ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 October 2021

താഴൂർ ഭഗവതിക്ഷേത്രം

താഴൂർ ഭഗവതിക്ഷേത്രം

മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഭഗവതിക്ഷേത്രമാണ് താഴൂർ. വള്ളിക്കോട്, വാഴമുട്ടം കിഴക്ക്, വാഴമുട്ടം, മുള്ളനിക്കാട് എന്നീ നാലു കരകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ക്ഷേത്ര ഭരണം നടത്തുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം 2021ൽ പുനർനിർമിക്കുകയുണ്ടായി. പത്തനംതിട്ടയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയായി അച്ചൻകോവിലാറിന് തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌

മധ്യതിരുവിതാംകൂറിലെ ചിദംബരം

മധ്യതിരുവിതാംകൂറിനെ ശില്പകലയിൽ അടയാളപ്പെടുത്തുന്ന ഭഗവതിക്ഷേത്രമാണ് താഴൂർ. മധ്യതിരുവിതാംകൂറിലെ ചിദംബരം എന്ന ഖ്യാതി നേടിയ ക്ഷേത്രംകൂടിയാണ്.  പൂർണമായും കൃഷ്ണശിലയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. നാലമ്പലത്തിന് പുറത്തുള്ള പ്രദക്ഷിണ വഴിയിലടക്കം കൃഷ്ണശിലയാണ് പാകിയിരിക്കുന്നത്. ക്ഷേത്ര ശ്രീകോവിൽ, നമസ്‌ക്കാര മണ്ഡപം, ചുറ്റമ്പലം, ബലിക്കൽപ്പുര, യക്ഷിയമ്പലം ഉൾപ്പെടെ ഏകദേശം 5600 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഇതോടെ മധ്യ തിരുവിതാംകൂറിലെ തന്നെ ശിൽപചാരുത നിറഞ്ഞ ക്ഷേത്രങ്ങളിൽ ഒന്നായി താഴൂർ മാറും. തനതു കേരളീയ വാസ്തുവിദ്യാശൈലി പിന്തുടർന്നുള്ള ക്ഷേത്ര നവീകരണം നാല് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ പ്രധാന അധ്യാപകനും സ്ഥപതിയുമായ എ. ബി. ശിവനാണ് ക്ഷേത്ര സമുച്ചയത്തിന്റെ രൂപകല്പനയും നേതൃത്വവും വഹിച്ചത്. ക്ഷേത്ര സമർപ്പണം 2021 ജനുവരി 25ന് താഴമൺമഠം കണ്ഠരര് രാജീവരര് നിർവഹിച്ചു.

മേൽക്കൂരയുടെ തടിപ്പണികൾ തൃശൂർ ചേലക്കര സ്വദേശി സുരേഷ് മുത്താശാരിയും തടികളിലെ കൊത്തുപണികൾ തൃശൂർ സ്വദേശി സുധീർകുമാറും ശിലാനിർമിതികൾ തൃശിനാപ്പളളി സ്വദേശി ദ്വരൈരാജ് ആചാരി, മാർക്കണ്ഡേയൻ എന്നിവരുടെയും നേതൃത്വത്തിലാണ് പൂർത്തിയായത്.

ശ്രീകോവിലിലെ പഞ്ചവർഗതറ, വ്യാളിമുഖത്തോടുകൂടിയ സോപാനം, ചുമരുകളിലെ ഗണപതി, സരസ്വതി, ദേവതാസങ്കൽപങ്ങൾ എന്നിവ ആരേയും ആകർഷിക്കും. ഇവിടെ ബാലകൂട ഉത്തരങ്ങളിലും ശിൽപകലയുടെ അപൂർവതകൾ കണ്ടറിയാം. പഞ്ചദളഭൂതഗണ സങ്കൽപത്തോടെ തീർത്തിരിക്കുന്ന ഓവുകല്ലു പോലും നിർമാണത്തിലെ വ്യത്യസ്തത വിളിച്ചോതുന്നു.

നമസ്‌കാരമണ്ഡപത്തിന്റെ തൂണുകളിൽ സപ്തമാതൃക്കൾ, സപ്തകന്യകമാർ തുടങ്ങിയ ശില്പങ്ങൾ ഒരുക്കിയിട്ടുണ്ട്. കല്ലിൽ കൊത്തിയ രൂപത്തിൽ സപ്തമാതൃക്കളെ ദർശിക്കാൻ കഴിയുന്ന ക്ഷേത്രങ്ങൾ മധ്യതിരുവിതാംകൂറിൽ വിരളം. ഇതോടൊപ്പം പക്ഷിമാല, അഷ്ടലക്ഷ്മി ദേവതാസങ്കൽപങ്ങൾ, കഴുക്കോൽത്താടിയിൽ ആന, മച്ചിലെ മിഴിവേകുന്ന പണികൾ എന്നിവയൊക്കെ ശിൽപകലയിലെ സൂഷ്മത വ്യക്തമാക്കുന്നു.

ക്ഷേത്രത്തിലെ തൂണുകൾ പൂർണമായും ഒറ്റക്കല്ലിൽ തീർത്തതാണ്. ഇതിൽ കാർത്തിക ദീപം തെളിയിക്കുന്ന ദീപകന്യകമാരെയും കാണാം. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരുകളിൽ 51 അക്ഷരങ്ങളിലും നിറയുന്ന ദേവീമന്ത്ര രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അക്ഷരദേവതാ ശില്പങ്ങൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്യപൂർവമാണ്. ബലിക്കൽപ്പുരയുടെ ചുമുരുകളിൽ കാണുന്ന വ്യാളിമുഖത്തോടുകൂടിയ ചാരുകാലുകൾ, മച്ചിലായി നവഗ്രഹങ്ങൾ, ദേവീഭാഗവതത്തിലെ ദേവിയുടെ ഉല്പത്തി എന്നിവയൊക്കെ ശില്പകലാ ചാരുതയിൽ ക്ഷേത്രത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നു. യക്ഷി അമ്പലത്തിലെ ഒറ്റകല്ലിൽ തീർത്ത ചങ്ങലയാണ് മറ്റൊരു അതിശയം. ക്ഷേത്രത്തിലെ മണികിണറും മുഖ്യ ആകർഷണമാണ്.

പൂർണമായും പ്ലാവ്, തേക്ക്, ആഞ്ഞിലി എന്നിവയിലാണ് തടിപ്പണികൾ പൂർത്തിയാക്കിയിരിക്കുന്നത്. മുൻവാതിൽ കട്ടളയുടെ മുകൾഭാഗത്തെ പടയണി, മറ്റു ദേവതാ സങ്കൽപങ്ങൾ, കതകുകളിലെയും സൂത്രപട്ടികയിലെയും ദേവീദേവ സങ്കല്പങ്ങൾ, വലിയമ്പലത്തിന്റ മുഖപ്പുകളിൽ ദേവതാ സങ്കൽപങ്ങൾ തുടങ്ങിയവ ദാരുശില്പകലയുടെ സൗന്ദര്യം വിളിച്ചോതുന്നവയാണ്..

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളുമുണ്ട്.

ഐതിഹ്യം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു കഥ നിലനിൽക്കുന്നുണ്ട്.
പണ്ട് ഈ സ്ഥലത്തിന്റെ പേര് 'ഏകചക്രം' എന്നായിരുന്നു. അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു. 'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ വിശ്വകർമ്മാവ് പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു.

അങ്ങനെയിരിയ്ക്കെ ഒരുദിവസം എല്ലാ പ്രമാണിമാർക്കും ഒരേ സമയം സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹം കായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നതായിരുന്നു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യന്റെ വാക്കുകൾ. പണ്ട് പരശുരാമൻ പൂജിച്ച് ജലാധിവാസം ചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അത് എടുക്കാനായി ഉടനെത്തന്നെ പുറപ്പെടണമെന്നും അത് അന്വേഷിച്ച് അവിടെച്ചെല്ലുമ്പോൾ ഒരു സ്ഥലത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലാവരും കൂടി അത്യുത്സാഹത്തോടെ വിഗ്രഹം തപ്പാനായി കായംകുളത്തെത്തി. അവിടെ കായലിൽ നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്ത് ഇറങ്ങിത്തപ്പിയപ്പോൾ അവർക്ക് വിഗ്രഹം കിട്ടി. തുടർന്ന് അവർ അതെടുത്ത് അടുത്തുള്ള നാലുപറക്കടവിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് പായിപ്പാട്ടാറ്റിലൂടെ ഘോഷയാത്രയായി വിഗ്രഹം കുമാരപുരത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നു.
തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ, അതായത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കാലുകുത്തിയ സ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും ആ ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.

ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട്ടുള്ളത്. വലിപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. ഏകദേശം ഏഴേക്കർ വരുന്ന വിശാലമായ മതിലകത്തിനത്തിനുപുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിൽ, വലിയ ആനക്കൊട്ടിൽ, മൂന്ന്ഭാഗത്തുമുള്ള ഗോപുരങ്ങൾ, (വടക്ക് ചെറിയ രണ്ട്‌ വാതിലുകൾ മാത്രമാണുള്ളത്.) നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങൾ - ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിർമ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.

പ്രതിഷ്ഠാവിഗ്രഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിലും ഹരിപ്പാട് തന്നെയാണ് കേരളത്തിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ മുമ്പിൽ. ആറടിയ്ക്കുമുകളിൽ ഉയരമുള്ള അതിഭീമാകാരമായ കൃഷ്ണശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമി വാഴുന്നത്. അതേസമയം വിഗ്രഹം സുബ്രഹ്മണ്യന്റേതാണെന്ന് തെളിച്ചുപറയാൻ വയ്യ. കാരണം, ഇവിടത്തെ ആദ്യസങ്കല്പം വിഷ്ണുവായിരുന്നുവെന്നും പിന്നീട് വിഷ്ണുവിനെ ശിവനും ഒടുവിൽ ശിവസുതനായ സുബ്രഹ്മണ്യനുമാക്കി മാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനുള്ള തെളിവുകൾ വിഗ്രഹത്തിൽ വ്യക്തമായി കാണാൻ കഴിയും: ഉയർത്തിപ്പിടിച്ച രണ്ടുകൈകളിൽ ശംഖചക്രങ്ങളും താഴോട്ടുള്ള ഇടതുകയ്യിൽ ഗദയും വലതുചുമലിൽ വേലും ഇടതുചുമലിൽ ത്രിശൂലവും കിരീടവും ജടാമകുടവും ഗംഗാജലവും ചന്ദ്രക്കലയും ത്രിനേത്രങ്ങളുമെല്ലാം ഇതിലുണ്ട്. ആദ്യം ഇത് ബുദ്ധനെ പ്രതിഷ്ഠിയ്ക്കാൻ നിശ്ചയിച്ച ക്ഷേത്രമായിരുന്നുവെന്നും അന്ന് ബൗദ്ധ-ജൈനപണ്ഡിതന്മാരെ എതിർത്തുതോൽപ്പിയ്ക്കാൻ ഇവിടെവന്ന ഭടന്മാരിൽ ഭൂരിപക്ഷം വൈഷ്ണവരായിരുന്നതിനാൽ അവർ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ നിശ്ചയിയ്ക്കുകയും ശൈവഭടന്മാർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായി.

പിന്നീട് ശൈവഭടന്മാർ വിഗ്രഹത്തിലെ കിരീടം, മഞ്ഞപ്പട്ട്, മയിൽപ്പീലി, മറ്റ് ആഭരണങ്ങൾ തുടങ്ങിയവ എടുത്തുമാറ്റുകയും പാഞ്ചജന്യം ശംഖ്, സുദർശനചക്രം, കൗമോദകി ഗദ, ഗോപിക്കുറി എന്നിവ മറയ്ക്കുകയും ജടാമകുടം, ചന്ദ്രക്കല, ഗംഗാജലം, ത്രിശൂലം, ഉടുക്ക്, മൂന്നാം തൃക്കണ്ണ്, കഴുത്തിൽ പാമ്പ് തുടങ്ങിയവ ഘടിപ്പിച്ച് ദേഹമാസകലം ഭസ്മം പൂശി രുദ്രാക്ഷവും പുലിത്തോലും അണിയിച്ച് ശിവനാക്കിമാറ്റുകയും ചെയ്തു. പിന്നീട് ശൈവരിൽത്തന്നെ ഒരു വിഭാഗം സുബ്രഹ്മണ്യന് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ വിഗ്രഹത്തിൽ വേൽ സ്ഥാപിച്ചു. കിരീടവും വസ്ത്രവും ആഭരണങ്ങളും വീണ്ടും സ്ഥാപിച്ചു. പിന്നീട് മൂന്നുകൂട്ടരെയും സമവായത്തിലെത്തിയ്ക്കാൻ ഈ ഭാവങ്ങളെല്ലാം ഒന്നിച്ച് വിഗ്രഹത്തിൽ കാണിയ്ക്കാൻ തുടങ്ങി. കൂടാതെ മൂന്നുസങ്കല്പങ്ങൾക്കുമായി പത്തുദിവസം വീതം നീണ്ടുനിൽക്കുന്ന മൂന്ന് ഉത്സവങ്ങളും നിശ്ചയിച്ചു: ഒന്ന്, മേടമാസത്തിൽ വിഷുദിവസം കൊടിയേറി കണികണ്ട് പത്താമുദയത്തിന് ആറാട്ടോടെ കഴിയുന്ന ചിത്തിര ഉത്സവം; രണ്ട്, ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടെ കഴിയുന്ന ആവണി ഉത്സവം; മൂന്ന്, ധനുമാസത്തിൽ ചതയം നാളിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ടോടെ കഴിയുന്ന മാർകഴി ഉത്സവം. ഇവ യഥാക്രമം സുബ്രഹ്മണ്യൻ, വിഷ്ണു, ശിവൻ എന്നീ സങ്കല്പങ്ങളെ സൂചിപ്പിയ്ക്കുന്നു.

ഉപദേവതകൾ

ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, കുരുതികാമൻ, പഞ്ചമീദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കേ നടയിൽ തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തി-ഗണപതി പ്രതിഷ്ഠകൾ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ പ്രത്യേകമായി നിർമ്മിച്ച ക്ഷേത്രത്തിൽ ശ്രീകൃഷ്ണൻ കുടികൊള്ളുന്നു. "തിരുവമ്പാടി ക്ഷേത്രം" എന്ന് ഇതറിയപ്പെടുന്നു. ഗോശാലകൃഷ്ണനായാണ് ഇവിടെ പ്രതിഷ്ഠയുടെ സങ്കല്പം. ശ്രീകൃഷ്ണക്ഷേത്രത്തിന് പടിഞ്ഞാറുമാറി നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ. ഇതിനും തെക്കുപടിഞ്ഞാറായി നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും കുടികൊള്ളുന്നു. വടക്കുകിഴക്കുഭാഗത്ത് കുരുതികാമനും പഞ്ചമീദേവിയും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൂത്തമ്പലത്തിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിൽ കിഴക്കേ നടയിൽ മതിൽക്കെട്ടിനുപുറത്ത് കുടികൊള്ളുന്നു. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യനാണ് കീഴ്തൃക്കോവിലപ്പനായി വാഴുന്നത്.

ക്ഷേത്ര ആചാരങ്ങൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്ന നിർമ്മാല്യദർശനമാണ്. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തിൽ എണ്ണ, ജലം, വാകപ്പൊടി മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയാകും. മലർനിവേദ്യത്തിനുശേഷം ഉഷഃപൂജയാണ്. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പായസവും വെള്ളനിവേദ്യവുമാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യം. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജ. ഇത് ഉപദേവതകൾക്ക് നിവേദ്യം സമർപ്പിച്ചുകൊണ്ടുള്ള പൂജയാണ്. ഇതേസമയത്ത് തന്നെയാണ് ക്ഷേത്രത്തിലെ മഹാഗണപതിഹോമവും. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ പിന്നിലുള്ള അർത്ഥം. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. അകത്തെ ബലിവട്ടത്തുള്ള ഓരോ ബലിക്കല്ലിലും മേൽശാന്തി ബലി തൂകുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ), ശാസ്താവ്, അനന്തൻ, ദുർഗ്ഗ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ബലിക്കല്ലുകളുടെ രൂപത്തിൽ ശ്രീകോവിലിനുചുറ്റുമുള്ളത്. തുടർന്ന് പുറത്തിറങ്ങിയശേഷം പ്രദക്ഷിണവഴിയിലൂടെ മൂന്നുതവണ പ്രദക്ഷിണം വച്ച് പുറത്തെ ബലിക്കല്ലുകളിലും ബലിതൂകുന്നു. തുടർന്ന് വലിയ ബലിക്കല്ലിലും ബലിതൂകി തിരിച്ചുപോകുന്നു. ശീവേലി കഴിഞ്ഞാൽ പാൽ, ഇളനീർ, പനിനീർ, കളഭം, കുങ്കുമം, ഭസ്മം മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ തീർത്ഥജലം നിറച്ചുവച്ച് അവ മണ്ഡപത്തിൽവച്ച് പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് "നവകാഭിഷേകം". ഇത് നിത്യേന നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നുപറയുന്നത്. പന്തീരടിപൂജ കഴിഞ്ഞാൽ പത്തുമണിയോടുകൂടി പഞ്ചഗവ്യാഭിഷേകം തുടങ്ങുന്നു. പാൽ, നെയ്യ്, ചാണകം, ഗോമൂത്രം, തൈര് എന്നിവ നിശ്ചിതമായ ഒരളവിൽ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചഗവ്യം. ഇതും അപൂർവ്വം ചില ക്ഷേത്രങ്ങളിലേ നിത്യേന അഭിഷേകം ചെയ്യാറുള്ളൂ. തുടർന്ന് പത്തരയോടെ ഉച്ചപൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പ്രധാന നിവേദ്യമായ തുലാപായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം പതിനൊന്നരയോടെ ഉച്ചശീവേലി. എതിരേറ്റുശീവേലിയുടെ അതേ ചടങ്ങുകൾ തന്നെയാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസവും അപ്പവുമാണ് നിവേദ്യങ്ങൾ.. തുടർന്ന് എട്ടുമണിക്ക് അത്താഴശീവേലി. എതിരേറ്റുശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. അത്താഴശീവേലി കഴിഞ്ഞ് വീണ്ടും നടയടയ്ക്കുന്നു.

ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. അവർ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോൾ ഒഴികെ). കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂർ ഗ്രാമസഭയിൽ നിന്നുള്ള പത്തിലത്തിൽ പോറ്റിമാർക്കാണ് മേൽശാന്തിയവകാശം. കീഴ്ശാന്തിമാർ ദേവസ്വം നിയമനമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

വഴിപാടുകൾ

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

20 October 2021

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ചരിത്രം

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ചരിത്രം

അയ്യങ്കര വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു.. അവരുടെ പത്നിയാണ് പാടിക്കുറ്റി അന്തർജ്ജനം അഥവാ പാർവ്വതി അന്തർജ്ജനം.. ശിവ ഭക്തരായ അവർ ഒരു പാട് നേർച്ചകൾ നേർന്നു ഒരു കുട്ടിക്കായി പ്രാർത്ഥിച്ചു,.. ഒരു ദിവസം സ്വപ്നത്തിൽ അന്തർജ്ജനത്തിനു ശിവ ദർശനം കണ്ടു വെന്നും അരുവിയിൽ കുളിച്ചു കയറവെ പെട്ടെന്ന് കൽപ്പടവിൽ ഒരു കുഞ്ഞ് പൂമെത്തയിൽ ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും കിടക്കുന്നതു കണ്ടു.. ആ കുട്ടിയെ കൈകളിലെടുത്തു. .അന്വേഷിച്ചു ചുറ്റും നോക്കിയെങ്കിലും ആരും ആ കുട്ടിയുടെ അടുത്ത് ഇല്ലായിരുന്നു…ആ കുട്ടിയെ മാറോടണച്ചു അവർ വീട്ടിലെത്തി.. അയ്യങ്കരവാഴുന്നവരും പാടിക്കുറ്റി അന്തർജ്ജനവും സ്വന്തം മകനെ പോലെ വളർത്തി.. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ കുട്ടി അമ്പും വില്ലുമെടുത്ത് താഴ്ന്ന ജാതിക്കാരൊടൊപ്പം വേട്ടയാടാൻ പോകുകയും അങ്ങിനെ കിട്ടുന്ന മാംസം ചുട്ട് ഭക്ഷിക്കുകയും കള്ള് കുടിക്കുകയും ചെയ്തു തുടങ്ങി..ഇതറിഞ്ഞ അയ്യങ്കര വാഴുന്നവരും ഭാര്യയും മാംസ ഭോജനവും വേട്ടയും ഉപേക്ഷിക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലു മകൻ ചെവിക്കൊണ്ടില്ല.. . മകനോടുള്ള സ്നേഹം നിമിത്തം മകനോട് ഒന്നും പറയാതെ അയങ്കര വാഴുന്നവർ നിരാശനായി ഭാര്യയായ പാടിക്കുറ്റിയോട് പറഞ്ഞു “ നിന്റെ മകൻ നമ്മുടെ ആചാരങ്ങൾക്ക് എതിരു നിൽക്കുന്നു.. ഇത് ഇവിടെ പറ്റില്ല… അവനെ ഇവിടെ നിന്നും പുറത്താക്കേണ്ടി വരും.” അതു കേട്ടു കൊണ്ട് വന്ന ആ മകൻ ഉടനെ പൂജാമുറിയിലേക്ക് കയറിയപ്പോൾ താനെ കതകടഞ്ഞു.. വിഷണ്ണയായ പാടിക്കുറ്റി അന്തർജ്ജനം തുടർച്ചയായി കരഞ്ഞു കൊണ്ട് മകനോട് കതകു തുറക്കാനാവശ്യപ്പെട്ടപ് അമ്പും വില്ലും അണിഞ്ഞ് കത്തിജ്ജ്വലിക്കുന്ന കണ്ണുകളുമായി തന്റെ വിശ്വരൂപം കാട്ടി നിന്നു..ഇത് ഒരു സാധാരണ കുട്ടിയല്ലെന്ന് മനസ്സിലായ അവർ തൊഴുകൈയ്യോടെ പോകരുതെന്ന് അപേക്ഷിച്ചെങ്കിലും പിതാവായ അയ്യങ്കര വാഴുന്നോർക്കിനി വിഷമമായി താനിവിടെയുണ്ടാകില്ല പറഞ്ഞ് യാത്രയാകുവാൻ തുനിഞ്ഞു അപ്പോൾ പാടിക്കുറ്റിയമ്മ മകനോ തൃക്കണ്ണു തുറന്നു നിൽക്കുന്ന നിന്റെ മുഖത്തു നോക്കുവാൻ എനിക്കു കഴിയുന്നില്ല.. അതിനാൽ നിന്നെ എനിക്ക് കാണുന്നതിനായി പൊയ്ക്കണ്ണു ധരിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു..അതി പ്രകാരം പൊയ്ക്കണ്ണു ധരിച്ചു അമ്മയ്ക്കു മുന്നിൽ നിന്ന് അവരെ അനുഗ്രഹിച്ചു യാത്രയായി. അയ്യങ്കരയിൽ നിന്നു യാത്രയായി കുന്നത്തൂരെത്തിയ ആ ദിവ്യശക്തി അവിടെ തങ്ങി.. അവിടെ പനമരത്തിലെ കള്ള് ചെത്തിക്കൊണ്ട് ജീവിതം നയിക്കുന്ന ചന്തൻ എന്ന കള്ളു ചെത്തുകാരൻ തന്റെ കള്ളിൽ നിന്നും രാത്രി മോഷണം പോകുന്നതായി അറിഞ്ഞു.. ഒരു ദിവസം അയാൾ അമ്പും വില്ലുമെടുത്ത് രാത്രി പനകൾക്ക് കാവലിരുന്നു.. കാവലിരിക്കുമ്പോൾ ഒരു വൃദ്ധനായ ഒരാൾ പനയിൽ കയറി കള്ള് കുടിക്കുന്നതു കണ്ടു. അയാളെ ചീത്ത വിളിച്ച് എയ്തിടാനായി അമ്പു തൊടുക്കുമ്പോൾ കണ്ണുമിഴിക്കുകയും ചന്തൻ അവിടെ കൽ പ്രതിമയായി മാറുകയും ചെയ്തു. .. ചന്തനെ തിരക്കി വന്ന ഭാര്യ കല്ലായി മാറിയ ചന്തനേയും പനയ്ക്കു മുകളിലിരുന്ന് കള്ളു കുടിക്കുന്ന വൃദ്ധനായ ഒരാളെ കണ്ടു . ഒരു അപ്പൂപ്പനെ എന്നപോലെ മുത്തപ്പാ എന്ന് വിളിച്ചു തന്റെ ഭർത്താവിന്റെ അപരാധം ക്ഷമിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അങ്ങിനെ ആ ദിവ്യ സ്വരൂപം ചന്തന്റെ ജീവൻ തിരിച്ചു നൽകി എഴുന്നേൽപ്പിച്ചു. .അവരാണ് ആദ്യം മുത്തപ്പന് പൈങ്കുറ്റി നേർന്നത്. അവർ കള്ളും പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും നൈവേദ്യമായി അർപ്പിച്ചു. അങ്ങിനെ മുത്തപ്പൻ കുന്നത്തൂർ വസിക്കണമെന്ന് അവരുടെ പ്രാർത്ഥന സ്വീകരിച്ചു.. അതാണ് കുന്നത്തൂർ പാടി. അവിടെ കുറച്ചു കാലം കഴിഞ്ഞപ്പോൾ പൊയ്ക്കണ്ണണിഞ്ഞ മുത്തപ്പനു തുണയായ് വിഷ്ണു ചൈതന്യമായി വെള്ളാട്ടം പ്രത്യക്ഷപ്പെടുകയും മുത്തപ്പന്റെ കൈ പിടിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. തൻറെ അവതാര ലക്ഷ്യത്തിനായി മുത്തപ്പൻ പിന്നെ കുന്നത്തൂർ പാടിയിൽ നിന്നും ഒരമ്പു തൊടുക്കുകയും അത് പറച്ചിങ്ങ തിങ്ങുന്ന (മുള്ളുള്ള ഒരു തരം ചെടി , പുഴക്കരികിൽ വളരുന്നു) പ്രദേശത്ത് ഒരു മരത്തിൽ തറക്കുകയും ചെയ്തു. അങ്ങിനെ കുന്നത്തൂർ പാടിയിൽ നിന്നും മുത്തപ്പൻ പറശ്ശിനിയിലേക്ക് തിരിച്ചു..(പറച്ചിങ്ങ തിങ്ങുന്ന പ്രദേശമായതിനാൽ അതിനു പറശ്ശിനി ക്കടവ് എന്ന പേരു വന്നു.) അവിടെ രാത്രി മീൻ പിടിച്ചു കൊണ്ടു നടക്കുന്ന ഒരു വണ്ണാൻ ഒരു മരത്തിൽ തറച്ചിരിക്കുന്ന അമ്പ് കാണുകയും അതിൽ അപാരമായ ദിവ്യ പ്രകാശം ചൊരിയുന്നതായി കണ്ടപ്പോൾ ആ സ്ഥലത്തെ നാടുവാഴിയായ തീയ്യസമുദായത്തിലെ കാരണവരോട് സംഭവം ഉണർത്തിക്കുകയും അവിടെയ്ക്ക് കൂട്ടി കൊണ്ടു വരികയും ചെയ്തു. അങ്ങിനെ അവിടെ പ്രശ്നവിധികൾ ചെയ്തപ്പോൾ അത് മുത്തപ്പൻ ദൈവത്തിന്റെ ചൈതന്യമാണ് അതെന്നും ക്ഷേത്രം കെട്ടി ആരാധിക്കണമെന്നും പറയുകയുണ്ടായി.(പറശ്ശിനിയിൽ ആ അമ്പ് പ്രതിഷ്ഠിച്ചിട്ടുണ്ട്) അതിൻ പ്രകാരം കാരണവർ ക്ഷേത്രം കെട്ടുകയും അവിടെ വരുന്ന സർവ്വരെയും മുത്തപ്പന്റെ അതിഥികളായി സൽക്കരിക്കുകയും ചെയ്യുന്നു.. മഹാശക്തിയുള്ള ദൈവമാണ് മുത്തപ്പൻ. മത്സ്യാകാര കിരീടം ധരിച്ചതാണ് തിരുവപ്പന അഥവാ മുത്തപ്പൻ..വെള്ളാട്ടം മുത്തപ്പനു സഹായിയായി വന്നതും.. ചുരുക്കത്തിൽ ശിവ വിഷ്ണു ചൈതന്യ. സങ്കല്പമാണ് കലിയുഗത്തിലെ ദൈവമായി ഭക്തരെ അനുഗ്രഹിക്കുന്ന തേജോരൂപമായ ശ്രീ മുത്തപ്പന്റേത്..ഇന്നും ഇവിടെ പയങ്കുറ്റിയും കള്ളും മീനുമൊക്കെയാണ് നൈവേദ്യം. നായാട്ടിനു മുത്തപ്പന്റെ ഒപ്പം കൂടിയ നായ്ക്കൾക്ക് ആദ്യം ക്ഷേത്രത്തിലെ പ്രസാദം നൽകപ്പെടുന്നു. പറശ്ശിനിയിൽ എല്ലാദിവസവും സൌജന്യമായി ചായയും ചെറിയ ഇലക്കഷ്ണത്തിൽ വൻ പയർ പുഴുങ്ങിയതും തേങ്ങാപ്പൂളുമുണ്ടാകും. അപാരമായ സ്വാദാണ് അതിന്… എത്ര അതിഥികളുണ്ടായാലും അവർക്ക് എല്ലാവർക്കും ഭക്ഷണം നൽകുന്നു. ദിവസവും ചിലപ്പോൾ ഏഴായിരവും എട്ടായിരവുമൊക്കെ ആൾക്കാർ ഉണ്ടാകും എന്നാലും എല്ലാവർക്കും നിത്യവും മുടങ്ങാതെ സൌജന്യമായി ഭക്ഷണം കൊടുക്കും.ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ ചോറും ഉണ്ട്..ജാതിമത ഭേദമന്യേ ആർക്കും ഒരു തടസ്സവുമില്ലാതെ പോകാവുന്ന സ്ഥലമാണ് പറശ്ശിനി മടപ്പുര.. മടപ്പുരയിലെ കാര്യങ്ങൾ നോക്കുന്നയാളെ “മടയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെത്തെ പ്രസാദം കഴിച്ചാൽ വയറും മനസ്സും കുളിർക്കും...

19 October 2021

കമ്പരാമായണം കഥ :- 51 അവസാന ഭാഗം.....

കമ്പരാമായണം കഥ

അദ്ധ്യായം :- 51

യുദ്ധകാണ്ഡം അവസാന ഭാഗം.....

വിഭീഷണനും സുഗ്രീവനും അനുയായികളും തങ്ങളെയും അയോദ്ധ്യയിലേയ്ക്ക് കൊണ്ട് പോകണമെന്നും ഭ്രാതൃഭക്തന്മാരായ ഭരതശത്രുഘ്നന്മാരെയും പുത്രവത്സലകളായ രാജമാതാക്കളെയും തങ്ങൾക്ക് കാണണമെന്നും അപേക്ഷിച്ചു.  സകലരും വിമാനത്തിൽ സമാരൂഢരായി. ദിവ്യമായ ആ വിമാനം എത്ര ആളുകയറുന്നോ അതിനനുസരിച്ച് വിശാലവും വിപുലവുമായിരുന്നു.  വിമാനം ഉയർന്നു.

രാവണാദികൾ യുദ്ധത്തിൽ മരിച്ച പ്രദേശങ്ങളെ സീതാദേവിക്കു കാണിച്ചു കൊടുക്കുകയും നടന്ന യുദ്ധമുറകളെ വിവരിച്ചു കേൾപ്പിക്കുകയും ചെയ്തു. വാനരന്മാർ നിർമ്മിച്ച മഹാസേതുവും കാണിച്ചു കൊടുത്തു.  ശേഷം " ഈ ചിറ ഭാരതവാസികളുടെയും ലങ്കാനിവാസികളുടെയും സഹകരണബന്ധത്തിലുളള തൃച്ചിറയായിത്തീരട്ടെ " എന്നു ശ്രീരാമൻ പറഞ്ഞു.  വിമാനം മദ്ധ്യസമുദ്രത്തിൽ എത്തിയപ്പോൾ ഹനുമാൻ വശം സീത നല്കിയതും താൻ കൈവശം സൂക്ഷിച്ചതുമായ ചൂഡാരത്നം ശ്രീരാമനെടുത്ത് സീതയുടെ മുടിക്കെട്ടിൽ അണിയിച്ചു.  സീത തന്റെ കൈയ്യിൽ കിടന്ന മുദ്രമോതിരം എടുത്തു ശ്രീരാമന്റെ വിരലുകളിൽ അണിയക്കാൻ ശ്രമിച്ചപ്പോൾ അത് ഊർന്ന് സമുദ്രത്തിന്റെ ആഴത്തിൽ വീണു താഴ്ന്നു പോയി. സീത പരിഭ്രമിച്ചു.  ഹനുമാൻ സമുദ്രത്തിൽ ചാടിമുങ്ങി. പൊങ്ങിവന്ന് പറഞ്ഞു.  " ദേവാ!  അനേകം മോതിരം ആഴത്തിൽ കിടക്കുന്നു. തിരിച്ചറിയാനൊക്കുന്നില്ല" എന്നറിയിച്ചു. എന്റെ പേരു നോക്കുക എന്ന് ശ്രീരാമൻ നിർദ്ദേശിച്ചു.   ഹനുമാൻ വീണ്ടും മുങ്ങി. ഉടൻ തിരികെ എത്തി " എല്ലാറ്റിലും "രാമ" നാമം കാണുന്നു. എന്തുവേണം? " അനേകം രാമാവതാരങ്ങൾ നടന്നിട്ടുണ്ട്.  അന്നെല്ലാം ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.  ഇന്നത്തെ മോതിരവും അവയുടെ കൂടെ കിടന്നുകൊളളട്ടെ".

വടക്കെക്കരയിലെത്തിയ വിമാനം രാമാഭിലഷത്താൽ അവിടെ ഇറങ്ങി.  ശ്രീരാമേശ്വരത്തിൽ എല്ലാവരും ശിവാരാധന നടത്തിയശേഷം വീണ്ടും വിമാനം വടക്കോട്ട് യാത്രയായി. കിഷ്കിന്ധയ്ക്ക് സമീപം സീതയുടെ ഇച്ഛയാൽ താരാരുമാദി വാനരവനിതകളെയും കയറ്റി യാത്രയാരംഭിച്ചു. ഋശ്യമൂകം പ്രസവണം,  പഞ്ചവടി, ജനസ്ഥാനം, ദണ്ഡകം ഇവയെല്ലാം കണ്ടു ഭരദ്വാജാശ്രമസവിധത്തിൽ വിമാനം താഴ്ന്നു.

രാമാഗമനം മുൻകൂട്ടി അറിഞ്ഞ് നന്ദിനിയുടെ ഉപഹാരസംവിധാനങ്ങളോടുകൂടി അതിഥി സത്ക്കാരത്തിനൊരുങ്ങി നിന്നിരുന്ന മുനിസത്തമന്റെ വിഭവ സമൃദ്ധമായ ആതിഥ്യം സ്വീകരിച്ച് അന്ന് അവിടെ കഴിച്ചു കൂട്ടി.  വനവാസകാലത്തിന്റെ അന്തിമദിവസം അന്നായിരുന്നു.

ശ്രീരാമൻ ഹനുമാനെ അയോദ്ധ്യയിലേയ്ക്ക് അയച്ചു. അഗ്നിപ്രവേശനത്തിന് തയ്യാറായ ഭരതനെ വിരമിപ്പിക്കുകയും രാമാഗമനവാർത്ത അറിയിച്ചു രമിപ്പിക്കുകയും  ചെയ്തു

അടുത്ത ദിവസം എല്ലാവരും  വിമാനത്തിൽ കയറി അയോദ്ധ്യയുടെ കിഴക്കേ ഗോപുരത്തിലെത്തി. അവിടെ നന്ദിഗ്രാമത്തിൽ ഭരതശത്രുഘ്നന്മാരും ഹനുമാനും പൗരവൃന്ദവും രാമാദികളെ സ്വാഗതം ചെയ്തു. സഹോദരങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. അനന്തരം ഭരതൻ പാദുകങ്ങൾ ശ്രീരാമപാദങ്ങളിൽ അർപ്പിച്ചു

ഉടൻ തന്നെ പരികർമ്മികൾ വന്ന് ശ്രീരാമലക്ഷ്മണന്മാർക്ക് മുഖശിരസ്സംസ്കാരാദികൾ നിർവഹിച്ചു.  അനന്തരം വല്ക്കലാദികൾ വെടിഞ്ഞ് നവ്യവസ്ത്രാദികളണിഞ്ഞ് രാജമന്ദിരത്തിൽ പ്രവേശിച്ചു , പിതൃപിതാമഹാദികളുടെ പ്രതിമകൾ സന്ദർശിച്ചു വന്ദിച്ച് അന്തഃപരത്തിൽക്കടന്ന് മാതൃജനങ്ങളെ അഭിവാദനം ചെയ്തു.  ശ്രീരാമാഗമനം അറിഞ്ഞു ജനകനും യുധാജിത്തും കാശീശനും ഗുഹനും പരിവാരസമേതം അയോദ്ധ്യയിൽ വന്നു ചേർന്നു

മൂന്നാം ദിവസം വസിഷ്ഠ നിർദ്ദിഷടമായ ശുഭമുഹൂർത്തത്തിൽ ശ്രീരാമപട്ടാഭിഷേകം അത്യാഡംബരപൂർവ്വം നടത്തി

അതിഥികൾ ഏതാനും ദിവസങ്ങൾ കൂടി അയോദ്ധ്യയിൽ തങ്ങിയ ശേഷം സ്വരാജ്യങ്ങളിൽ മടങ്ങിപ്പോകാനൊരുങ്ങി

ശ്രീരാമൻ അവരോട് പറഞ്ഞു വിരഹം ദുഃഖമാണ് എങ്കിലും കടമ നിർവഹിക്കേണ്ടതായി വരും.  "സഖേ വിഭീഷണാ! രാവണരഹിതമായ ലങ്കയെ താങ്കൾ സത്യധർമ്മാദികളനുസരിച്ച് ഭരിച്ചു സർവ്വത്ര വിജയിയും ചിരംജീവിയുമായിത്തീരുക. "

" സുഹൃത്തേ ! സുഗ്രീവാ!  കിഷ്കിന്ധ പരിപാലിച്ച് രാഷ്ട്രാഭിവൃദ്ധിവരുത്തിവാഴുക. യുവരാജാവായ അംഗദനെ സ്വപുത്രനായിത്തന്നെ വിചാരിച്ച് കൊളളണം. "

ഇപ്രകാരം എല്ലാവരോടും രാമൻ  ഉപദേശങ്ങൾ നല്കുകയും ധാരാളം പാരിതോഷികങ്ങൾ നല്കി.  അംഗദന് ഒരു മുത്തുമാല നല്കി.   ശേഷം തന്റെ കണ്ഠത്തിൽ നിന്നും ദിവ്യമായ ഒരു രത്നമാല്യമെടുത്ത് സീതാദേവിയുടെ കയ്യിൽ കൊടുത്തിട്ട് അത്യന്തം അർഹതയുള്ള ആർക്കെങ്കിലും സമ്മാനിക്കാൻ അനുവാദം കൊടുത്തു.

ദേവി ഹനുമാനെയും രാമദേവവദനത്തിലും മാറിമാറി നോക്കി,  രാമചന്ദ്രൻ മന്ദഹാസത്താൽ  ദേവിക്കനുവാദമേകി. ഹനുമാൻ ഉള്ളിലെ ശ്രീകോവിലിൽ "സീതാരാമ"  വിഗ്രഹം പ്രതിഷ്ഠിച്ചു അതിൽ ലയിച്ചിരുന്നു. ശ്രീരാമൻ ഹനുമാനെ ഒന്ന് വിളിച്ചു.  ഞെട്ടിയുണർന്ന് രാമനു മുന്നിൽ എത്തിയ ഹനുമാന്റെ  , സ്വന്തം പുത്രന് മാതാവ് എന്ന പോലെ ആ ഹാരം ഹനുമദ്ഗളത്തിലണിയിച്ചു. 

അന്തഃപരത്തിൽ എത്തിയ സീതാരാമന്മാർ താര,  രുമ, സരമ, ത്രിജട സീതാവിയോഗവൈമനസ്യത്തോടെയാണെങ്കിലും യാത്രോദ്യുക്തരായി നില്ക്കയായിരുന്നു.  ശ്രീരാമ നിർദ്ദേശപ്രകാരം സീതാദേവി അവർക്കെല്ലാവർക്കും ധാരാളം പാരിതോഷങ്ങൾ നല്കി. പെട്ടെന്ന് സീതാദേവി ത്രിജടയെ ശ്രീരാമനു മുന്നിൽ നിർത്തി രാമദേവന്റെ കണ്ഠത്തിൽ നിന്നും എടുത്ത് ത്രിജടയുടെ കണ്ഠത്തിലണിയിച്ചു. സീത പറഞ്ഞു ത്രിജട എന്റെ ആത്മസഖി , ഞങ്ങൾ രണ്ടു പേരും ഒന്നുതന്നെയായിരിക്കട്ടെ

ശ്രീരാമൻ പറഞ്ഞു "നാഥേ! നീ മഹാസാഹസികയാണ്.1. ഇന്നലെ ഞാൻ ദ്വിഭാര്യനായിരുന്നു.2. ഇന്ന് ഞാൻ ഏകപത്നീകനാണ്. 3. നാളെ ഞാൻ ബഹുഭാര്യനായിരിക്കും 4. അന്നിവൾ എന്റെ പ്രഥമപ്രിയ കാമിനിയായിരിക്കട്ടെ.

ശേഷം വിഭീഷണസുഗ്രീവാദികളെല്ലാം രാമനോട് യാത്രാനുമതി വാങ്ങി സ്വരാജ്യങ്ങളിലേയ്ക്ക് പോയി. രാമദേവൻ രാജ്യഭരണകാര്യങ്ങളിൽ ബദ്ധശ്രദ്ധനായിത്തീർന്നു.

ഭരതനെ യുവരാജാവായും ലക്ഷ്മണനെ സർവസൈന്യാധിപനായും ശത്രുഘ്നനെ ധനകാര്യാധികാരിയായും നിശ്ചയിച്ചു. സമുചിതമായ സമ്മേളനത്തോടു കൂടി ധർമ്മമർമ്മജ്ഞനായ രാമഭദ്രൻ അഭംഗമംഗളമായി രാജ്യം ഭരിച്ചു

യുദ്ധകാണ്ഡം സമാപ്തം