ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 2

നാഗമാഹാത്മ്യം...

ഭാഗം: 2

2. മധുകൈടഭൻമാർ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈ കാലയളവിൽ അനന്തശായിയായ വിഷ്ണുദേവൻ യോഗനിദ്രയിലായിരുന്നു. ബ്രഹ്മദേവന്റെ അഹങ്കാരം ശമിപ്പിക്കണമെന്ന ഒരു വി ചാരമുണ്ടായി. ദേവന് എന്തോ അസ്വാസ്ഥ്യം പോലെ തോന്നി. കൈവിരൽ ചെവിയിലിട്ടു കടഞ്ഞു . അതാ വലം ചെവിയിൽ നിന്ന് അല്പമയഞ്ഞ കർണ്ണമലം പുറത്തു വന്നു. മറു ചെവിയിൽ നിന്നു കട്ട പിടിച്ച കർണ്ണമലം വെളി യിലെടുത്തു.

രണ്ടും ജലത്തിലെറിഞ്ഞു. അവ രണ്ടും ഭീകരരൂപികളായി തീർന്നു. വലം ചെവിയിലെ മധു പോലെ അയഞ്ഞ കർണ്ണമലം മധു എന്ന അസുരനായി. ഇടം ചെവിയിലെ കീടം പോലെ കട്ട പിടിച്ച കർണ്ണമലം കൈടഭൻ എന്ന അസുരനുമായി രൂപം പൂണ്ടു . ആരു കണ്ടാലും ഭയന്നു വിറച്ചു പോകത്തക്ക ആ ഭയങ്കര രൂപികൾ ആ പ്രളയജലധിയിൽ ആർത്തുല്ലസിച്ച് കളിയാടി തുടങ്ങി. അവർ വിചാരിച്ചു. തങ്ങളെ വെല്ലാൻ ഈ ജലത്തിൽ ആരുണ്ട് ? ആരും തോല്പിയ്ക്കാനില്ലെന്ന ഭാവത്തിൽ നീളെ കളിച്ചു പുളച്ചുല്ലസിച്ച് നീങ്ങി.

ആ സമയത്ത് എവിടെ നിന്നോ 'ഹ്രീം' എന്ന ശബ്ദം കേട്ടു.അതെന്താണെന്നറിയാതെ തന്നെ അവർ അതിനെ ധ്യാനിച്ചു. തപസ്സു തുടങ്ങി. കുറെക്കാലം ചെന്നപ്പോൾ ദേവി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു . നിങ്ങളുടെ തപസ്സിൽ ഞാൻ സന്തുഷ്ടയാണ്. എന്തു വരമാണ് നിങ്ങൾക്കു വേണ്ടത് എന്നു ചോദിച്ചു. അവർ പറഞ്ഞു. ഞങ്ങൾ വിചാരിക്കുമ്പോഴെ മരിക്കാവൂ. ദേവി ശരി , നിങ്ങളുടെ ഇഷ്ടം പോലെ. ഇനി എന്താണു വേണ്ടത് . അസുരർ പറഞ്ഞു. ഞങ്ങളെ ആരും തോല്പിക്കാതിരിക്കത്തക്ക മാഹാത്മ്യമുള്ള ആയുധങ്ങൾ പ്രദാനം ചെയ്താലും.

ദേവി മധുവിന് ഒരു ശൂലവും, കൈടഭന് ഒരു വേലും ആയുധമായി നല്കി. ഈ ആയുധങ്ങൾ വേണ്ട പോലെ സംരക്ഷിച്ചാൽ അവ നിങ്ങൾക്കു തുണയായിരിക്കും. നിങ്ങളെയാരും തോല്പിക്കയില്ല. ദേവി മറഞ്ഞു (അപ്രത്യക്ഷയായി) . അവർ വരബലത്തിലും ആയുധലബ്ധിയിലും മദിച്ചഹങ്കരിച്ചു. തങ്ങളെ വെല്ലാൻ ആരുമില്ലല്ലോ എന്ന് അസഹ്യത പൂണ്ടു. ഇടയ്ക്ക് ജലത്തിനുപരി പൊങ്ങി നോക്കി. അതാ ഒരു താമരയിൽ ഒരു രൂപം , അവർക്കത്ഭുതമായി. ഹേയ്, ഇതാര് ? അറിയാൻ ആഗ്രഹമുണ്ടയി. നേരേ അങ്ങോട്ടു നീന്തി. താമരയുടെ അടുത്തു ചെന്നു. ആരെന്നു മനസ്സിലായില്ല. പിടിക്കാൻ ആഞ്ഞു താമര ഉലഞ്ഞു.

ബ്രഹ്മദേവന് ചിന്തയായി. ഹേ ഇവരാര് ? ഇവരെ ആരു സൃഷ്ടിച്ചു. ഞാനല്ലേ സൃഷ്ടി കർത്താവ്. ഞാൻ ഇവരെ സൃഷ്ടിച്ചിട്ടില്ലല്ലോ? ഇവർ എന്തിന് എന്റെ നേരെ വരുന്നു ? അവരുടെ രൂപവും ഭാവവും കണ്ട് പത്മജൻ പേടിച്ചു പോയി . എന്തു ചെയ്യേണ്ടു എന്നറിയാതെ വേഗം താമര നാളത്തിൽ കൂടി അനന്തശായിയെ ശരണമടഞ്ഞു..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment