ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 36

നാഗമാഹാത്മ്യം...

ഭാഗം: 36

45. നാലു ജാതി സർപ്പങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദൈവം മനുഷ്യന് ജാതി തിരിച്ചുകൊടുത്തപോലെ തന്നെ സർപ്പങ്ങൾക്കും ജാതി തിരിച്ചു കൊടുത്തിട്ടുള്ളതായി പറയുന്നുണ്ട്. മനുഷ്യരെ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ , ശൂദ്രൻ എന്നു നാലു ജാതിയായി ഗുണങ്ങുടെ അടിസ്ഥാനത്തിൽ, ഗുണകർമ്മങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചിട്ടുണ്ട് . അതുപോലെ സർപ്പങ്ങളേയും നാലു ജാതിയായി തിരിച്ചിട്ടുണ്ട്. ബ്രാഹ്മണ കുലം, ക്ഷത്രിയ കുലം, വൈശ്യ കുലം , ശൂദ്ര കുലം, സർപ്പപ്പാട്ടുകളിൽ ഇവ വ്യക്തമായി പാടുന്നുണ്ട്.

ബ്രാഹ്മണ കുലം മണി നാഗങ്ങൾ, ക്ഷത്രിയ കുലം നാഗ രാജൻ, വൈശ്യ കുലം കുഴി നാഗം , ശൂദ്ര കുലം കരി നാഗം എന്നാണ്. മണി നാഗങ്ങൾ നാഗമാണിക്യം അഥവാ നാഗരത്നം ഫണത്തിലുള്ളവ. ക്ഷത്രിയകുലത്തിലെ സർപ്പരാജനാണ് നാഗ രാജൻ . ആ നാഗരാജന്റെ അധീനതയിലാണ് ഭൂമി രക്ഷിക്കുന്ന ഭരിക്കുന്ന സർപ്പങ്ങൾ. നാഗരാജാവിനെ പല പല സ്ഥലങ്ങളിലും ദൈവത്തെ പോലെ ആരാധിക്കുന്നുമുണ്ട്. വൈശ്യകുലത്തിൽ പെട്ട സർപ്പങ്ങൾ രാജാധിരാജനായ വാസുകിയെ സേവിച്ചിരിക്കുന്നവരാണ്. ശൂദ്രകുലത്തിൽ പെട്ടവരെന്നു പറയുന്ന കരിനാഗ സർപ്പങ്ങളാണ്. ഇവയ്ക്കെല്ലാം തന്നെ ഭൂമിയിൽ വാഴുന്നതിനും കുലം രക്ഷിക്കുന്നതിനും ബ്രഹ്മ കല്പനയുണ്ട് . ഇവയുടെ മൊത്തത്തിലുള്ള കുലമാണ് സർപ്പകുലം. അവയ്ക്ക് ജൻമം നൽകിയത് കശ്യപപ്രജാപതി. അവരുടെ മാതാവ് കദ്രു. കദ്രു ശപിച്ചുവിട്ട സർപ്പങ്ങളാണ് വിഷമുള്ള കരിനാഗങ്ങൾ, കുറെയൊക്കെ ചത്തൊടുങ്ങിയെങ്കിലും വംശം ഇന്നും നിലനിൽക്കുന്നു.

സത്യത്തിൽ നിന്നും ധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ സത്യധർമ്മാദികൾ പാലിക്കാനായി മാതാവിന്റെ വാക്കിനെ പോലും ശരിവയ്ക്കാത്ത സത്യ സർപ്പങ്ങളാണ്. ബ്രാഹ്മണക്ഷത്രിയ കുലം. ഒന്നിലും ചേരാതെ ആർക്കും ദോഷം വരുത്താതെ , ആർക്കുവേണ്ടിയും നൻമ തിൻമയെ ഗണിക്കാതെ നിഷ്പക്ഷമായി നിന്നവരാണ് വൈശ്യകുലം, ഇവയുടെ മൂല ജൻമത്തെ പറ്റി ആദ്യമേ തന്നെ വിസ്തരിച്ചു പറഞ്ഞിട്ടുള്ളതാണ് . പലരുടേയും സ്വഭാവരീതികൾക്കു വ്യത്യാസമുണ്ടെങ്കിലും ഇവയെയെല്ലാം തന്നെ ഭൂമിയിലെ ജനങ്ങൾ ആരാധാനാ പാത്രങ്ങളായി സ്വീകരിച്ചിട്ടുണ്ട്. ഇന്നും സർപ്പകുലങ്ങൾ നിലനില്ക്കുന്നുണ്ട്. അവയ്ക്കു വേണ്ട ആചാരോപചാരങ്ങൾ ലഭിക്കുന്നുണ്ട്.

അനന്തൻ ഘോരതപസ്സു ചെയ്ത് ബ്രഹ്മദേവനെ തപസ്സു ചെയ്ത് വരലാഭം കൈവരിച്ച് എല്ലാവരുടേയും പ്രിയങ്കരനായും വിശിഷ്യവിഷ്ണുദേവന് പ്രിയമുള്ളവനായും തീർന്നു. വാസുകി ശ്രീ മഹാദേവനു പ്രിയപ്പെട്ടവനായും അദ്ദേഹത്തിന്റെ ഭൂഷണമായും വിളങ്ങുന്നു . തൻനിമിത്തം അനന്തനെ വിഷ്ണുംശമായും വാസുകിയെ ശൈവാംശമായും ജനങ്ങൾ കരുതുന്നുണ്ട്. കൂടാതെ അനന്തനെ വിഷ്ണു പക്ഷം അഥവാ വൈഷ്ണവനാഗമെന്നും വാസുകിയെ ശൈവനാഗമെന്നും കരുതി ആരാധനയ്ക്ക് രണ്ടു രൂപം കൊടുക്കുന്നുണ്ട്.

ദൈവം ഒന്ന് എന്ന പക്ഷം വരുമ്പോൾ ശിവനും വിഷ്ണവും ഒന്നുതന്നെ. അപ്പോൾ അനന്തനും വാസുകിയും രണ്ടും സത്യസർപ്പങ്ങൾ തന്നെ. ഒരാൾ തന്നെ രണ്ടുരൂപത്തിൽ രണ്ടു പണിചെയ്യുന്നു എന്നു വിചാരിച്ച് ഒരാൾ രണ്ട് എന്ന് പറയേണ്ട കാര്യമില്ല . ഈ കാര്യം ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാഗവതത്തിലും വ്യക്തമാക്കുന്നുണ്ട്. അത് മുൻപ് പ്രസ്താവിച്ചിട്ടുമുണ്ട്. അതുകൊണ്ട് രണ്ടു പേരും ആരാധനായോഗ്യരാണ്..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment