ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 46

നാഗമാഹാത്മ്യം...

ഭാഗം: 46

58. സർപ്പക്കാവുകൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 പണ്ടുള്ള തറവാടുകാർ അവരവരുടെ ഭൂമിയിൽ ഒരു ഭാഗത്ത് വനങ്ങൾ വച്ചു പിടിപ്പിച്ച് അവിടെ സർപ്പവാസയോഗ്യമാക്കി. അവയ്ക്ക് പൂജകൊടുത്ത് തൃപ്തിപ്പെടുത്തി തുടങ്ങി. ചിലർ ചിത്രകൂടം കെട്ടി അതിനുള്ളിൽ സർപ്പങ്ങളെ തന്ത്രിമാരെ (നമ്പൂതിരിമാരെ) കൊണ്ട് ആവാഹിപ്പിച്ച് ഇരുത്തി സംരക്ഷിക്കുന്നതിന് തയ്യാറായി. മിക്കവാറും വീടുകളുടെ കന്യാകോണിൽ വനം സംരക്ഷിച്ച് സർപ്പക്കാവുകളാക്കി സർപ്പാരാധന നടത്തി വന്നു. കാലം ചെല്ലുന്തോറും ഈ പതിവുകൾ പരമ്പരാഗതമായി നിലനിന്നു വരുന്നതിനു കാരണമായി . സർപ്പങ്ങളുടെ പ്രധാനനാള് ആയില്യമായതിനാൽ സർപ്പപൂജയ്ക്ക് ആയില്യ പൂജ എന്ന പേരു സിദ്ധിച്ചു. ചിലർ ആയില്യത്തിനു തന്നെയും മറ്റുചിലർ അവർക്കു സൗകര്യപ്രദമായ ഒരു ദിവസവും പൂജാദികൾ നല്കി സർപ്പപ്രീതി വരുത്തിയിരുന്നു. ഇന്നും ഈ രീതി നിലവിലുള്ള അനേകം ഗ്രാമങ്ങളുണ്ട് , പട്ടണത്തിൽ ഈ വക അധികമില്ല. എന്തെന്നാൽ സ്ഥലചുരുക്കവും ജനപ്പെരുപ്പവും കാരണം കാവുകളുടെ സംരക്ഷണം വിരളമായിക്കൊണ്ടിരിക്കുന്നു . ആളോഹരി ഭാഗം വയ്ക്കുന്ന രീതി വന്നതോടു കൂടി കാവുപൂജ സർപ്പങ്ങൾ കാണപ്പെട്ട ദൈവങ്ങളാണ്. അവയെ നമുക്ക് നേരിൽ കാണാൻ സാധിക്കും. വളരെ ശുദ്ധിയോടെ , ശ്രദ്ധയോടെ ആ ചരിക്കേണ്ടതാണ്.

കുളിച്ചു ശുദ്ധമായി വേണം വിളക്കു കൊളുത്താനും പൂജ ചെയ്യാനും, ചെയ്യിക്കാനും കാവു പൂജ നടത്തുന്നത് നമ്പൂതിരിമാരാണ്. പരമ്പരാഗതമായി പൂജ നടത്തുന്ന ഇല്ലക്കാരുണ്ട്. പണ്ട് കാവിന്റെ സമീപത്തായി പ്രത്യേകസർപ്പക്കുളമുണ്ട് . സർപ്പക്കുളം അശുദ്ധമാക്കാൻ പാടില്ല. കാവിനേയും , ചിത്രകൂടത്തേയും അശുദ്ധി ബാധിക്കാൻ ഇടകൊടുക്കരുത്. അഥവാ അശുദ്ധിയ്ക്ക് കാരണമായാൽ അഞ്ചാളും കൂടി പുണ്യാഹം കഴിച്ച് പൂജ നടത്തണം. അത് അഞ്ചു നമ്പൂതിരിമാർ തന്നെ ആയിരിക്കണം. വിധിയാം വണ്ണമുള്ള പൂജാദികർമ്മങ്ങൾക്കുള്ള വിധികളും പൂജാ സമ്പ്രദായവും പരശുരാമൻ തന്നെ അറിയിച്ചുകൊടുത്തിരുന്നു . അതനുസരിച്ച് അന്നുള്ള നമ്പൂതിരിമാരുടെ കുടുംബങ്ങളിലെ പരമ്പരാഗതമായി പൂജക്കർഹരായവരാണ് പൂജ നടത്തുന്നത്. ഇന്നും ആ നില തുടരുന്നു.

നാലു ജാതി സർപ്പങ്ങൾക്കും പ്രത്യേകതരം പൂജയും വഴിപാടുകളുമുണ്ട്. ബ്രാഹ്മണസർപ്പങ്ങൾക്ക് നിത്യവും കാവിൽ തിരി കത്തിച്ച് ദീപം തെളിക്കണം. പാലും പഴവും നിവേദിക്കുക, അപ്പം , തൃമധുരം, പായസം, പാൽപ്പായസം തുടങ്ങിയ അനേക നിവേദ്യങ്ങളുണ്ട്. വെള്ള നിവേദ്യം അഥവാ ചോറും നിവേദിക്കും. നൂറും പാലും കഴിക്കുക എന്നൊരു വിശിഷ്ട പൂജയുമുണ്ട് . ഓരോ സർപ്പത്തിനും പരമ്പരാഗതമായി പണ്ടു ചെയ്തിരുന്ന രീതിയിൽ തന്നെ ചെയ്യുന്നതാണുത്തമം. ആണ്ടിലൊരിക്കലാണ് പൂജയും നിവേദ്യവും. ദിവസവും വിളക്കു കൊളുത്തുന്ന പതിവു എവിടെയും ഉണ്ടായിരുന്നു. അത് നല്ലതാണ്. അതു ചെയ്യുന്ന ധാരാളം വീടുകൾ ഇന്നുമുണ്ട്.ഭൂമിയിലെ ഒരു വർഷം ദേവൻമാർക്ക് ഒരു ദിവസമാണ്. അതാണ് വർഷത്തിലൊരിക്കൽ എന്നു പറയുന്നത്.അവർക്കത് നിത്യ പൂജയാണ്. നമുക്ക് വാർഷിക പൂജയും സാധാരണ ബ്രാഹ്മണസർപ്പങ്ങൾ ഉത്തമ സർപ്പങ്ങളാണ്. അവ അനുഗ്രഹിച്ചാൽ വളരെ സമ്പൽസമൃദ്ധിയും സൗഭാഗ്യവും സന്താനലബ്ധിയുമൊക്കെ ഉണ്ടാകുന്നു എന്നാണ് പരക്കെ വിശ്വാസം . അവരെ കുടുംബ പരദൈവമെന്ന നിലയിലാണ് വിചാരിക്കുന്നത്. ഇവയെ മണി നാഗത്തിലാണുൾപ്പെടുത്തിയിരിക്കുന്നത്.ബ്രാഹ്മണസർപ്പങ്ങൾക്ക് നാഗമാണിക്യം ശിരസ്സുകളിൽ ഉണ്ടെന്നാണ്. നല്ലവണ്ണം പ്രസാദിച്ചാൽ പൂജിക്കുന്നവർക്ക് മാണിക്യം വിട്ടു കൊടുക്കുമെന്നാണ്. അങ്ങനെ മാണിക്യം ലഭിച്ചാൽ സർപ്പത്തെ ആരാധിക്കുന്നപോലെ മാണിക്യം പൂജിക്കണം. പിന്നെ അതു കൈ വിട്ടുപോയാൽ സർപ്പകോപം ഉണ്ടാകുമെന്നാണ്.

ക്ഷത്രിയ സർപ്പം നാഗരാജനായിട്ടാണ് പറയുന്നത്. നാഗലോകം ഭരിക്കുന്നതും ഭൂമിയിലെ സർപ്പകേന്ദ്രങ്ങൾ ഭരിക്കു ന്നതും വാസുകിയാണല്ലോ. അതിനും ശ്രദ്ധയോടെ ഉത്തമപൂജ കൊടുക്കണം . ലോപമുണ്ടാകാൻ പാടില്ല. വൈശ്യകുലത്തിൽപ്പെട്ടവർ കുഴി നാഗം എന്നാണ്. അവ നൻമതിൻമകൾ ചെയ്യുന്നതാണ്.

ശൂദ്രകുലം കരിനാഗങ്ങളാണന്നാണ് വയ്പ്. അവയ്ക്ക് തീയും തിരിയും വേണമെന്നില്ല. കരിനാഗസർപ്പങ്ങൾ മാത്രം അധിവസിക്കുന്ന കാവുകളിൽ ദീപം കൊളുത്തണമെന്നില്ല. വിളക്കു കാണിച്ചാൽ മതി. പക്ഷെ പൂജ ചെയ്യേണ്ടതാണ്.

ഈ നാലുതരം സർപ്പങ്ങളേയും ആരാധിക്കുന്ന അധിവസിപ്പിക്കുന്ന കാവുകളുണ്ട്. എന്നാൽ സർപ്പക്ഷേത്രങ്ങളിൽ പ്രാധാന്യം നാഗരാജാവിനാണ്. കൂടെ നാഗയക്ഷിയമ്മയ്ക്കും പ്രാധാന്യം കല്പിക്കുന്നുണ്ട്. സർപ്പങ്ങളെ ഒരു സ്ഥലത്തു നിന്നും ആവാഹിച്ച് മറ്റു സ്ഥത്തേയ്ക്കും കൊണ്ടു പോകുന്നതിനും വ്യത്യാസമുണ്ട് . ചിലടത്ത് മണ്ണാണ് ആവാഹിച്ച് കൊണ്ടു പോകുന്നത്. ചില സ്ഥലത്തു നിന്നാണങ്കിൽ ജലത്തിൽ (കുടത്തിൽ) ആവാഹിച്ചാണ് കൊണ്ട് പോകുന്നത്. പാമ്പുമേകാട്ടിലുള്ള പൂജാരികളാണ് സർപ്പത്തെ ആവാഹിച്ച് കൊണ്ട് പോയി അവിടെ വച്ച് മറ്റു നാഗങ്ങളുടെ കൂട്ടത്തിൽ പൂജിക്കുന്നത്. സർപ്പരാജാവായ വാസുകിയാണല്ലോ അവിടെ പ്രജകളെ രാജാവിനെ ഏല്പിക്കുന്നു എന്ന സങ്കല്പമാണിത് . പ്രജകളെ പാലിക്കേണ്ട ചുമതലയും രാജാവിനാണല്ലോ ? സർപ്പപ്പാട്ട് , സർപ്പതുള്ളൽ തുടങ്ങിയ വഴിപാടുകളും നാഗപ്രീതിക്കായിട്ടുണ്ട്.
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment