ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 60

നാഗമാഹാത്മ്യം...

ഭാഗം: 60

66. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

ആമയിടക്കാവ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കേരളക്കരയിലെ മറ്റൊരു സർപ്പാരാധനാലയമാണ് ആമയിടക്കാവ്. അതിനും ഒരു ഐതീഹ്യമുണ്ട്. പണ്ടൊരിക്കൽ പരശുരാമൻ തന്റെ യാത്രയ്ക്കിടയിൽ മേൽ പറഞ്ഞ സ്ഥലത്തെത്തി. അപ്പോൾ ഒരാമയുടെ പുറത്ത് ഏഴു നാഗകന്യകകൾ അതിലേ സഞ്ചരിക്കുന്നതായി കണ്ടു. അവരെ കണ്ടയുടനെ പരശുരാമൻ അവിടെ നിന്നു അവരെ വന്ദിക്കാൻ തുടങ്ങി . പിന്നെ ആമ അവിടുന്ന് സഞ്ചരിക്കയുണ്ടായില്ല. മുനി അവരെ വന്ദിച്ചതിനുശേ ഷം ആമയെ അവിടത്തന്നെ കുടിയിരുത്തി. പ്രതിഷ്ഠിച്ചു എന്നർത്ഥം. സപ്തനാഗകന്യകകളേയും പ്രതിഷ്ഠിച്ചു. ആമ നിന്നിടം എന്ന കാരണത്താൽ ആസ്ഥലത്തിന് ആമയിടക്കാവ് എന്നായി നാമം.

അദ്ദേഹം അവിടെ പൂജനടത്തി. സമീപവാസികളായ ബ്രാഹ്മണരെ വരുത്തി പൂജാദികർമ്മങ്ങളെ അറിയിച്ചു. അതുപോലെ നിത്യവും നടത്തണമെന്നും പറഞ്ഞു. അപ്രകാരം ചെയ്താൽ നാടിനും നാട്ടാർക്കും ശ്രേയസ്സുണ്ടാകുമെന്നും പറഞ്ഞു . അന്ന് അദ്ദേഹം ഏർപ്പെടുത്തിയ മന(ഇല്ലം)യിലെ ആളുകൾ തന്നെ , അവരുടെ വംശക്കാർ തന്നെയാണ് ഇന്നും പൂജ.നാഗകന്യകകളുടെ ഇരിപ്പടമായതിനാൽ നാഗപൂജകൾക്ക് ഇവിടം പ്രസിദ്ധമായി. അവിടെ കാവുകളും കാവിൽ വൃക്ഷങ്ങളുമുണ്ട്. പീഠത്തിൻമേലാണ് നാഗകന്യകകളെ ഇരുത്തിയിരിക്കുന്നത്.

നാഗപ്രീതിയ്ക്കു വേണ്ടി ചെയ്യുന്ന എല്ലാവിധ പൂജകളും ഇവിടെയുണ്ട്. കേരളക്കരയിലെ അഞ്ചു നാഗക്ഷേത്രങ്ങളിൽ ഒന്നായി ഇത് പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു.

സർപ്പദോഷം തീർക്കാൻ നാഗം നീക്കൽ എന്നൊരു വഴിപാടു പ്രത്യേകമായുണ്ട്. അത് മുഖ്യവഴിപാടാണ്. എല്ലാമാ സത്തിലെ ആയില്യം , വൃശ്ചികവ്രതം (മണ്ഡലകാലം) ഇവ പ്രധാനമാണ്. മീനത്തിൽ ഉത്രം ആറാട്ടു വരത്തക്കവണ്ണം ഉത്സവം ഘോഷിക്കുന്നുണ്ട്. രാഹുദോഷശാന്തി, സർപ്പകോപം മാറ്റുന്നതിനുള്ള ദോഷശാന്തി ഇവയൊക്കെ ഇവിടെ ചെയ്യുന്നുണ്ട് . ഭക്തജനങ്ങളുടെ സൗകര്യത്തിനായി അത്താഴ പൂജവരെ നടതുറന്നിരിക്കും. അതുകൊണ്ട് ആരാധനയ്ക്കും വഴിപാടുകൾ നടത്തുന്നതിനും സൗകര്യമുണ്ട്.

ചില സ്ഥലങ്ങളിൽ പ്രസിദ്ധമായ ക്ഷേത്രങ്ങളോടനു ബന്ധിച്ച് സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളുമുണ്ട്. അവിടെ ആരാധനകളുമുണ്ട്.

തൃപ്പൂണിത്തുറ, വേളർവെട്ടം, അമ്പലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകൾ പ്രസിദ്ധമാണ്. ആ കാവുകളിലും സർപ്പപൂജയുണ്ട്. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ സർപ്പക്കാവിലും ദർശനം നടത്തി സർപ്പം പാട്ടുപാടിച്ച് വഴിപാടു നടത്തുന്നു . അവിടെയും ആയില്യം തോറും മാസപൂജയുണ്ട്. നൂറും പാൽ , സർപ്പ ബലി തുടങ്ങിയവ സർപ്പദൈവത്തിനുള്ള വഴി പാടുകൾ നടത്തുന്നുണ്ട്.

അമ്പലപ്പുഴയ്ക്കു സമീപം വണ്ടാനത്തു കാവ് വളരെ പ്രസിദ്ധമായ ഒരു സർപ്പാരാധനാലയമാണ്. അതിനു ഒരു ഐതീഹ്യമുണ്ട്.രാമദേവൻ സമുദ്രതീരത്തടുത്തു കൂടി വള്ളത്തേൽ വരികയായിരുന്നു. വണ്ടാനത്തെത്തിയപ്പോൾ പിടിച്ചു നിറുത്തിയതുപോലെ വള്ളം നിന്നു. അദ്ദേഹം നോക്കിയപ്പോൾ ഏഴുനാഗകന്യകകൾ വിളയാടുകയാണ് . അദ്ദേഹം അവിടെയിറങ്ങി. നാഗകന്യകകളെ അവിടെ കുടിയിരുത്തി. പൂജ കൊടുത്തു പൂജയ്ക്ക് ആളെ ഏർപ്പെടുത്തി. വണ്ടാനത്തു കാവിൽ ആണ്ടിൽ ഏഴു ദിവസം തുടർച്ചയായി പാട്ടും തുള്ളലുമുണ്ട്. നാഗക്കളം വരച്ച് പൂജയുമുണ്ട്. ആണ്ടിൽ ഒരിക്കൽ മാത്രമാണ് അത് നടത്തുന്നത് അമ്പലപ്പുഴ ഭാഗത്തുള്ള പുള്ളുവൻമാരാണ് കളം വരച്ച് പൂജ ചെയ്യുന്നത്. പിന്നെ സർപ്പബലി യോടു കൂടിയാണ് സമാപനം.

ഇങ്ങനെ നോക്കിയാൽ കേരളത്തിലുടനീളം ധാരാളം സർപ്പക്കാവുകളും പ്രത്യേക ആരാധനാ കേന്ദ്രങ്ങളുമുണ്ട്. ആരാധനാ കേന്ദ്രങ്ങളിലെല്ലാം തന്നെ അതിനോടു ബന്ധപ്പെട്ട നമ്പൂതിരിമാരാണ് ഇക്കാലത്തും പൂജ നടത്തുന്നത്.

നമ്മുടെ നാട്ടിൽ കൃഷിയിടങ്ങളിലും, വീടുകളുടെ പരിസരങ്ങളിലും, വഴിയിലും , കാവുകളിലും എന്നു വേണ്ട എവിടെയും സർപ്പങ്ങളെ കണ്ടു വരുന്നുണ്ട്. ചിലവ ചില സമയത്ത് ഗൃഹാന്തർഭാഗങ്ങളിലും കയറാറുണ്ട്. നാം അവയെ സഹിഷ്ണുതയോടെ വീക്ഷിക്കുകയും , ഉപദ്രവിക്കാതെ പോകാൻ അനുവദിക്കുകയും ചെയ്യുന്നു . ആ സർപ്പങ്ങളുമായുള്ള മനുഷ്യബന്ധം അവിടെ ഉറയ്ക്കുകയാണ് ഉറപ്പിക്കുകയാണ്. നാം ആന്തരികമായി അവയെ പൂജിക്കുകയും ചെയ്യുന്നതിന്റെ ഫലമായി നമുക്കു മണ്ണും മനുഷ്യരും സർപ്പങ്ങളും പരസ്പരം ഒന്നിനൊന്നു ബന്ധപ്പെട്ട് ഇളകാത്ത സൗഹൃദം സ്ഥാപിച്ചിരിക്കുന്നു എന്നു കാണാം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment