ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label വ്രതനുഷ്ഠാനം. Show all posts
Showing posts with label വ്രതനുഷ്ഠാനം. Show all posts

10 June 2021

വട സാവിത്രി വ്രതം

വട സാവിത്രി വ്രതം

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി എന്നിവയ്ക്കായി വിവാഹിതരായ സ്ത്രീകള്‍ ആഘോഷിക്കുന്ന ഒരു പരമ്പരാഗത ചടങ്ങാണ് വട സാവിത്രി വ്രതം. ഭര്‍ത്താവിനോടുള്ള ഭാര്യയുടെ സ്‌നേഹത്തിന്റെയും ഭക്തിയുടെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈ ചടങ്ങ് ആഘോഷിക്കുന്നു. അമാന്ത, പൂര്‍ണിമന്ത എന്നീ രണ്ട് ഹിന്ദു ചാന്ദ്ര കലണ്ടര്‍ പ്രകാരമാണ് വട സാവിത്രി വ്രതം ആഘോഷിക്കുന്നത്.

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണിമന്തയെയും തെക്കന്‍ സംസ്ഥാനങ്ങള്‍ അമാന്ത കലണ്ടറിനെയും പിന്തുടരുന്നു. ഈ വര്‍ഷം ജൂൺ 10 നാണ് വട സാവിത്രി വ്രതം ആഘോഷിക്കുന്നത്. ഹിന്ദു പാരമ്പര്യമനുസരിച്ച്, വിവാഹിതരായ എല്ലാ സ്ത്രീകളും അവരുടെ ഭര്‍ത്താവിന്റെ ക്ഷേമത്തിനും ദീര്‍ഘായുസ്സിനുമായി ഈ വ്രതം ആചരിക്കുന്നു.

ആല്‍മരത്തെ പൂജിക്കുന്ന വട സാവിത്രി വ്രതം

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ആല്‍മരത്തെ വട വൃക്ഷമായി കണക്കാക്കുന്നു. ആല്‍മരവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പുരാണങ്ങളിലുണ്ട്. അത്തരമൊരു വട വൃക്ഷത്തെ ആരാധിക്കുന്നതിനാലാണ് വട സാവിത്രി വ്രതം എന്ന പേര് വന്നത്. ദാമ്പത്യ ക്ലേശം നീങ്ങാനും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി എന്നിവയ്ക്കും അനുഷ്ഠിക്കുന്ന കാമ്യ വ്രതാണിത്.

വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം

കാമ്യവ്രതമെന്നാല്‍ പ്രത്യേക അഭീഷ്ഠസിദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്. അതിലൊന്നാണ് വട സാവിത്രി വ്രതം. വടക്കേ ഇന്ത്യയില്‍ ഈ വ്രതം വട സാവിത്രി പൂര്‍ണിമ അല്ലെങ്കില്‍ വട പൂര്‍ണിമ എന്നറിയപ്പെടുന്നു. വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. വിവാഹിതരായ സ്ത്രീകള്‍ പൗര്‍ണമി ദിനത്തില്‍ സൂര്യോദയത്തിനു മുന്‍പ് തന്നെ കുളിച്ച് കുറി തൊട്ട് നിലവിളക്ക് കൊളുത്തി ഇഷ്ടദേവനെ പ്രാര്‍ത്ഥിക്കുക. അതിനു ശേഷം, സമീപത്തുള്ള ക്ഷേത്രത്തില്‍ ചെന്ന് ആല്‍മരത്തിനു ചുവട്ടില്‍ തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം അരയാല്‍ മരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം.

ആല്‍മരത്തെ നൂലു കൊണ്ട് ബന്ധിക്കുന്നു

ചിലയിടങ്ങളില്‍ ആല്‍മരത്തെ ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റാറുമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂലുകൊണ്ട് ബന്ധിച്ച് അര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘ സുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ ആയുസ്സിനു വേണ്ടി ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. ആരോഗ്യ സ്ഥിതി അനുസരിച്ച് ഒരിക്കലൂണ് വ്രതവും അനുഷ്ഠിക്കാവുന്നതാണ്. അന്നേദിവസം കഴിവതും ഈശ്വര ചിന്തയോടെ കഴിച്ചുകൂട്ടുക. ഫലങ്ങള്‍ മാത്രം കഴിച്ചും വ്രതം അനുഷ്ഠിക്കാവുന്നതാണ്.

വ്രതത്തിനു പിന്നിലെ ഐതിഹ്യം

അശ്വപതി, മാളവി എന്നീ രാജ ദമ്പതിമാര്‍ കുട്ടികളില്ലാത്ത ദുഖത്തിലായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ റാണി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അവള്‍ക്ക് സാവിത്രി എന്നും പേരിട്ടു. സുന്ദരിയായ യുവതിയായി വളര്‍ന്ന സാവിത്രി സത്യവാന്‍ എന്നൊരു യുവാവുമായി പ്രണയത്തിലായി. സര്‍വ ഗുണങ്ങളുമുള്ള യുവാവായിരുന്നു സത്യവാനെങ്കിലും അയാളുടെ ആയുസ്സ് കുറവായതിനാല്‍ സാവിത്രിയുമായുള്ള വിവാഹം നടത്തരുതെന്ന് നാരദ മഹര്‍ഷി അശ്വപതിയെ ഉപദേശിച്ചു. എങ്കിലും സാവിത്രി സത്യവാനെ തന്നെ വിവാഹം കഴിച്ചു. വിവാഹ ശേഷം വനവാസത്തില്‍ കഴിയുന്നതിനിടെ സത്യവാന് മൂന്നു ദിവസം കൂടിയേ ആയുസ്സുള്ളു എന്ന് സാവിത്രി മനസിലാക്കി. അന്നുമുതല്‍ സാവിത്രി കഠിനവ്രതം അനുഷ്ഠിച്ചു.

സത്യവാന്‍ സാവിത്രി

മൂന്നാം ദിനം മരം വെട്ടുന്നതിനിടെ സത്യവാന്‍ മരണപ്പെട്ടു. സത്യവാന്റെ മൃതദേഹം സാവിത്രി ആലിന്‍ ചുവട്ടില്‍ വച്ച് പ്രാര്‍ത്ഥിച്ചു. സത്യവാന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ യമധര്‍മ്മന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊണ്ടുപോകരുതേ എന്ന് സാവിത്രി അപേക്ഷിച്ചു. അത് കൂട്ടാക്കാതിരുന്നപ്പോള്‍ യമന്റെ ധര്‍മ്മപരിപാലനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച് സാവിത്രി സ്തുതിച്ചു. സാവിത്രിയുടെ ഭക്തിയില്‍ തൃപ്തനായ യമന്‍ അവളോട് സത്യവാനെ തിരിച്ച് നല്‍കണമെന്നല്ലാതെ വേറെ മൂന്നു വരങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ വരമായി സാവിത്രി ഭര്‍തൃപിതാവിന് കാഴ്ച നല്‍കുവാനും രണ്ടാമത്തെ വരമായി സ്വന്തം പിതാവിന് ഇനിയും പുത്രസൗഭാഗ്യം നല്‍കുവാനും മൂന്നാമത്തെ വരമായി സത്യവാനും സാവിത്രിക്കും മക്കളെ നല്‍കി അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു.

ഭര്‍ത്താവിനു ജീവന്‍ നല്‍കിയ സാവിത്രി

മൂന്നാമത്തെ വരത്തിലെ തന്ത്രം ചിന്തിക്കാതെ യമദേവന്‍ പതിവ്രതയായ സാവിത്രിക്ക് വരങ്ങള്‍ നല്‍കി. അങ്ങനെ യമദേവന് സത്യവാന്റെ ജീവന്‍ തിരികെ നല്‍കേണ്ടി വന്നു. സാവിത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ അദ്ദേഹം സംപ്രീതനായി. ഇതിന്റെ ഓര്‍മ്മ പുതുക്കലായാണ് സുമംഗലികള്‍ വടപൂര്‍ണിമ ആഘോഷിക്കുന്നത്. വ്രതമെടുത്ത് ആരാധിച്ചാല്‍ ഏഴു ജന്‍മവും ഭര്‍ത്താവ് തന്നോടൊപ്പം ഉണ്ടാവുമെന്ന് സ്ത്രീകള്‍ കരുതപ്പെടുന്നു.

പൂജാവിധി

അഞ്ച് ഫലങ്ങള്‍, മഞ്ഞയും ചുവപ്പുമായ നൂലുകള്‍. ജലമേന്തിയ കലശം, സത്യവാന്‍, സാവിത്രി, യമദേവന്‍ എന്നിവരുടെ കളിമണ്‍ പ്രതിമകള്‍ ചന്ദനത്തിരി, ചുവന്ന തുണിക്കഷ്ണം, ചുവപ്പ് സിന്ദൂരം എന്നിവയാണ് ആല്‍മരത്തെ പൂജിക്കാന്‍ ആവശ്യമായവ. ഈ ദിനത്തില്‍ സ്ത്രീകള്‍ കുളിച്ച് ഭഗവാന്റെ മന്ത്രങ്ങള്‍ ചൊല്ലി പുതുവസ്ത്രങ്ങള്‍ അണിയുകയും മേല്‍പറഞ്ഞ പൂജാ സാമഗ്രികള്‍ ഒരു തളികയിലാക്കി വടവൃക്ഷത്തിന് അരികിലെത്തി വൃക്ഷത്തിനു കീഴെ സത്യവാന്റെ പ്രതിമ വച്ച് അതിന്റെ ഇടതുവശത്തായി സാവിത്രിയുടെ പ്രതിമ വയ്ക്കുകയും ചെയ്യും. സത്യവാന്റെ വലതുവശത്തായി യമദേവന്റെ പ്രതിയമയും വയ്ക്കുന്നു. പൂജാ സാധനങ്ങള്‍ ഇവര്‍ക്ക് സമര്‍പ്പിച്ച ശേഷം വൃക്ഷത്തെ വലംവയ്ക്കുന്നു.

ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലേണ്ട ശ്ലോകം

മൂലതോ ബ്രഹ്മ രൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ വൃക്ഷ
രാജായ തേ നമ:

ഓരോ വലംവയ്പിലും ചുവപ്പും മഞ്ഞയും നൂലുകളാല്‍ വൃക്ഷത്തെ ചുറ്റിവരിയുക. ശേഷം സത്യവാന്‍ സാവിത്രിയുടെ കഥ സ്രവിച്ച് പ്രാര്‍ത്ഥന ആരംഭിക്കും പൂജ കഴിഞ്ഞാല്‍ നിവേദിച്ച ഫലങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്യാം.

17 October 2019

പദ്മ (ശയന )ഏകാദശി

പദ്മ (ശയന )ഏകാദശി

ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്.
ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം.

" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ  മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ്  ശയന ഏകാദശി. ഇതിനെ പത്മ ഏകാദശി എന്നും പറയും. മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. വ്രതാനുഷ്ഠാനം കൊണ്ട് അഭിലാക്ഷസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ആയതിനാൽ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും... അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം....

10 April 2019

അംഗാരകവ്രതം

അംഗാരകവ്രതം

അംഗാരകനെ, അതായത് കുജനെ (ചൊവ്വയെ) ആരാധിക്കുന്നതിനുള്ള വ്രതം.

'ലഗ്നാലോ ചന്ദ്രാലോ' (ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍നിന്നോ), രണ്ട് (ധനം), നാല് (കുടുംബം), ഏഴ് (ദാമ്പത്യം), എട്ട് (നിധനം), പന്ത്രണ്ട് (വ്യയം) എന്നീ സ്ഥാനങ്ങളില്‍ ചൊവ്വാ വരുന്നതു പൊതുവേ ദോഷകരമാണ്. അതിന്റെ പരിഹാരത്തിനായിട്ടാണ് അംഗാരകവ്രതം വിധിച്ചിട്ടുള്ളത്. അതുപോലെ തന്നെ അനുകൂലസ്ഥാനത്തില്‍ നില്ക്കുന്ന അംഗാരകനെ കുറേക്കൂടി അനുകൂലനാക്കുവാനും ഈ വ്രതം അനുഷ്ഠിക്കാറുണ്ട്.

അംഗാരകവ്രതം ആരംഭിക്കുന്നതു മാര്‍ഗശീര്‍ഷമാസ(വൃശ്ചികം)ത്തിലോ വൈശാഖ(മേടം-ഇടവം)ത്തിലോ ആണ്. ചൊവ്വാഴ്ചതോറും ആണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്.

അരുണോദയത്തില്‍ നിത്യാനുഷ്ഠാനം കഴിഞ്ഞ് സ്ത്രീയോ പുരുഷനോ ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച് ചെമ്പുതട്ടത്തില്‍ രക്താക്ഷതങ്ങളും രക്തപുഷ്പങ്ങളും രക്തചന്ദനവും മറ്റും വച്ച് പൂജയാരംഭിക്കുന്നു. അംഗാരകനെ ത്രികോണപീഠത്തില്‍ തെക്കോട്ടു നോക്കിയിരുത്തേണ്ടതാണ്.

അംഗാരകധ്യാനം താഴെ കൊടുക്കുന്നു:

'അസൃജമരുണവര്‍ണം രക്തമാല്യാംഗരാഗം
കനകകമലമാലാമാലിനം വിശ്വവന്ദ്യം
അതിലളിതകരാഭ്യാം ബിഭ്രതം ശക്തിശൂലേ
ഭജത ധരണിസൂനും മംഗളം മംഗളാനാം'

'ഓം ഹ്രീം ശ്രീമംഗളായ നമഃ' എന്നാണ് മൂലമന്ത്രം.

'അംഗാരകായ വിദ്മഹേ, ഭൂമിപുത്രായ ധീമഹി തന്നോ ഭൌമഃ പ്രചോദയാത്' എന്നിങ്ങനെയാണ് അംഗാരകഗായത്രി.

ഈ ഗായത്രിയോ 'അഗ്നിര്‍മൂര്‍ധാ' എന്നു തുടങ്ങിയ വൈദിക മന്ത്രമോ ആണ് ജപത്തിനും ഹോമത്തിനും ഉപയോഗിക്കുന്നത്.

അംഗാരകനു വിധിച്ചിട്ടുള്ള ഹോമദ്രവ്യം ഗുഡാജ്യമിശ്രിതമായ (ശര്‍ക്കരയും നെയ്യും കലര്‍ത്തിയ) തിലമാണ്. ജപവും ഹോമവും 1,008 ആവൃത്തി ചെയ്യുന്നു. അംഗാരകപൂജ സര്‍വസൗഭാഗ്യസിദ്ധിക്കു നിദാനമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു.

1 February 2019

പുത്ര ലബ്ധിയും ഷഷ്ഠി ദേവിയും

പുത്ര ലബ്ധിയും ഷഷ്ഠി ദേവിയും

സൽപുത്ര ലബ്‌ധിക്കായി എന്തങ്കിലും മന്ത്രം ഉണ്ടോ...?. ഗര്ഭധാരണം ഉള്ള സമയത്തു വിധിപൂർവ്വമുള്ള കാല ദേശങ്ങൾ അനുസരിച്ചുള്ള ഭക്ഷണം കഴിക്കുക. ശാരീരികവും മാനസികവുമായ സന്തോഷങ്ങൾ ഉണ്ടാവുക നന്മ നിറഞ്ഞ കാര്യങ്ങൾ പറയുക. പ്രവർത്തിക്കുക. ചിന്തിക്കുക ഇങ്ങനെ ചെയ്‌താൽ ഗർഭത്തിൽ ഇരിക്കുന്ന കുഞ്ഞിന് നല്ല തേജസും.. ആത്മീയമായ അറിവും. കഴിവും ഉണ്ടാകുമെന്ന് ആചാര്യ വചനം. നമ്മുടെ ഗൃഹ്യസൂത്ര ഗ്രന്ഥങ്ങളിൽ ഇത്തരം വിഷയം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. താന്ത്രിക പരമായി ചില ദേവി ഉപാസനകളും, യന്ത്രങ്ങളും, ഔഷധ വിധിയും,  വ്രതങ്ങളും ഇതിൻറെ മാറ്റുകൂട്ടുന്നു...

ദേവി ഭാഗവതത്തിൽ ഷഷ്ഠി ദേവി സങ്കൽപം ഉണ്ട്. മാനസ ദേവിയെന്നും, ദേവസേന എന്നും, മംഗള ചണ്ഡികാ എന്നും ദേവിക്കു പേരുണ്ട്. സുബ്രമണ്യ സ്വാമിയുടെ ഭാര്യ സങ്കൽപം ആകുന്നു ഷഷ്ഠി ദേവി. മൂല പ്രകൃതിയുടെ ആറാമത്തെ കലയാകുന്നു ദേവി അത് കൊണ്ടാകുന്നു ദേവിയെ ഷഷ്ഠി എന്നു വിളിക്കുന്നത്. ഷഷ്ഠി നല്ല സന്താനങ്ങൾ ജനിക്കാൻ എടുക്കുന്ന വ്രതത്തിൽ ഏറ്റവും ശ്രേഷ്ഠമായ വ്രതം സാധന ആകുന്നു ഷഷ്ഠി ദേവി വ്രത സാധന

ശ്രീമദ്‌ ദേവീഭാഗവതം. 9- 47. മംഗള ചണ്ഡീകഥ

കഥിതം ഷഷ്ഠ്യൂപാഖ്യാനം ബ്രഹ്മപുത്ര യഥാഗമം
ദേവീ മംഗളചണ്ഡീ ച തദാഖ്യാനം നിശാമയ
തസ്യാ: പൂജാദികം സർവ്വം ധർമ്മവക്ത്രേണ യച്ഛ്രുതം
ശ്രുതിസമ്മതമേവേഷ്ടം സർവ്വേഷാം വിദുഷാമപി

ശ്രീ നാരായണൻ പറഞ്ഞു: ആഗമ ശാസ്ത്രങ്ങളിൽ വിവരിച്ചപ്രകാരം ഷഷ്ഠീ പൂജ ചെയ്യേണ്ടത് എങ്ങിനെയെന്ന് ഞാൻ പറഞ്ഞല്ലോ. മംഗള ചണ്ഡികയുടെ ചരിതം ധർമ്മൻ പറഞ്ഞതുപോലെ ഞാൻ ഇനി വിവരിക്കാം. വേദ സമ്മിതമായ മംഗളചണ്ഡീ പൂജയും സ്തോത്രവും വിദ്വാൻമാർക്ക് പ്രിയംകരമത്രേ. ദേവിയെ ധ്യാനിക്കേണ്ടത് ഇപ്രകാരം ആകുന്നു..

ധ്യാനം  എങ്ങിനെയെന്ന് പറഞ്ഞു തരാം . "എന്നും പതിനാറു വയസ്സുള്ള നിത്യയൗവനയുക്തയും ബിംബോഷ്ഠവും ഉത്തമമായ ദന്തനിരകളുള്ളവളും ശരത്കാല പങ്കജത്തിന്റെ മുഖശോഭയുള്ളവളും വെളുത്ത ചെമ്പകപ്പൂ നിറമോലുന്ന ദേഹകാന്തിയുള്ളവളും നീലത്താമരക്കണ്ണുകൾക്കുടമയും ജഗത്തിന് മാതാവും സർവ്വസമ്പദ്പ്രദായിനിയും സാധകന് ഘോര സംസാരസാഗരത്തെതരണം ചെയ്യാനുതകുന്ന കൈവിളക്കുമായ ദേവിയെ ഞാൻ സ്തുതിക്കുന്നു, സദാ ഭജിക്കുന്നു

പ്രഥമയിൽ (തിഥി ) വ്രതം ആരംഭിച്ചു മാസത്തിൽ ഷഷ്ഠിയിൽ അവസാനിക്കുന്ന രീതിയിൽ ആകണം വ്രതം മാസത്തിൽ ആറു ദിവസം ഗര്ഭധാരണത്തിന് മുൻപ് വ്രതം ആചരിക്കുക..

"ധ്യാനം"

സുപുത്രാം ച ശുഭദാ ദയാ രൂപം ജഗത് പ്രസൂo
ശ്വേത ചെമ്പക വർണ്ണഭാo
രത്ന ഭൂഷണ ഭൂഷിതാം
പവിത്ര രൂപാം പരമാം ദേവസേനാം പരം ഭജേ""

എന്നു ദേവിയെ ധ്യാനിച്ച് സ്ത്രീകൾക്ക് ഈ മൂല മന്ത്രം ജപിക്കാവുന്നതാണ്

മൂല മന്ത്രം....

"ഓം ഹ്രീം ഷഷ്ഠി ദേവ്യൈ സ്വാഹാ" എന്നു ജപിച്ചു വ്രതം ആചരിക്കുന്നത് സത്പുത്ര ലബ്ധിക്കു ഉത്തമമാകുന്നു കൂടാതെ ഷഷ്ഠി ദേവി സ്തോത്രവും സത്ഫലം തരുന്നവ ആകുന്നു.. ഗര്ഭധാരണത്തിന് ശേഷം പ്രസവിക്കാൻ അടുത്തുള്ള ദിവസങ്ങളിൽ വ്രതം ആചരിക്കാതെ ഈ ധ്യാനം മന്ത്രം എന്നിവ ജപിക്കുന്നത് ശ്രേഷ്ഠം ആകുന്നു...

""ആയു: പ്രദാ ച ബാലാനാം ധാത്രി രക്ഷണ കാരിണി
സതതം ശിശു പാർശ്വസ്ത യോഗേന സിദ്ധി യോഗിനി!!  എന്ന് ദേവി ഭാഗവതം പറയുന്നു.

1 December 2018

തൃപ്രയാർ ഏകാദശി

തൃപ്രയാർ ഏകാദശി

ശ്രീരാമമന്ത്രധ്വനികളുടെ ഉറവിടമെന്ന് ഖ്യാതി നേടിയ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ ഏകാദശി...വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശി .
തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി.

സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെളുത്ത ഏകാദശിയാണ് വിശേഷമായി ആചരിച്ചുവരാറുള്ളത്. തൃപ്രയാറിൽ കറുത്ത ഏകാദശി ആചരിച്ചുവരുന്നതിന് കാരണമായി പറയപ്പെടുന്നത് ഭഗവാന്‍റെ ശൈവചൈതന്യമാണ്.

മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ഐശ്വര്യദായിനിയായ ലക്ഷ്മീദേവിയോടും ഭൂമീദേവിയോടുമൊപ്പം വാണരുളുന്ന തൃപ്പയാറപ്പനെ ദർശിച്ചാൽ എല്ലാവിധ ദുരിതങ്ങളും ദാരിദ്ര്യവും അകന്നു ഐശ്വര്യം കൈവരും എന്നാണ് വിശ്വാസം.

തൃപ്രയാര്‍ തേവരെന്ന നാമധേയത്തിലറിയപ്പെടുന്ന ശ്രീരാമ ഭഗവാനെ ഉളളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് ഭക്തജന വിശ്വാസം. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദാരിദ്ര്യദുഃഖങ്ങളില്‍ നിന്നും അകറ്റി ആധിവ്യാധികളില്‍ നിന്ന് രക്ഷാകവചമാണിവിടത്തെ ശ്രീരാമ പുണ്യ ദര്‍ശനം.

ശരണാഗതര്‍ക്ക് കാമധേനുവായും ദുഃഖത്താല്‍ വേദനിക്കുന്നവര്‍ക്ക് കല്‍പവൃക്ഷമായും മോക്ഷാര്‍ത്ഥികള്‍ക്ക് മോക്ഷമായും ഭക്തര്‍ക്ക് സാന്ത്വനവുമായി ലക്ഷ്മീഭൂമി സമേതനായി ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ പരിലസിക്കുന്നു.

ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം പ്രവചനാതീതമാണ്. ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരിയില്‍ കുടിവെച്ച് ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം.
ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു.

കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു.

കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്‍റെ പൂർവ്വികർ നാലുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഇവിടെ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ശ്രീകൃഷ്ണ ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുത്തെന്ന ശ്രീമത് ഭാഗവതം സാക്ഷ്യപ്പെടുത്തുന്നു. ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയ ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ് .ഭഗവാന്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ വരുണനേറ്റെടുത്തു.

അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി.

എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു. ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയില്‍ കുടുങ്ങിയത് മത്സ്യങ്ങള്‍ക്കുപകരം നാലു വിഗ്രഹങ്ങളായിരുന്നു. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതാത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി.

ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു.

ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു. തൃപ്രയാറില്‍ ശ്രീരാമ വിഗ്രഹവും ഇരിങ്ങാലക്കുടയില്‍ ഭരത വിഗ്രഹവും മൂഴിക്കുളത്ത് ലക്ഷ്മണവിഗ്രഹവും പായമ്മേല്‍ ശത്രുഘ്‌നവിഗ്രഹവും സ്ഥാപിച്ചു. വേദ മന്ത്രങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ മംഗളവാദ്യധ്യാനങ്ങളില്‍ മുഴുകിയ അന്തരീക്ഷത്തില്‍ തൃപ്രയാറില്‍ പ്രതിഷ്ഠ നടന്നു. ഈ സമയത്ത് ആകാശത്ത് മയില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഈ മായാമയൂരം പ്രത്യക്ഷപ്പെട്ടതിന് നേരെ താഴെ വലിയ ബലിക്കല്ല് സ്ഥാപിക്കുവാന്‍ തീരുമാനമായി. അതിനാല്‍ പ്രധാന പ്രതിഷ്ഠയുടെ മഹത്വം ഇപ്പോഴും ബലിക്കല്ലിന് നല്കിവരുന്നു.

രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.
ശ്രീകൃഷ്ണ ഭക്താഗ്രേസരനായ വില്വമംഗലം സ്വാമിയാര്‍ ഭഗവദ് ദര്‍ശനത്തിനായി ഒരുനാള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഭഗവാന്‍റെ പുണ്യവിഗ്രഹം ധ്യാനിച്ചു നില്‍ക്കുമ്പോള്‍ അദ്ദേഹം ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. ശ്രീലക്ഷ്മിദേവിയും ഭൂമിദേവിയും ശ്രീകോവിലിന്‍റെ പടിഞ്ഞാറെ കവാടം വഴി ഭഗവാനെ പൂജിക്കാന്‍ വരുന്നതായിരുന്നു ആ കാഴ്ച. അദ്ദേഹം ശ്രീലക്ഷ്മി-ഭൂമിദേവിമാരുടെ സാന്നിദ്ധ്യം നന്നായിരിക്കുമെന്ന് കരുതി ആ ദേവിമാരെ ഭഗവാന്‍റെ വലത്തും ഇടത്തും പ്രതിഷ്ഠിച്ച് പശ്ചിമകവാടം അടപ്പിക്കുകയും ചെയ്തുവത്രേ. ഇപ്പോഴും ആ കവാടം അടഞ്ഞുകിടക്കുന്നതായി കാണാം സ്വാമിയാര്‍ക്ക് ഇവിടെനിന്ന് ശ്രീകൃഷ്ണ ദര്‍ശനവും ലഭിക്കുകയുണ്ടായത്രെ.

ചാതുര്‍ബാഹുവാണ് ഭഗവാന്‍. ദക്ഷിണ ഹസ്തങ്ങളില്‍ കോദണ്ഡവും അക്ഷമാലയും വാമകരങ്ങളില്‍ ചക്രവും ശംഖും ധരിച്ചിരിക്കുന്നു. വലതുഭാഗത്ത് ലക്ഷ്മിദേവിയും ഇടതുഭാഗത്ത് ഭൂമിദേവിയും കുടികൊള്ളുന്നു. ഭൂമിദേവിയുടെ കയ്യില്‍ താമരപ്പൂവുണ്ട്. പഞ്ചലോഹനിര്‍മ്മിതമായ ഗോളകയാല്‍ ഈ പ്രതിഷ്ഠ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ ശ്രീരാമവിഗ്രഹം മാറ്റുവാനായി ഒരിക്കല്‍ ദേവപ്രശ്‌നം വെച്ചു നോക്കിയപ്പോള്‍ ആ ചിരപുരാതന വിഗ്രഹം മാറ്റുവാന്‍ ദേവന് താല്‍പര്യമില്ലെന്നും തെളിഞ്ഞുകണ്ടു. ആയതിനാല്‍ പഞ്ചലോഹംകൊണ്ട് ഗോളക വാര്‍ത്ത് പഴയ വിഗ്രഹത്തില്‍ ഉറപ്പിക്കുകയാണുണ്ടായത്

ശ്രീകോവിലിനകത്ത് തെക്കോട്ട് ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വീരപരാക്രമിയും ശ്രീരാമചന്ദ്രന്‍റെ പരമ ഭക്തനുമായ ശ്രീ ഹനുമാന്‍ സ്വാമിക്ക് ഇവിടെ പ്രതിഷ്ഠ ഇല്ലെങ്കിലും മുഖമണ്ഡപത്തില്‍ അദ്ദേഹം കുടികൊള്ളുന്നുവെന്ന് സങ്കല്‍പ്പമുണ്ട്. ആഞ്ജനേയന്‍ ക്ഷേത്രാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.

ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്‍കി അത്ഭുതകരമായ പ്രവൃത്തികളാല്‍ ഇവിടെ കുടികൊള്ളുന്ന ശ്രീവിഷ്ണുമായ സ്വാമി (ശ്രീ ചാത്തന്‍സ്വാമി) ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ഭജിക്കുന്നവര്‍ക്ക് ഈ രണ്ടു ശക്തികളായിരിക്കും രക്ഷകരായി എത്തുക.

മതില്‍ക്കെട്ടിനകത്ത് തെക്കുവശത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്.
കൂടാതെ ഗണപതിയുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ഗോശാലകൃഷ്ണന്‍ ഉപദേവനല്ലെന്നും പ്രധാന പ്രതിഷ്ഠയുടെ മഹത്വം കൃഷ്ണനുണ്ടെന്നും 1171 മിഥുനത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞുവരുകയുണ്ടായി.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടത്തുന്നതിന് മുമ്പേ തന്നെ ഇവിടെ ശാസ്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ കണ്ടിരുന്നുവത്രേ.

ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകള്‍. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു.

ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
വൃശ്ചികം 1 മുതല്‍ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങള്‍ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദര്‍ശനം സര്‍വ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു.

വെടിവഴിപാട്‌, അവല്‍നിവേദ്യം, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവല്‍ ശ്രീ ഹനുമാന്‍ സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തന്‍സ്വാമിക്ക് യഥാശക്തിക്ക് ചേര്‍ന്ന തുക ഭണ്ഡാരത്തിലിട്ടാല്‍ സര്‍വ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.
വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തര്‍ ഇവിടെ നടത്താറുണ്ട്. ഭഗവാന്‍റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാല്‍ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് നടത്തിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്‍റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.
ജ്യോതിഷത്തില്‍ ശ്രീരാമ ചന്ദ്രഭഗവാനെ ബുധനായി കണക്കാക്കുന്നു. രേഖാ സംബന്ധമായ തടസങ്ങള്‍ മാറ്റുവാനും ഉന്നമനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഭക്തമനസ്സുകളില്‍ ഇന്നും കെടാവിളക്കായി തെളിഞ്ഞു നില്‍ക്കുന്നു.
തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം.

പുഴക്കടവിലെ മീനൂട്ട്, കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.
സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം `സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്.

"വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ

മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം

അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം

വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ."