷവും.

ഇതിൽ നിന്നും ശ്വാസോച്ഛാസത്തിന്റെ ആവർത്തിയും ആയുർദൈർഘ്യവും ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് മനസ്സിലാക്കാം. പ്രാണായാമത്തിലൂടെ ശ്വാസഗതിയെ നിയന്ത്രിച്ച് ശ്വാസോച്ഛാസത്തിന്റെ ആവർത്തി കുറക്കുകയാണ് ചെയ്യുന്നത്.

മേൽ വിവരിച്ച നാല് അംഗങ്ങളെ ചേർത്ത് രാജയോഗയെന്നു പറയും.ഏതൊരാൾക്കും അനുവർത്തിക്കാവുന്ന തികച്ചും അയത്നലളിതമായ ഒന്നാണ് രാജയോഗ. തുടർന്നുള്ള പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയുള്ള നാല് അംഗങ്ങൾ ചേരുന്നതിനെ ഹഠയോഗയെന്നു പറയുന്നു. സ്വാധികളും യോഗിവര്യൻമാരും മാത്രമേ ഹഠ യോഗാ രീതി ശീലിക്കാറുള്ളു.

യോഗയുടെ ഗുണങ്ങള്‍ - 2

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 2

യോഗയുടെ ഗുണങ്ങള്‍

നാം ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ രുചിയും വൃത്തിയുമല്ലാതെ , ഇതാര് പാകം ചെയ്തു? വസ്തുക്കള്‍ എവിടന്നു കിട്ടി? ഏതെല്ലാം ചേരുവകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു എന്നൊന്നും ചിന്തിക്കാറില്ല എന്നത് പോലെതന്നെ,  നാം സാധാരണ യോഗ ചെയ്യുമ്പോഴും ശരീരം എങ്ങനെ സംരക്ഷിക്കാമെന്നതിലുപരി ഇതിന്‍റെ ചരിത്ര, നിയോഗ, നിബന്ധനകളോ ശാസ്ത്രമോ തിരക്കാന്‍ മിനക്കെടാറില്ല. ഇതെല്ലാം വളരെ വിപുലമായ വിവരങ്ങളായതിനാല്‍ വിശദീകരിക്കാന്‍ പ്രയാസവുമാണ്. എന്നാല്‍ നാമമാത്രമെങ്കിലും പരാമര്‍ശിക്കപ്പെടാതിരിക്കുന്നത് ന്യായവുമല്ല.

കാലഘട്ടത്തിനനുകൂലമായി പല പല യോഗീവര്യന്മാരില്‍ നിന്നും നിര്‍മ്മിതമായ ശാസ്ത്രശാഖയാണ് യോഗ. ഒരു വ്യക്തിയുടെ കണ്ടെത്തലല്ല എന്ന് സാരം. ഇവയുടെ സമാഹരണം നടന്നത് ക്രിസ്തുവിനും വളരെ മുന്‍പ്‌ പതഞ്‌ജലി എന്ന യോഗി തയ്യാറാക്കിയ 'അഷ്ടാംഗയോഗം ' എന്ന ഗ്രന്ഥത്തോടെയാണ്. യോഗ എന്ന വാക്കിന് ഐക്യം, യോജിപ്പ് എന്നൊക്കെയാണ് അര്‍ഥം.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ടു ഘടകങ്ങള്‍ അടങ്ങിയതാണ് അഷ്ടാംഗയോഗം. ഇതില്‍ ആസനത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ആസനത്തില്‍ തന്നെ ധ്യാനാസനം, ശരീര ആരോഗ്യ വര്‍ധന വ്യായാമങ്ങള്‍ എന്നീ രണ്ടു വിധമുണ്ട്.

ഭക്ഷണ നിയന്ത്രണം :

ഭക്ഷണനിയന്ത്രണം യോഗയില്‍ പരമപ്രധാനമാണ്. ഉദരമാണ് സര്‍വ്വരോഗങ്ങളുടെയും കേന്ദ്രബിന്ദു എന്ന് പറയാറുണ്ടല്ലോ.

ഏകഭുക്തം മഹായോഗി

ദ്വി ഭുക്തം മഹാഭോഗി

ത്രിഭുക്തം മഹാ രോഗി

ചതുര്‍ ഭുക്തം മഹാദ്രോഹി

പഞ്ച ഭുക്തം മഹാപാപി

എന്നാണല്ലോ തത്വം. ഈ അഞ്ചു 'മഹാന്മാരില്‍' നാമെവിടെ നില്‍ക്കുന്നു എന്ന് സ്വയം ഒരു വിലയിരുത്തല്‍ നന്നായിരിക്കും. കഴിഞ്ഞുപോയ തലമുറയ്ക്ക് , വിശപ്പ് എങ്ങനെ അകറ്റും എന്നതായിരുന്നു ചിന്ത. എന്നാല്‍ ഇന്നത്‌, എങ്ങനെ പെട്ടെന്ന് വിശക്കാം എന്നതായിരിക്കുന്നു നമ്മുടെ ആലോചനകള്‍ മുഴുവന്‍! ഭക്ഷണത്തില്‍ അല്‍പനിയന്ത്രണം പോലുമില്ലാതെ യോഗയ്ക്ക് തയ്യാറെടുക്കുന്നത് ബുദ്ധിയല്ല.

നിബന്ധനകള്‍:

- ശുദ്ധവായു ലഭിക്കുന്ന വൃത്തിയുള്ള സ്ഥലമായിരിക്കണം യോഗയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നത്.

- വെറും തറ ആകാതെ , അല്പം മൃദുവായ പായയിലോ ഷീറ്റിലോ കാര്‍പെറ്റിലോ വച്ചായിരിക്കണം യോഗ ചെയ്യേണ്ടത്.

- ലളിതം, മധ്യമം, വിഷമം എന്നീ രൂപത്തിലായിരിക്കണം ആസനങ്ങള്‍ ചെയ്യേണ്ടത്. ആദ്യമേ വിഷമാസനങ്ങള്‍ പാടില്ല എന്ന് ചുരുക്കം.

- യോഗയുടെ കൂടെ മറ്റു അഭ്യാസങ്ങള്‍ (ജിംനേഷ്യം , കരാട്ടെ...മുതലായവ) ചെയ്യാന്‍ പാടില്ല. സമയം മാറ്റി ചെയ്യാവുന്നതാണ്.

- വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും യോഗ ചെയ്യരുത്. ഒഴിഞ്ഞ വയറാണ്  ഏറ്റവും നല്ലത്.

- തിടുക്കം പാടില്ല. സാവധാനം ശ്രദ്ധയോടെ ക്ഷമയോടെ ചെയ്യുക.

- യോഗ ചെയ്യുമ്പോള്‍ പതിവായി തന്നെ ചെയ്യുക (രോഗം, ഗര്‍ഭം, ആര്‍ത്തവം എന്നീ അവസ്ഥയില്‍ ഒഴിവാക്കാവുന്നതാണ്).

- മദ്യപാനം, പുകവലി മുതലായവ ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കില്ല.

- ചുരുങ്ങിയത് ദിനേന അരമണിക്കൂര്‍ എങ്കിലും ചെയ്യുക.

- അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. പുരുഷന്മാര്‍ക്ക് ബര്മുടയോ (ഉള്ളില്‍ ലങ്കൊട്ടിയോ ജെട്ടിയോ നിര്‍ബന്ധം) ധരിക്കുക. സ്ത്രീകള്‍ അയഞ്ഞ ചുരിദാറോ മറ്റോ  ധരിച്ചിരിക്കണം .

- പ്രാര്‍ഥനയോടെ ദിവസവും യോഗ ആരംഭിക്കുന്നത് മാനസിക ഉത്തേജനത്തിന് ഉത്തമമാണ്.

- ദിവസവും ആദ്യപടിയായി 'ശ്വസനക്രിയ' (warmup) വളരെ ഉത്തമമാണ്. ശ്വാസകോശത്തിന്റെ ശക്തിവര്‍ധിപ്പിച്ച് യോഗാസനങ്ങള്‍ ചെയ്യാനുള്ള താല്പര്യവും ഉന്മേഷവും ഇത് അധികരിപ്പിക്കുന്നു.

ശ്വസനക്രിയ ചെയ്യുന്ന രീതി:

കാലുകള്‍ ഒന്നര അടിയോളം അകറ്റിനിന്ന് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നുനില്‍ക്കുക. ദീര്‍ഘശ്വാസം ഉള്ളിലേക്കെടുത്ത്കൊണ്ട് കൈകള്‍ ചെവികള്‍ക്കടുപ്പിച്ചു നേരെ മേലെക്കുയര്‍ത്തുക. കുറച്ചു സമയത്തിനു ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട്തന്നെ കൈകള്‍ സാവധാനം താഴേക്ക്‌ കൊണ്ട് വരിക. ഇങ്ങനെ പത്തു പ്രാവശ്യം ആവര്‍ത്തിക്കുക.

ആസനങ്ങളും മുദ്രകളും അനേകമുണ്ട് . തിരക്ക് പിടിച്ച നമ്മുടെ ഓട്ടപ്പാച്ചിലിനിടയില്‍ അത് മുഴുവന്‍ പ്രയോഗവല്‍ക്കരിക്കുക അതീവശ്രമകരമാണ്. തികഞ്ഞ ഗൌരവത്തിലോ  തൊഴില്‍പരമായോ  ( Professionally) അതിനെ സമീപിക്കുന്നവര്‍ക്ക്  മാത്രമേ അത് മുഴുവനായി തുടര്‍ന്ന് കൊണ്ടുപോകാനാവൂ.  അതിനാല്‍ പ്രധാനപ്പെട്ട അല്പം ആസനങ്ങള്‍ മാത്രമേ ഇതില്‍ പ്രതിപാദിക്കുന്നുള്ളൂ . അവ ചെയ്തു ശീലിച്ചാല്‍ തന്നെ അസൂയാര്‍ഹമായ മാറ്റം നിങ്ങളില്‍ പ്രകടമാവുന്നതാണ്.

യോഗയുടെ ഗുണങ്ങള്‍ - 1

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 1

ചരിത്രം

AD 1600 ൽ പതഞ്ജലി മഹർഷിയാണ് യോഗസൂത്രങ്ങളും ആസനങ്ങളും പ്രാണായാമക്രിയകളും കോർത്തിണക്കിയുള്ള അഷ്ടാംഗ യോഗ രൂപംനൽകിയത്. 196 യോഗസൂത്രങ്ങളാണ് പതഞ്ജലി യോഗയിലുള്ളത്. പുരാണങ്ങളിലും ഉപനിഷത്തുകളിലും പലവുരു പരാമർശിച്ചിട്ടുള്ള യോഗ ആർഷഭാരത സംസ്കാരത്തോട് ഇഴപിരിയാതെ അടുത്തു നിൽക്കുന്നു.

അജന്ത എല്ലോറ പോലെയുള്ള പുരാതന ശിലാ ഗുഹകളിൽ പിൽക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഒട്ടനവധി ചുമർചിത്രങ്ങൾ വിവിധങ്ങളായ യോഗ രൂപങ്ങളാണ് എന്നത് അന്നും യോഗയുടെ സ്വീകാര്യതെയാണ് ദ്യോതിപ്പിക്കുന്നത്.

പിൽക്കാലത്ത് ഘേരണ്ട മഹർഷി, B.K.S അയ്യങ്കാർ, സോത്മാരാമൻ, അമര സിംഹൻ തുടങ്ങിയവർ യോഗയുടെ പ്രായോഗിക വശങ്ങളെക്കൂടി ക്രോഡീകരിച്ചിട്ട് കാലാനുസൃതമായ കൂട്ടി ചേർക്കലുകളും നിരാകരണവും ചെയ്ത് ഘേരണ്ട യോഗ സംഹിത, ഹഠയോഗപ്രദീപിക, അമരകോശം, ശിവസംഹിതി തുടങ്ങിയ മറ്റ് യോഗയുടെതായി ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.

യോഗയെന്നാൽ 

“യുജ് ” എന്ന സംസ്കൃത ധാതുവിൽ നിന്നാണ് യോഗ എന്ന പദത്തിന്റെ ഉത്ഭവം. കൂടിച്ചേരൽ എന്നാണ് ഇതിനർത്ഥം. മനസ്സിന്റെയും ശരീരത്തിന്റെയും കൂടിച്ചേരലാണ് വ്യവക്ഷിക്കുന്നത്.

“ചിത്തവൃത്തി നിരോധം യോഗ” എന്നാൽ ചിത്തത്തിന്റെ വൃത്തികളെ നിരോധിക്കുന്നതാണ് യോഗയെന്നർത്ഥം. ഇത് രണ്ടു തരത്തിലാണ് സാദ്ധ്യമാകുന്നത്, മനസ്സുകൊണ്ട് ശരീരത്തിനെ നിയന്ത്രിക്കുക ഒപ്പം ശരീരം കൊണ്ട് മനസ്സിനെ നിയന്ത്രണത്തിലാക്കുക.

യോഗയുടെ ഗുണങ്ങള്‍

ശാസ്ത്രം എല്ലാ ജോലികളും നമുക്ക്‌  എളുപ്പമുള്ളതാക്കി . എന്നാല്‍ ദിവസേന നമുക്ക്‌ തിരക്ക്‌ കൂടി കൂടി വരുന്നു. ഒന്നിനും സമയം തികയുന്നില്ല. ശരീരം അനങ്ങുന്നില്ല. നൂറു മീറ്റര്‍ മാത്രം ദൂരെയുള്ള കടയില്‍ പോകാന്‍ വാഹനം നിര്‍ബന്ധം. കയ്യെത്തും ദൂരത്തുള്ള സാധനം എടുക്കാന്‍ എഴുന്നേല്‍ക്കാന്‍ മടി. അഥവാ നാം ഒരേസമയം തിരക്കുള്ളവരും  ശരീരമനങ്ങാത്തവരുമായി. 25 വയസ്സ് ആകുമ്പോഴേക്കും രോഗങ്ങളുടെ ഒരു മെഡിക്കല്‍കോളേജ്‌ ആയി ശരീരം മാറുന്നു. ചടുലത വേണ്ട യൌവനത്തില്‍ വാര്‍ധക്യത്തിന്റെ ആലസ്യം! കണ്ണില്‍ ക്ഷീണത്തിന്‍റെ ദെണ്ണം ! നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കേണ്ട നാം നടുവേദനകൊണ്ട് പുളയുന്നു. നമ്മുടെയൊക്കെ ഒരു യോഗം!

ഇവിടെയാണ്‌ യോഗയുടെ പ്രാധാന്യം. ഭാരതത്തിന്‍റെ സംഭാവനയായ യോഗ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാനാകും. കുബേര കുചേല പ്രായ ലിംഗ ജാതി മത ഭേദമന്യേ എല്ലാവരോടും ഇതു ശുപാര്‍ശ ചെയ്യുന്നു. മറ്റുള്ള കായികാഭ്യാസങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ ഘടകങ്ങള്‍ പലതാണ്.  ഉപകരണങ്ങള്‍ വേണ്ട , പണച്ചെലവില്ല , സ്വന്തം വീട്ടില്‍ തന്നെ പരിശീലിക്കാം, തനിയെ ചെയ്യാം എന്നതെല്ലാം ഇതിന്‍റെ ഏറ്റവും വലിയ മേന്മയാണ് . ആദ്യമാദ്യം അല്പം വിഷമം തോന്നുമെങ്കില്‍  കൂടി ക്രമേണ ഇത് നിത്യജീവിതത്തില്‍ നമ്മുടെ നല്ല കൂട്ടുകാരനായിത്തീരും. നല്ല രീതിയില്‍ ക്രമമായി അഭ്യസിച്ചാല്‍ ഇതിന്‍റെ ഫലം നമ്മെ അമ്പരപ്പിക്കും . നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ചടുലതക്കുറവ്, ലൈംഗികപ്രശ്നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഇത് സിദ്ധൌഷധം ആണ് . ആഴ്ചയില്‍ അഞ്ചു ദിവസം അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ വളരെ പ്രധാനപ്പെട്ട ചില 'ആസനങ്ങള്‍' നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം. ഇതിലെ മുഴുവന്‍ രീതികളും പിന്തുടരണം എന്ന് ഞാന്‍ പറയില്ല. ചെറിയ ആസങ്ങളില്‍ നിന്ന് തുടങ്ങി  സാവധാനം വലിയവയിലേക്ക് നീങ്ങുന്നതാണ് നല്ലത്. യോഗയുടെ ഗുണഫലങ്ങള്‍ പലതാണ്. അതില്‍ ചിലത് മാത്രം ഇവിടെ പ്രതിപാദിക്കാം.

- ശരീരത്തിലെ കൊഴുപ്പ് കുറയുന്നു

- ആത്മവിശ്വാസം വര്‍ധിക്കുന്നു.

- ബുദ്ധിവികാസവും ചിന്താശക്തിയും വര്‍ധിക്കുന്നു.

- ശരീര സൌന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നു.

- രോഗങ്ങള്‍ ഇല്ലാതാക്കുന്നു.

- ഏകാഗ്രത ലഭിക്കുന്നു, ടെന്‍ഷന്‍ കുറയുന്നു. ഓര്‍മ്മ ശക്തി കൂടുന്നു.

-ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നു.

- ഉന്മേഷവും ചുറുചുറുക്കും വര്‍ധിക്കുന്നു.

- രക്ത ചംക്രമണം കൂടുന്നു.

- വ്യക്തിത്വ വികാസം ലഭിക്കുന്നു.

24 August 2020

റാണി അബ്ബക്ക ചൗട

റാണി അബ്ബക്ക ചൗട

നമ്മുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ഒരു സ്വർണ്ണ തൂവൽ എന്തെ നമ്മുടെ ചരിത്ര പാഠ പുസ്തകത്തിൽ ഇവരെ കണ്ടില്ല.

1500 കളിൽ പോർച്ചുഗീസ് കൊളോണിയൽ ശക്തി അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു.  അവർ കാലിക്കട്ടിലെ സമോറിൻസിനെ നശിപ്പിച്ചു.  ബിജാപൂരിലെ സുൽത്താനെ പരാജയപ്പെടുത്തി.  ഗുജറാത്തിലെ സുൽത്താനിൽ നിന്ന് ദാമനെ കൊണ്ടുപോയി, മൈലാപ്പൂരിൽ ഒരു കോളനി സ്ഥാപിച്ചു, ബോംബെ പിടിച്ചെടുത്തു, ഗോവയെ അവരുടെ ആസ്ഥാനമാക്കി.  അവർ അവിടെ ഉണ്ടായിരുന്നപ്പോൾ, വെല്ലുവിളിക്കപ്പെടാതെ, പുരാതന കപാലീശ്വരർ ക്ഷേത്രത്തെ നശിപ്പിക്കുകയും അതിന് മുകളിൽ ഒരു പള്ളി പണിയുകയും ചെയ്തു.

അവരുടെ അടുത്ത ലക്ഷ്യം, മംഗലാപുരം, നല്ല ലാഭകരമായ തുറമുഖം. അതിന് തടസ്സമായ് അവർ കണ്ടത് മംഗലാപുരത്ത് നിന്ന് 14 കിലോമീറ്റർ തെക്കായി  ഉല്ലാലിന്റെ ചെറിയ വാസസ്ഥലമായിരുന്നു - അന്ന് അത് ഭരിച്ചിരുന്നത് റാണി അബ്ബക്ക ചൗട്ട എന്ന 30 വയസ്സുള്ള ഒരു സ്ത്രീരത്നമായിരുന്നു.

തുടക്കത്തിൽ, അവർ യുവറാണിയെ നിസ്സാരമായി കണ്ട് ഏതാനും ബോട്ടുകളെയും പട്ടാളക്കാരെയും അയച്ച് ഗോവയിലേക്ക് പിടിച്ചു കൊണ്ടുവരാൻ അയച്ചു - ആ ബോട്ടുകൾ ഒരിക്കലും തിരിച്ചെത്തിയില്ല.

പരിഭ്രാന്തരായ അവർ പ്രകോപിതരായി. അഡ്മിറൽ ഡോം അൽവാരോ ഡ സിൽവീരയുടെ നേതൃത്വത്തിൽ ഇത്തവണ ഒരു വലിയ കപ്പൽ അയച്ചു - അഡ്മിറൽ താമസിയാതെ മടങ്ങി, ഗുരുതരമായി പരിക്കേറ്റതും വെറുംകൈയ്യുമായി.

അതിനുശേഷം, മറ്റൊരു പോർച്ചുഗീസ് കപ്പൽ അയച്ചു -  കുഴിവിൽനിന്ന് പരിക്കേറ്റ കുറച്ചുപേർക്ക് മാത്രമേ അതിൽ തിരിച്ചെത്താൻ കഴിഞ്ഞുള്ളൂ.

മംഗലാപുരം തുറമുഖവും കോട്ടയും എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ പോർച്ചുഗീസുകാർ പോയി, ഒരുപക്ഷേ മംഗലാപുരം കോട്ടയുടെ സൗകര്യപ്രദമായ അകലത്തിൽ നിന്ന് റാണി അബ്ബക്ക ചൗട്ടയെ നേരിടാൻ പദ്ധതിയിട്ടിരിക്കാം.

ജോവോ പീക്സോട്ടോയുടെ കീഴിലുള്ള ഒരു വലിയ സൈന്യവുമായി മംഗലാപുരം വിജയകരമായി പിടിച്ചെടുത്ത ശേഷം പരിചയസമ്പന്നനായ ഒരു പോർച്ചുഗീസ് ജനറലിനെ ഉല്ലാലിലേക്ക് അയച്ചു.

  30 വയസുള്ള ഒരു സ്ത്രീക്ക് കുറച്ച് പുരുഷന്മാരുമായി, നൂറുകണക്കിന് ആധുനീക യുദ്ധസാമഗ്രഹികളുമായി എതിർക്കാൻ വരുന്ന സൈന്യത്തിന്റെ ശക്തിയെ നേരിടാൻ ഒരു മാർഗവുമില്ല.

പോർച്ചുഗീസുകാർ ഉല്ലാലിൽ എത്തി അത് വിജനമാണെന്ന് കണ്ടെത്തി.  അബ്ബക്ക എവിടെയും കാണാനില്ലായിരുന്നു.

അവർ ചുറ്റിക്കറങ്ങി, വിശ്രമിക്കുകയും അവരുടെ  അ നിമിഷത്തിന് നന്ദി പറയുകയും ചെയ്തു - അവർ അതിനെ ഒരു വിജയം എന്ന് വിളിക്കാനിരിക്കെ -  അബ്ബക്ക ചൗട്ട തന്റെ തിരഞ്ഞെടുത്ത 200 പുരുഷന്മാരുമായി ആക്രമിച്ചു -, നിരവധി പോർച്ചുഗീസുകാർക്ക് പോരാടാനുള്ള സമയം കിട്ടാതെതന്നെ ജീവൻ നഷ്ടപ്പെട്ടു

ജനറൽ ജോവോ പീക്സോട്ടോ കൊല്ലപ്പെട്ടു, 70 പോർച്ചുഗീസുകാരെ പിടികൂടി, ബാക്കിയുള്ളവർ ഓടിപ്പോയി.

നിങ്ങളാണ് ആ അബ്ബാക്ക ചൗട്ട എന്നു കരുതുക, ആക്രമണകാരികളുടെ ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തി, ഒരു ജനറലിനെ കൊന്ന്, പോരാളികളെ പിടികൂടി  നഗരത്തെ പ്രതിരോധിച്ചുവെങ്കിൽ - നിങ്ങൾ എന്തു ചെയ്യും?

- വിശ്രമിച്ച് ആ നിമിഷത്തെ ആസ്വദിക്കും?

- ശരിയല്ലേ?

- ഇല്ല!

അന്നു രാത്രി റാണി അബ്ബക്ക ചൗട്ട തന്റെ പുരുഷന്മാരുമായി മംഗലാപുരം കയറി മംഗലാപുരം കോട്ട ഉപരോധിച്ചു - റാണി കോട്ടയ്ക്കകത്ത് വിജയകരമായി കടന്നുകയറുകയല്ല ചെയ്തത്, പോർച്ചുഗീസ് ശക്തിയുടെ തലവനായ അഡ്മിറൽ മസ്കറൻഹാസിനെ വധിക്കുകയും ബാക്കി പോർച്ചുഗീസുകാരെ വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തു.

ആ 30 വയസ്സുകാരിയായ തുളുനാട്ട് റാണി അവിടംകൊണ്ട് അവസ്സാനിപ്പിച്ചില്ല, മംഗലാപുരത്തിന് വടക്ക് 100 കിലോമീറ്റർ അകലെയുള്ള കുന്ദാപുരയിലെ പോർച്ചുഗീസ് വാസസ്ഥലം പിടിച്ചെടുക്കാൻ അന്നു രാത്രി തന്നെ പോയി.

വേർപിരിഞ്ഞ ഭർത്താവിനെ കരുവാക്കി പണവും വഞ്ചനയും മുതൽക്കൂട്ടായ് കരുതി പോർച്ചുഗീസുകാർ ഒടുവിൽ റാണി അബ്ബക്ക ചൗട്ടയെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കുകയും അവിടെ വീണ്ടും കലാപം നടത്തുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തു.

1857 ലെ ഒന്നാം ലോകമഹായുദ്ധത്തിന് 300 വർഷം മുമ്പ് ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങുന്ന സൈന്യവുമായി നാല് പതിറ്റാണ്ടായി പോർച്ചുഗീസുകാർക്കെതിരെ പോരാടിയ ഒരു ജൈനമതക്കാരിയായിരുന്നു അബ്ബക്ക ചൗട്ട.

നമ്മുടെ ബഹുമാനത്തിന്റെയും നന്ദിയുടെയും അടയാളമായി ഭാരതീയരായ നമ്മൾ ആ ധീര സ്ത്രീരത്നത്തോട് എന്തു ചെയ്തു?  - നാം അവളെ മറന്നു.

നമ്മുടെ പെൺകുട്ടികൾക്ക് ആ പേര് നൽകിയിട്ടില്ല.  നന്മൾ അവളുടെ കഥകൾ നമ്മുടെ കുട്ടികളെ പഠിപ്പിച്ചിട്ടില്ല.

അതെ, നമ്മൾ അവളുടെ പേരിൽ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി, അവളുടെ പേരിൽ ഒരു ബോട്ടിന് പേരിട്ട് 2 പ്രതിമകൾ സ്ഥാപിച്ചു - അതെ, നമ്മുടെ ദേശീയ നായികയാകേണ്ട ഒരാൾക്ക് ഇന്ത്യയിലുടനീളം 2 പ്രതിമകൾ മാത്രം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ഐസിജിഎസ് റാണി അബ്ബാക്ക ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച അഞ്ച് ഇൻ‌ഷോർ പട്രോളിംഗ് കപ്പലുകളിൽ ഒന്നാമത്തേത് അബ്ബക്ക മഹാദേവിയുടെ പേരിലാണ്.

ഈ റാണി ഒരു യൂറോപ്യൻ അല്ലെങ്കിൽ അമേരിക്കക്കാരനായിരുന്നെങ്കിൽ അവരുടെ പാഠപുസ്തകങ്ങളിൽ റാണിയെക്കുറിച്ച് ഒരു അധ്യായം വായിക്കാമായിരുന്നു.

അഗ്നി നിരോധനത്തിന് അധികാരമുള്ള അവസാന ഇന്ത്യക്കാരിയെക്കുറിച്ച് പലരും സംസാരിക്കുന്നു.  ഈ കൊക്കോഫോണിയിൽ, നമ്മുടെ തലമുറയ്ക്ക് ഒരു മികച്ച നായികയെ നഷ്ടപ്പെട്ടു - പ്രചോദനത്തിന്റെ ഒരു വലിയ ഉറവിടം.

എന്തുകൊണ്ടാണ് നിങ്ങൾ അവളെക്കുറിച്ച് ഇതുവരെ കേൾക്കാത്തത് എന്ന് ഇപ്പോഴും ചിന്തിക്കുന്നുണ്ടോ.?