ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
25 June 2024
കുജൻ്റെ 21 നാമങ്ങൾ
5 December 2021
നാമ ജപവും മന്ത്രജപവും
നാമ ജപവും മന്ത്രജപവും
മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങൾ. മനനാത് ത്രായതേ ഇതിമന്ത്ര എന്നതാണ് പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത് പരമാത്മാവിന്റെയോ അതിന്റെ ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്. നാദവിസ്‌ഫോടനത്തിൽ നിന്നാണ് പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ മനുഷ്യന് ഗ്രഹിക്കാവുന്നതല്ല. അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ് ഓംകാരം. ഓംകാരത്തിൽ നിന്നാണ് പ്രപഞ്ചസൃഷ്ടിയുണ്ടായത്. അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ് ഓം. ഇത് ഏകവും അദ്വിതീയവുമായ പരബ്രഹ്‌മത്തിന്റെ പ്രതീകമാണ്. ബ്രഹ്‌മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളിൽ പ്രണവോപാസനമാണ് ഏറ്റവും മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്. ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും ഓംകാരപൂർവ്വമാണ്. മഹാപുണ്യമായ ഓംകാരം ത്രിസന്ധ്യകളിലും ജപിക്കണമെന്ന് ആചാര്യന്മാർ ഉത്‌ഘോഷിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ് ജപം.
നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ് ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്. നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക് മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ് ധ്യാനം. അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്. മന്ത്രങ്ങൾ ശിഷ്യന് ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ അതിന് ചൈതന്യമുണ്ടാവുകയുള്ളൂ.
മന്ത്രജപം എങ്ങനെയെങ്കിലും ആകാൻ പാടില്ല. അയാൾ അതിനു യോഗ്യനായിരിക്കണം,,,, അത് ഒരു ചെറിയ കഥയിലൂടെ പറയാം . ഒരു രാജാവ് തന്റെ മന്ത്രിയെ അയാളുടെ ഭവനത്തിൽ ചെന്നു സന്ദർശിച്ചു. മന്ത്രി മന്ത്രം ജപിക്കുകയായിരുന്നു. രാജാവ് കാത്തിരുന്നു. ജപം തീർന്നതിനു ശേഷം മന്ത്രി വന്നു. ജപിച്ചതെന്തു മന്ത്രമാണെന്നു രാജാവ് ചോദിച്ചപ്പോൾ ഗായത്രിയാണെന്നു മന്ത്രി ഉത്തരം പറഞ്ഞു. തനിക്കും അത് പഠിപ്പിച്ചു കൊടുക്കാൻ രാജാവ് ആവശ്യപ്പെട്ടു. മന്ത്രം ഉപദേശിക്കാൻ താനധികാരിയല്ലെന്നായി മന്ത്രി. രാജാവു കാരണം ചോദിച്ചു. ഉടനെ മന്ത്രി അടുത്തുണ്ടായിരുന്ന സേവകനോടു രാജാവിനെ പിടിച്ചു തടങ്കലിൽ വയ്ക്കാനുത്തരവിട്ടു. സേവകൻ അനുസരിച്ചില്ല. കോപാകുലനായ രാജാവ് മന്ത്രിയെ തടങ്കലി; വയ്ക്കാൻ സേവകനോടാജ്ഞാപിച്ചു. സേവകൻ ഉടനെ അപ്രകാരം ചെയ്തു. മന്ത്രി ചിരിച്ചുകൊണ്ട് അതാണുത്തരം എന്നു രാജാവിനോടു പറഞ്ഞു. എങ്ങനെ എന്നു ചോദിച്ചതിനു മന്ത്രി "ആജ്ഞയും ആജ്ഞാവഹനും ഒന്നു തന്നെ, പക്ഷെ അധികാരി മാറിപ്പോയി. എന്റെ ആജ്ഞ നിഷ്ഫലമായി, അങ്ങയുടേതു സഫലവുമായി. മന്ത്രത്തിന്റെ ഗതിയും ഇപ്രകാരം തന്നെ".
ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീർത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധികൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്...
4 October 2021
അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ദശാവതാരകീർത്തനം
അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ദശാവതാരകീർത്തനം
നമ്മുടെ അമ്മൂമ്മമാരും അമ്മമാരും സന്ധ്യയ്ക്ക് വിളക്കുകൊളുത്തി ഭക്ത്യാദരേണ ജപിച്ചിരുന്ന കീർത്തനങ്ങൾ പലതും ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ല. അവ ശേഖരിച്ച് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ഇവിടെ ചേർക്കുന്നത്.
നമ്മുടെ കുഞ്ഞുങ്ങളെ ഇത് പഠിപ്പിച്ച് ജപിക്കുവാൻ ശീലിപ്പിക്കുക.
അവർക്ക് നന്മ ഉണ്ടാകട്ടെ...
അംബുജായത ലോചന കോമള
കംബുധാരണ കാരുണ്യവാരിധേ
കന്മഷാപഹ നിൻ പാദപങ്കജം
ചെമ്മേ കാണുമാറാകണം ഗോവിന്ദ
ആഴിതന്നിൽ മുഴുകിയ വേദത്തെ
മീളുവാനൊരു മീനായിച്ചെന്നുടൻ
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമമ്പൊടു കാണണം ഗോവിന്ദ
ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധി തോയം കടയുമ്പോൾ
കച്ഛപാകൃതി കൈക്കൊണ്ടു മേവിടും
വിശ്വവ്യാപിയെ കാണുമാറാകണം
ഈഷലെന്നിയേ സൂകര വേഷമായ്
ദ്വേഷിച്ചീടും ഹിരണ്യാക്ഷനെക്കൊന്നു
ധാത്രീചക്രത്തെ വീണ്ടുകൊണ്ടന്നൊരു
ഗാത്രമമ്പൊടു കാണണം ഗോവിന്ദ
ഉഗ്രനായ ഹിരണ്യകശിപുവെ
നിഗ്രഹിച്ച നരസിംഹമൂർത്തിയെ
അഗ്രേ പ്രഹ്ലാദസേവിതനായിട്ടു
വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ
ഊഢമോദം മഹാബലി തന്നോടു
ഗൂഢമായ്ച്ചെന്നു മൂവടി ഭൂമിയെ
യാചിച്ചീടുന്ന വാമനമൂർത്തിയെ--
സ്സേവിച്ചീടുമാറാകണം ഗോവിന്ദ
എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം
എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ
ദണ്ഡിപ്പിച്ച പരശുരാമാകൃതി
കണ്ണിൽ കാണുമാറാകണം ഗോവിന്ദ
ഏണനേർമിഴി ജാനകീചോരനെ
ബാണമെയ്തു വധിച്ച ശ്രീരാമനെ
കാണിനേരം പിരിയാതെയെൻ മുമ്പിൽ
കാണുമാറരുളീടണം ഗോവിന്ദ
ഐയോ ഹസ്തിനമായ പുരിപുക്കു
കയ്യിൽമേവും കലപ്പയാൽ കോരീട്ടു
പയ്യവേ എറിവാൻ തുനിയും ബല--
ഭദ്രരാമനെക്കാണണം ഗോവിന്ദ
ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ്
ദുഷ്ടഭൂപരെക്കൊന്നു മുടിച്ചതും
പെട്ടെന്നമ്പോടു കാട്ടിയതൊക്കെയും
കൃഷ്ണരൂപമേ കാണണം ഗോവിന്ദ
ഓർക്കിലെത്രയും പേടിയാമിന്നിമേൽ
കൽക്കിയായിട്ടവതരിക്കുന്നതും
ഖഡ്ഗവുമേന്തി മ്ലേച്ഛരെയൊക്കെയും
വെക്കം കൊൽവതും കാണണം ഗോവിന്ദ
ഔവ്വിധമായ പത്തവതാരവും
ചൊവ്വൊടേ ചൊൽവാനാർക്കു കഴിയുന്നു
ദൈവമേ തവ കാരുണ്യം കൊണ്ടു മേ
കൈവരേണമേ കൈവല്യം ഗോവിന്ദ
അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ
നിന്തിരുവടി നീക്കിക്കളഞ്ഞുടൻ
അന്ത്യകാലത്തു മുക്തിയെ നൽകുവാൻ
ബന്ധു നീയല്ലാതില്ലാരും ഗോവിന്ദ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിതാനന്ദ രൂപ സനാതന
ഉച്ചരിക്കായ് വരേണം നിൻ നാമങ്ങൾ
വിശ്വനായക വിഷ്ണോ
നമോസ്തുതേ
20 September 2021
വിശ്വാമിത്രന്‍ എന്ന ഗുരു ശ്രീ രാമനെ ദിനവും രാവിലെ ഉണർത്തിയ പാട്ട്
വിശ്വാമിത്രന്‍ എന്ന ഗുരു ശ്രീ രാമനെ ദിനവും രാവിലെ ഉണർത്തിയ പാട്ട്
എല്ലാ ദിവസവും നമ്മുടെ ക്ഷേത്രങ്ങളിൽ രാവിലെ 5 മണിയോട് കൂടി ഒരു പാട്ട് ഇടാറുണ്ട്. എന്നാൽ ഈ പാട്ടിന്റെ അർത്ഥം എല്ലാവർക്കും അറിയില്ല. ഇനി മുതൽ നമുക്ക് ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കി ഉറക്കം ഉണരാം.
കൗസല്യാ സുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതെ
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാനികം"
["കൗസല്യയുടെ ഉത്തമ പുത്രനായ രാമാ, സൂര്യൻ കിഴക്ക് ഉദിച്ചു തുടങ്ങി. അതുകൊണ്ടു എഴുന്നേൽക്കൂ, നരൻമാരിൽ ശ്രേഷ്ഠനായവനെ, ദൈവഹിതമായ കർത്തവ്യം നിറവേറ്റിയാലും"]
കൗസല്യാ - കൗസല്യയുടെ
സുപ്രജാ - ഉത്തമ പുത്രാ
രാമാ - രാമാ
പൂർവ്വാ - കിഴക്ക്
സന്ധ്യാ - സൂര്യൻ
പ്രവർത്തതെ - ഉദിച്ചു കഴിഞ്ഞു
ഉത്തിഷ്ഠ - എഴുന്നേൽക്കൂ
നരശാർദൂല - നരന്മാരിൽ ശ്രേഷ്ഠനായവനെ
കർത്തവ്യം - ചുമതല നിറവേറ്റിയാലും
ദൈവമാനികം - ദൈവഹിതമായ
ഇതിന്റെ അർത്ഥം അറിഞ്ഞു എഴുന്നേൽക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ, വിശ്വാമിത്രന്‍ എന്ന ഗുരു ഭൂമിയിലെ ഓരോ രാമൻമാരെയും അവരുടെ കർത്തവ്യം ഓർമിപ്പിക്കുന്നു.
19 September 2021
സൂര്യാഷ്ടകം
സൂര്യാഷ്ടകം
ആദി ദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ [1]
സപ്താശ്വ രഥമാരൂഢം പ്രചണ്ഡം കശ്യപാത്മജം
ശ്വേതപദ്മധരം ദേവം തംസൂര്യം പ്രണമാമ്യഹം [2]
ലോഹിതം രഥമാരൂഢം സര്‍വലോക പിതാമഹം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [3]
ത്രിഗുണ്യം ച മഹാശൂരം ബ്രഹ്മവിഷ്‌ണൂംമഹേശ്വരം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [4]
ബൃംഹിതം തേജഃ പുഞ്ചം ച വായുമാകാശമേവ ച
പ്രഭും ച സര്‍വലോകാനാം തം സൂര്യം പ്രണമാമ്യഹം [5]
ബന്ധുക പുഷ്പസങ്കാശം ഹാരകുണ്ഡല ഭൂഷിതം
ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം [6]
വിശ്വേശം വിശ്വകർത്താരം മഹാ തേജഃ പ്ര ദീപനം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [7]
തം സൂര്യ ജഗതാം നാഥം ജ്ഞാന പ്രകാശ മോക്ഷകം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [8]
ഫല ശുദ്ധി
സൂര്യാഷ്ടകം പഠേം നിത്യം ഗ്രഹ പീഡാ പ്രണാശനം
അപുത്രോ ലഭതേ പുത്രം ദരിദ്രേ ധനവാൻ ഭവേത്
ആമിഷം മധുപാനം ച യഃ കരോതി രവേർദിനേ
സപ്ത ജന്മ ഭവേത് രോഗി ജന്മ ജന്മ ദരിദ്രതാ.
ദൈവദശകം
ദൈവദശകം
ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
മാധവസ്തുതി
മാധവസ്തുതി
ശർങ്ഗധാരിണം പങ്കജേക്ഷണം
പങ്കജാനനം പങ്ക ശോഷണം
ശങ്കര പ്രിയം മംഗളം പ്രദം
യദു കുലോത്തമം മാധവം ഭജേ
പക്ഷി വാഹനം ത്ര്യക്ഷരാത്മകം
തോത്രധാരിണം പാർത്ഥസാരഥിം
ശത്രുനാശനം സാത്ത്വതം ഹരിം
യദു കുലോത്തമം മാധവം ഭജേ
ജലദസന്നിഭം ജലജ ലോചനം
ബല സഹോദരം ബലവതാം വരം
ഖലനികൃന്തനം കലിമലാപഹം
യദു കുലോത്തമം മാധവം ഭജേ
ഭാനു സന്നിഭം ശ്രീ നികേതനം
മുനി നിഷേവിതം ധേനു കാന്തകം
മനുജ വിഗ്രഹംദനുജ വൈരിണം
യദുകുലോത്തമം മാധവം ഭജേ
കാമ കോമളം വാമലോചനം
ഭൂമി പാലകം ഭൗമ ശോഷണം
രാമസോദരം ശ്യാമളാ കൃതിം
യദുകുലോത്തമം മാധവം ഭജേ
ഭുവന നായകം ദേവകീ സുതം
യവന ശോഷണംഭവഭയാ പഹം
ശർവ്വ പൂജിതം സർവ്വതോമുഖം
യദുകുലോത്തമം മാധവം ഭജേ
വേണു വാദിനം മാണവാത്മകം
പ്രാണ ദായിനം കൗണപാന്തകം
ബാണധാരിണം ബാണ വൈരിണം
യദുകുലോത്തമം മാധവം ഭജേ
വത്സശോഷണം വത്സ പോഷണം
കംസവൈരിണം ഹംസ രൂപിണം
ഭീഷ്മ മോക്ഷദം കന്മഷാ പഹം
യദുകുലോത്തമം മാധവം ഭജേ
ശ്രീ വൈദ്യനാഥാഷ്ടകം
ശ്രീ വൈദ്യനാഥാഷ്ടകം
ശ്രീ രാമസൌമിത്രി ജടായുവേദ
ഷഡാനനാദിത്യ കുജാര്‍ച്ചിതായ|
ശ്രീ നീലകണ്ഠായ ദയാമയായ
ശ്രീ വൈദ്യനാഥായ നമഃശിവായ......
ഗംഗാപ്രവാഹേന്ദു ജടാധരായ
ത്രിലോചനായ സ്മരകാലഹന്ത്രേ|
സമസ്തദേവൈരപി പൂജിതായ
ശ്രീ വൈദ്യനാഥായ നമഃശിവായ......
ഭക്തപ്രിയായ ത്രിപുരാന്തകായ
പിനാകിനേ ദുഷ്ടഹരായ നിത്യം
പ്രത്യക്ഷലീലായ മനുഷ്യലോകേ
ശ്രീ വൈദ്യനാഥായ നമഃശിവായ......
പ്രഭൂതവാതാദി സമസ്തരോഗ
പ്രണാശകര്‍ത്രേ മുനിവന്ദിതായ
പ്രഭാകരേന്ദ്വഗ്നിവിലോചനായ
ശ്രീ വൈദ്യനാഥായ നമഃശിവായ......
വാക്ശ്രോത്രനേത്രാങ്ഘ്രി വിഹീനജന്തോ
വാക്ശ്രോത്രനേത്രാങ്ഘ്രി സുഖപ്രദായ|
കുഷ്ഠാദി സര്‍വ്വോന്നത രോഗഹന്ത്രേ
ശ്രീ വൈദ്യനാഥായ നമഃശിവായ.......
വേദാന്തവേദ്യായ ജഗന്മയായ
യോഗീശ്വരധ്യേയ പദാംബുജായ|
ത്രിമൂര്‍ത്തിരൂപായ സഹസ്രനാമ്നേ
ശ്രീ വൈദ്യനാഥായ നമഃശിവായ......
സ്വതീര്‍ത്ഥമൃത്ഭസ്മഭൃദങ്ഗഭാജാം
പിശാചദുഃഖാര്‍ത്തി ഭയാപഹായ|
ആത്മസ്വരൂപായ ശരീരഭാജാം
ശ്രീ വൈദ്യനാഥായ നമഃശിവായ......
ശ്രീ നീലകണ്ഠായ വൃഷധ്വജായ
സൃക്ഗന്ധഭസ്മാധ്യഭിശോഭിതായ|
സുപുത്രദാരാദിസുഭാഗ്യദായ
ശ്രീ വൈദ്യനാഥായ നമഃശിവായ....
ബാലാംബികേശ വൈദ്യേശ ഭവരോഗ ഹരേതി ച
ജപേന്നാമത്രയം നിത്യം സര്‍വരോഗവിനാശനം
സ്കന്ദഷട്കം
സ്കന്ദഷട്കം
ഓം ശ്രീഗണേശായ നമഃ ।
ഷണ്‍മുഖം പാര്‍വതീപുത്രം ക്രൌഞ്ചശൈലവിമര്‍ദനം ।
ദേവസേനാപതിം ദേവം സ്കന്ദം വന്ദേ ശിവാത്മജം ॥ 1॥
താരകാസുരഹന്താരം മയൂരാസനസംസ്ഥിതം ।
ശക്തിപാണിം ച ദേവേശം സ്കന്ദം വന്ദേ ശിവാത്മജം ॥ 2॥
വിശ്വേശ്വരപ്രിയം ദേവം വിശ്വേശ്വരതനൂദ്ഭവം ।
കാമുകം കാമദം കാന്തം സ്കന്ദം വന്ദേ ശിവാത്മജം ॥ 3॥
കുമാരം മുനിശാര്‍ദൂലമാനസാനന്ദഗോചരം ।
വല്ലീകാന്തം ജഗദ്യോനിം സ്കന്ദം വന്ദേ ശിവാത്മജം ॥ 4॥
പ്രലയസ്ഥിതികര്‍താരം ആദികര്‍താരമീശ്വരം ।
ഭക്തപ്രിയം മദോന്‍മത്തം സ്കന്ദം വന്ദേ ശിവാത്മജം ॥ 5॥
വിശാഖം സര്‍വഭൂതാനാം സ്വാമിനം കൃത്തികാസുതം ।
സദാബലം ജടാധാരം സ്കന്ദം വന്ദേ ശിവാത്മജം ॥ 6॥
സ്കന്ദഷട്കം സ്തോത്രമിദം യഃ പഠേത് ശൃണുയാന്നരഃ ।
വാഞ്ഛിതാന്‍ ലഭതേ സദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത് ॥ 7॥
ഇതി ശ്രീസ്കന്ദഷട്കം സമ്പൂര്‍ണം ॥
വിഷ്ണോ പഞ്ചായുധസ്തോത്രം
വിഷ്ണോ പഞ്ചായുധസ്തോത്രം
സ്ഫുരത് സഹസ്രാര ശിഖാതിതീവ്രം സുദർശനം ഭാസ്ക്കരകോടി തുല്യം
സുരദ്വിഷാം പ്രണവിനാശി വിഷ്ണോ : ചക്രം സദാഹം ശരണം പ്രപദ്യേ
വൃഷ്‌ണോർമ്മുഖോത്ഥാനിലപൂരിതസ്യ യസ്യധ്വിനിർദ്ദാനവദർപ്പഹന്തം
തം പാഞ്ചജന്യം ശശികോടിശുഭ്രം ശംഖം സദാഹം ശരണം പ്രപദ്യേ
ഹിരണ്മയീം മേരുസമാനസാരാം കൗമോദകീം ദൈത്യകുലൈകഹന്ത്രിം
വൈകുണ്ഠവാമാഗ്ര കരാഭിമൃഷ്ടാംഗദം സദാഹം പ്രപദ്യേ
രക്ഷോസുരാണാം കഠിനോഗ്രകണ്ഠച്ഛേദ ക്ഷരക്ഷോണിതദിഗ്‌ദ്ധാരം
തംനന്ദകം നാമ ഹരേ : പ്രദീപ്തം ഖഡ്ഗം സദാഹം ശരണം പ്രപദ്യേ
യജ്ജ്യാനിനാദശ്രവണാത്സുരാണാം ചേതാംസി നിർമ്മുക്തഭയാനി സദ്യ:
ഭവന്തി ദൈത്യാശനി ബാണവർഷി ശാർങ്‌ഗം സദാഹം പ്രപദ്യേ
ഇമം ഹരേ : പഞ്ചമഹായുധാനാം സ്തവം പാഠദ്യോനുദിനം പ്രഭാതേ
സമസ്തദുഃഖാനി ഭയാനി സദ്യ : പാപിനി നശ്യന്തി സുഖാനി സന്തി
വനേ രണേ ശത്രുജലാഗ്നിമദ്ധ്യേ യദൃച്ഛയാപത്സു മഹാഭയേഷു
ഇദം പഠൻ സ്തോത്രമനാകുലാത്മാ സുഖീ ഭവേത് തത്കൃതസർവരക്ഷക:
ഇതി വിഷ്ണോ: പഞ്ചായുധസ്തോത്രം സമ്പൂർണ്ണം.
സരസ്വതി സ്തുതി
സരസ്വതി സ്തുതി
സരസ്വതീ ത്രയം ദൃഷ്ട്യാ
വീണാ പുസ്തക ധാരിണീ.
ഹംസ വാഹന സമായുക്ത
വിദ്യാ ദാനകരീ നമഃ
പ്രഥമം ഭാരതീ നാമ
ദ്വിതീയം ച സരസ്വതീ
തൃതീയം ശാരദാദേവീ
ചതുർത്ഥം ഹംസവാഹന
പഞ്ചമം ജഗദീക്ഷാതം
ഷഷ്ഠം വാഗീശ്വരീ തഥാ
കൗമാരീ സപ്തമം പ്രോക്തം
അഷ്ടമം ബ്രഹ്മചാരിണി
നവമം ബുദ്ധിദാത്രി ച
ദശമം വരദായിനി
ഏകാദശം ക്ഷുദ്രഖണ്ഡാ
ദ്വാദശം ഭുവനേശ്വരി
ബ്രാഹ്മി ദ്വാദശ നാമാനി
ത്രിസന്ധ്യേഷു പഠേന്നര:
സർവ്വസിദ്ധികരീ തസൃ
പ്രസന്നാ: പരമേശ്വരീ...
സാ മേ വസതു ജിഹ്വാഗ്രേ
ബ്രഹ്മ രൂപാ സരസ്വതി
6 September 2021
അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും
അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും
ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്. കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
മന്ത്രങ്ങളെകുറിച്ചുള്ള കഥ
പാണ്ഡവരുടെ വനവാസക്കാലത്ത് ദ്വൈതാടവിയിൽവെച്ച് ബ്രഹദശ്വമഹർഷി ധർമ്മപുത്രരുടെ മനഃസമാധാനത്തിനുവേണ്ടി നള-ദമയന്തിമാരുടെ കഥ പറയുന്നുണ്ട്. കശ്യപമഹർഷിയുടെ പുത്രനായ കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ അയോദ്ധ്യാധിപതിയായ ഋതുപർണരാജാവിന്റെ തേരാളിയായി. അദ്ദേഹം ബാഹുകൻ എന്ന പേരിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ദമയന്തിയുടെ രണ്ടാം സ്വയംവരത്തിൽ പങ്കെടുക്കാൻ ഋതുപർണൻ വിദർഭരാജ്യത്തിലേക്കു നളനൊപ്പം പോയി. വഴിയിൽവച്ച് യാദൃച്ഛികമായി ഋതുപർണന്റെ ഉത്തരീയം തേരിൽ നിന്നു നിലത്തു വീണു. തേരു നിർത്താൻ ഋതുപർണൻ നളനോടു പറയുമ്പോഴേക്കും ഒരു യോജന ദൂരം രഥം പിന്നിട്ടു കഴിഞ്ഞിരുന്നു. അശ്വഹൃദയ മന്ത്രം അറിയാമായിരുന്ന നളൻ അതിവേഗതയിലാണ് രഥം ഓടിച്ചിരുന്നത്. ആ സമയത്ത് കാട്ടിൽ കായ്കൾ നിറഞ്ഞ ഒരു താന്നിവൃക്ഷം അവർ കണ്ടു. ആ താന്നിയിൽ അഞ്ചുകോടി ഇലകളും, രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപർണൻ ഒറ്റനോട്ടത്തിൽ പറഞ്ഞു. താന്നി മരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയത് അക്ഷഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്നു രാജാവു മറുപടി പറഞ്ഞു. അത്ഭുതപ്പെട്ടുപോയ നളൻ അത്രയും വേഗത്തിൽ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനേയും അറിയിച്ചു. രണ്ടുപേരും പരസ്പരം മന്ത്രങ്ങൾ പഠിപ്പിച്ചു. ഈ മന്ത്രവിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയിൽ ജയിച്ച് നിഷധരാജ്യം തിരിച്ചെടുക്കാൻ കഴിഞ്ഞു. അക്ഷഹൃദയ ദിവ്യമന്ത്രം വശമായതോടെ നളനെ ബാധിച്ചിരുന്ന കലി പുറത്തുവന്നു. പുറത്തുവന്ന കലിയെ ബാഹുകൻ (നളൻ) രോഷത്തോടെ നശിപ്പിക്കുവാൻ തുനിഞ്ഞെങ്കിലും, അധർമ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നിൽ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമെന്നുള്ള അപേക്ഷയാൽ കലിയെ, നശിപ്പിക്കാതെ സത്യം ചെയ്യിച്ചു വിടുന്നു. താന്നി മരത്തിന്റെ ചുവട്ടിൽ വച്ചാണത്രെ അശ്വഹൃദയം, അക്ഷഹൃദയം എന്നീ മന്ത്രങ്ങൾ കൈമാറിയത്. നളന്റെ കലിബാധ മാറിയതും അവിടെ വച്ചാണ്, അതിനാൽ താന്നിക്ക് കലിദ്രുമം എന്ന പേരു കിട്ടി.
30 August 2021
വിഷ്ണു പാദാദികേശസ്തോത്രം
വിഷ്ണു പാദാദികേശസ്തോത്രം
വിഷ്ണു സ്മരണം തന്നെ സകലവിധ പാപശമനത്തിനും ഉപയുക്തമാണ്. അപ്പോള്‍ ശ്രീവിഷ്ണു ഭഗവാന്റെ നാമസ്‌തോത്രജപം എത്രമാത്രം ഫലസിദ്ധി പ്രദാനം ചെയ്യുന്നതാണെന്ന് ഊഹിക്കാമല്ലോ. ചിത്തശുദ്ധി സമാര്‍ജ്ജിക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമായ ആദ്ധ്യാത്മിക സാധനയാണ് വിഷ്ണുപാദാദി കേശസ്‌തോത്രജപം. പ്രസ്തുത സ്‌തോത്രം നിത്യവും ജപിക്കുന്നതായാല്‍ മനഃസമാധാനവും സന്തുഷ്ടിയും ആത്മബലവും കരഗതമാകുന്നു. വിഷ്ണുപാദാദികേശ സ്‌തോത്രത്തിന്റെ രചയിതാവ് ജഗത്ഗുരു ശ്രീ ശങ്കരാചാര്യസ്വാമികളാണ്. വിഷ്ണുവിന്റെ പാദം മുതല്‍ കേശം വരെയും ശംഖചക്രാദി വിഭൂഷകളെക്കുറിച്ചും വളരെ പ്രതീകാത്മകമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. തൃശൂര്‍ മതിലകത്തു വച്ച് രചിച്ച ഈ സ്‌തോത്രകൃതി പൂര്‍ത്തിയാകുന്നതിന് മുമ്പ് ആചാര്യസ്വാമികള്‍ സമാധിയായെന്നാണ് ഐതിഹ്യം. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യനായ പദ്മപാദാചാര്യരാണ് ഇത് പൂര്‍ത്തിയാക്കിയതെന്നും വിശ്വസിക്കുന്നു. വിഷ്ണുപാദാദികേശ സ്‌തോത്രത്തിന് പൂര്‍ണ സരസ്വതിസ്വാമികള്‍ 'ഭക്തിമന്ദാകിനി' എന്ന പേരില്‍ ഒരു വ്യാഖ്യാനം ചമച്ചിട്ടുണ്ട്. സദ്ഗുരു വിമലാനന്ദ സ്വാമികള്‍ മലയാളഭാഷയിലും വ്യാഖ്യാനം രചിച്ചിട്ടുണ്ട്. സ്രഗ്ധരാ വൃത്തത്തിലുള്ള 52 ശ്ലോകങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. വിഷ്ണുവിന്റെ കൈയിലുള്ള ശംഖ് ബ്രഹ്മതത്വമാണെന്ന് പറഞ്ഞിരിക്കുന്നു. പ്രഥമശ്ലോകത്തില്‍ തന്നെ ആ ശംഖിനെ വര്‍ണിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ യഥാക്രമം ചക്രായുധം, വില്ല്, ദിവ്യമായ ഖഡ്ഗം, കൗമോദകി എന്ന ഗദ, വാഹനമായ ഗരുഡന്‍, തല്പമായ അനന്തന്‍, ലക്ഷ്മി, പാദരേണുക്കള്‍, പാദതലത്തിലെ രേഖ, തൃപ്പാദങ്ങള്‍, അംഗുലികള്‍, പാദാംഗുലീ നഖങ്ങള്‍, പാദത്തിന്റെ മുകള്‍ഭാഗം, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍, ഊരുക്കള്‍, ജഘനം, കാഞ്ചീകലാപം, നാഭീദേശം, ഉദരം, രോമരാജി, മാറിടം, ശ്രീവത്സം, കൗസ്തുഭരത്‌നം, വൈജയന്തീമാല, ബാഹുമൂലം, കരങ്ങള്‍, കണ്ഠം, ഔഷ്ഠങ്ങള്‍, ദന്താവലി, വാഗ്‌രൂപം, കവിള്‍ത്തടങ്ങള്‍, നാസിക, നേത്രങ്ങള്‍, പുരികങ്ങള്‍, പുരികക്കൊടികളുടെ മധ്യഭാഗം, നെറ്റിത്തടം, അളകാവലി, മുടിക്കെട്ട്, കിരീടം, സമ്പൂര്‍ണ്ണ വിഗ്രഹം, അംശാവതാരങ്ങള്‍, ഭഗവാന്റെ സച്ചിദാനന്ദരൂപം, വിഷ്ണുധ്യാനപരായണരായ ഭക്തന്മാര്‍ എന്നിവയാണ് വര്‍ണിക്കപ്പെട്ടിരിക്കുന്നത്. അവസാന ശ്ലോകത്തില്‍ വിഷ്ണുഭക്തന്മാര്‍ക്ക് ലഭിക്കുന്ന പരമാനന്ദ സ്വരൂപത്തെക്കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു. ശ്രീമദ് ഭാഗവതഗ്രന്ഥംപോലെ തന്നെ പരമപ്രഭുവായ ശ്രീ ഭഗവാന്റെ വാങ്മയസ്വരൂപമായിട്ടു തന്നെയാണ് ഭഗവത് ഭക്തന്മാര്‍ വിഷ്ണുപാദാദികേശ സ്‌തോത്ര ഗ്രന്ഥത്തെയും കല്പിച്ചിരിക്കുന്നത്. ശ്രീ ഭഗവാന്റെ അവതാരമഹിമയും ഭൂഷണവിശേഷവും ഏതൊരു ഭക്തന്റെ അന്തരംഗത്തിലാണോ നിഴലിക്കുന്നത്, അവിടെ ഭഗവാന്റെ സാന്നിധ്യം നിഷ്പ്രയാസം ദര്‍ശിക്കാം. സത്ചിത് ആനന്ദസ്വരൂപനായ ഭഗവാനെ അകക്കാമ്പില്‍ പ്രതിഷ്ഠിച്ചാല്‍ ഏതൊരു ദുഃഖത്തിനും ശമനമുണ്ടാകുന്നു. ആയതിനാല്‍ ഭഗവാന്റെ പാദാദികേശ സ്‌തോത്രജപം ശീലമാക്കുവാന്‍ ഭക്തമനസ്സുകള്‍ക്ക് സാധിക്കട്ടെ..