ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 January 2018

പുര്യഷ്ട്കം

പുര്യഷ്ട്കം

പുര്യഷ്ടകമെന്നാൽ പുരിയെ സംബന്ധിക്കുന്ന എട്ടെണ്ണമെന്നർത്ഥം, പുരിയെന്നാൽ  പുരം, ഈ ശരീരമാണ് പുരം വസിക്കാനുള്ള ഇടമെന്നാർത്ഥം. ആർക്ക് വസിക്കുവാൻ?  ആത്മാവിന് വസിക്കാനുള്ള ഗൃഹമാണ് ശരീരം. അതിനാലിത് പുരമായി പുരത്തെ സംബന്ധിക്കുന്ന എട്ടണ്ണമാണ് പുര്യഷ്ട്കം. അതേതാണ്... ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും കൂടിയ ഒന്ന്, കർമ്മേന്ദ്രിയങ്ങളഞ്ചും കൂടിയ മറ്റൊരു സമൂഹം. അഞ്ചു പ്രാണനും ചേർന്ന മൂന്നാമത്തെ കൂട്ടം. അപഞ്ചീകൃതമായ ഭൂതങ്ങളിൽ അഞ്ചെണ്ണം ചേർന്നമറ്റൊരു സമൂഹം. ബുദ്ധി മുതലായ നാല് ആന്തകരണങ്ങൾ അഞ്ചാമത്തെ സമൂഹം . അവിദ്യ, കാമം, കർമ്മം, എന്നി മൂന്നെണ്ണം വേറെയും. ഇങ്ങനെ ഇരുപത്തേഴു ഘടകങ്ങൾ ചേർന്നതാണ് പുര്യഷ്ട്കം. ഇതിനെ സൂക്ഷമശരീരമെന്നും വിളിക്കുന്നു. സ്ഥൂലശരീരം നശിച്ചതിനു ശേഷവും നിലനിൽക്കുന്നു.. ജ്ഞാനം സിദ്ധിച്ച് മുക്തനാകുന്നതുവരെ ഇതു നിലനിൽക്കും.

ചാതുർവർണ്ണ്യം

ചാതുർവർണ്ണ്യം

"ബ്രഹ്മണോഽസ്യ മുഖമാസീത് 
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ് വൈശ്യഃ 
പദ്ഭ്യാം ശൂദ്രോ അജായത"   

നാലു വേദങ്ങളിലും പ്രാധാന്യം നൽകിയിരിക്കുന്ന പുരുഷസൂക്തം  സർവ്വ  ശ്രുതിസാരമായി ആദരിക്കപ്പെടുന്നു.  
മന്ത്രാർത്ഥം :-
ഈ പുരുഷന്റെ മുഖം ബ്രഹ്മണനായി ഭവിച്ചു; രണ്ടു കൈയിൽ ക്ഷത്രിയനായി കൽപ്പിക്കപ്പെട്ടു ; യതെന്നു വെശ്യനാണോ അത് അവന്റെ തുടകൾ ആകുന്നു.   ഇരുപാദങ്ങളിൽ നിന്ന് ശൂദ്രൻ ഉണ്ടായി., അതായത് ബ്രഹ്മവർണ്ണത്തെ "പുരുഷന്റെ'  വക്ത്രത്തോടും, ക്ഷത്രിയവർണ്ണത്തെ 'പുരുഷന്റെ' കൈകളോടും, വൈശ്യവർണ്ണത്തെ തുടകളോടും, ശൂദ്രവർണ്ണത്തെ 'പുരുഷ്ന്റെ'  പാദങ്ങളോടും ബന്ധിച്ചിരിക്കുന്നു.

'പദ്ഭ്യാം ശൂദ്രോ അജായത' - പാദങ്ങളിൽ നിന്ന് ശൂദ്രൻ ഉത്ഭവിച്ചു.- എന്ന് അവസാനാമായി പറഞ്ഞിരിക്കുന്നതിനാൽ മറ്റുവർണ്ണങ്ങളെയും ഉത്ഭവസ്ഥാനങ്ങളാണ് അതാത് അവയങ്ങൾ എന്നും വ്യാഖ്യാനിച്ചു,  വർണ്ണങ്ങളുടെ സാമന നാമങ്ങളോടുകൂടിയ ജാതികളുടെ ശ്രേഷ്ഠതയുടെ മാനമാണ് ഈ  മന്തത്തിലെ സൂചനഎന്നു അവകാശപ്പെടുന്നവരുമുണ്ടാവാം

'പുരുഷൻ'. എന്ന പദം 'പുരൂണി സനോതി' എന്ന വ്യുൽപത്തിയനുസരിച്ച് സർവ്വ തത്ത്വങ്ങൾക്കും അധിഷ്ഠാനമായ ബ്രഹ്മം എന്നും 'പുരി ശേതേ' എന്ന തത്ത്വമനുസരിച്ച് ദേഹേന്ദ്രിയാദി സംഘാതങ്ങളിലെല്ലം സ്ഥിതി ചെയ്യുന്ന പ്രത്യഗാത്മാവായ 'ജീവാത്മാഭാവ'മെന്നും അർത്ഥമുള്ളതുകൊണ്ട് ഛാന്ദോഗ്യം, ആറാം അദ്ധ്യായത്തിൽ  9 തൊട്ട് 16 വരെ എട്ടു ഭാഗങ്ങളിൽ വിസ്തരിക്കുന്ന  ' തത്ത്വമസി'എന്ന മഹാവാക്യത്തിൽ ' തദ്' പദം കൊണ്ട്സൂചിപ്പിക്കുന്ന പരമാത്മാതത്ത്വത്തെയും 'ത്വം' പദം കൊണ്ട്  സൂചിപ്പികുന്ന  ജീവാത്മഭാവത്തെയും ആ ഉപനിഷത്തിൽ എപ്രകാരം സമീകരിച്ചുകൊണ്ട് നിർദ്ദേശിക്കുന്നുവോ അപ്രകാരം തന്നെ അതെ അദ്വൈതപരമാത്മാചൈതന്യത്തെ തന്നെയാണ് പുരുഷനാമത്തിൽ  പുരുഷസൂക്തത്തിലും സ്തുതിക്കുന്നത്. എന്നതാണ് മഹദഭിപ്രായം. ഇതിലെ 16  മന്ത്രങ്ങളിൽ ആ മഹാപുരുഷനെ - പരമാത്മാചൈതന്യത്തിന്റെ സഗുണസാകരരൂപമായി സങ്കല്പിച്ചിരിക്കുന്ന വിരാട് പുരുഷനെ - അന്യാപദേശരൂപത്തിൽ അവതരിപ്പിക്കുന്നു. അതുകൊണ്ട് ഗുണാത്മകമായ സർവ്വപ്രപഞ്ചത്തിന്റെയും സാങ്കല്പികരൂപമായ അതിന്റെ ഗുണവിഭഗങ്ങളെ അവയവവിഭഗങ്ങളുമായി അന്യാപദേശരൂപത്തിൽ ബന്ധിപ്പിച്ച് സ്തുതികുകയാണ് സൂക്തത്തിൽ ഉദ്യമിച്ചിരിക്കുന്നത് എന്നു ധരിക്കണം.  അതല്ലതെ സൃഷ്ടിക്രിയാക്രമത്തിൽ വാസ്തവികമായി ചിത്രികരികയല്ല ഇവിടത്തെ ഉദ്ദേശ്യം.

ഋദ്വേദത്തിൽ 'ചാതുർവർണ്ണ്യ'ത്തെ സ്പർശിക്കുന്ന ഏകാവസരമായ ഈ മന്ത്രത്തിൽ ശ്രീമദ് ഭഗവദ്ഗീതയിൽ (4. 13) എന്നപോലെ കർമ്മബാധ്യതയുള്ളവയും ഗുണസ്വഭാവാനുസൃതമായി വേർതിരിച്ചിരിക്കുന്നവയുമായ നാലു വർണ്ണങ്ങളെ  വിരട് സ്വരൂപത്തിൽ സങ്കൽപികകർമ്മേന്ദ്രിയങ്ങളുമായി ബന്ധിപ്പിച്ച്  ഗുണകർമ്മവിഭഗത്തെ  സൂചിപ്പിച്ചിരികുകയാണ്. അതായത്, വേദധ്യായനവും അധ്യാപനവും സ്വധർമ്മമായി നിർബന്ധിച്ചിരിക്കുന്ന ബ്രഹ്മണഗുണത്തെ സാങ്കല്പിക പുരുഷന്റെ വാഗിന്ദ്രിയമായ വക്ത്രത്തോടും, രാജ്യരക്ഷയും  ഭരണവും സ്വധർമ്മമായി നിർബന്ധിച്ചിരിക്കുന്ന ക്ഷത്രിയഗുണത്തെ ബാഹുക്കളോടും പുരുഷനെ ധരിക്കുന്ന തുടകളെ കൃഷിവ്യവസായം എന്നിവ സ്വധർമ്മമായി നിർബന്ധിച്ചിരിക്കുന്ന - പുരുഷൻ പ്രതിനിധാനം  ചെയ്യുന്ന പൂർണ്ണപ്രപഞ്ചത്തിന്റെ  ജീവിതാവശ്യങ്ങൾക്ക് ഉപസ്തംഭമായിരിക്കുന്ന  - വൈശ്യഗുണത്തോടും,  പുരുഷനെ ചലിപ്പിക്കുന്ന പാദങ്ങളെ മറ്റ് അവയവങ്ങൾക്ക് സേവനം അനുഷ്ഠിച്ചുകൊണ്ട് പ്രപഞ്ചത്തെ തന്നെ കർമ്മോന്മുഖമായിചലിപ്പിക്കുന്ന ശുദ്രഗുണത്തോടും ബന്ധിപ്പിച്ചിരിക്കുന്നു. അതല്ലാതെ, ഇത് വർണ്ണനാമങ്ങളുടെ സാമാനനാമത്തോടുകൂടിയ ജാതിയിൽപെട്ടവർ തമ്മിൽതമ്മിലോ ഇതിൽപെടാത  അവർണ്ണ വിഭാഗത്തെ അപേക്ഷിച്ചോ ശ്രേഷ്ഠതാവിതാനങ്ങൾ  സൂചിപ്പിക്കാനല്ല.

ആരാണ് ബ്രഹ്മണൻ

ആരാണ് ബ്രഹ്മണൻ

ബ്രഹ്മണന് സുഖംവരട്ടെ, ബ്രഹ്മണന് ദാനം നൽക്കുക,   ബ്രഹ്മണനെ ഊട്ടുക എന്നിങ്ങനെയുള്ള വാക്യങ്ങൾ പലപ്പോഴും  തെറ്റിദ്ധാരണക്ക് ഇടനൽക്കുന്നതിലണ് ബ്രഹ്മണൻ എന്നപദത്തിന്റെ അർത്ഥമെന്തന്നറിയുവാൻ  ധർമ്മശാസ്ത്രങ്ങളെ  ഉദ്ധരിക്കേണ്ടിവരുന്നത്. ഈ ചോദ്യത്തിനുത്തരം നൽകാൻ ഒരൊറ്റ ഉപനിഷത്ത് മതിയാകും. കൃഷ്ണയജുർവേദീയ വിഭഗത്തിൽപ്പെട്ട വജ്രസൂചികോപനിഷത്ത് വ്യക്തവും ശക്തവുമായ ഉത്തരം നൽക്കുന്നു.  

ജീവനോ ദേഹമോ ജാതിയോ ജ്ഞാനമോ കർമമോ ധാർമികതത്വമോ ഇവയിൽ ഏതാണ് ബ്രാഹ്മണൻ???  

ബ്രാഹ്മണൻ ജീവനാണോ?

ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. അനേകം ശരീരങ്ങളിൽ നേരത്തെ ഉണ്ടായതും വരുന്ന കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവനെല്ലാം ഒരുപോലെയാണ്. കർമ്മമനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത് എല്ലാ ശരീരത്തിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രഹ്മണൻ ജീവനാകുന്നില്ല.  

ബ്രഹ്മണൻ ദേഹമാണോ?

ബ്രഹ്മണൻ ദേഹമാണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല.  എല്ലാ മനുഷ്യരുടെയും ശരീരം പഞ്ചഭൂതനിർമ്മിതമാണ്. അവരിൽ വാർധക്യവും മരണവും ധർമവും അധർമവും എല്ലം ഒരുപോലെയാണ് വന്നുഭവിക്കുന്നത്. ബ്രാഹ്മണൻ വെളുത്ത നിറത്തിലും  ക്ഷത്രിയൻ ചുവന്ന നിറത്തിലും വൈശ്യൻ മഞ്ഞനിറമുള്ളവനും ക്ഷൂദ്രൻ കറുത്തനിറമുള്ളമായിരിക്കണമെന്ന് നിയമമേയില്ല. മാത്രമല്ല പിതാവിനെയും  സഹോദരന്റെയും ശരീരദേഹക്രിയകൾ ചെയ്യുന്ന കാരണത്താൽ പുത്രാദികൾക്ക് ബ്രഹ്മഹത്യാദിദോഷങ്ങൾ സംഭവിക്കുന്നില്ല. അക്കാരണംകൊണ്ട് ദേഹം ബ്രാഹ്മണനാകുന്നില്ല.    

ബ്രാഹ്മണൻ ജാതിയാണോ?

ബ്രാഹ്മണൻ ജാതിയാണോ എന്ന് അന്വേഷിച്ചാൽ അതിനു സാധുത ലഭ്യമല്ല.  കാരണം വിവിധജാതികളിൽ  നിന്ന് അനേകം മഹർഷിമാർ പിറന്നിട്ടുണ്ട്. മാൻപേടയിൽ നിന്ന് ഋഷ്യശൃംഗനും , കുശയിൽ നിന്ന് കൗശികനും, ജംബുകനിൽ നിന്ന് ജാംബുകനും, വാല്മീകത്തിൽനിന്ന് വാൽമീകിയും, മുക്കുവസ്ത്രീയിൽ നിന്ന് വ്യാസനും, ശശപുഷ്ഠത്തിൽ നിന്ന് ഗൗതമനും, ഉർവശിയിൽ നിന്ന് വസിഷ്ഠനും,  കുടത്തിൽ നിന്ന് അഗസ്ത്യനും, ജനിച്ചുവെന്നു പറയപ്പെടുന്നു. ഇവരെല്ലാം   ജാതിപരിഗണനയില്ലാതെ ജ്ഞാനമുള്ളവരായിരുന്നു.    അക്കരണത്താൽ ജാതിയാണ് ബ്രാഹ്മണെന്ന് പറയാൻ കഴിയുകയില്ല.  

ബ്രാഹ്മണൻ ജ്ഞാനമാണോ?

ബ്രാഹ്മണൻ ജ്ഞാനമാണോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല  കാരണം അനേകം ക്ഷത്രിയന്മാർ പരമാർത്ഥം ദർശിച്ചവരാണ്. അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണൻ ജ്ഞാനമകുന്നില്ല.  

ബ്രാഹ്മണൻ കർമം ആണോ?

കർമം ബ്രാഹ്മണനാകുമോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം എല്ലാ ജീവികളുടെയും കർമങ്ങളിൽ സാധർമ്യം കാണപ്പെടുന്നു.  അങ്ങനെയെങ്കിൽ കർമത്തിൽ പ്രേരിതമായിട്ടാണ് ജീവൻ പ്രവർത്തിക്കുന്നത്. അതുമൂലം  കർമം ബ്രാഹ്മണനാകുന്നില്ല. 

ബ്രാഹ്മണൻ ധാർമികത ആണോ?

ധാർമികത ബ്രാഹ്മണനാകുമോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല. എന്തെന്നാൽ നിരവധി ക്ഷത്രിയദികൾ സ്വർണം ദാനം ചെയ്തുകൊണ്ടിരിക്കുന്നു.  അങ്ങനെ നോക്കുമ്പോൾ  ധാർമികതയും  ബ്രാഹ്മണനാകുന്നില്ല.   

എങ്കിൽ ആരാണ് ബ്രാഹ്മണൻ ??? 

ഇതേ രീതിയില്‍ത്തന്നെ, ജ്ഞാനമോ കര്‍മമോ ധര്‍മമോ അല്ല ബ്രാഹ്മണ്യത്തിന്റെ ലക്ഷണം എന്ന് സമര്‍ഥിച്ച ശേഷം, വജ്രസൂചികോപനിഷത്തിലെ ഒമ്പതാം ശ്ലോകത്തില്‍, ഗീതയിലെ പതിനെട്ടാമധ്യായം നാല്പത്തിരണ്ടാം ശ്ലോകത്തിന്റെ അതേ അര്‍ഥത്തില്‍ത്തന്നെ, ബ്രാഹ്മണന്‍ ആരെന്ന് വിസ്തരിക്കുന്നു:

'മനസ്സിന്റെ നിയന്ത്രണം (ശമം) ഉള്ളവനും ഇന്ദ്രിയങ്ങളുടെ നിയന്ത്രണം (ദമം) ഉള്ളവനും കാമരാഗാദിദോഷരഹിതനും മാത്സര്യതൃഷ്ണാതീതനും ദംഭാഹങ്കാരാദികളുടെ സ്​പര്‍ശലേശംപോലും ഇല്ലാത്തവനും ആയ ആള്‍. അദ്വിതീയവും ജാതിഗുണക്രിയാരഹിതവും സത്യജ്ഞാനാനന്ദസ്വരൂപവും സ്വയംവികല്പഹീനവും സകല കല്പങ്ങള്‍ക്കും ആധാരഭൂതവും സര്‍വഭൂതങ്ങളിലും അന്തര്യാമിയും ആകാശംപോലെ പുറത്തും അകത്തും വ്യാപിച്ചിരിക്കുന്നതും അഖണ്ഡാനന്ദസ്വരൂപവും അപ്രമേയവും അനുഭവൈകവേദ്യവും പ്രത്യക്ഷത്വേന ഭാസിക്കുന്നതും ആയ ആത്മാവിനെ കരതലാമലകംപോലെ സാക്ഷാത്കരിച്ച് കൃതാര്‍ഥനായിരിക്കുന്ന ആള്‍. അവന്‍തന്നെയാണ് ബ്രാഹ്മണന്‍ എന്നത്രേ ശ്രുതിസ്മൃതിപുരാണേതിഹാസങ്ങളുടെ അഭിപ്രായം. ഇതില്‍നിന്ന് ഭിന്നമായി മറ്റൊരു വിധത്തിലും ബ്രാഹ്മണ്യം സിദ്ധിക്കുകയില്ല. ആത്മാവ് തന്നെയാണ് സച്ചിദാനന്ദസ്വരൂപമെന്നും അദ്വിതീയമെന്നും ധരിച്ച് ബ്രഹ്മഭാവത്തെ മനുഷ്യന്‍ ഭാവന ചെയ്യേണ്ടതാണ്.' ഇത്രയും പറഞ്ഞ് വജ്രസൂചികോപനിഷത്ത് സമാപിക്കുന്നു.

അദ്വിതീയമായും ജാതിഗുണക്രിയാരഹിതനും ഷഡൂർമിഷഡ്ഭാവദി സർവദോഷരഹിതമായും സത്യജ്ഞാനാനന്ദസ്വരൂപമായും സ്വയം വികൽപഹീനമായും സകലകൽപങ്ങൾക്കും ആധാരഭൂതമായും സകലഭൂതലങ്ങളിലും അന്തര്യാമിയായും ആകാശമെന്നോണം അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നതായും അഖണ്ഡാനന്ദസ്വരൂപമായും അപ്രമേയമായും അനുഭവൈക്യവേദ്യമായും പ്രത്യക്ഷത്വേന ശോഭിക്കുന്നതായുള്ള ആത്മാവിനെ കൈത്തലത്തിരിക്കുന്ന നെല്ലിക്കപോലെ സാക്ഷാത്കരിച്ച് കൃതാർഥനായും കാമരാഗാദിദോഷരഹിതനായും ശമദമാദിസമ്പന്നനായും ദംഭം, അഹംങ്കാരം , ഇവ ഒഴിഞ്ഞവനായും ആരാണോ കഴിയുന്നത്  അവനാണ് ബ്രാഹ്മണൻ...

30 January 2018

നാരായണീയം ദശകം 4

നാരായണീയം

രചന: മേല്പത്തൂർ നാരായണഭട്ടതിരി

ദശകം 4

4.1
കല്യതാം മമ കുരുഷ്വ താവതീം കല്യതേ ഭവദുപാസനം യയാ
സ്പഷ്ടമഷ്ടവിധയോഗചര്യയാ പുഷ്ടയാ//ƒശു തവ തുഷ്ടിമാപ്നുയാം

അര്‍ത്ഥം :
അല്ലയോ  ഭഗവാനേ  അങ്ങയെ  ഉപാസിക്കാന്‍   തക്ക  ആരോഗ്യവും  കരുത്തും  എനിക്കുണ്ടാക്കി  തന്നാലും.  ഞാന്‍ തീര്‍ച്ചയായും   അങ്ങയെ  ഉപാസിക്കാം.  പരിപുഷ്ടമായ  എട്ടുവിധ യോഗചര്യകളാല്‍  ഞാന്‍ വേഗത്തില്‍  അങ്ങയുടെ പ്രീതി  സംബാദിക്കും

4.2
ബ്രഹ്മചര്യദൃഢതാദിഭിര്യമൈരാപ്ലവാദിനിയമൈശ്ച പാവിതാഃ
കുർമഹേ ദൃഢമമീ സുഖാസനം പങ്കജാദ്യമപി വാ ഭവത്പരാഃ

അര്‍ത്ഥം :
ബ്രഹ്മചര്യം,  ദൃഢത  എന്ന്  തുടങ്ങിയ  യമങ്ങളാലും ,  സ്നാനജപങ്ങള്‍  മുതലായ  ചര്യകളാലും   പരിശുദ്ധരാകുന്ന  ഞങ്ങള്‍ അങ്ങയില്‍  ഉറച്ച  ആസക്തിയോടുകൂടി  പത്മാസനം  മുതലായ  ആസനങ്ങള്‍  ബന്ധിച്ച്  സ്ഥിരമായി  അങ്ങയെ ധ്യാനിക്കാം

4.3
താരമന്തരനുചിന്ത്യ സന്തതം പ്രാണവായുമഭിയമ്യ നിർമലാഃ
ഇന്ദ്രിയാണി വിഷയാദഥാപഹൃത്യാ//ƒസ്മഹേ ഭവദുപാസനോന്മുഖാഃ

അര്‍ത്ഥം :
അന്തരംഗത്തില്‍  സദാ  പ്രണവമന്ത്രം  വിഭാവനം ചെയ്തും , ജീവവായുവിനേപോലുമടക്കിയും  നിര്‍മ്മല  ചിത്തരായതിനുശേഷം  ഞങ്ങള്‍  സകലേന്ദ്രിയങ്ങളേയും  അവയുടെ  വ്യാപാരങ്ങളില്‍  നിന്നു  നിവര്‍ത്തിപ്പിച്ച്  അങ്ങയുടെ  ഉപാസനയില്‍  മാത്രം  ആസക്തരായി  സ്ഥിതിചെയ്യാം.

4.4
അസ്ഫുടേ വപുഷി തേ പ്രയത്നതോ ധാരയേമ ധിഷണാം മുഹുർമുഹുഃ
തേനഭക്തിരസമന്തരാർദ്രതാമുദ്വഹേമ ഭവദങ്ഘ്രിചിന്തകാഃ

അര്‍ത്ഥം :
അസ്പഷ്ടമായ  അങ്ങയുടെ  സ്വരൂപത്തില്‍  നിരന്തരം  ബുദ്ധിയെ  വ്യാപരിപ്പിക്കാന്‍  ഞങ്ങള്‍  ശക്തരാകണം  അങ്ങയുടെ  പാദങ്ങള്‍ മാത്രം  ചിന്തിക്കുന്ന ഞങ്ങള്‍ക്ക്  തന്മൂലം  ഭക്തിരസവും ഹൃദയാര്‍ദ്രതയും    കരഗതമാകുന്നതാണ്.

4.5
വിസ്പുടാവയവഭേദസുന്ദരം ത്വദ്വപുസ്സുചിരശീലനാവശാത്‌
അശ്രമം മനസി ചിന്തയാമഹേ ധ്യാനയോഗനിരതാസ്ത്വദാശ്രയാഃ

അര്‍ത്ഥം :
ഏകാശ്രയം  അങ്ങായിട്ടുള്ളവരും  ധ്യാനയോഗത്തില്‍  മുഴുകിയവരുമായ  ഞങ്ങള്‍ വ്യക്തമായ അംഗവിഭാഗങ്ങളോടെ  സുന്ദരമായി കാണപ്പെടുന്ന   അങ്ങയുടെ  സ്വരൂപത്തെ  ചിരകാല പരിശീലനത്താല്‍   അനായാസം   ഹൃദയത്തില്‍  വഹിക്കാം

4.6
ധ്യായതാം സകളമൂർത്തിമീദൃശീമുന്മിഷന്മധുരതാഹൃതാത്മനാം
സാന്ദ്രമോദരസരൂപമാന്തരം ബ്രഹ്മരൂപമയി തേƒവഭാസതേ

അര്‍ത്ഥം :
ഇപ്രകാരം  എല്ലാ കലകളും  നിറഞ്ഞ അങ്ങയുടെ  സ്വരൂപത്തെ  ധ്യാനിക്കുകയും  ,  ഉജ്ജ്വലമായ  സുഷമയാല്‍  ഹരിക്കപ്പെട്ട  ആത്മാവോടെ  സ്ഥിതിചെയ്യുകയും  ചെയ്യുന്നവര്‍ക്ക്   അങ്ങയുടെ ആനന്ദനിര്‍ഭരസ്വരൂപമായ  യഥാര്‍ത്ഥബ്രഹ്മം  അനുഭവൈകവേദ്യമാകുന്നു

4.7
തത്സമാസ്വദനരൂപിണീം സ്ഥിതിം ത്വത്സമാധിമയി വിശ്വനായക
ആശ്രിതാഃ പുനരതഃ പരിച്യുതാവാരഭേമഹി ച ധാരണാധികം

അര്‍ത്ഥം :
ഹേ   ലോകനാഥാ,  ആ  സ്വരൂപാസ്വാദനപരരായി  അങ്ങയിലുള്ള  സമാധിയെ  ആശ്രയിക്കുന്ന  ഞങ്ങള്‍  വീണ്ടും  അതില്‍  നിന്നിളക്കമുണ്ടാകുംബോള്‍  ധാരണ മുതലായ  മറ്റു യോഗങ്ങളെ   അനുഷ്ഠിക്കാം

4.8
ഇത്ഥമഭ്യസനനിർഭരോല്ലസത്വത്പരാത്മസുഖകൽപിതോത്സവാഃ
മുക്തഭക്തകുലമൗലിതാം ഗതാഃ സഞ്ചരേമ ശുകനാരദാദിവത്‌

അര്‍ത്ഥം :
ഇപ്രകാരം അഭ്യാസസിദ്ധിയാല്‍ ലഭ്യമാകുന്ന  അങ്ങയുടെ  കാന്തിമത്തായ പരബ്രഹ്മസ്വരൂപം കണ്ട്  സുഖത്തിന്‍റെ  ഭാവനാനിര്‍മ്മിതമായ  മേളയിലെത്തുന്ന  ഞങ്ങള്‍  മണ്‍മറഞ്ഞ ഭക്തകുലത്തിന്‍റെ  മൗലീഭൂഷണമായിട്ട്  ശുകന്‍,  നാരദന്‍  എന്നീ മഹര്‍ഷിമാര്‍ക്കൊപ്പം   സഞ്ചരിക്കുമാറാകണം.

4.9
ത്വത്സമാധിവിജയേ തു യഃ പുനർമങ്ക്ഷു മോക്ഷരസികഃ ക്രമേണ വാ
യോഗവശ്യമനിലം ഷഡാശ്രയൈരുന്നയത്യജ സുഷുമ്നയാ ശനൈഃ

അര്‍ത്ഥം :
ജനിമൃതിവിഹീനനായ ഭഗവാനേ ,  അങ്ങയിലുള്ള  സമാധി  വിജയിച്ച ഒരാള്‍  അപ്പോള്‍ തന്നെയോ  അഥവാ  ക്രമേണയോ മോക്ഷാസക്തനായിത്തീര്‍ന്നാല്‍  അവന്‍ യോഗസിദ്ധിയില്‍  തനിക്കു  സ്വാധീനമായ ജീവവായുവേ  ആറു സ്ഥാനങ്ങളില്‍കൂടി  മെല്ലെ  സുഷുമ്നാ നാഡിയിലൂടെ   മേല്‍പ്പോട്ടുയര്‍ത്തുന്നു.

4.10
ലിംഗദേഹമപി സംത്യജന്നഥോ ലീയതേ ത്വയി പരേ നിരാഗ്രഹഃ
ഊർദ്ധ്വലോകകുതുകീ തു മൂർദ്ധതസ്സാർദ്ധമേവ കരണൈർനിരീയതേ

അര്‍ത്ഥം :
മറ്റു യാതൊന്നിനും ഇച്ഛയില്ലാത്ത  അവന്‍ പിന്നീട്  ശരീരത്തേയും ത്യജിച്ചുകൊണ്ട് പരമപുരുഷനായ  അങ്ങയില്‍  ലയച്ചുചേരുന്നു.   മുകളിലെ ലോകങ്ങളില്‍  ജീവിക്കാന്‍  ആഗ്രഹമുള്ളവര്‍  ചിത്തം,     ശരീരേന്ദ്രിയങ്ങള്‍     എന്നീ  കരണങ്ങളോടുകൂടി  മൂര്‍ദ്ധാവിലൂടെ  ബഹിര്‍ഗമിക്കുന്നു.

4.11
അഗ്നിവാസരവളർക്ഷപക്ഷഗൈരുത്തരായണജുഷാ ച ദൈവതൈഃ
പ്രാപിതോ രവിപദം ഭവത്പരോ മോദവാൻ ധ്രുവപദാന്തമീയതേ

അര്‍ത്ഥം :
അങ്ങയില്‍  ആസക്തിയുള്ളവന്‍  അഗ്നി ,ദിവസം, വെളുത്തപക്ഷം,  ഉത്തരായണകാലം എന്നിവയുടെ  അധിപന്മാരായ  ദേവന്മാരുടെ  സഹായത്തോടെ  സൂര്യലോകം  പ്രാപിക്കുകയും, ദേവഭോഗങ്ങളാസ്വദിച്ചു മതി വരുംബോള്‍  ധ്രുവലോകം  പ്രാപിക്കുകയും ചെയ്യുന്നു

4.12
ആസ്ഥിതോƒഥ മഹരാലയേ യദാ ശേഷവക്ത്രദഹനോഷ്മണാ//ƒഋദ്യതേ
ഈയതേ ഭവദുപാശ്രയസ്തദാ വേധസഃ പദമതഃ പുരൈവ വാ

അര്‍ത്ഥം :
അനന്തരം  കുറെക്കാലം മഹര്‍ലോകത്തിലിരിക്കുന്ന അങ്ങയുടെ  സേവകന്‍  അനന്തന്‍റെ  മുഖത്തുനിന്നുണ്ടാകുന്ന    അഗ്നിയുടെ  ഉൗഷ്മാവിനാല്‍  ക്ളേശിക്കുംബോഴോ  ,  അതിനുമുന്‍പോ,  ബ്രഹ്മലോകം  പ്രാപിക്കുന്നു.

4.13
തത്ര വാ തവ പദേƒഥവാ വസൻ പ്രാകൃതപ്രളയ ഏതി മുക്തതാം
സ്വേച്ഛയാ ഖലു പുരാƒപി മുച്യതേ സംവിഭിദ്യ ജഗദണ്ഡമോജസാ

അര്‍ത്ഥം :
അവന്‍   ബ്രഹ്മലോകത്തിലോ  വൈകുണ്ഡത്തിലോ  വസിക്കുകയും  കല്പാന്തകാലം  വരുംബോള്‍  സായൂജ്യം  നേടുകയും  ചെയ്യുന്നു.   ചിലര്‍  അതിനു കാത്തിരിക്കാതെ  സ്വേച്ഛപോലെ  സ്വശക്തിയാല്‍  ബ്രഹ്മാണ്ഡത്തെ പിളരുകയും  ബ്രഹ്മത്തില്‍  ലയിക്കുകയും  ചെയ്യുന്നു

4.14
തസ്യ ച ക്ഷിതിപയോമഹോനിലദ്യോമഹത്പ്രകൃതിസപ്തകാവൃതീഃ
തത്തദാത്മകതയാ വിശൻ സുഖീ യാതി തേ പദമനാവൃതം വിഭോ

അര്‍ത്ഥം :
ഹേ  വിഭോ !  ഭൂമി, ജലം, തേജസ്സ്, ആകാശം, മഹത്തത്ത്വം,  മൂലപ്രകൃതി   എന്നിങ്ങനെ  ബ്രഹ്മാണ്ഡത്തിന്‍റെ   ഏഴ്  ആവരണങ്ങളിലും  അതാതിന്‍റെ  രൂപത്തില്‍  പ്രവേശിക്കുന്ന  അവന്‍  സര്‍വ്വസുഖത്തോടും  കൂടി  ആവരണമില്ലാത്ത  അങ്ങയുടെ  പദം  പ്രാപിക്കുന്നു.

4.15
അർചിരാദിഗതിമീദൃശീം വ്രജൻ വിച്യുതിം ന ഭജതേ ജഗത്പതേ
സച്ചിദാത്മക ഭവദ്ഗുണോദയാനുച്ചരന്തമനിലേശ പാഹി മാം

അര്‍ത്ഥം :
അല്ലയോ  ലോകനാഥ !  ഇപ്രകാരം  അര്‍ച്ചിരാദികളിലൂടെ  സായൂജ്യപ്രാപ്തി  നേടുന്നവര്‍  വീണ്ടും  കഴിഞ്ഞജന്മത്തിന്‍റെ  പുനരാവര്‍ത്തി  അനുഭവിക്കുന്നില്ല.  അല്ലയോ  പരമാനന്ദസ്വരൂപനായ   ഗുരുവായൂരപ്പാ ,  അങ്ങയുടെ  ഗുണഗണങ്ങളെ  ഉച്ചൈസ്തരം  പ്രകീര്‍ത്തിക്കുന്ന  എന്നെ  രക്ഷിക്കണേ

29 January 2018

തീർത്ഥവും തീർത്ഥം സേവിക്കലും പ്രാധാന്യവും

തീർത്ഥവും തീർത്ഥം സേവിക്കലും പ്രാധാന്യവും

അമ്പലത്തിൽ തൊഴുതുകഴിഞ്ഞാൽ  ശാന്തിക്കാരൻ തരുന്ന തീർത്ഥവും   പ്രസാദവും സ്വീകരിക്കുന്നത് ക്ഷേത്രദർശനത്തിന്റെ  ഭാഗമാണല്ലോ.   എന്താണ് തീർത്ഥത്തിന്റെ പ്രാധന്യം ?    ദേവനെ മന്ത്രപൂർവ്വം അഭിഷേകം ചെയ്ത ജലധാരയാണ് പാത്രത്തിൽ തീർത്ഥമായിട്ടെടുക്കുന്നത്,  ഇതിന്റെ മാഹത്മ്യം രണ്ടു തരത്തിലുണ്ട്. ദേവശരീരസ്പർശം കൊണ്ടും      മന്ത്രജപം കൊണ്ടും ഉള്ള പരിശുദ്ധിതന്നെ ആദ്യത്തേത്. തുളസീദളങ്ങൾ കിടന്ന്അതിന്റെ ഔഷധവീര്യം  സ്വാംശീകരിച്ചതാണത്രെ മറ്റൊരു മാഹാത്മ്യം.  വലതു കയ്യിന്റെ അഞ്ചുവിരലുകളും മടക്കിയാൽ ഉണ്ടാകുന്ന കൈകുമ്പിളിലാണ് തീർത്ഥം വാങ്ങേണ്ടത്. കൈകുമ്പിൾ അങ്ങനെതന്നെ ഉയർത്തി  ഉള്ളം കയ്യിൽ  പ്രകടമായി  ഉയർന്നുകാണുന്ന ചന്ദ്രമണ്ഡലത്തിന്റെയും  ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണു തീർത്ഥം സേവിക്കേണ്ടത്.

നമ്മുടെ വലത്കയ്യിൽ നാല് 'തീർത്ഥ'ങ്ങളുണ്ട് കൈപടത്തിൽ നിന്നു   നേരെ കീഴ്പ്പോട്ടുള്ളത് (നാം തീർത്ഥം സേവിക്കാൻ ഉപയോഗിക്കുന്നത്) "ബ്രഹ്മതീർത്ഥം". തള്ളവിരലിന്റെയും ചൂണ്ടാണിവിരലിന്റെയും ഇടക്കുള്ളത് "പിതൃതീർത്ഥം".   അതിനു നേരെ എതിരെ "ദേവതീർത്ഥം". ' ബ്രഹ്മതീർത്ഥ'ത്തിനു നേരെ  "കായതീർത്ഥം" .  

ചുണ്ടിന്റെ അശുദ്ധി  :-  വായയ്ക്കകം  എച്ചിലാണ്;   തൊട്ടാൽ കൈകഴുകണം.  ചുണ്ടുകൾ സ്വതവേ എച്ചിലല്ല;  എന്നലും നാവിന്റെ സംസർഗ്ഗം മൂലം  ചുണ്ടുകളും  എച്ചിലായിട്ട് കരുതിപ്പോരുന്നു.   ചുണ്ടുതൊട്ടാലും കൈകഴുകണം. തീർത്ഥം സേവിക്കുമ്പോൾ മണിക്കണ്ടം ചുണ്ടിൽ തട്ടാൻ ഇടവരരുത്.  വായ് പിളർന്നുകൊണ്ടുതന്നെ ചുണ്ടുകൾ ഉള്ളിലോക്കയിട്ടുവേണം തീർത്ഥജലം കുടിക്കുവാൻ.  മേൽചുണ്ടോ, കീഴ്ചുണ്ടോ തൊടാനിടവരരുത് . തൊണ്ടയിൽ തട്ടണം അത്ര മത്രമായലും മതി.  തീർത്ഥ ജലം  സേവിച്ചതിന്റെ ബാക്കി ഉള്ളം കയ്യിൽ അവശേഷിക്കുന്നത്   അത്രയും ശിരസ്സിലും മുഖത്തും ദേഹത്തും തള്ളിക്കണം. സേവിച്ച തീർത്ഥത്തിൽ നിന്ന് ഒരു തുള്ളിപോലും താഴ്ത്തു വിഴാതെയും മറ്റുള്ളവരുടെ ദേഹത്തുപെടാതെയും  പ്രത്യേകം മനസ്സിരുത്തണം. അതുകൊണ്ട് തല നല്ലവണ്ണം മേൽപോട്ടു  മലർത്തിപ്പിടിച്ചുകൊണ്ടു വേണം തീർത്ഥം വായിലോട്ട് പകരാൻ....

ബിംബത്തിൽ മന്ത്രപൂർവ്വം അഭിഷേകം ചെയ്തുകിട്ടുന്ന തീർത്ഥജലം ക്ലസ്റ്റേഡ് വാട്ടറിന് തുല്ല്യമായ പരിശുദ്ധിയുള്ളതണെന്നും തെളിഞ്ഞിട്ടുണ്ട്. കാലത്ത് വെറും വയറ്റിൽ ഒരു ഗ്ലാസ് സാധാരണ ശുദ്ധജലത്തിൽ രണ്ടു തുള്ളി ക്ലസ്റ്റേഡ് വാട്ടർ ഒഴിച്ച് കഴിക്കുന്നത് ആരോഗ്യരക്ഷയ്ക്കുത്തമമാണെന്നു കണ്ടിട്ടുണ്ട്. 

ക്ലസ്റ്റേഡ് വാട്ടറിന് വലിയ വിലകൊടുക്കണം  നമ്മുക്ക് തീർത്ഥജലം സൗജന്യമാണ്.

സർപ്പദോഷവും സർപ്പശാപവും മാറാൻ ഗരുഡ ക്ഷേത്രം

സർപ്പദോഷവും സർപ്പശാപവും മാറാൻ ഗരുഡ ക്ഷേത്രം

മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്. ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. വെള്ളാ മകളുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് വെള്ളാമശ്ശേരി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്. 

വൈഷ്ണവ പ്രാധാന്യമുള്ള ക്ഷേത്രാമാണ് വെള്ളാമശ്ശേരി ഗരുഡൻ കാവ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ്. ഈ ക്ഷേത്രം. ഗരുഡ ക്ഷേത്രം എന്നാണു ഖ്യാതിയെങ്കിലും മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്. കൂർമ്മാവതാരത്തിലാണ് വിഷ്ണു പ്രതിഷ്ഠ. അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോത്സവമായി ആഘോഷിക്കുന്നു.

ഐതീഹ്യം

ഒരിക്കൽ പെരുന്തച്ചൻ വെട്ടത്തു രാജാവിന്  ഒരു പ്രതിമ  സമ്മാനം നല്കി. പ്രതിമ ഇഷ്ടപ്പെട്ട രാജാവ് ഇതിനു ജീവനുണ്ടായിരുന്നെങ്കിൽ എന്നു പറയുകയും കേട്ടു നിന്ന പെരുന്തച്ചൻ ഒരു പതിവ്രത തൊട്ടാൽ അതിനു ജീവൻ വയ്ക്കുമെന്നു മറുപടി പറയുകയും ചെയ്തു. പെരുന്തച്ചന്റെ വാക്കുക ളിൽ സന്തുഷ്ടനാകാത്ത രാജാവ്, തച്ചൻ പറഞ്ഞത് സത്യമാ യില്ലെങ്കിൽ പെരുന്തച്ചനെ വധിക്കുമെന്നു കല്പിക്കുകയും ചെയ്തു. ഇതു േകട്ടു ഒരു നിമിഷം ധ്യാനിച്ചു നിന്ന പെരുന്തച്ചന്റെയടുത്ത് അദ്ദേഹത്തിന്റെ ഭാര്യ  എത്തി. അവർ ആ പ്രതിമയെതൊട്ട നിമിഷം അതിനു ജീവൻ വച്ചു പറന്നുയർന്നു. രാജാവും പരിവാരങ്ങളും  പ്രതിമയെ പിന്തുടർന്നു. പ്രതിമവെള്ളാമകൾ വസിക്കുന്ന തീർഥക്കുളത്തിൽ ഒരാമയുടെ പുറത്തു പറന്നിറങ്ങി. ആമ മഹാവിഷ്ണു ക്ഷേത്രം ലക്ഷ്യമാക്കി നീന്തുകയും ചെയ്തു. ഈ കാഴ്ച കണ്ടു വന്ന രാജാവ്, കറുത്തേടം തിരുമേനിയെ  വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു.  ഉടൻ തന്നെ വിഷ്ണു ക്ഷേത്രത്തിനു പടിഞ്ഞാറ്  ഗരുഡ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു അങ്ങനെ ഇവിടം ഗരുഡൻകാവ് എന്നറിയപ്പെട്ടു. 

മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഋഷിവര്യൻ തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തി മനുഷ്യനു പാപമോക്ഷം ലഭിക്കാനുള്ള മാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കണമെന്നു അഭ്യർത്ഥിച്ചു.  അപ്രകാരം മഹാവിഷ്ണു തന്റെ  വാഹനമായ  ഗരുഡന് പാപമോക്ഷത്തിനുള്ള തത്ത്വങ്ങൾ  വിശദീകരിച്ചു കൊടുത്തു. ഈ തത്ത്വ ങ്ങൾ ജനനന്മയ്ക്കായി ഉപകരിക്കാൻ  ഗരുഡനെ ഭൂമിയിലേക്കു പറഞ്ഞു വിടുകയും ചെയ്തു. ഗരുഡൻ പറന്നു വന്നിരുന്നത് ഇപ്പോൾ ഗരുഡൻ കാവിലുള്ള തീർഥക്കുളത്തിനടുത്താ ണെന്നും പറയപ്പെടുന്നു. കാലങ്ങൾക്കു ശേഷം വെട്ടത്തു രാജാവ് ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും പണിതു.

പ്രത്യേകതകൾ

മണ്ഡലകാലത്തെ ആദ്യത്തെ മൂന്നു ഞായറാഴ്ചകൾ തുടർച്ച യായി ഗരുഡൻ കാവിൽ തൊഴുതാൽ ഒരു വർഷത്തെ ദർശന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആസ്മ, ത്വക് രോഗങ്ങൾ, ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വഴിപാടുകൾ ഉണ്ട്. പക്ഷികളിൽ നിന്ന് കാർഷികവിളകൾക്ക്  ഉപദ്രവം ഏൽക്കാതിരിക്കാൻ കർഷകർ ഇവിടെ വഴിപാടുകൾ നട ത്തുന്നു. മറ്റൊരു പ്രത്യേകത ഇവിടെ സർപ്പദോഷം ഉള്ളവർ ജീവനുള്ള പാമ്പിനെ മൺകുടത്തിലാക്കി ഗരുഡനടയിൽ ഇറക്കി വിടുന്നു. തുടർന്നു പൂജാരി ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി പാമ്പിന്റെ മേൽ തീർഥം തളിക്കുന്നു. അതോടെ ആ പാമ്പ് ഗരുഡന്റെ ഭക്ഷണമായി എന്നാണു വിശ്വാസം. തെക്കോ ട്ടായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ പിന്നീട് ആരും കാണാറില്ലെന്നും ആർക്കും ഉപദ്രവമുണ്ടായിട്ടില്ല എന്നുമാണ് വിശ്വാസികള്‍ പറയുന്നത്. മഞ്ഞൾ ഇട്ടുണ്ടാക്കുന്ന  മഞ്ഞപ്പായസമാണ് ഇവിടുത്തെ പ്രധാന നിവേദ്യം. രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ സ്വർണ്ണമോ വെള്ളിയോ മറ്റെന്തെങ്കിലും ലോഹങ്ങളോ കൊണ്ട് ഉണ്ടാക്കിയ വെള്ളരിക്ക ഇവിടെ നടയ്ക്ക് വയ്ക്കുന്നു. ത്വക് രോഗങ്ങൾ അകലാൻ ഇവിടുന്ന് കിട്ടുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ഉപയോഗിച്ചാൽ മതി.