ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 February 2017

ക്ഷേത്രം

ക്ഷേത്രം

ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. ചന്ദനം, ഭസ്മം,തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും. ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.

🔱 സോപാനം [ക്ഷേത്രനടയിലെ പടിക്കെട്ട്]

അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. ക്ഷേത്ര ശ്രീകോവിലിന്‍റെ സാധാരണ തറയില്‍ നിന്നുള്ള ഉയര്‍ച്ചക്ക് അനുസൃതമായി മൂന്നു മുതല്‍ പത്തുവരെ പടിക്കെട്ടുകള്‍ സോപാനത്തിനുണ്ടാവും. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. സോപാനത്തിന് ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം. ഇത് ദ്വാരപാലകര്‍ ആണ്. ഉഗ്രമൂര്‍ത്തികളുടെ ദാരു ശില്‍പ്പങ്ങളെയാണ് ദ്വാരപാലകര്‍ ആയി ചിത്രീകരിക്കുക. പുരാണ കഥകളില്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മൂര്‍ത്തികളുടെ കാവലാളുകള്‍ അല്ലെങ്കില്‍ പ്രധാന പോരാളികളായി ആരെയാണോ പ്രതിപാദിച്ചിരിക്കുന്നത് അവരായിരിക്കും പ്രധാനമായും ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍. മഹാക്ഷേത്രങ്ങളില്‍ നിരവധി ദാരുശില്‍പ്പങ്ങള്‍ ഉണ്ടാവാം. എന്നാല്‍ സാധാരണ ക്ഷേത്രങ്ങളില്‍ സോപാനത്തിന് ഇരുവശങ്ങളില്‍ മാത്രം ദാരു ശില്‍പ്പങ്ങള്‍ കണ്ടുവരുന്നുള്ളൂ. ദ്വാരപാലകര്‍ എന്ന് അറിയപ്പെടുന്നത് സോപാനത്തിന് ഇരുവശവും മാത്രം കുടികൊള്ളുന്ന ദാരുശില്‍പ്പങ്ങളെയാണ്.

ദ്വാരപാലകര്‍ ഇല്ലാത്ത  സാധാരണ സോപാന പടിക്കെട്ടുകളും ചില ഗ്രാമക്ഷേത്രങ്ങളില്‍ കണ്ടുവരുന്നു. മഹാക്ഷേത്രങ്ങളില്‍ സോപാന പടിക്കെട്ടുകള്‍ പല മടക്കുകളായി കാണപ്പെടുന്നു. പടിക്കെട്ടുകളുടെ ഇരുവശത്തും വ്യാളീമുഖങ്ങളോ ഗരുഡന്‍, യക്ഷി എന്നിങ്ങനെ ഉപാസനാ മൂര്‍ത്തികളുടെ മുഖങ്ങളോ കൊത്തിവയ്ക്കുന്നതും പതിവാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ സോപാന പടികളില്‍ ചവിട്ടി ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാനുള്ള അധികാരം ക്ഷേത്ര പൂജാരികളില്‍ മാത്രം അവകാശപ്പെട്ടിരിക്കുന്നു. സോപാനകെട്ടും, അതിന്‍റെ വശങ്ങളിലെ ദാരു ശില്‍പ്പങ്ങള്‍, ശ്രീകോവില്‍ വാതില്‍ എല്ലാം ചേര്‍ന്ന് കേരള ശില്‍പ്പകലയുടെ, കരവിരുതിന്‍റെ മഹനീയമായ ഒരു കാഴ്ച നമ്മുക്ക് സമ്മാനിക്കുന്നു. സോപാനത്തെ പ്രതിപാദിക്കുമ്പോള്‍ സോപാന സംഗീതത്തെ കുറിച്ച് പറയാതെ പോകുന്നത് ആ കലയോട് കാണിക്കുന്ന നീതികേടാവും. സോപാന പടിക്കെട്ടിന് അടുത്ത് നിന്ന് പ്രധാന പൂജാസമയത്ത് ദേവനെ പ്രകീര്‍ത്തിച്ച് ഉടുക്കിന്റെ താളപ്പെരുമയില്‍ പാടുന്ന പാട്ടുകളെ സോപാന സംഗീതം എന്ന് വിളിക്കപ്പെടുന്നു.

🔱 പ്രദിക്ഷണ വട്ടം/ അകത്തെ ബലിവട്ടം 

നാലമ്പലത്തിനുള്ളില്‍ കടക്കുന്ന ഭക്തര്‍ക്ക് ദേവനെ പ്രദിക്ഷണം ചെയ്യാനുള്ള ഇടമാണ് പ്രദിക്ഷണവട്ടം അഥവാ ബലിവട്ടം. പ്രധാന ദേവനെ അധികരിച്ച് പ്രദിക്ഷണത്തില്‍ വൈവിദ്ധ്യത നിലനില്‍ക്കുന്നു. ആ വൈവിദ്ധ്യത പ്രദിക്ഷണ വട്ടത്തിലും കാണാം. ഉദാഹരണത്തിന് ശിവപാര്‍വ്വതി പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങളില്‍ പ്രദിക്ഷണ വട്ടം തെക്ക് പുറത്തുള്ള അഭിഷേക തൂമ്പില്‍ (നാളം) മുറിയുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. പ്രദിക്ഷണവട്ടവും അതിന്‍റെ മറ്റു വശങ്ങളും കൊത്തിയെടുത്ത കല്ലുകള്‍ പാകി മനോഹരമാക്കിയവയാണ്. പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു. 

കിഴക്കിന്‍റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവന്റെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിന്റെ അധിപന്‍. തെക്കു പടിഞ്ഞാറ് ബലിക്കല്ലില്‍ ആവേശിക്കേണ്ടത്‌ ആ ദിക്കിന്‍റെ ദേവനായ നിരൃതിയെയാണ്‌. വരുണന്‍ പടിഞ്ഞാറുദിക്കിലും,വായുദേവന്‍ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌. ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം. ഇവരെ കൂടാതെ ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍,നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. നാലമ്പലത്തിനു അകത്തെ ബലിക്കല്ലുകള്‍ കൂടാതെ നാലമ്പല മതിലിനു പുറത്തും ബാലിക്കല്ലുകള്‍ പ്രതിഷ്ടിക്കപ്പെടുന്നു. വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ക്ഷേതങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.

ബലിക്കല്ലുകളിലെ ദേവസങ്കല്‍പ്പങ്ങളെ ക്ഷേത്രദേവതകളെ എന്നപോലെ പരിഗണിച്ച് പൂജയും നിവേദ്യവും നല്‍കുന്ന പല ആരാധനാ രീതികളും നിലവിലുണ്ട്. അതില്‍ പ്രധാന ചടങ്ങാണ് ശീവേലി. ദിനേന ഉച്ചപൂജയോട് അനുബന്ധമായി എല്ലാ മഹാക്ഷേത്രങ്ങളിലും ഈ ചടങ്ങ് ദര്‍ശിക്കാന്‍ സാധിക്കും. ചെറുക്ഷേത്രങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ പ്രധാന ഉത്സവദിവസങ്ങളില്‍ മാത്രം നടത്തപ്പെടുന്നു.  തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും,ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തോട് അനുബന്ധിച്ച് ബലിദേവതകളുടെ പ്രീതിക്കുവേണ്ടി നടത്തപ്പെടുന്ന പൂജകയെ ഉത്സവബലി എന്ന് അറിയപ്പെടുന്നു. ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌,ഓരോന്നിലും ഉണക്കലരി, എള്ള്‌,മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിച്ചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു എന്ന അതീവ ദുഖത്തോടെ, ഈ സമയം സ്മരിക്കുന്നു...

ക്ഷേത്രം എന്തിന്?

ക്ഷേത്രം എന്തിന്?

ലോകാനുഗ്രഹഹേത്വർത്ഥം  സ്ഥിരമായി നില കൊള്ളുന്നതും ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്നതുമായ സഗുണോപാസനാ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ  ഈശ്വരൻ നിർഗ്ഗുണനും, നിരാകാരനുമാണ്. അങ്ങിനെയുള്ള ഈശ്വരനെ മനസ്സിൽ സങ്കല്പിക്കുകയും, ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാർക്ക് വളരെ പ്രയാസമാണ്. രൂപ ഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്പിക്കുക എന്നത് അസാദ്ധ്യമാണ്. കാരണം നമ്മൾ കാണാത്ത സ്ഥലങ്ങളെപ്പററിയോ, കേൾക്കാത്ത ജീവികളെപ്പോറിയോ ആരെങ്കിലും വർണ്ണിച്ചാൽ നമ്മുടെ മനസ്സിൽ നാം അറിയാതെ അവയെപ്പറ്റി ഒരു രൂപം സൃഷ്ടിക്കപ്പെടും ആ രൂപത്തിനെ വാങ്മയ രൂപം എന്നു പറയുന്നു. അപ്പോൾ ജ്ഞാനലബ്ധി ഉണ്ടായ ഋഷിമാരുടെ മനോമുകുരത്തിൽ സൃഷ്ടിക്കപ്പെട്ട വാങ്മയ രൂപങ്ങളാണ് ഇന്ന് നാം ആരാധിക്കുന്ന ഈശ്വരരൂപങ്ങൾ

✴ക്ഷ യാത് ത്രായതെ ഇതി ക്ഷേത്ര✴

അതായത് ക്ഷയത്തിൽ നിന്നും നമ്മളെ രക്ഷിക്കുന്നതാണ് ക്ഷേത്രം. ക്ഷയം എന്നാൽ വിവിധ തരത്തിലുള്ള ദുരിതങ്ങൾ.!  എങ്ങിനെയാണ് ക്ഷേത്രങ്ങൾ നമ്മെ ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്നത്? ക്ഷേത്ര ദർശന സമയത്ത് ക്ഷേത്രത്തിനകത്തെ കർമ്മങ്ങളും, ഭക്തരുടെ നാമജപം പ്രദക്ഷിണം മുതലായ കർമ്മങ്ങൾ മൂലവും ഉണ്ടാകുന്ന ചൈതന്യമായ ഊർജ്ജം നമ്മുടെ നാഡീവ്യൂഹങ്ങളിൽ കുടി സഞ്ചരിച്ച് മസ്തിഷ്കത്തിലെത്തി സത്തായ ചിന്തയ്ക്ക് രൂപം കൊടുക്കുന്നു. സത്തായ ചിന്ത ഉണ്ടായാൽ നമ്മുടെ പ്രവൃത്തിയും സത്തായിരിക്കും.  ആ സദ് പ്രവൃത്തിയുടെ ഫലവും സത്തായിരിക്കും.

ക്ഷേത്ര ദര്‍ശനം

ക്ഷേത്ര ദര്‍ശനം

ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

വഴിപാടുകളുടെ പ്രാധാന്യം

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.

വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്.‌ വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.

അര്‍ച്ചന :
മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാപുഷ്പങ്ങളാല്‍ അര്‍ച്ചനയും, പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാര്‍ച്ചന, ത്രിശതി(300) നാമാര്‍ച്ചന, ചതുശതി(400) നാമാര്‍ച്ചന, സഹസ്ര(1000) നാമാര്‍ച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടുള്ള അര്‍ച്ചനകള്‍ അന്നിവയൊക്കെ ഇതില്‍ ഉള്‍പെടും.

അഭിഷേകം :
ദാരു, കടുശര്‍ക്കര ബിംബങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവ എല്ലാം അതാതു ദേവതകള്‍ക്ക് അനുസരണമായി അഭിഷേകത്തിനു ഉപയോഗിക്കുന്നു.

ചന്ദനം ചാര്‍ത്തല്‍ :
ദേവബിംബങ്ങളില്‍ മുഖം മാത്രമായോ, പൂര്‍ണമായോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണിത്.

നിവേദ്യം :
പവിത്രമായ നിവേദ്യങ്ങള്‍ ഓരോരോ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. തിരുമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.

വിളക്ക് :
നെയ്‌വിളക്ക്- വിളക്കുകളില്‍ പ്രധാനമാണ് ഇതു പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും, പുറത്തും ( വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളില്‍ ) വിളക്കിനായി ഉപയോഗിക്കുന്നു . നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുമുണ്ട് .

ഗണപതി ഹോമം
നാളികേരമടിക്കല്‍
വെടിവഴിപാട്
തുലാഭാരം
കറുകഹോമം
മൃത്യുഞ്ജയ ഹോമം
പുഷ്പാഞ്ജലി (അയൂരാരോഗ്യങ്ങള്‍ക്ക്)
രേക്ത പുഷ്പാഞ്ജലി (ശത്രു ദോഷശമനം , അഷ്ടസിദ്ധി എന്നിവയ്ക്ക് )
സ്വയം വരാര്‍ചന ( മംഗല്യ സിദ്ധിക്ക് )
സഹസ്ര നാമാര്‍ച്ചന ( ഐശ്വര്യത്തിന് )
ഭഗവതിസേവ ( ദുരിത നിവാരണത്തിന് )
നെയ്‌വിളക്ക് ( നേത്രോഗ ശമനത്തിന്, അഷ്ടസിദ്ധിക്കും )
ധാര ( രോഗ ശാന്തിക്ക് )
നിറപറ ( ഐശ്വര്യത്തിന് )
അന്നദാനം ( ഐശ്വര്യത്തിന്, ദാരിദ്രദുഖ ശമനത്തിന്, രോഗശാന്തിക്ക് )
നിറമാല ( അഷ്ടസിദ്ധിക്ക് )
ചുറ്റുവിളക്ക് ( മനശാന്തിക്ക് )

എന്നിങ്ങനെ വഴിപാടുകളും , അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്‌. തീവ്രമായ ഭക്തിയോടെ വഴിപാടുകള്‍ നടത്തുമ്പോള്‍ ഭക്തനില്‍തന്നെ കാര്യ സാധ്യത്തിനായി ഒരു ഇച്ചാശക്തി വളരുന്നു

ക്ഷേത്രസങ്കല്പവും കൊടിമരവും

ക്ഷേത്രസങ്കല്പവും കൊടിമരവും

ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം പ്രധാനമാണ്. ദേവനുമായി മാത്രമല്ല,   പ്രപഞ്ചവുമായും പ്രത്യേകിച്ചു മനുഷ്യനുമായും ഏറെ ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി.

ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍.

പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണു താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമാണു കണക്കാക്കപ്പെടുന്നത്. കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്കു പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടപ്പോള്‍ അനുഷ്ഠാനങ്ങള്‍ക്കായി മനുഷ്യന്‍ രൂപപ്പെടുത്തിയതാണത്രെ ക്ഷേത്രങ്ങള്‍. അതുകൊണ്ടാവാം അതിനു സാമൂഹികമായ ഒരു മാനമുണ്ട്. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേക  ഉര്‍ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്ക്രിയമാക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സമ്മതിക്കുന്നു.

ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്ഥാനമായ ഗര്‍ഭഗൃഹമധ്യത്തില്‍നിന്നു നിശ്ചിത അളവ് അകലത്തില്‍ സ്ഥാപിക്കുന്ന ആധാരശിലയില്‍ നവരത്നങ്ങളും സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടുള്ള നാണയങ്ങളും നിക്ഷേപിച്ച് അതിനുമുകളിലാണു കൊടിമരം സ്ഥാപിക്കുന്നത്. ആധാരശില മുതല്‍ മുകളിലേക്കു നാളം, ഉപപീഠം, തറ, വേദി, അധോമുഖകമലം, ഉൌര്‍ധ്വമുഖകമലം, അഷ്ടദളപത്മം എന്നിവ. പിന്നീട് ചുറ്റുമായി അഷ്ടദിക്പാലകര്‍. ഇവയില്‍ ഉപപീഠം മുതലുള്ളവ മുകളില്‍ കാണാം.

ദേവന്റെ മൂലാധാര സ്ഥാനത്താണ് കൊടിമരത്തിന്റെ സ്ഥാനമായ ആധാര ശില. ക്ഷേത്ര പ്രതിഷ്ഠയുടെ നട്ടെല്ലിന്റെയും സുഷുമ്നയുടെയും സങ്കല്‍പമാണ് കൊടിമരത്തിന്. നട്ടെല്ലിന്റെ ഏറ്റവും താഴെയാണ് ഷഡാധാരചക്രത്തിലെ ആദ്യചക്രമായ മൂലാധാരം.  അവിടെനിന്നു ഷഡാധാരങ്ങളും കടന്നാണു സഹസ്രാര പത്മത്തില്‍ എത്തുന്നത്. ക്ഷേത്ര സങ്കല്‍പത്തില്‍ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണു ദേവപ്രതിഷ്ഠ.

ഗാപുരഭാഗത്ത് പാദങ്ങളും ഗഗര്‍ഭഗൃഹത്തില്‍ അഥവാ ശ്രീകോവിലില്‍ ശിരസ്സുമായി ദേവന്‍ മലര്‍ന്നു കിടക്കുന്നതായാണു സങ്കല്‍പം. ശ്രീകോവിലിനു പുറത്ത്, ലോകപാലന്‍മാരെയും സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിരിക്കുന്ന ബലിവട്ടം ഭഗവാന്റെ മുഖം. മണ്ഡപം ഗഗളം. നാലമ്പലം കൈകള്‍.

നാലമ്പലത്തിനു പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനം. വലിയ ബലിക്കല്ല് ഭഗവാന്റെ മൂലാധാര ചക്രം. കൊടിമരം നട്ടെല്ലിന്റെയും സുഷുമ്നയുടെയും പുനരാവിഷ്കാരം. പുറത്തെ ചുറ്റുമതില്‍ ഭഗവാന്റെ മുട്ടുകളും കണങ്കാലുകളും. ഗാപുരം ദേവപാദങ്ങള്‍.

ക്ഷേത്രമതില്‍ക്ക് അകത്തേക്കു പ്രവേശിക്കുമ്പോള്‍ ഗാപുരഭാഗത്തു നിലം തൊട്ടുതലയില്‍ വയ്ക്കുന്നത് ഭഗവാന്റെ പാദങ്ങള്‍ തൊട്ടുവന്ദിക്കുന്നതിനു തുല്യമാണ്.  മലര്‍ന്നുകിടക്കുന്ന ഭഗവാന്റെ ശരീരത്തിലെ, ആയിരം ദളങ്ങളോടുകൂടിയ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണല്ലോ പ്രതിഷ്ഠ. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡാധാര ചക്രങ്ങള്‍ കടന്നാണല്ലോ സഹസ്രാരപത്മത്തിലെത്തുക. പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവ ശംഭോ എന്ന സ്ത്രോത്രത്തിലെ സൂചന ഇതു തന്നെ.

ശ്രീകോവിലിന്റെ ഉത്തരത്തിന്റെ അളവാണ്, ഗഗര്‍ഭഗൃഹത്തില്‍നിന്ന് കൊടിമര സ്ഥാനത്തേക്കുള്ള ദൂരം നിര്‍ണയിക്കുന്നതിനുള്ള അളവായ ഉത്തരദണ്ഡ്.  ഗര്‍ഭഗൃഹമധ്യത്തില്‍നിന്ന് അഞ്ചോ ആറോ ഏഴോ ഉത്തരദണ്ഡ് അകലത്തില്‍ കൊടിമരം പ്രതിഷ്ഠിക്കാം. അത് എത്രയെന്ന് വാസ്തുവിദഗ്ധന്‍ തീരുമാനിക്കും.

അവിടെ ആധാരശില സ്ഥാപിച്ച് അതിനുമേലാണു ധ്വജപ്രതിഷ്ഠ.  ഗര്‍ഭഗൃഹത്തിന്റെ വാതില്‍ക്കട്ടിളയുടെ ഉയരം (ദ്വാരനീളം) ആണ് കൊടിമരത്തിന്റെ ഉയരത്തിന്റെ മാനദണ്ഡം. ആ ദ്വാര നീളത്തിന്റെ 7, 9, 10, 11, 12, 13 ഇരട്ടിയാകാം കൊടിമരത്തിന്റെ ഉയരം.  ധ്വജത്തിനു കാലപരിധിയില്ല. ജീര്‍ണത ബാധിക്കുംവരെയാണ് അതിന്റെ ആയുസ്സ്. ജീര്‍ണത കണ്ടാല്‍ ധ്വജം മാറണം. മാറ്റുന്ന ധ്വജത്തിന്, ദേവന്റെ ശരീരഭാഗമെന്ന സങ്കല്‍പത്തില്‍ പൂര്‍ണമായ സംസ്കാര കര്‍മങ്ങള്‍ നടത്തണം. പിന്നീടാണ് പുതിയ ധ്വജം പ്രതിഷ്ഠിക്കുക.