ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 17

നാഗമാഹാത്മ്യം...

ഭാഗം: 17

26. ഗരുഡനും സർപ്പങ്ങളും തമ്മിലുളള ശത്രുത്വഫലം (നാഗാരി)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗരുഡൻ സത്വഗുണപ്രധാനനും, ധർമ്മതല്പരനുമായിരുന്നിട്ടും സർപ്പങ്ങളോടു ശത്രുതാമനോഭാവമുണ്ടായി. കാരണം ദുഷ്ടസർപ്പങ്ങൾ മാതാ കദ്രുവിന്റെ വാതു ജയിപ്പി ക്കാൻ അധർമ്മമായ പ്രവൃത്തി ചെയ്തു. മാതാവിനു തുല്യമായ വിനതയെ ദാസിയാക്കുന്നതിന് അതു കാരണമായി . ധർമ്മിഷ്ഠനായ പിതാവിന്റെ ധർമ്മിഷ്ഠനായ ഭ്രാതാവിന്റെ യശസ്സിനുപോലും ഇത് കളങ്കമുളവാക്കി. സ്വന്തം അമ്മ മറ്റുള്ളവർക്ക് ദാസ്യവൃത്തി എടുക്കുന്നത് , അതും ധർമ്മമല്ലാത്ത പണി ചെയ്യുന്നത് ഏതൊരു മകനാണ് ഇഷ്ടപ്പെടുക!. മാതാവിനോടു സ്നേഹമുള്ള ഒരു മകനും അതു സഹ്യമല്ല. അതാണ് അവിടെ സംഭവിച്ചത്. മാതാ വിനത ധർമ്മതല്പരയും, ധർമ്മിഷ്ഠയുമായിരുന്നു. തനിക്കു പറ്റിയ അമളിയിൽ ദുഃഖിക്കാതെ സഹോദരിയും സപത്നിയുമായ കദ്രുവിന്റെയും ദുഷ്ടരായ മക്കളുടെയും ദാസ്യപ്രവർത്തി ഒട്ടും മടി കൂടാതെ ചെയ്തു വന്നു. എന്നാൽ മകനായ ധർമ്മിഷ്ഠനായ ഗരുഡന് ഇതു സഹിച്ചില്ല. അതിനാൽ സർപ്പങ്ങളോട് ഒടുങ്ങാത്ത പകയും ശത്രുതയുമുണ്ടായി . നാഗങ്ങളെ കൊന്നൊടുക്കുന്നതിനുള്ള ത്വരയുണ്ടായി പാപം ചെയ്യുന്നവരെ , ദുഷ്ടതകാട്ടുന്നവരെ ശിക്ഷിക്കതന്നെ വേണമെന്ന് നിശ്ചയിച്ചു. ദുഷ്ടോരഗങ്ങളെ തിന്നൊടുക്കി തുടങ്ങി.

സർപ്പങ്ങളുടെ നാശം കണ്ടു കണ്ടു മറ്റു ജീവിച്ചിരിക്കുന്ന സർപ്പങ്ങൾക്ക് ആധിയായി. അവർ വിചാരിച്ചു ഇങ്ങനെ പോയാൽ കുറച്ച് നാൾ കൊണ്ട് സർപ്പത്തിന്റെ വംശം തന്നെ ഇല്ലാതാകും. അതൊഴിവാക്കാൻ എല്ലാവരും കൂടി സഭ കൂടി ആലോചിച്ചു. അവർ ഈ തീരുമാനത്തിലെത്തി. ദിവസവും ഓരോ സർപ്പം ഗരുഡന് ഭക്ഷണമായി തീരാം . മറ്റുള്ളവയെ ഉപദ്രവിക്കരുത് എന്ന് ഗരുഡനോടപേക്ഷിക്കാം. നാഗങ്ങൾ ഭയത്തോടെയാ ണെങ്കിലും ഈ കാര്യം ഗരുഡനോടപേക്ഷിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗരുഡൻ സമ്മതിച്ചു. അതനുസരിച്ചത് നിശ്ചിതസ്ഥലത്ത് കൃത്യസമയത്ത് ഒരു സർപ്പം ചെല്ലുകയും വൈനതേയൻ അതു ഭക്ഷിച്ചു തൃപ്തിയടയുകയും ചെയ്തു വന്നു. നാഗങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതിൽ അവർക്ക് ദുഃഖമുണ്ടായി...

ഒരിക്കൽ ജീമൂതവാഹനൻ എന്ന ഒരു വിദ്യാധരൻ തന്റെ ഒരു സുഹൃത്തിനോടൊപ്പം സവാരിക്കു പോയി. കുറെ ദൂരം ചെന്നപ്പോൾ ഒരു കാട്ടിലെത്തി. അവിടെ കുറേ അസ്ഥിക്കഷണങ്ങൾ കൂനകൂടി കിടക്കുന്നതു കണ്ടു . ജീമൂതവാഹനൻ സുഹൃത്തിനോടു ചോദിച്ചു. ഈ കാണുന്നത് എന്താണ് ? അറിയാമോ?

സുഹൃത്ത് പറഞ്ഞു കദ്രു അസത്യം കൊണ്ട് സഹോദരിയും സപത്നിയുമായ വിനതയെ മനഃപൂർവ്വം ചതിച്ചു ദാസി യാക്കി. നാഗങ്ങളിൽ ചിലർ അതിനു കൂട്ടു നിന്നു. അവർ ധർമ്മം മറന്ന് അധർമ്മം ചെയ്തു. വിനതയുടെ പുത്രനായ ഗരുഡൻ അമ്മയുടെ ദാസ്യമൊഴിപ്പിച്ചു സ്വതന്ത്രയാക്കിയതിനു ശേഷം വൈരാഗ്യത്തോടു കൂടി സർപ്പങ്ങളെ തിന്നു തുടങ്ങി. ആ തിന്ന സർപ്പങ്ങളുടെ അസ്ഥികളാണ് ഈ കാണപ്പെടുന്നത് . ഇതറിഞ്ഞ വിദ്യാധരന് വളരെ അധികം സങ്കടമുണ്ടായി. അദ്ദേഹം സുഹൃത്തിൽ നിന്നു വേർ പിരിഞ്ഞു. അദ്ദേഹം സർപ്പരക്ഷയ്ക്കായി നിശ്ചയിച്ചു. സർപ്പം കിടക്കേണ്ട സ്ഥലത്തു ചെന്നു കിടന്നു. അന്ന് ഭക്ഷണമാകേണ്ടിയിരുന്നത് ശംഖചൂഡൻ എന്ന സർപ്പമായിരുന്നു. ഗരുഡൻ വന്ന് ജീമൂതവാഹനനനെ കൊത്തിയെടുത്തുകൊണ്ടുപോയി തിന്നാൻ തുടങ്ങി. ശംഖചൂഡൻ പിറകേ പോയെങ്കിലും ഫലമുണ്ടായില്ല. ശംഖചൂഡനും മലയവതിയും മറ്റുപലരും രക്തം കണ്ട് ഉറക്കെ ഉറക്കെ നിലവിളിച്ചു. ഗരുഡൻ അപ്പോഴാണ് ശ്രദ്ധിച്ചത്. പശ്ചാത്താപ വിവശനായി തീർന്ന ഗരുഡൻ വിഷമിച്ചു നിന്നു. മലയവതി ഈ സമയത്ത് ദേവി ഭുവനേശ്വരിയെ ഉള്ളുരുകി പ്രാർത്ഥിച്ചു. ആ പ്രാർത്ഥന ശ്രവിച്ച ദേവി അമൃതവർഷം ചെയ്തു . ജീമൂതവാഹനനെ പുനർജ്ജീവിപ്പിച്ചു. അതുകണ്ട് ഗരുഡൻ സന്തുഷ്ടനായി.ജീമൂതവാഹനനെ വിളിച്ച് സ്വാന്ത്വനിപ്പിച്ച് പറഞ്ഞു നിങ്ങളുടെ ത്യാഗത്തിൽ ഞാൻ അതീവ സന്തുഷ്ടനാണ്. എന്തു വരമാണ് നിങ്ങൾക്കു വേണ്ടത്. ചോദിക്കൂ. ഞാൻ വരം ദാനം ചെയ്യാം. ഇതു കേട്ട ജീമൂതവാഹനൻ പറഞ്ഞു അങ്ങ് എനിക്കു വരം തരാൻ ദയവുണ്ടാകുന്നെങ്കിൽ നാഗങ്ങളെ തിന്നുന്നത് നിർത്തണം. മരിച്ച നാഗങ്ങളെ ജീവിപ്പിക്കണം. ഗരുഡൻ വിദ്യാധരൻ ആവശ്യപ്പെട്ട വരം നൽകി. അന്നു മുതൽ നാഗങ്ങളെ തിന്നുന്നത് അവസാനിപ്പിച്ചു. നാഗങ്ങൾ സന്തുഷ്ടരായി വിദ്യാധരന് പാരിതോഷികങ്ങൾ നല്കി പ്രസാദിപ്പിച്ചു . നാഗങ്ങളുടെ അസ്ഥികളിൽ നിന്നും അവയ്ക്കെല്ലാം പൂർവ്വരൂപം നല്കി. വിദ്യാധരൻ നാഗങ്ങളുടെ പ്രസാദവും പേറി നിർഗ്ഗമിച്ചു. അദ്ദേഹം വിദ്യാധരചക്രവർത്തിയായി വാണരുളി.

തല്ക്കാലം രക്ഷപ്രാപിച്ചുവെങ്കിലും സർപ്പങ്ങൾക്ക് ഭയവും ഭീതിയും ദുഃഖവും വിട്ടുമാറിയില്ല. കദ്രുമാതാവിന്റെ ശാപം അവരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ജനമേജയന്റെ സർപ്പസത്രം നടക്കാതിരിക്കുകയോ അഥവാ തുടങ്ങിയാൽ തന്നെ അതു നിർത്തി വയ്ക്കുകയോ ചെയ്യാതെ ഈ ഭീതി വിട്ടുമാറാൻ സാധ്യതയില്ലെന്നതവർക്കറിയാമായിരുന്നു.അവരെല്ലാം ദുഃഖിതരായി കഴിഞ്ഞു വരവേ ഏലാപത്രൻ ജരൽക്കാരുവിന്റെ കാര്യവും . ജരല്ക്കാരു എന്ന താപസൻ വാസുകിയുടെ ഭഗിനിയായ ജരല്ക്കാരു എന്ന ഉരഗസ്ത്രീയെ വിവാഹം കഴിച്ചു വാഴുന്ന കഥയും ഓർമ്മിപ്പിച്ചു. അവർക്കു സന്താനമുണ്ടായാൽ ആ പുത്രൻ സർപ്പസത്രം നിർത്തിക്കാൻ യോഗ്യനാണെന്ന ബ്രഹ്മദേവന്റെ കല്പന വാസുകി തുടങ്ങിയവരെ അറിയിച്ചു.

വാസുകി സഹോദരിയെ കണ്ടു. അവർ വിഷമിച്ചിരിക്കുന്നതായി കണ്ടു. കാരണമാരാഞ്ഞു. ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയി എന്നും ഇനി എന്താണു വേണ്ടതെന്നും വാസുകിയോടാരാഞ്ഞു. ജരല്ക്കാരു പറഞ്ഞു ഞാൻ വളരെയധികം വിനയാന്വിതയായി ധാർമ്മികമായി തന്നെ അദ്ദേഹത്തെ ഇച്ഛകൊണ്ട് സേവിച്ചിരുന്നു . എന്നാൽ ദുഷ്കൃതമെന്നു പറയട്ടെ , ഒരു ദിവസം സന്ധ്യയോടടുത്തപ്പോൾ അദ്ദേഹം നിദ്രയിലായിരുന്നു. സന്ധ്യാവന്ദനം പതിവുള്ളതാണ്. അതു മുടങ്ങിയാൽ ധർമ്മലോപം വരും. ഉണർത്താതിരുന്നാൽ എങ്ങനെ സന്ധ്യാവന്ദ നം നടത്തും. എന്നാൽ തനിക്കു കുഴപ്പം വന്നാലും വേണ്ടില്ലാ ഭർത്താവിന് ധർമ്മദ്രംശം വരാൻ പാടില്ലന്നു വിചാരിച്ചുണർത്തി. അദ്ദേഹം കോപിച്ചു. ഇനി ഇവിടത്തെ താമസം ശുഭമല്ലന്നു പറഞ്ഞ് അദ്ദേഹം പോയി.പോകാൻ തുടങ്ങിയപ്പോൾ അദ്ദേഹം രണ്ടുപ്രാവശ്യം അസ്തി , അസ്തി എന്നുര ചെയ്തു. വാസുകി പറഞ്ഞു.അസ്തി എന്നാൽ ഉണ്ട് എന്നാണർത്ഥം അതായത് നിനക്കു ഗർഭമുണ്ട്. ആയത് ശുഭസൂചകമാണ് . ഒട്ടും വിഷാദിക്കേണ്ട.ഇവിടെയാതൊരു ദോഷവും സംഭവിക്കയില്ല എന്ന് സമാധാനിപ്പിച്ചു. കാലം ചെന്നപ്പോൾ ജരല്ക്കാരു ഒരു പുത്രനു ജൻമം നല്കി. ജരൽക്കാരുവെന്ന താപസന്റെ ഗൃഹസ്ഥാശ്രമം ഇത്ര മാത്രം. സന്താനമുണ്ടായാലപ്പോഴെ വനവാസം എന്നാണ്. ഈ പുത്രലാഭത്തിനു വേണ്ടിമാത്രമാണ് അദ്ദേഹം ഗൃഹസ്ഥാശ്രമം സ്വികരിച്ചത്. ഇനി താപസനായി തന്നെ തുടരും. ശുഭം ഭവിക്കട്ടെ എന്നാശിർവദിച്ച് വാസുകി സഹോദരിയെ സമാധാനിപ്പിച്ചു.

ആ പുത്രന് ആസ്തികൻ എന്നു പേരു നല്കി വളർത്തി. വിദ്യകൾ അഭ്യസിപ്പിച്ചു. വേണ്ടതെല്ലാം ശരിയാം വണ്ണം ശീലിപ്പിച്ചു മാതുലന്റെ വാത്സല്യഭാജനമായി വളർന്നു. അസ്തികൻ സർവ്വഗുണ സമ്പന്നനായി തീർന്നു . മാതാജരല്ക്കാരു തന്റെ പുത്രനോടു സർപ്പങ്ങളുടെ ശാപവൃത്താന്തവും താപസനായ ജരല്ക്കാരു നാഗസ്ത്രീയായ തന്നെ വേൾക്കാനുണ്ടായ കാരണവും തന്റെ പുത്രപ്രാപ്തിയുടെ ലക്ഷ്യവും ഉദ്ദേശ്യവുമെല്ലാം തന്നെ പുത്രനെ അറിയിച്ചിരുന്നു. പുത്രൻ നാഗകുലം രക്ഷിക്കുമെന്ന വിശ്വാസം മാതാവിനും ഉണ്ടായി.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment