ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 7

നാഗമാഹാത്മ്യം...

ഭാഗം: 7 

9. പ്രധാന സർപ്പങ്ങളുടെ പേരുകൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, മഹാപത്മൻ, പത്മൻ, ശംഖുപാലൻ, നഹുഷൻ , കാളിയൻ , ഐരാവതൻ, മണിനാഗം, പിംഗല, ഹേമഗുഹൻ, ശിഖി, മുൽഗരൻ , ദധിമുഖൻ, മനോമുഖൻ, വൃത്തൻ, പുഷ്ക്കരൻ, ഭീഷണൻ, ധൃതരാഷ്ട്രൻ , സുബാഹു, പിണ്ഡകൻ, കുമുദാക്ഷൻ , സംവർത്തനൻ ഇങ്ങനെ തുടങ്ങി സഹസ്രനാഗങ്ങൾ കദ്രുവിന്റെ സന്തതികളാണ്. ആയിരമെണ്ണത്തിന്റെയും പേരുകൾ വിവരിക്കുക അല്പം പ്രയാസമാണ് . ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ശ്രേഷ്ഠനും അനന്തനാണ്. അനന്തൻ എന്നുവച്ചാൽ അന്തമില്ലാത്തവൻ. നാഗരാജൻ എന്ന പേരും കിട്ടിയിട്ടുണ്ട്.

കോടീശൻ, നാഗൻ, മാനസൻ, കൗണപൻ , ചക്രൻ, കാലവേഗൻ, ഹിരണ്യബാഹു, ശരണൻ, തക്ഷകൻ തുടങ്ങിയവ വാസുകീ വംശരാണ്. ഇശ്ചിഗൻ, ഗരഭൻ, ഭംഗൻ , ശിശുരോമാവ്, സരോമാവ് മഹാഹനു തുടങ്ങിയവർ തക്ഷകവംശക്കാരാണ് . പാരാവതൻ, പാരിജാതൻ, ഹരിണൻ , കൃശൻ, ശരഭൻ, മേദൻ തുടങ്ങിയവർ ഐരാവതകുലോത്ഭവരാണ്. പിന്നെ ഏരകൻ, കുണ്ഡലൻ, വേണി തുടങ്ങിയ കൗരവകുലസംഭൂതർ . പ്രഹാസർ, ശകുനി , സുഷേണൻ തുടങ്ങിയ ധൃതരാഷ്ട്രച്ചയകുലർ. ഇങ്ങനെ അനേകാനേക സർപ്പങ്ങൾ കീർത്തിയുള്ള സർപ്പങ്ങളാണ്.

10. ഗരുഡോല്പത്തി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സ്വന്തം സഹോദരിയും സപത്നിയുമായ കദ്രു സന്താനസൗഭാഗ്യത്തിൽ സന്തോഷിക്കുന്നതുകണ്ട വിനതയ്ക്ക് കുണ്ഠിതം തോന്നി. തന്റെ അണ്ഡങ്ങൾ 500 വർഷമായിട്ടും വിരിയുന്നില്ലല്ലോ എന്ന ദുഃഖവുമുണ്ടായി. സ്ത്രീ സഹജമായ ഈർഷ്യയും ദുഃഖവും വിഷമവുമൊക്കെക്കൊണ്ട് ഒരു അണ്ഡം പൊട്ടിച്ചു . അതാ അതിൽ നിന്നും ശരീരം പൂർണ്ണമാകാത്ത ഒരു ദിവ്യപ്രഭചൊരിയുന്ന പുത്രൻ പുറത്തുവന്നു. സൂര്യൻ ഉദിച്ചു വരുന്നതു പോലെയുള്ള ആ പ്രഭ ഏവരേയും ആശ്ചര്യപ്പെടുത്തി. ആ പുത്രന് സ്വന്തം മാതാവിനോട് സ്നേഹമല്ല തോന്നിയത്. തന്റെ ശരീരം പൂർണ്ണവളർച്ചയെത്താതെ വികലാംഗനായി അപൂർണ്ണനായി തീരാൻ കാരണം മാതാവാണല്ലോ ? അതിനാൽ അമ്മയോടു ദേഷ്യമുണ്ടായി ശപിക്കുകയാണ് ചെയ്തത്. ആ കുട്ടി പറഞ്ഞു . വളർച്ച മുറ്റാതെ മുട്ട പൊട്ടിച്ചതിനാലാണ് ഞാൻ ഇങ്ങനെയായത് അതുകൊണ്ട് അമ്മ കദ്രു മാതാവിന്റെ ദാസിയായിതീരാൻ ഇടയാകും. വിനതയുടെ ആ മകനാണ് അരുണൻ.

അക്കാലത്ത് അദിതി മാതാവിന്റെ പുത്രഭാവത്തിൽ ജാതനായ സൂര്യദേവൻ സ്വന്തം പ്രഭ കൊണ്ട് ലോകത്തെ മുഴുവൻ പ്രകാശിപ്പിച്ചു. ആ പ്രഭയുടെ തേജസ്സും ചൂടും താങ്ങാനാവാതെ എല്ലാവരും വിഷമിച്ചു. അതിനാൽ അരുണനോട് ബഹ്മദേവൻ കല്പിച്ചു . സൂര്യന്റെ തേരിൽ സൂര്യനു മറവായി മുന്നിൽ ഇരുന്നു കൊള്ളുക. സൂര്യസാരഥിയായി സൂര്യനൊപ്പം കഴിയുന്നതിനായി അരുണൻ അമ്മയ്ക്ക് ശാപം കൊടുത്തു കൊണ്ട് നേരെ മുകളിലേയ്ക്കു പോയി. സൂര്യരഥത്തിൽ സ്ഥാനം പിടിച്ചു. ആകാശത്തേയ്ക്ക് മറയുന്നതിനു മുമ്പായി അമ്മയുടെ അപേക്ഷയനുസരിച്ച് ശാപമോക്ഷവും നല്കി. അടുത്ത മുട്ടയെങ്കിലും പൊട്ടിക്കാതിരിക്കണം . അതു സ്വയം വിരിയുന്ന തുവരെ കാത്തിരുന്നാൽ ആ കുട്ടി അമ്മയുടെ ദാസ്യം ഒഴിവാക്കാൻ പ്രാപ്തനായിരിക്കും. അവൻ സ്വർഗ്ഗത്തു ചെന്ന് അമൃതുകൊണ്ടുവന്ന് ദാസ്യമൊഴുക്കും. അപ്പോൾ അമ്മയ്ക്ക് ശാപമോചനം ലഭിക്കും.

അഞ്ഞൂറു വർഷം കൂടി കാത്തിരുന്നപ്പോൾ വിനതയുടെ രണ്ടാമത്തെ അണ്ഡം വിരിഞ്ഞു. സുന്ദരനും സുകുമാരനും അനന്തബലശാലിയും അനന്തപ്രഭാ പൂരിതവുമായ ഗരുഡൻ പിറന്നു . ഗരുഡന്റെ ജനനത്തിൽ ദേവതാപസാദിസർവ്വരും സന്തോഷിച്ചു. മാതാവായ വിനതയ്ക്കും പിതാവായ കശ്യപനും സന്തോഷമായി. ഇത്ര ബലശാലിയായ പുത്രന്റെ ജനനത്തിൽ ഏതു മാതാവാണ് സന്തോഷിക്കാത്തത് . പുത്രവാത്സല്യത്താൽ ആ മാതൃഹൃദയം ആശ്വസിച്ചു. ഇവൻ എന്റെ ശാപ മോചകനാണല്ലോയെന്നും താമസിയാതെ സ്വതന്ത്രത കൈവരിക്കാമെന്നും.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment